സെക്സും ലഹരിയും എഴുതി കോടികളുണ്ടാക്കി, അതെല്ലാം മുടിച്ച് പാപ്പരായി; ഹരോള്‍ഡ് റോബിന്‍സിന്‍റെ അരാജക ജീവിതം!

By Web Team  |  First Published Jul 11, 2019, 4:09 PM IST

എന്നാൽ, റോബിൻസിന്റെ പുസ്തകം വായിക്കാനെടുത്ത ഒരു സ്ത്രീ പോലും അത് ഒന്നാമത്തെ പേജിൽ മടക്കിവെച്ചില്ല. അന്നത്തെ അമേരിക്കൻ ജനതയുടെ വായനാശീലങ്ങളെ ഹാരോൾഡ്‌ റോബിൻസിന്റെ കാല്പനിക ഫിക്ഷൻ പകർച്ചപ്പനി പോലെ ബാധിച്ചു. 


സാഹിത്യത്തിന് ഒരു അധോലോകമുണ്ട്. നിഗൂഢമായ ഭൂമികകളിലേക്ക് വായനക്കാരനെ കൈപിടിച്ചുകൊണ്ടുപോവുന്ന  ക്ലാസിക് മായികാഖ്യാനങ്ങളുടെയും, ജീവിതത്തിലേക്ക് നേർക്കണ്ണാടി പിടിക്കുന്ന കഥാപരിസരങ്ങളുടെയും ഒക്കെ ഇടയിൽ, ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ വായിച്ചുതള്ളുന്ന ജനപ്രിയ സാഹിത്യത്തിൻറെ സൂപ്പർമാർക്കറ്റ്. 'പേപ്പർബാക്ക്' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന താരതമ്യേന വിലകുറഞ്ഞ പുസ്തകങ്ങളുടെ ലോകം. ആ അധോലോകത്തിലെ രാജകുമാരനായി ഏറെനാൾ വാണ ഒരു അമേരിക്കൻ സാഹിത്യകാരനാണ് ഹാരോൾഡ് റോബിൻസ്. പതിനേഴ് നോവലുകളാണ് തന്റെ ജീവിതകാലം കൊണ്ട് റോബിൻസ് എഴുതിക്കൂട്ടിയത്. അതിന്‍റെ 75  കോടിയോളം പതിപ്പുകളാണ് വിറ്റുപോയത് എന്നുപറയുമ്പോഴാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ജനപ്രീതി നമുക്ക് പിടികിട്ടുന്നത്. ഇന്നും അദ്ദേഹത്തിന്റെ പലപുസ്തകങ്ങളും വില്പനശാലകളുടെ അലമാരകളിലുണ്ട്. 

സെക്‌സിന്റെയും നാർകോട്ടിക്‌സിന്റെയും അതിപ്രസരമാണ് ഹാരോൾഡ്‌ റോബിൻസ് നോവലുകളുടെ ആകർഷണീയത. അതാണ് തീനാളത്തിലേക്ക് ഈയാംപാറ്റകളെന്നപോലെ വായനക്കാരെ അദ്ദേഹത്തിന്റെ എഴുത്തിലേക്ക് വലിച്ചടുപ്പിച്ചത്. റോബിൻസിന്റെ ജീവിതമോ എഴുത്തോ കൂടുതൽ സംഭവബഹുലം എന്നുചോദിച്ചാൽ, ജീവിതം എന്നുപറയേണ്ടി വരും. അത്രമേൽ നാടകീയമാണത്. നാടകീയതയ്ക്ക് കുറവുവന്നിടത്തൊക്കെ വിശ്വസനീയമായ കള്ളങ്ങളാൽ അദ്ദേഹം ആ കുറവ് നികത്തിപ്പോന്നു. 1916 -ൽ ന്യൂയോർക്ക് നഗരത്തിലായിരുന്നു ജനനം.  റഷ്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ജൂത ദമ്പതികളുടെ മകൻ. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കാതെ സ്‌കൂൾ വിട്ടിറങ്ങി. കൂലിപ്പണി മുതൽ ഗുമസ്തവേല വരെ ചെയ്തുകൊണ്ട് യൗവ്വനത്തിലേക്കു കാലെടുത്തുവെച്ചു. 

Latest Videos

ഗുമസ്തപ്പണിയിൽ പ്രവേശിച്ച് അധികം താമസിയാതെ, തന്റെ ഇരുപത്തൊന്നാമത്തെ വയസ്സിൽ, കാമുകി ലിലിയനുമായുള്ള വിവാഹം. അത് റോബിൻസിന്റെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്. കാമുകിയുടെ അച്ഛൻ യൂണിവേഴ്‌സൽ പിക്ചേഴ്സ് എന്ന ചലച്ചിത്രനിർമാണകമ്പനിയുടെ ട്രഷറർ ആയിരുന്നു. അയാൾ തന്റെ മരുമകന് അതേ കമ്പനിയുടെ ഗോഡൗണിൽ ഒരു ചെറിയ ജോലി തരപ്പെടുത്തിക്കൊടുത്തു. ഗുമസ്തപ്പണിയിൽ നിന്നും വളരെപ്പെട്ടെന്ന് സ്ഥാനക്കയറ്റങ്ങൾ നേടിയ റോബിൻസ് അധികം താമസിയാതെ അവിടത്തെ ബജറ്റ് അനലിസ്റ്റും, വരവുചെലവുകളുടെ മേൽനോട്ടക്കാരനുമായി. അന്ന് യൂണിവേഴ്‌സൽ പിക്ചേഴ്സ്, നാട്ടിൽ പ്രചുരപ്രചാരമുള്ള പല നോവലുകളും സിനിമയാക്കാറുണ്ടായിരുന്നു. 'ഇതിനേക്കാൾ നല്ലത്, എനിക്കെഴുതാനാവും...' എന്ന തോന്നൽ റോബിൻസിനെ എഴുത്തിലേക്ക് വഴിതിരിച്ചുവിട്ടു. രാത്രി ഉറങ്ങാൻ കിടക്കുന്ന റോബിൻസ്, രണ്ടോ മൂന്നോ മണിക്കൂർ നേരം മാത്രം ഉറങ്ങിയ ശേഷം എഴുന്നേറ്റിരുന്നു ടൈപ്പ് ചെയ്യും.

അങ്ങനെ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉറക്കമിളച്ചിരുന്ന് റോബിൻസ് തന്റെ ആദ്യത്തെ നോവൽ എഴുതിപ്പൂർത്തിയാക്കി. 'നെവർ ലവ് എ സ്ട്രേഞ്ചർ' എന്നായിരുന്നു നോവലിന്റെ പേര്. തുറന്നമട്ടിലുള്ള ലൈംഗിക പരാമർശങ്ങൾ, നിഗൂഢമായ സെക്സ് വർണ്ണനകൾ എല്ലാം കൊണ്ട് സമൃദ്ധമായിരുന്ന ആ നോവൽ 1948  -ലെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇടം പിടിച്ചു. എന്നാൽ, അന്നത്തെ സദാചാര ബോധം ഹാരോൾഡ്‌ റോബിൻസ് കുപ്പിതുറന്നുവിട്ട ഭൂതത്തെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. പെൻസിൽവാനിയയിലെ ഒരു ബുക്സ്റ്റാൾ റെയ്‌ഡുചെയ്ത പൊലീസ് നോവലിന്റെ പ്രതികളെ 'പോർണോഗ്രാഫി' എന്നും പറഞ്ഞ് കസ്റ്റഡിയിലെടുത്തു. പക്ഷേ, കേസിന് കോടതിയിൽ നിലനിൽപ്പുണ്ടായില്ല. 'നെവർ ലവ് എ സ്ട്രേഞ്ചർ' പോർണോഗ്രാഫി അല്ല എന്ന് കോടതി വിധിച്ചു. 

"എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളേ..! എന്റെ പുസ്തകം തുറക്കുമ്പോൾ നിങ്ങളുടെ കണ്മുന്നിൽ വരുന്ന വാക്കുകൾ നിങ്ങളെ നാണിപ്പിക്കുന്നുണ്ടെങ്കിൽ, ദയവുചെയ്ത് നിങ്ങൾ ഒന്നാമത്തെ പേജിൽ തന്നെ പുസ്തകം മടക്കി വെച്ചോളൂ..." അദ്ദേഹം മറുപടി നല്കി. 

എന്നാൽ, റോബിൻസിന്റെ പുസ്തകം വായിക്കാനെടുത്ത ഒരു സ്ത്രീ പോലും അത് ഒന്നാമത്തെ പേജിൽ മടക്കിവെച്ചില്ല. അന്നത്തെ അമേരിക്കൻ ജനതയുടെ വായനാശീലങ്ങളെ ഹാരോൾഡ്‌ റോബിൻസിന്റെ കാല്പനിക ഫിക്ഷൻ പകർച്ചപ്പനി പോലെ ബാധിച്ചു. പുസ്തകങ്ങളുടെ പ്രതികൾ മധുരനാരങ്ങ പോലെ വിറ്റുതീർന്നു. റോബിൻസിന്റെ പെട്ടിയിൽ പണം കുമിഞ്ഞുകൂടി.   

ബിവർലി ഹിൽസിലെ ഒരു ബംഗ്ളാവുവാങ്ങി തന്റെ സ്നേഹമയിയായ ഭാര്യയെ അവിടെ താമസിപ്പിച്ച്, തന്റെ കാമനകളുടെ കുതിരപ്പുറത്ത് റോബിൻസ് നായാട്ടിനിറങ്ങി. ഒരു സമയം മൂന്നും നാലും സ്ത്രീകൾ അദ്ദേഹത്തെ അനുഗമിച്ചു. വാ തുറന്നാൽ സെക്സിനെക്കുറിച്ചുള്ള സംസാരം മാത്രമായി. മുപ്പത്തെട്ടാമത്തെ വയസ്സിൽ തന്നെ കഷണ്ടി കയറിയ തലയും, ചാടാൻ തുടങ്ങിയ കുടവയറും ഒക്കെയായി ഒട്ടും ആകർഷകമായ പ്രകൃതം അല്ലാതിരുന്നിട്ടും, റോബിൻസിന്റെ പണവും പ്രശസ്തിയും സ്ത്രീകളെ അദ്ദേഹത്തിലേക്കടുപ്പിച്ചു. സ്വന്തം ഭാര്യയായ ലിലിയനിൽ ഒരു കുഞ്ഞുണ്ടാകാതിരുന്ന റോബിൻസിന് താൻ തന്റെ അപഥസഞ്ചാരങ്ങളിൽ കൂട്ടുവിളിച്ചിരുന്ന യുവതികളിൽ ഒരാളിൽ, യോൺ ഫാരോയിൽ, ഒരു കുഞ്ഞുണ്ടായി. റോബിൻസ് ആ കുഞ്ഞിനേയും കൊണ്ട് ലിലിയന്റെ മുന്നിലെത്തി, "ഇതെന്റെ കുഞ്ഞാണ്... ഇടക്കിവിടെ വരും... താമസിക്കും..." എന്ന് തികഞ്ഞ ധിക്കാരത്തോടെ പ്രഖ്യാപിച്ചു. 

സ്വതവേ അന്തർമുഖയും ഭർത്താവിന്റെ നിഴലിൽ ഒതുങ്ങിയിരുന്നതുമായ ഒരു വ്യക്തിയുമായിരുന്ന ലിലിയൻ അതോടെ പൂർണ്ണമായും ആ ബംഗ്ളാവിനുള്ളിൽ ഒതുങ്ങിക്കൂടി. അവർ റോബിൻസിന്റെ നോവലുകൾ എഡിറ്റ് ചെയ്തു. അദ്ദേഹത്തിന് പുതിയ നോവലുകൾക്കുള്ള ആശയങ്ങൾ നൽകി. 

1963 -ലിറങ്ങിയ 'ദ കാർപെറ്റ് ബാഗേഴ്സ്' എന്ന നോവലിൽ സെക്‌സിന്റെയും സാഡിസത്തിന്റെയും ബോണ്ടേജിന്റെയും ഒക്കെ അതിരുകടന്ന പ്രത്യക്ഷവർണ്ണനകളായിരുന്നു. ആ ഒരൊറ്റ നോവൽ റോബിൻസിനെ കോടീശ്വരനാക്കി മാറ്റി. അദ്ദേഹം ഒരു രണ്ടാം വിവാഹത്തെപ്പറ്റി ആലോചിച്ചു തുടങ്ങി. ഒരു പരസ്യ ഏജൻസിയിൽ വെച്ചാണ് തന്റെ രണ്ടാം ഭാര്യയാകാൻ പോവുന്ന യുവതിയെ റോബിൻസ്  പരിചയപ്പെടുന്നത്. ഗ്രെയ്‌സ് പല്ലെർമോ എന്നായിരുന്നു അവരുടെ പേര്. വിലകൂടിയ ആഭരണങ്ങളും, തന്റെ മായികമായ കഥകളും കൊണ്ട് റോബിൻസ് അവരെ തന്റെ വരുതിയിലാക്കി. ഗ്രെയ്‌സ് ഗർഭിണിയാകുംവരെ ലിലിയൻ ഒന്നുമറിഞ്ഞില്ല. അറിഞ്ഞപ്പോഴേക്കും അവർ വിവാഹമോചനത്തിന് തയ്യാറാവുകയും ചെയ്തു. നന്ദികേടിന്റെ പരമകാഷ്ഠയിൽ നിന്നുകൊണ്ട് റോബിൻസ്, തന്റെ പുസ്തകങ്ങളുടെ തുടർന്നിറങ്ങുന്ന എഡിഷനുകളിൽ നിന്നും ലിലിയന്റെ പേര് നീക്കം ചെയ്ത് തൽസ്ഥാനത്ത് ഗ്രെയ്സിൻറെ പേരുവെച്ചു. 

അളവിൽ കവിഞ്ഞ പണം. എങ്ങനെ അത് ചിലവിടണം എന്നറിയാത്ത കാലം. ഒരു ലക്ഷ്വറി നൗക സ്വന്തമാക്കി റോബിൻസ്. തന്റെ എഴുത്തിന്, അരാജകത്വം നിറഞ്ഞ ഒരു ജീവിതശൈലി കൂടിയേ തീരൂ എന്ന് റോബിൻസ് ഗ്രെയ്‌സിനേയും പറഞ്ഞു വിശ്വസിപ്പിച്ചു. തുറന്ന ഒരു  വിവാഹ ബന്ധമാണ് താൻ ആഗ്രഹിക്കുന്നത് എന്ന് റോബിൻസ് പറഞ്ഞപ്പോൾ അത് സ്വീകരിക്കുകയല്ലാതെ വഴിയില്ലായിരുന്നു ഗ്രെയ്സിന്. 1966 -ൽ  ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന എഴുത്തുകാരനായി ഹാരോൾഡ്‌ റോബിൻസ് മാറി. നാലുമാസം കൊണ്ട് എഴുതിത്തീർക്കുന്ന ഒരു നോവലിന് അന്ന് റോബിൻസ് വാങ്ങിയിരുന്ന പ്രതിഫലം ഒരു മില്യൺ ഡോളറായിരുന്നു. 

"ചാൾസ് ഡിക്കെൻസ് തന്റെ തലമുറയ്ക്ക് എന്തായിരുന്നുവോ, അതാണ് ഈ തലമുറയ്ക്ക് ഞാൻ..." എന്ന് ഒരു പാർട്ടിക്കിടെ റോബിൻസ് ഒരു എഴുത്തുകാരനോട് പറഞ്ഞു. റോബിൻസിന് ജീവിതം എന്നും ആഘോഷമായിരുന്നു. നാളെ മരിച്ചുപോവാനിടയുണ്ട് എന്നൊരു തോന്നൽ ഉള്ളിലുള്ള പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതാസക്തി. കൊക്കെയ്ൻ എന്ന മയക്കുമരുന്നിന് അടിമയായിരുന്നു റോബിൻസ്. തന്റെ മോണ്ട ബ്ളാങ്ക് പേന അദ്ദേഹം കൊക്കെയ്ൻ സേവിക്കാൻ വേണ്ടി രൂപമാറ്റം ചെയ്ത് ഒരു ഇൻഹേലറിന്റെ രൂപത്തിലാക്കിയെടുത്തു. തോന്നുമ്പോഴെല്ലാം പോക്കറ്റിൽ നിന്നും പേനയെടുത്ത് അടപ്പുതുറന്ന്, ഇൻഹേൽ ചെയ്യും. 

പോകെപ്പോകെ എഴുത്തിലുള്ള ശ്രദ്ധയും നിഷ്ഠയും റോബിൻസിനെ കൈവിട്ടു. പ്രസാധകരുടെ ഡെഡ്‌ലൈനുകൾ പാലിക്കാതെയായി. അവരോട് അപമര്യാദയായി പെരുമാറാൻ തുടങ്ങി. 1981-ൽ അദ്ദേഹത്തിന്റെ നോവൽ 'ഗുഡ് ബൈ, ജാനറ്റ്' കഴിഞ്ഞ കൊല്ലത്തെ ബെസ്റ്റ് സെല്ലർ ആയിരുന്നു. അതിന്റെ ആഘോഷവും, മകളുടെ വിവാഹാഘോഷവും പ്രമാണിച്ചുള്ള പാർട്ടി നടന്നുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ബംഗ്ളാവിൽ. വിരുന്നിൽ പങ്കെടുക്കാൻ വന്ന ഒരു അതിഥി ചുവരിൽ തൂക്കിയിരുന്ന ഭാര്യ ഗ്രെയ്‌സിന്റെ ഛായാചിത്രം ചൂണ്ടി റോബിൻസിനോട് ചോദിച്ചു, " ഇതാരാണ്..? ", "ആവോ.. അറിയില്ല..." എന്ന് റോബിൻസ് മറുപടി പറയുന്നതുകേട്ട് തൊട്ടപ്പുറത്തുനിന്ന ഗ്രെയ്‌സ് ഞെട്ടി.

അതുപക്ഷെ, റോബിൻസ് മദ്യപിച്ച് മദോന്മത്തനായതോ, അദ്ദേഹത്തെ താത്കാലികമായ സ്മൃതിഭ്രംശം ബാധിച്ചതോ അല്ലായിരുന്നു. അദ്ദേഹത്തിന് ഒരു സ്ട്രോക്ക് വന്നതായിരുന്നു. അത് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹത്തേയുംകൊണ്ട് അവർ ആശുപത്രിയിലേക്കോടി. വിധി അദ്ദേഹത്തിന് സമ്മാനിച്ചത് വളരെ വിചിത്രമായ ഒരു രോഗാവസ്ഥയായിരുന്നു. അഫേസിയ. സംസാരിക്കാനോ എഴുതാനോ ശ്രമിക്കുമ്പോൾ വാക്കുകൾ മറക്കും. ഒരു എഴുത്തുകാരന് കിട്ടാവുന്ന ഏറ്റവും വലിയ ശാപം. 'സ്വയംഭോഗം പോലെ എളുപ്പത്തിൽ' റോബിൻസ് സാധിച്ചിരുന്ന എഴുത്തെന്ന സായൂജ്യം അതോടെ അദ്ദേഹത്തെ വിട്ടുപിരിഞ്ഞു. 'മാൻ വിത്ത് എ സ്‌മോക്കിങ്ങ് ടൈപ്പ് റൈറ്റർ' എന്നറിയപ്പെട്ടിരുന്ന ഹാരോൾഡ്‌ റോബിൻസ്, കയ്യിലൊതുങ്ങാതെ വഴുതിമാറുന്ന വാക്കുകൾക്കുമുന്നിൽ ഒരു ബാലനെപ്പോലെ പകച്ചു നിന്നു. അദ്ദേഹമെഴുതുന്ന വാക്യങ്ങളിൽ പലതും തലകീഴ്മറിഞ്ഞു നിന്ന് അദ്ദേഹത്തെ നോക്കി കൊഞ്ഞനംകുത്തി. 

റോബിൻസ് നയിച്ച അരാജക ജീവിതത്തിനു കിട്ടിയ 'ദൈവശിക്ഷയാണിത്' എന്ന് പലരും പറഞ്ഞു. എന്നാൽ, അതിലും വലുതൊന്ന് വരാനിരിക്കുകയായിരുന്നു. കൊക്കെയ്ൻ അമിതമായി സേവിച്ച് കുളിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ലൊടിഞ്ഞു. അതോടെ വീൽ ചെയറിലും നിത്യവേദനയിലുമൊതുങ്ങിയുള്ള ജീവിതമായി അദ്ദേഹത്തിന്റേത്. ജാൻ സ്റ്റാപ്പ് എന്ന ഒരു അസിസ്റ്റന്റിനെ വെച്ച് കുറേക്കാലം കൂടി അദ്ദേഹം 'ഗോസ്റ്റ് റൈറ്റിങ്' തുടർന്നെങ്കിലും, ഹാരോൾഡ്‌ റോബിൻസിന്റെ മാജിക്ക് അദ്ദേഹത്തിന്റെ പേരിൽ എഴുതിയ ജാൻ സ്റ്റാപ്പിന് പുസ്തകത്താളുകളിലേക്ക് പകർത്താനായില്ല. 

ഒരുവിധം സുഖം പ്രാപിച്ചപ്പോഴേക്കും റോബിൻസിനെക്കാത്ത് അടുത്ത ആഘാതം തയ്യാറായിരുന്നു. ഗ്രെയ്‌സ് റോബിൻസുമായുള്ള തന്റെ സുദീർഘമായ ദാമ്പത്യം അവസാനിപ്പിച്ചു. അതോടെ ജാൻ സ്റ്റാപ്പിനെ വിവാഹം കഴിച്ച് കൂടെക്കൂട്ടി  റോബിൻസ് തന്റെ ജീവിതസംഘർഷങ്ങൾ തുടർന്നു. ഒരായുഷ്കാലത്തെ എഴുത്തുകൊണ്ട് റോബിൻസ് ഉണ്ടാക്കിയ സമ്പത്തുമുഴുവൻ തന്റെ ജീവിതസായാഹ്നത്തിൽ അദ്ദേഹത്തെ വിട്ടുപോയി. മരിക്കുമ്പോൾ ഒരു മില്യൺ ഡോളറിന്റെ കടബാധ്യതകളുണ്ടായിരുന്നു റോബിൻസിന്. 

എന്നാലും മരിക്കുന്നതിന് തൊട്ടുമുമ്പുവരെയും ഹാരോൾഡ്‌ റോബിൻസ് എന്ന മനുഷ്യന്റെയുള്ളിലെ തീ അണഞ്ഞിരുന്നില്ല. ഒരു റിപ്പോർട്ടർ അദ്ദേഹത്തോട് ചോദിച്ചു, "മിസ്റ്റർ റോബിൻസ്, ഒരു എഴുത്തുകാരൻ എന്ന നിലയിൽ അങ്ങയെ ചരിത്രം എങ്ങനെ രേഖപ്പെടുത്തും..?" അദ്ദേഹത്തിന്റെ മുഖത്ത് ഒരു പരിഹാസച്ചിരി തെളിഞ്ഞുവന്നു. മുരടനക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു, "മാൻ... എങ്ങനെ അടയാളപ്പെടുത്തിയാലും എനിക്ക് ..... ആണ്. ഞാൻ മരിച്ചാൽ, അവർ എന്നെ എവിടെങ്കിലും കൊണ്ടുപോയി ചുട്ടുകരിച്ച് ചാരമാക്കട്ടെ. എന്നിട്ട് ഏതെങ്കിലും ആറ്റിൽ കൊണ്ട് തള്ളിക്കോട്ടെ. എന്നിട്ട് എന്നെപ്പറ്റിയോ, എന്റെ എഴുത്തിനെപ്പറ്റിയോ അവർക്ക് തോന്നുന്നത് പറഞ്ഞോട്ടെ..."

click me!