ഈ സമയമത്രയും പുലി എരുമകളെ അക്രമിച്ചിരുന്നില്ല. അതേ സമയം രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും അതിനും സാധിച്ചില്ല. തുടര്‍ന്ന് പുള്ളിപ്പുലിക്കും തൊഴുത്തിനുള്ളിലെ എരുമകൾക്കും പരിക്കേൽക്കാതെ ആയിരുന്നു രക്ഷാപ്രവർത്തനം.
എരുമ തൊഴുത്തില്‍ കുടുങ്ങിപ്പോയ പുള്ളിപ്പുലിയെ നാല് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിൽ അത്ഭുതകരമായി രക്ഷപ്പെടുത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ എരുമകൾക്കോ പുള്ളിപ്പുലിക്കോ പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ മോട്ട സമാധിയാല ഗ്രാമത്തിലെ കർഷകരുടെ തൊഴുത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പുള്ളിപ്പുലി കയറിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെ എരുമകളെ കറക്കാനായി തൊഴുത്തിലെത്തിയ കാന്തി കോരാട്ട് എന്ന കർഷകനാണ് ഷെഡിൽ പുലിയെ ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹം പുറത്തിറങ്ങി പുലി തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് ഇറങ്ങാതിരിക്കാനായി ഷെഡ് പുറത്ത് നിന്നും പൂട്ടി. തുടർന്ന് അദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഇതിനിടെ നിരവധി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. രക്ഷാപ്രവർത്തനത്തിനായി എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുള്ളിപ്പുലിയെ പിടികൂടിയത്. ഈ സമയമത്രയും പുലി എരുമകളെ അക്രമിച്ചിരുന്നില്ല. അതേ സമയം രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും അതിനും സാധിച്ചില്ല. തുടര്‍ന്ന് പുള്ളിപ്പുലിക്കും തൊഴുത്തിനുള്ളിലെ എരുമകൾക്കും പരിക്കേൽക്കാതെ ആയിരുന്നു രക്ഷാപ്രവർത്തനം. പിടിയിലായ പുലിയെ അല്പസമയത്തെ നിരീക്ഷണത്തിന് ശേഷം കാട്ടിലേക്ക് തന്നെ തുറന്നു വിട്ടു.
മറ്റൊരു സംഭവത്തിൽ 2021 ഫെബ്രുവരിയിൽ, കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബിലിനെലെ ഗ്രാമത്തിലെ ശുചിമുറിയിൽ ഒരു നായയും പുള്ളിപ്പുലിയും ആറുമണിക്കൂർ നേരം ഒരുമിച്ച് നിന്നെങ്കിലും പരസ്പരം ആക്രമിക്കാൻ ശ്രമിക്കാതിരുന്നത് പ്രദേശവാസികളില്‍ കൗതുകം ഉണർത്തിയിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ശുചിമുറിയിൽ നിന്നും പുള്ളിപ്പുലിയെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും ഇതിനിടയിൽ രക്ഷപ്പെട്ട പുലി കാട്ടിൽ മറയുകയായിരുന്നു. അന്ന് ശുചിമുറിയുടെ രണ്ടു കോണുകളിൽ ആയി ഇരിക്കുന്ന പുള്ളിപ്പുലിയുടെയും നായയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.