തോക്ക് നിയന്ത്രണങ്ങള്‍ നീക്കും, വിദ്യാഭ്യാസ - ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ പങ്കാളിത്തം പകുതിയാക്കും, അബോര്‍ഷന് എതിര്, സെന്‍ട്രല്‍ ബാങ്ക് വേണ്ട പകരം അമേരിക്കന്‍ ഡോളര്‍.... വിചിത്രമായ വാഗ്ദാനങ്ങള്‍ ഉയര്‍ത്തിയ ജാവിയര്‍ മിലേ അര്‍ജന്‍റിനയുടെ അടുത്ത പ്രസിഡന്‍റ് സ്ഥാനം ഉറപ്പിച്ചു.
53 കാരനായ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരൻ ജാവിയർ മിലേ, 56 ശതമാനം വോട്ട് നേടി അര്‍ജന്‍റീനയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെടും മുമ്പേ ജാവിയര്‍ തന്‍റെ പ്രസംഗങ്ങളിലൂടെ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയിരുന്നു. 'ഭ്രാന്തന്‍' എന്നായിരുന്നു തെരഞ്ഞെടുപ്പു കാലത്ത് എതിരാളികള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അലക്ഷ്യമായി കിടക്കുന്ന അയാളുടെ മുടി നോക്കി 'വിഗ്' എന്ന് വിളിച്ചവരുമുണ്ട്. 'മിനി ട്രംപ്', 'മാഡ്‍ മാന്‍' തുടങ്ങിയ വിശേഷണങ്ങളെല്ലാം ചാര്‍ത്തിക്കിട്ടിയപ്പോഴും അക്ഷോഭ്യനായി അയാള്‍ സ്വയം 'സിംഹം' എന്ന് വിശേഷിപ്പിച്ചു. പരിമിതമായ സർക്കാർ, സ്വകാര്യ സ്വത്തോടുള്ള ആദരവ്, സ്വതന്ത്ര വ്യാപാരം എന്നിവ വാഗ്ദാനം ചെയ്ത മിലേ, ആഗോള താപനത്തെ തള്ളിപ്പറഞ്ഞു. ഒപ്പം തന്‍റെ വളര്‍ത്ത് പട്ടികളില്‍ നിന്ന് സാമ്പത്തിക ഉപദേശം സ്വീകരിക്കുമെന്നും രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് പിരിച്ച് വിടുമെന്നും പകരം അമേരിക്കന്‍ ഡോളറില്‍ വിനിമയം സാധ്യമാക്കുമെന്നുമുള്ള വിചിത്ര നടപടികളും തന്‍റെ തെരഞ്ഞെടുപ്പ് മത്സരത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ഹാവിയർ മിലേയുടെ തെരഞ്ഞെടുപ്പ് വിജയം അര്‍ജന്‍റീനയിലെ 'രാഷ്ട്രീയ ഭൂകമ്പം' എന്നാണ് വിശേഷിക്കപ്പെട്ടത്. ജാവിയർ മിലേ, അര്‍ജന്‍റീനയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ലോക മാധ്യമങ്ങളുടെ ശ്രദ്ധ ജാവിയര്‍ മിലേയ്ക്കായി. ഡിസംബര്‍ 10 ന് അര്‍ജന്‍റീനയുടെ പ്രസിഡന്‍റായി അധികാരമേല്‍ക്കുന്ന ജാവിയര്‍ മിലേ ആരാണ്?
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെയിന്‍സോയുമായി ഹാവിയര്‍ മിലേ.
അച്ഛന്‍ പാസഞ്ചർ ട്രാൻസ്പോർട്ട് ബിസിനസുകാരനായിരുന്നു. അമ്മ വീട്ട് ജോലിക്കാരിയും. തന്‍റെ കൂട്ടിക്കാലത്തെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. അതേസമയം 2018 മതുല്‍ താന്‍ മാതാപിതാക്കളുമായി അകന്നെന്ന് അവകാശപ്പെട്ട അദ്ദേഹം 2021 ലെ തെരഞ്ഞെടുപ്പ് വേളയില്‍ മാതാപിതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ബെൽഗ്രാനോ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദം നേടിയ മിലേ, രണ്ട് ബിരുദാനന്തര ബിരുദങ്ങൾ സ്വന്തമാക്കി. ഔദ്ധ്യോഗികമായി അദ്ദേഹം സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ്. നിരവധി വിദേശ സര്‍വകലാശാലകളില്‍ അദ്ദേഹം സാമ്പത്തിക അധ്യാപകനായിരുന്നു. സഹോദരി കരീന മിലേയാണ് ഹാവിയര്‍ മിലേയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഈ സ്നേഹത്തെ മുന്‍നിര്‍ത്തി അവിവാഹിതനായ അദ്ദേഹം പ്രസിഡന്‍റായാല്‍ സഹോദരിക്ക് പ്രഥമ വനിതയുടെ റോള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു. അതേസമയം കാമുകിയും നടിയുമായ ഫാത്തിമ ഫ്ലോറസിനെയും കൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പ് റാലികളിലെത്തിയത്.
സഹോദരി കരീന മിലേയേക്ക് ഒപ്പം.
എൽ നിനോ' കളി തുടങ്ങി, വെന്തുരുകി ബ്രസീല്‍; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയില്‍
സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നതിനാല്‍, അദ്ദേഹത്തിന് അര്‍ജന്‍റീനയിലെ 140 ശതമാനത്തിലേറെയായി വർധിച്ചുവരുന്ന പണപ്പെരുപ്പം തടയുന്നതിന് സ്വന്തമായ കാഴ്ചപ്പാടുണ്ട്. സെന്‍ട്രല്‍ ബാങ്ക് പിരിച്ച് വിടുമെന്നാണ് അവകാശവാദം. അര്‍ജന്‍റീയന്‍ കറന്‍സിയായ പെസോയ്ക്ക് പകരം തത്‍സ്ഥാനത്ത് ഡോളറിനെ പ്രതിഷ്ഠിക്കും. ഈ പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തിന് മറ്റൊരു വിശേഷണം നല്‍കി, "അരാജകത്വ-മുതലാളി". സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തും. തൊഴിൽ നിയന്ത്രണങ്ങൾ എടുത്ത് കളയും ഒപ്പം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളിലെ സര്‍ക്കാര്‍ ഇടപെടല്‍ പകുതിയാക്കി കുറയ്ക്കും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പകുതിയായി കുറച്ചതിന്‍റെ പ്രതീകമായി അദ്ദേഹം മരം മുറിക്കാന്‍ ഉപയോഗിക്കുന്ന ചെയിന്‍സോയുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി. ഒപ്പം സെന്‍ട്രല്‍ ബാങ്കിനെ തകര്‍ക്കും എന്നതിന്‍റെ പ്രതീകമായി ഹാവിയര്‍ ചുറ്റികയും ഉയര്‍ത്തി.
കഴിഞ്ഞില്ല, മിലേ ഗര്‍ഭച്ഛിദ്രത്തിനെതിരാണ്. അതിനാല്‍ 2020 ലെ അബോർഷൻ നിയമവിധേയമായ വിധി റദ്ദാക്കണമോ എന്നതിനെക്കുറിച്ച് ഒരു ജനഹിതപരിശോധന നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കുടുംബ സ്ഥാപനത്തെ തകർക്കാനുള്ള മാർക്സിസ്റ്റ് ഗൂഢാലോചനയാണ് ലൈംഗിക വിദ്യാഭ്യാസം എന്നാണ് ഹാവിയര്‍ മിലേയുടെ വാദം. കാലാവസ്ഥാ പ്രതിസന്ധിയെയും ആഗോളതാപനത്തെയും ഹാവിയര്‍ മുളയിലെ നുള്ളിക്കളയുന്നു. 'സോഷ്യലിസ്റ്റ് നുണ' യാണ് കാലാവസ്ഥാ വ്യതിയാനം എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. സാമൂഹിക നീതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന് ഫ്രാൻസിസ് മാർപാപ്പയെ ഹാവിയര്‍ വിശേഷിപ്പിച്ചത് "നിഷ്കളങ്കൻ" എന്നായിരുന്നു. ലിംഗ വിവേചനത്തെയും ഹാവിയര്‍ തള്ളിക്കളയുന്നു. അര്‍ജന്‍റിനയിലെ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 27 ശതമാനം കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന റിപ്പോര്‍ട്ടുകളെ ഹാവിയര്‍ കാറ്റില്‍ പറത്തുന്നു. 'ഇത് മറ്റൊരു വിപണിയാണ്' (it is just another market) എന്നായിരുന്നു അവയവദാനത്തോട് ഹാവിയറിന്‍റെ കാഴ്ചപ്പാട്. മനുഷ്യാവയവങ്ങൾ വിൽക്കുന്നതിനോ ട്രാൻസ്പ്ലാന്‍റ് ചെയ്യുന്നതിനോ താൻ അനുകൂലമാണെന്ന് മിലി അവകാശപ്പെട്ടു. സര്‍ക്കാര്‍ നിയന്ത്രണമില്ലാത്ത സ്വതന്ത്ര വിപണിയില്‍ അവയവ കച്ചവടം "വളരെ മികച്ച രീതിയിൽ പ്രവർത്തിക്കും" എന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. ഒപ്പം തോക്ക് നിയന്ത്രണങ്ങള്‍ നീക്കുമെന്നും ഹാവിയര്‍ പ്രഖ്യാപിച്ചു.
കാമുകി ഫാത്തിമ ഫ്ലോറെസിനൊപ്പം.
സംഗീതത്തോട് ഹാവിയര്‍ മിലേയ്ക്ക് വലിയ താത്പര്യമാണ്. ഒരിക്കല്‍ എവറസ്റ്റ് എന്ന റോളിംഗ് സ്റ്റോൺസ് കവർ ബാൻഡിന്‍റെ പ്രധാന ഗായകനായി ഹാവിയര്‍ മിലേ അരങ്ങിലെത്തിയിരുന്നു. ബോബ് മാർലിയെയും വെർഡിയെയും അദ്ദേഹം ഇഷ്ടപ്പെടുന്നു. അർജന്‍റീനയിലെ ടിവി ഷോകളില്‍ സാമ്പത്തിക പണ്ഡിതനെന്ന നിലയിൽ മിലി ജനപ്രീതി നേടി, പണപ്പെരുപ്പത്തിന്‍റെ ബുദ്ധിമുട്ടുകൾ മുതൽ താന്ത്രിക ലൈംഗികതയുടെ ആനന്ദം വരെ ഈ അവസരങ്ങളില്‍ അവിവാഹിതനായ ഹാവിയര്‍ മിലേ ചർച്ച ചെയ്തു, ഹാവിയര്‍ മിലേ മുമ്പ് താന്ത്രിക ലൈംഗികതയ്ക്ക് ക്ലാസുകളെടുത്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്‍റെ അഞ്ച് വളര്‍ത്ത് നായ്ക്കള്‍ക്കും അദ്ദേഹം സാമ്പത്തിക വിദഗ്ദരുടെ പേരുകളാണ് നല്‍കിയത്. കോനൻ ദി മാസ്റ്റിഫ്, മുറെ, മിൽട്ടൺ, റോബർട്ട്, ലൂക്കാസ് എന്നീ അഞ്ച് നായ്ക്കളോടും തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞ അദ്ദേഹം ഈ നായ്ക്കളില്‍ നിന്ന് രാജ്യത്തിന്‍റെ സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം സ്വീകരിക്കുമെന്നും പറഞ്ഞു. ഹാവിയര്‍ ഒരിക്കല്‍ കോനനെ തന്‍റെ മകനെന്നും മറ്റ് നായ്ക്കളെ തന്‍റെ പേരക്കുട്ടികളെന്നും വിശേഷിപ്പിച്ചുണ്ട്. രാജ്യത്തെ പ്രസിഡന്‍റാവാന്‍ തനിക്ക് പ്രചോദനം നല്‍കിയത് കോനനാണെന്നാണ് ഹാവിയര്‍ അവകാശപ്പെട്ടത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപുമായും മുന്‍ ബ്രസീല്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുമായും തന്നെ താരതമ്യം ചെയ്യുന്നതില്‍ അദ്ദേഹം അതിയായി സന്തോഷിക്കുന്നു.
എന്ത് കഴിച്ചാലും അലർജി, 37 ലധികം ഭക്ഷ്യവസ്തുക്കളോട് അലർജിയുള്ള യുവതിയുടെ ഭക്ഷണ ശീലം വിചിത്രം !