'ഗിയർബോക്സ് തകരാറ്, തിരിച്ചിറങ്ങാൻ നിർദ്ദേശം പൈലറ്റ് അവഗണിച്ചു', ഓസ്‌പ്രേ വിമാനം തകരാനുള്ള കാരണമിത്

By Web TeamFirst Published Aug 2, 2024, 11:04 AM IST
Highlights

കോക്പിറ്റിൽ നിന്ന് തകരാറ് വ്യക്തമാക്കുന്ന നിരവധി സന്ദേശമാണ് പൈലറ്റിന് ലഭിച്ചത്. പിന്നാല യാക്കുഷിമ വിമാനത്താവളത്തിലേക്ക് തിരികെ എത്താനും പൈലറ്റിന് നിർദ്ദേശം നൽകിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് വെറും 245 മീറ്റർ ഉയരത്തിൽ ഓസ്‌പ്രേ വിമാനം എത്തിയപ്പോഴാണ് മുന്നറിയിപ്പ് നൽകിയതെന്നും അന്വേഷണ റിപ്പോർട്ട് വിശദമാക്കുന്നു

ന്യൂയോർക്ക്: കഴിഞ്ഞ വർഷം നവംബറിൽ എട്ട് വ്യോമസേനാംഗങ്ങളുടെ മരണത്തിന് പിന്നിൽ പൈലറ്റിന്റെ അനാസ്ഥയും ഗിയർ ബോക്സിന്റെ തകരാറുമെന്ന് കണ്ടെത്തൽ. കഴിഞ്ഞ നവംബറിൽ ജപ്പാനിൽ തകർന്ന് വീണ അമേരിക്കൻ നിർമ്മിത ഓസ്‌പ്രേ വിമാനം തകരാനുള്ള കാരണം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തുന്നത്. വ്യാഴാഴ്ചയാണ് യുഎസ് എയർഫോഴ്സിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരുന്നത്. വിമാനത്തിന്റെയും ഹെലിക്കോപ്പ്റ്ററിന്റെയും സവിശേഷതകളുള്ള വിമാനമായ ഓസ്‌പ്രേ സൈനികരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനായും അവശ്യ സാധനങ്ങൾ എത്തിക്കാനുമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അമേരിക്കൻ സൈന്യത്തിന്റെ അഭിമാനമായിട്ടുള്ള വിമാനങ്ങളിലൊന്നാണ് തകർന്നത്.  

വിമാനത്തിന്റെ ഗിയർ ബോക്സ് തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കാനുള്ള നിർദ്ദേശം പൈലറ്റ് അവഗണിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ സ്ഥിരത അടക്കം ബാധിക്കുന്ന തരത്തിലുണ്ടായ തകരാർ അവഗണിച്ച് ഓസ്‌പ്രേ വിമാനം പറത്തുന്നത് തുടരാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. ജപ്പാനിലെ യാക്കുഷിമ ദ്വീപിലെ കാഗോഷിമയിൽ നവംബർ 29നാണ് ഓസ്‌പ്രേ വിമാനം തകർന്ന് വീണത്. ഇതിന് പിന്നാലെ ഈ വിമാനങ്ങളുടെ ഉപയോഗം പെൻറഗൺ താൽക്കാലികമായി നിർത്തി വച്ചിരുന്നു. പിന്നീട് വളരെ ചെറിയ ദൂരങ്ങളിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കാനും സൈനികരെ മാറ്റാനും മാത്രമായി ഓസ്‌പ്രേ വിമാനത്തിന്റെ ഉപയോഗം അമേരിക്ക ചുരുക്കിയിരുന്നു. 

Latest Videos

അമേരിക്കയ്ക്ക് പുറമേ ഈ വിമാനം ഉപയോഗിക്കുന്ന ഒരേയൊരു രാജ്യം ജപ്പാനാണ്. അപകടത്തിന് പിന്നാലെ ജപ്പാനും ഓസ്‌പ്രേ വിമാനത്തിന്റെ ഉപയോഗം നിർത്തിയിരുന്നു. കോക്പിറ്റിൽ നിന്ന് തകരാറ് വ്യക്തമാക്കുന്ന നിരവധി സന്ദേശമാണ് പൈലറ്റിന് ലഭിച്ചത്. പിന്നാല യാക്കുഷിമ വിമാനത്താവളത്തിലേക്ക് തിരികെ എത്താനും പൈലറ്റിന് നിർദ്ദേശം നൽകിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് വെറും 245 മീറ്റർ ഉയരത്തിൽ ഓസ്‌പ്രേ വിമാനം എത്തിയപ്പോഴാണ് മുന്നറിയിപ്പ് നൽകിയതെന്നും അന്വേഷണ റിപ്പോർട്ട് വിശദമാക്കുന്നു. ഓസ്‌പ്രേ വിമാനം ഉൾപ്പെടുന്ന രണ്ടാമത്തെ സംഭവമായതോടെയാണ് സുരക്ഷാസംബന്ധിയായ ചർച്ചകൾ വ്യാപകമായത്.

നവംബറിലെ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളുമാണ് കൊല്ലപ്പെട്ടത്. 1992 ന് ശേഷം വിമാന അപകടങ്ങളിൽ 60ലേറെ വ്യോമ സേനാംഗങ്ങൾ അമേരിക്കയ്ക്ക് നഷ്ടമായിട്ടുണ്ട്. രണ്ട് പ്രൊപ്പല്ലറുകളോട് കൂടിയതാണ് ഓസ്‌പ്രേ വിമാനം. ബോയിംഗ് , ബെൽ ഹെലികോപ്ടറിന്റെ ടെക്സ്ട്രോൺ യൂണിറ്റ് എന്നിവ സംയുക്തമായാണ് ഓസ്‌പ്രേ വിമാനം നിർമ്മിച്ചത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!