ജയ ശ്രീരാഗം എഴുതുന്ന യാത്രാനുഭവങ്ങള്‍ തുടങ്ങുന്നു
സൂര്യന്‍ കാണാമറയത്തേക്ക് പോയി മറയുന്നു. നക്ഷത്രങ്ങള്‍ മോണ കാട്ടി മിന്നാന്‍ തുടങ്ങി. നഗരം ആ സുന്ദര ദിവസത്തെയും വിഴുങ്ങാന്‍ തുടങ്ങുകയാണ്. ബസിലുള്ള യാത്രക്കാര്‍ എല്ലാരും എന്നെപോലെ എത്രയും വേഗം നാളെ ഒന്ന് നേരം വെളുത്തിരുന്നെങ്കില്‍ എന്ന് ആലോചിക്കുന്നവരായിരിക്കുമോ?
ആകാശം തൊടാന്‍ വെമ്പുന്ന മഞ്ഞു മലകള്‍, താഴ്‌വരകള്‍, നദികള്‍, മിനുസമുള്ള ഉരുളന്‍ കല്ലുകള്‍, വലിയ റോസാപ്പൂക്കള്‍, തളിരിലയിട്ട ആപ്പിള്‍ തോട്ടങ്ങള്‍, തണുപ്പ് കുപ്പായങ്ങള്‍ വില്‍ക്കുന്ന തെരുവുകള്‍, ഗോതമ്പ് നിറമുള്ള ആളുകള്‍, ചൂടുചായ വില്‍ക്കുന്ന പെട്ടിക്കടകള്‍, കല്ലും മരവും കൊണ്ട് മാത്രം കെട്ടിയുണ്ടാക്കിയ ചെറിയ വീടുകള്‍, വളഞ്ഞു പുളഞ്ഞു താഴേക്കും അതേ ഉശിരോടെ മുകളിലേക്കും വലിഞ്ഞു കേറിപോകുന്ന റോഡുകള്‍, ഒരുപാട് രോമങ്ങളുള്ള, കണ്ടാല്‍ സിംഹത്തിന്റെ തലയെടുപ്പുള്ള തെരുവ് നായക്കള്‍, ഇതൊക്കെയാണ് കുല്ലു മണാലി യാത്രയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ബാക്കിയാവുന്നത്.
അപ്രതീക്ഷമായിട്ടാണ് ഹിമാചല്‍പ്രദേശിലെ കുല്ലു-മണാലി യാത്രക്ക് അവസരമുണ്ടായത്. ജീവന്‍ പണയം വെച്ചുള്ള യാത്രയായിരിക്കുമെന്ന ചിലരുടെ ഉപദേശം കേട്ടപ്പോള്‍ ഉള്ളൊന്നു നടുങ്ങിയെങ്കിലും പ്രിയപ്പെട്ടവരുടെ കൂടെയുള്ള യാത്ര ഒഴിവാക്കാന്‍ മനസ്സനുവദിച്ചില്ല. ആദ്യമായി ഡല്‍ഹിയില്‍ വരുന്ന ധന്യയുടെ മോഹമായിരുന്നു ഇങ്ങിനെയൊരു യാത്രക്ക് തുടക്കം കുറിച്ചത്.
എങ്ങിനെ അവിടെ എത്തിപ്പെടുമെന്നായിരുന്നു ആദ്യത്തെ ചിന്ത. തീവണ്ടി ഗതാഗതം ചണ്ഡീഗഡ് വരെ മാത്രമേ ഉള്ളൂ. ഫ്‌ളൈറ്റ് വഴി പോകുന്നതും ചെലവ് കൂടുതലാണ്. സ്വന്തമായി ഡ്രൈവ് ചെയ്തു പോകാന്‍ ധൈര്യം സമ്മതിച്ചില്ല. അങ്ങിനെയാണ് ഡല്‍ഹിയില്‍ നിന്നും 550 കിലോ മീറ്റര്‍ ദൂരെയുള്ള മണാലിയിലേക്കു പോകാന്‍ ടൂര്‍ പാക്കേജുകാരുമായി ബന്ധപ്പെട്ടത്. അവര്‍ എല്ലാം വിശദമായി പറഞ്ഞുതന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഞങ്ങള്‍ രണ്ടു ഫാമിലികള്‍ ഒന്നിച്ചു അവരുടെ പാക്കേജില്‍ ബുക്ക് ചെയ്തു. ഡല്‍ഹിയില്‍ നിന്നും മണാലിയിലേക്ക് വോള്‍വോ ബസ്, മൂന്ന് ദിവസം ഹോട്ടല്‍ താമസവും അവിടുത്തെ കാഴ്ചകള്‍ കാണിക്കലും, തിരിച്ചു മണാലിയില്‍ നിന്നും ഡല്‍ഹിയിലേക്ക് വോള്‍വോ ബസ്. ഇതെല്ലം പാക്കേജില്‍ ഉള്‍പ്പെട്ടിരുന്നു.
ആകാശം തൊടാന്‍ വെമ്പുന്ന മഞ്ഞു മലകള്‍, താഴ്‌വരകള്‍, നദികള്‍, മിനുസമുള്ള ഉരുളന്‍ കല്ലുകള്‍
യാത്ര തുടങ്ങുന്നു
വാക പൂക്കാന്‍ തുടങ്ങുന്ന ഏപ്രില്‍ മാസത്തെ അവസാന ദിവസങ്ങളിലൊന്നില്‍ ഡല്‍ഹിയിലെ രാമകൃഷ്ണാശ്രമത്തിന്റെ മെട്രോ സ്റ്റേഷന്‍ പില്ലര്‍ നമ്പര്‍ 9-ല്‍ എത്തണമെന്നായിരുന്നു മുന്നറിയിപ്പ്. അതനുസരിച്ചു വൈകുന്നേരം 5 മണിക്ക് തന്നെ 41 ഡിഗ്രി ചൂടിനെ അവഗണിച്ചു കൊണ്ട് ഞങ്ങളവിടെ എത്തി. ഡല്‍ഹിയില്‍നിന്നും മണാലിയിലേക്കുള്ള വോള്‍വോ ബസിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ് ആയിരുന്നു അവിടെ. കൃത്യ സമയത്തു തന്നെ ബസ് പുറപ്പെട്ടു. സീറ്റുകളില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കണ്ടക്ടര്‍ എല്ലാവര്‍ക്കും ഓരോ പ്ലാസ്റ്റിക് കവര്‍ കൊടുക്കുന്നുണ്ട്. വഴിയില്‍ ആര്‍ക്കെങ്കിലും ശര്‍ദ്ദിക്കണമെന്നു തോന്നുമ്പോള്‍ പ്ലാസ്റ്റിക് കവര്‍ കവചം പോലെ ഉപയോഗിക്കാനായിരുന്നു അത്. എന്റെ പേടിക്കൂടുതല്‍ കൊണ്ട് ഞാന്‍ അറിയാതെ ചോദിച്ചുപോയി, കയറ്റം കയറി പോകുന്ന യാത്ര ഒരുപാട് ഉണ്ടോയെന്ന്. 'ഇല്ല മാഡം 3-4 മണിക്കൂര്‍ മാത്രേ ഉള്ളൂ' എന്ന് അയാള്‍ സമാധാനിപ്പിച്ചു.
അത് കഴിഞ്ഞാണ് ബസിലെ വേറൊരു കാര്യം ശ്രദ്ധയില്‍ പെട്ടത്. അതില്‍ ഭൂരിഭാഗവും പുതിയതായി വിവാഹം കഴിച്ചു ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്ന ദമ്പതികളായിരുന്നു. അത് കണ്ടപ്പോഴാണ് ധന്യക്കൊരു സംശയം, നവവധുവിന്റെ കൈകളില്‍ നിറയെ ചുവന്ന ഒരു തരം പ്ലാസ്റ്റിക് വളകള്‍. അത് എന്തിനാണ്?
പഞ്ചാബികളുടെരീതിയാണത്. പുതുപ്പെണ്ണിങ്ങനെ ചുവന്ന വളകളിടുന്നത്. അതിനു 'ചൂടാ'യെന്നാണ് അവര്‍ പറയുന്നത്. 'ചൂട' അഴിക്കുന്നതുവരെ അവര്‍ക്കു ഭര്‍ത്താവിന്റെ വീട്ടില്‍ പാചകമൊന്നും ചെയ്യേണ്ട. രാജ്ഞിയെ പോലെ കഴിയാം. ഒരുമാസം മുതല്‍ ഒരുകൊല്ലം വരെ എത്രവരെ വേണമെങ്കിലും ആ വളകള്‍ കൈയിലണിയാം. എന്ത് നല്ല രീതി അല്ലേ!
വോള്‍വോ ബസിലെ 14-15 മണിക്കൂര്‍ യാത്ര. ആദ്യമായിട്ടാണ് ഇത്ര ദൂരം ബസിലിരുന്ന് യാത്ര ചെയ്യുന്നത്. ചര്‍ദ്ദി ഭയം കാരണം ആദ്യംതന്നെ മുന്‍കൂര്‍ജാമ്യം പോലെ ടാബ്ലെറ്റ് കഴിച്ചു. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡാണ്. പര്‍വതം തുരന്ന് ഇടുങ്ങിയ റോഡുകളിലൂടെയാണ് യാത്രയെന്ന് ആദ്യംതന്നെ അറിയാമായിരുന്നു. ഡല്‍ഹി കഴിഞ്ഞു ബസ് ഹരിയാന ബോര്‍ഡര്‍ 'നരേലയും' കഴിഞ്ഞു പ്രയാണം തുടര്‍ന്നു. ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനമായ ചണ്ഡീഗഡ് എത്താന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ട് ..
ആ തുരങ്കം കഴിഞ്ഞ് പോയിരിക്കുന്നു
സൂര്യന്‍ കാണാമറയത്തേക്ക് പോയി മറയുന്നു. നക്ഷത്രങ്ങള്‍ മോണ കാട്ടി മിന്നാന്‍ തുടങ്ങി. നഗരം ആ സുന്ദര ദിവസത്തെയും വിഴുങ്ങാന്‍ തുടങ്ങുകയാണ്. ബസിലുള്ള യാത്രക്കാര്‍ എല്ലാരും എന്നെപോലെ എത്രയും വേഗം നാളെ ഒന്ന് നേരം വെളുത്തിരുന്നെങ്കില്‍ എന്ന് ആലോചിക്കുന്നവരായിരിക്കുമോ? പല നാടുകളില്‍നിന്നും വരുന്നവര്‍. മലയാളികള്‍, തമിഴ്‌നാട്ടുകാര്‍, നോര്‍ത്തിന്ത്യന്‍സ് എല്ലാവരുമുണ്ടായിരുന്നു. ഹരിയാനയിലെ ഡാബ എന്നറിയപ്പെടുന്ന ഭക്ഷണശാലകള്‍ ഒന്നന്നായി കഴിഞ്ഞു പോകുന്നു. അവസാനം 'പീപ്പിളി' എന്നസ്ഥലത്തെ ഒരു ഹോട്ടലിനു മുമ്പില്‍ ബസ് നിര്‍ത്തി. 30 മിനിട്ടു ഉണ്ട്, ഭക്ഷണം കഴിച്ചു വരാം. എല്ലാവരും താഴെ ഇറങ്ങി അവരവര്‍ക്കു ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു തിരിച്ചു ബസില്‍ കയറി. സമയം രാത്രി ഒമ്പത് മണി കഴിഞ്ഞു. ഇതേവരെ പഞ്ചാബ് ബോര്‍ഡര്‍ 'രാജ്പുര' എത്തിയില്ല. അംബാല കഴിഞ്ഞ്വേണം അവിടെ എത്തുവാന്‍. ബസില്‍ വീഡിയോ ഫിലിം തുടങ്ങാന്‍ പോകുന്നു. 'ബദരീനാഥ് കി ദുല്‍ഹനിയ'. ക്യൂട്ട് ആലിയഭട്ട്. കൂടെ വരുണ്‍ ധവനും. നോക്കിയിരുന്ന് എപ്പോഴോ ഉറങ്ങിപോയി.
കണ്ണ് തുറക്കുമ്പോള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുന്നു. സമയം രാവിലെ 4.30. ചണ്ഡിഗഡ് മണാലി നാഷണല്‍ ഹൈവേയില്‍ മണ്ഡിയെന്ന സ്ഥലത്ത് മൂന്ന് കിലോ മീറ്റര്‍ ദൂരമുള്ള 'ഓട്ട്' എന്ന വലിയൊരു തുരങ്കമുണ്ട്. രാത്രിയിലെപ്പോഴോ ആ തുരങ്കം കഴിഞ്ഞ് പോയിരിക്കുന്നു. ഞാന്‍ കാണാതിരുന്നത് നന്നായി. ഇല്ലെങ്കില്‍ തുരങ്കത്തില്‍ മറ്റൊരു ദുരന്തം ആവുമായിരുന്നു ഞാന്‍. ചുറ്റും നേരിയ ഇരുട്ടിന്റെ മറവിലിരുന്നു കുന്നുകളും മലകളും മാടി വിളിക്കുന്നത് പോലെ. ചായ കുടിക്കാന്‍ നിര്‍ത്തിയ ബസില്‍ ചിലരൊക്കെ അപ്പോഴും നല്ല ഉറക്കമാണ്. ഇടയ്ക്കു കണ്ടക്ടര്‍ വന്നു പറഞ്ഞു, മൂന്ന് മണിക്കൂര്‍ യാത്ര ഇനിയും ഉണ്ട്.
ആ സമയത്താണ് ഫോണ്‍ റിംഗ് ചെയ്തത്. ഈ അസമയത്ത് ആരായിരിക്കുമെന്ന് വിചാരിച്ച് നോക്കിയപ്പോള്‍ പരിചയമുള്ള നമ്പറല്ല. ഫോണ്‍ എടുക്കണോ വേണ്ടയോ എന്ന രണ്ടു മനസ്സില്‍ അവസാനം ഹല്ലോ പറഞ്ഞപ്പോള്‍ ടൂര്‍ പാക്കേജുകാര്‍ ഏര്‍പ്പാട് ആക്കിയ ടാക്‌സി ഡ്രൈവര്‍. കുല്ലു എത്തിയാല്‍ അറിയിക്കണമെന്ന് പറയാനായിരുന്നു ആ കാള്‍. കുല്ലുവില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരെയാണ് മണാലി. കുല്ലുവില്‍ എത്താന്‍ ഇനിയും 80 കിലോ മീറ്റര്‍ ഉണ്ട്. എനിക്കവിടെയിറങ്ങി, ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന ആ മലകളോട് മൗനമായൊന്നു സംസാരിക്കാനും, ആ മണ്ണിലൊന്നു കാല്‍പാദം തൊട്ട് അവിടുത്തെ തണുപ്പിന്റെ ചൂടറിയാനും കൊതി തോന്നി. പക്ഷെ കഴിഞ്ഞില്ല.
റോഡിന്റെ ഒരു വശത്തുകൂടെ ഒരു നദി ബസിന്റെ കൂടെ തന്നെ ഒഴുകുന്നുണ്ട്.
ഒപ്പമുണ്ട് ആ നദി
അന്നേരമാണ് കണ്ണില്‍ ആ കാഴ്ച പതിഞ്ഞത്. അലസമായി ഡ്രസ് ചെയ്ത പാശ്ചാത്യന്‍ ബസിന്റെ കുറച്ചകലെ റോഡില്‍ പുകവലിച്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്കു അയാള്‍ ബസിലെ മുന്‍സീറ്റില്‍ ഇരിക്കുന്ന അയാളുടെ ഭാര്യയെന്നു തോന്നുന്ന യുവതിയോട് ആംഗ്യഭാഷയില്‍ സംസാരിക്കുന്നുണ്ട്. ഞാനും അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിക്കുന്നത്. അവളുടെ മടിയില്‍ ഒരു കുഞ്ഞുണ്ട്. കുഞ്ഞിന് പാല് കൊടുക്കുകയാണവള്‍. മാറിലെ ഡ്രസ് മാറ്റി എത്ര കൂള്‍ ആയിട്ടാണ് അവള്‍ അവളുടെ കുട്ടിയെ പാലൂട്ടുന്നത്. യാതൊരു കൂസലുമില്ല. അവളുടെ ആ ഭാവം എനിക്കൊരുപാട് ഇഷ്ടമായി. ഇന്ത്യയിലെ എത്ര സ്ത്രീകള്‍ക്ക് കഴിയും പൊതുസ്ഥലങ്ങളില്‍ വെച്ച് സ്വന്തം കുഞ്ഞിനു മുലയൂട്ടാന്‍?
ബസില്‍ എല്ലാവരും തിരിച്ചു കയറാന്‍ തുടങ്ങി. യാത്രയുടെ അവസാനമണിക്കൂറുകള്‍ പിന്നിടാന്‍ പോവുകയാണ്. ഇനി എന്തായാലും ഉറങ്ങില്ലെന്നു തീരുമാനിച്ചു. ചിലരൊക്കെ അപ്പോഴും നല്ല ഉറക്കത്തിലാണ്..
വളരെ വീതി കുറഞ്ഞ റോഡുകള്‍. വളവും തിരിവും അപ്പോഴാണ് ശരിക്കറിയുന്നത്. സൂര്യന്‍ ഭൂമിയെ വിളിച്ചുണര്‍ത്താനുള്ള പുറപ്പാടിലാണ്. ദൂരെ മലമുകളില്‍ ചുവപ്പ് പടരുന്നു. കിളികള്‍ പറക്കാന്‍ തുടങ്ങി .റോഡിന്റെ ഒരു വശത്തുകൂടെ ഒരു നദി ബസിന്റെ കൂടെ തന്നെ ഒഴുകുന്നുണ്ട്. ചാഞ്ഞും ചെരിഞ്ഞും അടുത്തും അകന്നുമൊക്കെ നദി. മീനുകള്‍ തടവി മിനുസപെടുത്തിയത് പോലെ അതിലെ വലിയ ഉരുളന്‍ കല്ലുകള്‍. ബസ് ഉയരത്തിലേക്ക് കയറുകയാണ്. കുല്ലു എത്താറായിരിക്കുന്നു. ചുറ്റും അപ്പിള്‍ മരങ്ങള്‍. പൂക്കളും കായ്കളും ഇല്ലാത്ത ആപ്പിള്‍ മരങ്ങള്‍. അവ പൂക്കാന്‍ തുടങ്ങുന്നത് ഓഗസ്റ്റ് മാസത്തിലാണ്. (കാലം തെറ്റി എവിടെയെങ്കിലുമൊരു ആപ്പിള്‍ മരം പൂവിട്ടുണ്ടോയെന്ന് പോയി നോക്കിയാലോ എന്ന് വെറുതെ ഒരു മോഹം.