ഇൻ്റർനെറ്റ് കഫേയിൽ യുവാവ് ജീവനില്ലാതെ കിടന്നത് 30 മണിക്കൂർ, ജീവനക്കാർ കരുതിയത് ഉറങ്ങുകയാണെന്ന്

By Web Team  |  First Published Jul 5, 2024, 1:48 PM IST

കഫേയിലെ സ്ഥിരം ഉപഭോക്താവായിരുന്ന ഇയാൾ ഉറങ്ങുകയായിരിക്കും എന്നാണ് ജീവനക്കാർ കരുതിയത്. 6 മണിക്കൂർ വരെ പതിവായി ഇയാൾ ​ഗെയിമിം​ഗ് നടത്തുമായിരുന്നു എന്നാണ് കഫേ ഉടമ പറയുന്നത്.


ചൈനയിലെ ഇന്റർനെറ്റ് കഫേയിലെത്തിയ ഉപഭോക്താവ് മരണപ്പെട്ടത് അറിയാതെ കഫേ ജീവനക്കാർ. 30 മണിക്കൂറോളമാണ് കഫേയിൽ ഒരു ഉപഭോക്താവ് ജീവനില്ലാതെ കിടന്നത്. ഒരു നീണ്ട ഗെയിമിംഗ് സെഷനിൽ ചെക്ക് ഇൻ ചെയ്‌തിരുന്ന ഇദ്ദേഹം ​ഗെയിമിം​ഗിൽ ആണെന്നാണ് ജീവനക്കാർ കരുതിയത്. എന്നാൽ, രാത്രി 10 മണിയോടെ ഇയാൾക്കരികിലെത്തിയ ജീവനക്കാരനാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ആദ്യം ഇയാൾ ഉറങ്ങുകയാണെന്ന് കരുതി ജീവനക്കാരൻ ഇയാളെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ശരീരത്തിന് അസാധാരണമാംവിധം തണുപ്പ് അനുഭവപ്പെ‌ട്ടതോ‌ടെ ഭയന്നുപോയ ജീവനക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാൾ മരിച്ചു കിടക്കുകയാണെന്ന് സ്ഥിരീകരിച്ചത്. സെജിയാങ് പ്രവിശ്യയിലെ വെൻഷുവിലാണ് ഈ വിചിത്ര സംഭവം.

Latest Videos

undefined

29 -കാരനായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഫേയിലെ സ്ഥിരം ഉപഭോക്താവായിരുന്ന ഇയാൾ ഉറങ്ങുകയായിരിക്കും എന്നാണ് ജീവനക്കാർ കരുതിയത്. 6 മണിക്കൂർ വരെ പതിവായി ഇയാൾ ​ഗെയിമിം​ഗ് നടത്തുമായിരുന്നു എന്നാണ് കഫേ ഉടമ പറയുന്നത്. പൊലീസ് റിപ്പോർട്ട് പ്രകാരം ജൂൺ 2 -ന് രാവിലെ 6 മണിക്ക് ഇയാൾ പ്രഭാതഭക്ഷം കഴിക്കുന്നതിനായി തൻ്റെ ഗെയിമിംഗ് സെഷൻ താൽക്കാലികമായി നിർത്തിയിട്ടുണ്ട്. മേശപ്പുറത്ത്  പ്രഭാതഭക്ഷണത്തിൻ്റെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തി. ഇയാൾ അന്നേദിവസം ഉച്ചഭക്ഷണം കഴിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ തെളിവുകൾ സൂചിപ്പിക്കുന്നത് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് മരണം സംഭവിച്ചതാകാം എന്നുമാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ചൈനയിലെ വാങ്‌ബ എന്ന് വിളിക്കുന്ന ഇൻ്റർനെറ്റ് കഫേകൾ ഇന്ത്യയിലെ കഫേകളിൽ നിന്ന് വ്യത്യസ്തമാണ്. ഗെയിമിംഗ് കമ്മ്യൂണിറ്റിയുടെ ഒരു കേന്ദ്രമാണ് വാങ്‌ബ. മിക്ക വാങ്ബ സ്ഥാപനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. 

(ചിത്രം പ്രതീകാത്മകം)
 

tags
click me!