ഭക്ഷണ ഓര്‍ഡറിനൊപ്പം 'ലാസ്റ്റ് മീല്‍' എന്ന് കുറിപ്പ്, ആത്മഹത്യക്ക് ശ്രമിച്ചയാൾക്ക് രക്ഷകനായി ഡെലിവറി ബോയി

By Web Team  |  First Published Dec 22, 2021, 2:19 PM IST

ഇയാള്‍ കൂടിയ അളവില്‍ ഉറക്കഗുളികകള്‍ കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടും തുടങ്ങിയിരുന്നു. അപ്പോഴാണ് പൊലീസെത്തി ഇയാളെ രക്ഷപ്പെടുത്തിയത്.


ചൈനയിലെ ഒരു ഡെലിവറി ബോയി(Delivery boy)യെ ആളുകള്‍ ഹീറോ(Hero)യായി കാണുകയാണ് ഇപ്പോള്‍. ഒരാളുടെ ജീവന്‍ രക്ഷിച്ചതാണ് കാരണം. സംഭവം നടന്നത് ഹെനാന്‍ പ്രവിശ്യ(Henan Province)യിലാണ്. ഭക്ഷണം ഓർഡർ ചെയ്യുന്നതിനിടെ ഉപഭോക്താവ് അസുഖകരമായ ഒരു കുറിപ്പ് ഇട്ടിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: 'എന്റെ ജീവിതത്തിലെ അവസാനത്തെ ഭക്ഷണം.' 

പ്രസ്തുത ഉപഭോക്താവിന്റെ സ്ഥലത്ത് ഡെലിവറി ബോയ് എത്തി കോളിംഗ് ബെല്‍ അടിച്ചുവെങ്കിലും ആരും അതിന് മറുപടി നൽകിയില്ല. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് അദ്ദേഹം അപ്പോള്‍ തന്നെ പൊലീസിനെ വിളിക്കുകയായിരുന്നു എന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. പൊലീസും അഗ്നിശമനസേനാംഗങ്ങളും എത്തി വിളിച്ചപ്പോഴും ഇയാള്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. മാത്രവുമല്ല, ജനലിലൂടെ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസുകാര്‍ അയാളോട് ശാന്തനാകാന്‍ അപേക്ഷിക്കുകയും ആ സമയം അഗ്‌നിശമന സേനാംഗങ്ങൾ പതിയെ മുറിയിലേക്ക് കടന്നുവന്ന് അയാളെ രക്ഷിക്കുകയും ചെയ്യുകയായിരുന്നു. 

Latest Videos

ഇയാള്‍ കൂടിയ അളവില്‍ ഉറക്കഗുളികകള്‍ കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടും തുടങ്ങിയിരുന്നു. അപ്പോഴാണ് പൊലീസെത്തി ഇയാളെ രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പൊലീസ് ഇയാളുടെ മാതാപിതാക്കളെ വിളിക്കുകയും അയാളോട് സംസാരിക്കാനാവശ്യപ്പെടുകയും ചെയ്‍തു. ബന്ധം തകര്‍ന്നതും ഇന്‍വെസ്റ്റ്മെന്‍റിലെ നഷ്ടവുമാണ് ഇയാളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്ന് പറയപ്പെടുന്നു. 

പൊലീസ് കൃത്യസമയത്ത് വേണ്ടപോലെ ഇടപെട്ടതിന് ഡെലിവറി ബോയിയെ അഭിനന്ദിച്ചു. ഒരു ഡെലിവറി ഡ്രൈവർ ഹീറോയായി മാറുന്നത് ഇത് ആദ്യമായല്ല. ഒരു ആമസോൺ ഡ്രൈവർ ഒരു ഉപഭോക്താവിന്റെ മകൾക്കും പ്രകോപിതനായ പിറ്റ് ബുള്ളിനും ഇടയിൽ നിൽക്കുന്നതും അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. 

ലാസ് വെഗാസിന്റെ സബർബൻ പരിസരത്താണ് ആ സംഭവം. സ്റ്റെഫാനി ലോണ്ട്സ് എന്ന ഡെലിവറി ഡ്രൈവറാണ് 19 കാരിയെ അക്രമകാരിയായ അവരുടെ തന്നെ പിറ്റ് ബുള്ളില്‍ നിന്നും സംരക്ഷിച്ചത്. പിന്നീട്, ലോണ്ട്സ് വീണ്ടും ആ വീട്ടുകാരെ കണ്ടുമുട്ടുകയും അവര്‍ അവള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്‍തിരുന്നു. 

(ചിത്രം പ്രതീകാത്മകം)

   
 

click me!