പെന്‍ഷനും ആനുകൂല്യങ്ങളുമില്ല; കൊടുംകാടിനെ ഭയക്കാത്ത അമ്മിണി ടീച്ചര്‍ക്കിപ്പോള്‍ ഭയമുണ്ട്!

By K M Biju  |  First Published Jul 8, 2022, 6:17 PM IST

വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങളൊന്നും ഇല്ല. സ്ഥിര ജോലിയൊന്നും അല്ലാത്തതിനാല്‍ അതുണ്ടാകില്ല എന്നാണ് അധികൃതരുടെ മറുപടി. നീക്കിയിരിപ്പൊന്നുമില്ല. കൊടും കാടിനേക്കാളും വന്യമൃഗങ്ങളെക്കാളും വലിയ വെല്ലുവിളി അതാണ്.


നിലമ്പൂര്‍ മണലൊടിയിലെ വീട്ടില്‍ നിന്നും രാവിലെ 6 മണിക്കെങ്കിലും ഇറങ്ങണം. ഏഴു മണിക്ക് വഴിക്കടവെത്തും. ആനമറി എന്ന സ്ഥലം കഴിഞ്ഞാല്‍ കാടാണ്. നടക്കണം.

നടത്തമെന്ന് പറഞ്ഞാല്‍ നാലു കിലോമീറ്ററോളം ഉള്‍ക്കാട്ടിലൂടെയുള്ള യാത്ര. വഴിയില്‍ കാട്ടാനക്കൂട്ടം പതിവാണ്. മലമ്പാമ്പുകള്‍. ചോരയൂറ്റിക്കുടിക്കുന്ന അട്ടകള്‍. അതൊന്നും വക വെക്കാതെ വീണ്ടും നടന്നാല്‍ പുന്നപ്പുഴ. പുഴ മുറിച്ചു കടന്നാല്‍ വീണ്ടും പച്ചപുതച്ച കാടകം.

Latest Videos

undefined

ചങ്ങാടത്തില്‍ കോരമ്പുഴ കടക്കുക എന്ന് പറഞ്ഞാല്‍ സാഹസികതയാണ്. ആ പുഴയും കടന്നു കിട്ടിയാല്‍ പുഞ്ചക്കൊല്ലി കോളനിയിലെത്തും. അവിടെ ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ കുഞ്ഞുങ്ങള്‍ കാത്തിരിക്കുന്നുണ്ടാവും.

അമ്മിണി ടീച്ചര്‍ അവര്‍ക്ക് അക്ഷര വെളിച്ചം മാത്രമല്ലല്ലോ.

മൂന്നര വയസ്സുമുതല്‍ ആറുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പാട്ടും കഥയും അറിവും പകര്‍ന്ന് ഉച്ചഭക്ഷണവും കൊടുത്ത് ടീച്ചറുടെ ഒരു പകല്‍തീരുകയാണ്. വൈകീട്ട് കാടിറങ്ങും.

പുഞ്ചക്കടവ് ബാലവിജ്ഞാന കേന്ദ്രത്തിലെ അധ്യാപികയായിരുന്ന അമ്മിണി ടീച്ചറുടെ ഒരു ദിവസമാണിത്. ഈ പതിവ്  ഒന്നും രണ്ടും വര്‍ഷമല്ല നാല്‍പതാണ്ട് കടന്നു പോയി. പ്രായം എഴുപത്തഞ്ചായി. കാടിനേയും കാടിന്റെ മക്കളെയും അറിഞ്ഞുള്ള അമ്മിണി ടീച്ചറുടെ കാട് പൂക്കുന്ന യാത്ര അവസാനിക്കുകയാണ്. ആ അസാധാരണ യാത്രയും സേവനവും ഒരു പാഠപുസ്തകമാണ്. 

 

 

കാട്ടിലേക്കുള്ള വഴി

1982 -ലാണ് ബാല വിജ്ഞാന കേന്ദ്രത്തില്‍ അമ്മിണി അധ്യാപിക ആയത്. പുഞ്ചക്കൊല്ലിയിലെ കൊടുങ്കാട്ടില്‍ പോയി ജോലി ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ല. ജീവന്‍ അപകടത്തിലാക്കിയുള്ള കാട്ടിലൂടെയുള്ള യാത്രയും തുച്ഛ വരുമാനവുമായിരുന്നു കാരണം.

ഒടുവില്‍ മുപ്പതാം വയസില്‍ അമ്മിണി ആ വെല്ലുവിളി ഏറ്റെടുത്തു. മാസം 300 രൂപ ഓണറേറിയത്തിന്.1982 ജൂണ്‍ ഒന്നിലെ  കൊടും മഴയില്‍ അമ്മിണി ടീച്ചര്‍ കാടുകയറി.

പുഞ്ചക്കൊല്ലി കോളനിയിലെ തേക്കിന്റെ ഇലകള്‍ കൊണ്ട് മറച്ച കുടിലുകളില്‍ നിന്നും അത്ര മികച്ച പ്രതികരണങ്ങളൊന്നുമുണ്ടായില്ല. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗക്കാരായ പച്ച മനുഷ്യരുമായി അടുപ്പമുണ്ടാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പട്ടിണിയിലേക്ക് വീണു പോവുകയാണ് ഒരു ജനസമൂഹം.

വസ്ത്രവും അടിസ്ഥാന സൗകര്യവുമില്ലാത്ത കുഞ്ഞുങ്ങള്‍. കുഷ്ഠരോഗം. ലിപികളില്ലാത്ത ഭാഷ. അവരുടെ ഭാഷ ടീച്ചര്‍ക്ക് മനസ്സിലാവില്ല. ടീച്ചറുടെ മലയാളം അവര്‍ക്കും.

ചേര്‍ത്തു പിടിക്കലിന്റെ ഭാഷയായിരുന്നു ടീച്ചറുടെ വഴി. ദിവസങ്ങളോളം കോളനിയിലെത്തി ഒരാത്മബന്ധം സ്ഥാപിച്ചു. പതുക്കെ അവരിലൊരാളായി. കുഞ്ഞുങ്ങളെ അക്ഷരങ്ങളിലേക്ക് ആകര്‍ഷിച്ചു. കഞ്ഞിയും പയറും വെക്കാന്‍ കോളനിയില്‍ നിന്നും ഒരാളെ കൂട്ടി. കോളനിയിലുള്ളവരുടെ രോഗവിവരങ്ങള്‍ നിലമ്പൂരിലെ ആരോഗ്യവിഭാഗത്തെയും പട്ടികവര്‍ഗ്ഗ വകുപ്പിനെയും അറിയിച്ചു. അവരെ കോളനികളിലെത്തിച്ചു. കോളനിക്കാരുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ മേഖലകളിലെല്ലാം നിരന്തരം ഇടപെട്ടു.

ആദ്യാക്ഷരം കുറിച്ചു കൊടുത്ത കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതായി. അവരുടെ മക്കളെയും മക്കളുടെ മക്കളെയും പഠിപ്പിച്ചതും അമ്മിണി ടീച്ചര്‍ തന്നെയായിരുന്നു. ബാലവിജ്ഞാന കേന്ദ്രത്തിന് ഒരു കെട്ടിടമായി. കോളനിയില്‍ കുറച്ചൊക്കെ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിത്തുടങ്ങി. നാലു പതിറ്റാണ്ട് നീണ്ട സേവനം അവസാനിക്കുമ്പോള്‍ ടീച്ചറുടെ കണ്ണുകള്‍ ഈറനണിയുന്നു. 2018 -ല്‍ ഇറങ്ങേണ്ടതായിരുന്നു. സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കി. എങ്കിലും ടീച്ചര്‍ക്ക് പ്രായത്തിന്റ പ്രശ്‌നങ്ങളുമുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ടീച്ചര്‍ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ കുഞ്ഞുങ്ങളിലൊരാളാണ് ഇനി അധ്യാപിക.

 

 

വീട്ടിലേക്കുള്ള വഴി

1982 ല്‍ ജോലിക്ക് കയറിയപ്പോള്‍ മുന്നൂറ് രൂപയായിരുന്നു ഒരു മാസത്തെ ഓണറേറിയം. ഒരു പതിറ്റാണ്ട് കാലം അമ്മിണിക്ക് ലഭിച്ചിരുന്ന മാസവരുമാനം അതു തന്നെയായിരുന്നു. 2008 വരെ 750 രൂപ. പിന്നീടത് ആയിരം രൂപയാക്കി ഉയര്‍ത്തി. 2018 മുതല്‍ 4000 രൂപയായിരുന്നു വരുമാനം.

വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങളൊന്നും ഇല്ല. സ്ഥിര ജോലിയൊന്നും അല്ലാത്തതിനാല്‍ അതുണ്ടാകില്ല എന്നാണ് അധികൃതരുടെ മറുപടി. നീക്കിയിരിപ്പൊന്നുമില്ല. കൊടും കാടിനേക്കാളും വന്യമൃഗങ്ങളെക്കാളും വലിയ വെല്ലുവിളി അതാണ്.ഭര്‍ത്താവ് തയ്യല്‍ തൊഴിലാളിയാണ്. ഉള്ളുതട്ടുന്ന അനുഭവങ്ങള്‍ മാത്രമേ സമ്പാദ്യമുള്ളു. അമ്മിണി ഒരു ടീച്ചര്‍ മാത്രമല്ല, കാടിന് നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന, ചുറ്റുപാടും പ്രകാശം പരത്തുന്ന ഒരു സ്‌കൂളാകുന്നു.

click me!