കര്‍ഷകര്‍ക്ക് ശല്യക്കാരായ അണ്ണാറക്കണ്ണന്‍മാര്‍, കൃഷിയുടെ ഭാഗ്യചിഹ്നമാണ് എന്നൊക്കെ പറയുന്നത് യാഥാര്‍ഥ്യത്തോട് പുലബന്ധമില്ലാത്ത നടപടി എന്നാണ് കര്‍ഷകരുടെ വാദം.അതുകൊണ്ടാണ് 'ചില്ലു' ഒരു വിവാദ നായകനായതും- രജനി വാരിയര്‍ എഴുതുന്നു
ഇത്തരത്തിലുള്ള ഭാഗ്യ ചിഹ്നങ്ങളും അതുമായി ബന്ധപ്പെട്ട പരിപാടികളും തമ്മില്‍ ഇഴചേര്‍ന്ന ബന്ധം മുന്‍പുള്ള എല്ലാ ചിഹ്നത്തിലും നമ്മള്‍ കണ്ടിട്ടുണ്ടോ. ദേശീയ പക്ഷിയായി ആദരിക്കുന്ന മയിലും ദേശീയ മൃഗമായ കടുവയും ഒക്കെ മനുഷ്യര്‍ക്ക് ഒരു ദോഷവും ഉണ്ടാക്കാത്തവരാണോ?- രജനി വാരിയര്‍ എഴുതുന്നു
ചില്ലു ഒരു അണ്ണാറക്കണ്ണനാണ്. ഒരു സാങ്കല്പിക കഥാപാത്രം. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗ്യചിഹ്നം. ഒറ്റമുണ്ടുടുത്ത്, തലയില്‍ തോര്‍ത്ത് ചുറ്റി, ഒരു കയ്യില്‍ കൈക്കോട്ടും മറുകയ്യില്‍ കുട്ടനിറയെ പച്ചക്കറിയുമായി നില്‍ക്കുന്ന ചില്ലുവിനെ കണ്ടാല്‍, നല്ല ഒന്നാന്തരം കൃഷിക്കാരന്റെ ലുക്ക്. ആര്‍ട്ടിസ്റ്റ് ദീപക് മൗതൗട്ടില്‍ ആണത്രേ 'ചില്ലു'വിനെ സൃഷ്ടിച്ചത്..
എന്നാല്‍ കൃഷിക്കാര്‍ 'ചില്ലു'വിനെ ഒരു വില്ലനായാണ് കാണുന്നത്. അതിന് കാരണം, യഥാര്‍ത്ഥ അണ്ണാറക്കണ്ണന്മാരാണ്. സ്വന്തം വിശപ്പടക്കാനാണെങ്കിലും, കൃഷിയിടത്തില്‍ നിന്ന് കൊക്കോയും ജാതിക്കയും റംബൂട്ടനുമൊക്കെ കണ്ണില്‍ ചോരയില്ലാതെ ഇവര്‍ കൊണ്ട് പോകും. കര്‍ഷകരെ സംബന്ധിച്ച് 'സ്ഥിരം ശല്യക്കാര്‍'.
അങ്ങിനെ കര്‍ഷകര്‍ക്ക് ശല്യക്കാരായ അണ്ണാറക്കണ്ണന്‍മാര്‍, കൃഷിയുടെ ഭാഗ്യചിഹ്നമാണ് എന്നൊക്കെ പറയുന്നത് യാഥാര്‍ഥ്യത്തോട് പുലബന്ധമില്ലാത്ത നടപടി എന്നാണ് കര്‍ഷകരുടെ വാദം.അതുകൊണ്ടാണ് 'ചില്ലു' ഒരു വിവാദ നായകനായതും.
ഇനി വസ്തുതയിലേക്ക് വരാം. യഥാര്‍ത്ഥത്തില്‍ ഈ വിവാദത്തിന്റെ ആവശ്യമുണ്ടോ?
അണ്ണാറക്കണ്ണന്‍ നമ്മുടെ പുരാണത്തിലടക്കം ഇടം പിടിച്ചിട്ടുള്ള ഒരു ജീവിയാണ്. 'അണ്ണാറക്കണ്ണനും തന്നാലായത് ' എന്നൊരു ചൊല്ല് തന്നെയുണ്ട്. ചെറിയ രീതിയില്‍ ആണെങ്കിലും ഓരോരുത്തരും സ്വന്തം നിലയില്‍ അല്പം കൃഷി നടത്തിയാല്‍, അത് നമ്മുടെ നിത്യജീവിതത്തില്‍ വിഷരഹിത പച്ചക്കറിയുടെ വലിയ സ്രോതസാകും എന്നാണ് കൃഷി വകുപ്പും ഈ പദ്ധതിയിലൂടെ ഉദ്ദേശിച്ചത് എന്ന് പല ലേഖനങ്ങളില്‍ നിന്ന് മനസിലാക്കുന്നു.
അപ്പൊ പിന്നേ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ചിഹ്നം അല്ലേ അണ്ണാറക്കണ്ണന്‍. ഇനി മറിച്ചും കാണാലോ. കൃഷിയിടത്തില്‍ വില്ലനായ അണ്ണാറക്കണ്ണനെ തന്നെ ഭാഗ്യചിഹ്നമാക്കുന്നതിലൂടെ, കൃഷിയോട് താത്പര്യം ഇല്ലാത്തവരെ ഇതിലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗം എന്ന നിലയില്‍.
പിന്നെ ഇത്തരത്തിലുള്ള ഭാഗ്യ ചിഹ്നങ്ങളും അതുമായി ബന്ധപ്പെട്ട പരിപാടികളും തമ്മില്‍ ഇഴചേര്‍ന്ന ബന്ധം മുന്‍പുള്ള എല്ലാ ചിഹ്നത്തിലും നമ്മള്‍ കണ്ടിട്ടുണ്ടോ. ദേശീയ പക്ഷിയായി ആദരിക്കുന്ന മയിലും ദേശീയ മൃഗമായ കടുവയും ഒക്കെ മനുഷ്യര്‍ക്ക് ഒരു ദോഷവും ഉണ്ടാക്കാത്തവരാണോ?
നെല്‍കൃഷിയും പയറും ഒക്കെ നിര്‍ദാക്ഷിണ്യം നശിപ്പിക്കുന്ന മയില്‍ക്കൂട്ടങ്ങളും കാടിറങ്ങുന്ന കടുവകളും ഒക്കെ ധാരാളമില്ലേ? അങ്ങിനെ നോക്കിയാല്‍ 'ചില്ലു 'വിനെ ഒരു വിവാദ നായകനാക്കണോ?
കൃഷിവകുപ്പ് തുടങ്ങിയ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധി മാത്രം കാണുന്നതാവില്ലേ നല്ലത്? ഈ വിവാദത്തിന്റെ മുള നുള്ളിക്കളയുന്നതല്ലേ നല്ലത്?