5 രൂപയുടെ ചായ വിറ്റ് മാസം ലക്ഷങ്ങൾ; തൊഴിലെന്ത് എന്നതിലല്ല കാര്യം, എങ്ങനെ ചെയ്യുന്നുവെന്നതിലാണ് കാര്യം

By Web Team  |  First Published Aug 6, 2024, 12:30 PM IST

സാധാരണ ചായക്കടക്കാരെ പോലെ ചായക്കടയിൽ കസ്റ്റമറേയും കാത്തിരിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. പകരം ഫോണിലൂടെ ഓർഡർ എടുത്തശേഷം എവിടെയാണോ ചായ വേണ്ടത് അവിടെ ചായ എത്തിക്കുകയാണ്.


തൊഴിൽ എന്താണ് എന്നതിലല്ല, നമ്മളത് എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം. എത്ര ചെറുത് എന്ന് തോന്നുന്ന ബിസിനസ് ആണെങ്കിലും അത് നന്നായി ചെയ്താൽ ലാഭം കൂടെപ്പോരും എന്ന് തെളിയിക്കുകയാണ് ഈ ചായ വില്പനക്കാരൻ. മഹാരാഷ്ട്രയിലെ ധാരാശിവിൽ നിന്നുള്ള മഹാദേവ് നാനാ മാലിയാണ് ആ ചായവില്പനക്കാരൻ. 

ഇന്ത്യക്കാർക്ക് ചായ എന്നാൽ അവരുടെ ഊർജ്ജം വർധിപ്പിക്കുന്ന ഒന്നാണല്ലേ? ആകെ ചടച്ചിരിക്കുമ്പോൾ എന്നാലൊരു ചായ കുടിച്ചാലോ എന്നാവും പലരുടേയും ചോദ്യം. അതിനാൽ തന്നെ ചായയ്ക്ക് വലിയ ചെലവാണ്. പക്ഷേ, ചായക്കട തുടങ്ങുകയാണെങ്കിൽ നല്ല ചായ, ആവശ്യമുള്ളപ്പോൾ‌ കൊടുക്കാൻ കഴിയണം. അതാണ് ഇദ്ദേഹത്തിൻ‌റെ ബിസിനസിലെ വിജയത്തിന്റെ രഹസ്യവും. 

Latest Videos

undefined

കഴിഞ്ഞ 20 വർഷമായി മഹാദേവ് മാലി ചായ വില്പന നടത്തുകയാണ്. മൂന്നാം ക്ലാസ് വരെ മാത്രമാണ് അദ്ദേഹം പഠിച്ചത്. എന്നാൽ, സാധാരണ ചായക്കടക്കാരെ പോലെ ചായക്കടയിൽ കസ്റ്റമറേയും കാത്തിരിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. പകരം ഫോണിലൂടെ ഓർഡർ എടുത്തശേഷം എവിടെയാണോ ചായ വേണ്ടത് അവിടെ ചായ എത്തിക്കുകയാണ്. വേനലിലെ കത്തുന്ന ചൂടാണെങ്കിലും ശരി കൊടുംമഴയാണെങ്കിലും ശരി കൃത്യമായും ചായ എത്തിക്കുന്ന കാര്യത്തിൽ മാലി ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. പ്രധാനമായും കൂലിപ്പണിയെടുക്കുന്ന തൊഴിലാളികളും മറ്റുമാണ് അദ്ദേഹത്തെ ചായയ്‌ക്കായി വിളിക്കുന്നത്. 

അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരുപാട് കസ്റ്റമർമാരും ഉണ്ട്. ​ഗ്രാമത്തിലെ 1500 പേരെങ്കിലും ചായയ്ക്ക് വേണ്ടി മാലിയെ വിളിക്കുമത്രെ. ഭാര്യയും രണ്ട് ആൺമക്കളും അദ്ദേഹത്തിന്റെ സഹായത്തിനായി കൂടെയുണ്ട്. അതുകൊണ്ട് തന്നെ ബിസിനസ് നന്നായി പോകുന്നുമുണ്ട്. രണ്ട്- മൂന്ന് കിലോമീറ്റർ വരെയും അടുത്ത ​ഗ്രാമത്തിലും വരെ അദ്ദേഹത്തിന്റെ സേവനം ലഭിക്കും. ഒരു കപ്പ് ചായയ്ക്ക് 5 രൂപയാണത്രെ വില. 

ദിവസവും 1500- 2000 ചായയെങ്കിലും താൻ വിൽക്കുന്നുണ്ടെന്നാണ് മാലി പറയുന്നത്. അങ്ങനെ നോക്കിയാൽ മാസം ഒരു ലക്ഷം രൂപയെങ്കിലും സമ്പാദിക്കുന്നുണ്ടാവണം അല്ലേ? 

tags
click me!