ഇത്തരത്തിൽ ഒരു റിപ്പോർട്ട് യാതൊരു കാരണവശാലും പൊലീസ് നിസ്സാരമായി തള്ളിക്കളയാൻ പാടുണ്ടായിരുന്നില്ല. എന്നാൽ, അങ്ങനെ സംഭവിച്ചു. ഈ കണ്ടെത്തലുകളുടെ ബലത്തിൽ പ്രദേശവാസികളിൽ സംശയമുള്ളവരെ ചോദ്യംചെയ്ത് വേണ്ട തെളിവുകൾ ശേഖരിക്കേണ്ട പൊലീസ് അങ്ങനെ യാതൊന്നും തന്നെ ചെയ്തില്ല.
52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാർ തൂങ്ങിമരിച്ചത് കേരളത്തിലെ പാലക്കാട് ജില്ലയിലെ വാളയാറിലാണ്. സ്വന്തം ചേച്ചിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇളയ കുട്ടിയായിരുന്നു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കേസിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയുണ്ടായില്ല. ആ മരണം നടന്ന് രണ്ടുമാസത്തിനുള്ളിൽ രണ്ടാമത്തെ കുട്ടിയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തപ്പെടുന്നു. ആ കുട്ടിയുടെ പെറ്റിക്കോട്ടിനുള്ളിൽ നിന്ന് ചേച്ചിയുടെ ഫോട്ടോ കണ്ടെടുക്കുന്നു. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽ അവർ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് വെളിപ്പെട്ടു. കുട്ടികളുടെ അടുത്ത ബന്ധുക്കളും പ്രദേശവാസികളുമായ ചിലരെ പ്രതിചേർത്ത് വാളയാർ പൊലീസ് അന്വേഷണം തുടങ്ങി.
ഈ രണ്ടു മരണങ്ങളുടെയും അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ട് എന്ന് അന്നുതന്നെ പരക്കെ ആക്ഷേപമുയർന്നു. നിയമസഭയിൽ വിഎസ് അച്യുതാനന്ദൻ അടക്കമുള്ളവർ പ്രതിഷേധസ്വരങ്ങളുയർത്തി. മൂത്തകുട്ടിയുടെ ഓട്ടോപ്‌സിയിൽ തന്നെ ലൈംഗികപീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതിരുന്ന പൊലീസ് ഒരു പരിധിവരെ രണ്ടാമത്തെ മരണത്തിന് ഉത്തരവാദികളാണ് എന്ന ആരോപണമുണ്ടായി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണങ്ങളുണ്ടായി, നടപടിയുണ്ടായി. പാലക്കാട് നർക്കോട്ടിക്‌സ് സെൽ ഡിവൈഎസ്‌പി എംജി സോജൻ നടത്തിയ ഡിപ്പാർട്ടുമെന്റൽ എൻക്വയറിക്കൊടുവിൽ, കേസ് ആദ്യമന്വേഷിച്ച വാളയാർ എസ്‌ഐ പിസി ചാക്കോ സസ്‌പെൻഡ് ചെയ്യപ്പെട്ടു. രണ്ടാമത്തെ മരണത്തിനു ശേഷം, ASP പൂങ്കുഴലിയുടെ നേതൃത്വത്തിൽ കൂടുതൽ ശുഷ്കാന്തിയോടെ തുടരന്വേഷണങ്ങൾ നടന്നു. രണ്ടാമത്തെ കുട്ടിയുടെ തൂങ്ങിമരണം കൊലപാതകമാണോ എന്നതരത്തിലുള്ള സംശയങ്ങളും ഉയർന്നു.
പിടികൂടിയ പ്രതികൾക്കുമേൽ പൊലീസ് ഐപിസി 305 ( ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), ഐപിസി 376 (ബലാത്സംഗം), SC /ST ( പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ്) ആക്റ്റ്, POCSO, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവ ചുമത്തി കേസ് ചാർജ്ജ് ചെയ്യപ്പെട്ടു. ഒടുവിൽ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോൾ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ പിടിപ്പുകേടുകൾ കേസിന് ബലക്കുറവുണ്ടാക്കി. പ്രതികളാക്കപ്പെട്ട ഏഴുപേരിൽ നാലുപേരെയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ സെപ്റ്റംബർ 30 -ന് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട കോടതി, ബാക്കി മൂന്നുപേരെക്കൂടി ഇന്നലെ കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു.
ആദ്യമരണം തൊട്ടുണ്ടായ കെടുകാര്യസ്ഥത
കേസിൽ ഇടപെട്ട പൊലീസിന്റെ നടപടികളെക്കുറിച്ചു നടന്ന അന്വേഷണവും, പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങളും, കൊല്ലപ്പെട്ട പെൺകുട്ടികളുടെ അടുത്തബന്ധുക്കളുടെ മൊഴികളും ചേർത്തുവെച്ച് വായിച്ചാൽ ഈ കേസിൽ വാളയാർ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഞെട്ടിക്കുന്ന വീഴ്ച ആർക്കും ബോധ്യപ്പെടും.
പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടി മരിക്കുന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ്. ഇളയകുട്ടിയാണ് ചേച്ചി തൂങ്ങിമരിച്ച കാഴ്ച ആദ്യമായി കാണുന്നത്. നിയമപ്രകാരം ഇത്തരത്തിൽ ഒരു ആത്മഹത്യ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ എത്രയും പെട്ടെന്ന് പൊലീസ് ചെന്നന്വേഷിക്കണമെന്നാണ്. വിവരം പൊലീസിൽ അറിയിക്കപ്പെടുന്നത് രാത്രി ഏഴരയോടെയാണ്. ഒമ്പതുമണിക്ക് മുന്നേ തന്നെ എഫ്ഐആറും രജിസ്റ്റർ ചെയ്യപ്പെടുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തപ്പെടുന്നു. ശരീരത്തിൽ നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും പോറലുകളും ചെറിയ മുറിവുകളും മറ്റും ഉള്ളതായി കണ്ടെത്തപ്പെടുന്നു. അടുത്ത ദിവസം രാവിലെ ഏഴുമണിയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുന്നു.
മൃതദേഹത്തിന്റെ ഓട്ടോപ്‌സി ഫലത്തിൽ അസിസ്റ്റന്റ് സർജൻ ഗൗരവമുള്ള ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിലൊന്ന്, കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കാണുന്ന അണുബാധയ്ക്ക് കാരണം ഒന്നുകിൽ എന്തെങ്കിലും അസുഖമാകാം, അല്ലെങ്കിൽ കുട്ടി ലൈംഗികപീഡനത്തിന് വിധേയമായതാകാം എന്നതായിരുന്നു. ഫോറൻസിക് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ പോലും ലൈംഗികപീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് റിപ്പോർട്ടിൽ അടിവരയിട്ടു പറഞ്ഞിട്ടുണ്ടായിരുന്നു.
ഇത്തരത്തിൽ ഒരു റിപ്പോർട്ട് യാതൊരു കാരണവശാലും പൊലീസ് നിസ്സാരമായി തള്ളിക്കളയാൻ പാടുണ്ടായിരുന്നില്ല. എന്നാൽ, അങ്ങനെ സംഭവിച്ചു. ഈ കണ്ടെത്തലുകളുടെ ബലത്തിൽ പ്രദേശവാസികളിൽ സംശയമുള്ളവരെ ചോദ്യംചെയ്ത് വേണ്ട തെളിവുകൾ ശേഖരിക്കേണ്ട പൊലീസ് അങ്ങനെ യാതൊന്നും തന്നെ ചെയ്തില്ല. ഒരു തുടരന്വേഷണവുമുണ്ടായില്ല. ഒരു ആത്മഹത്യയാണ് നടന്നത് എന്നുറപ്പിച്ചതോടെ അസ്വാഭാവികമരണത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുപോലും അന്വേഷണം അവസാനിപ്പിച്ചു.
എന്നാൽ, ഈ സംഭവം നടന്നു കൃത്യം 52 ദിവസങ്ങൾക്കുള്ളിൽ, അതായത് മാർച്ച് 4 -ന്, ആ വീട്ടിൽ രണ്ടാമതൊരു അസ്വാഭാവിക മരണം കൂടി നടന്നു. അതേ മുറിയിൽ, അതേ മച്ചിൽ തൂങ്ങി ഇളയകുട്ടിയും മരിച്ചു. അതോടെ കേസ് മാധ്യമശ്രദ്ധയാകർഷിച്ചു. ഇളയകുട്ടിയുടെ ഓട്ടോപ്‌സി റിപ്പോർട്ടിൽ ആ കുട്ടി നിരവധി തവണ പീഡനത്തിന് വിധേയയാക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞു. അതോടെ പൊലീസ് പോക്സോ കൂടി ചുമത്തി ബലാത്സംഗക്കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം തുടങ്ങി. പ്രായപൂർത്തിയാകാത്ത ഒരാളടക്കം ഏഴുപേർ പ്രതിചേർക്കപ്പെട്ടു. പൊലീസ് സംശയിക്കുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്ത മൈനറായ വ്യക്തി കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്‌തു. മറ്റുള്ള പ്രതികളിൽ ഒന്നാം പ്രതി വി മധു, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവർ മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു. അതിനുപുറമെ രാജാക്കാട് സ്വദേശിയായ ഷിബു രണ്ടാം പ്രതിയായും, ചേർത്തല സ്വദേശിയായ പ്രദീപ് മൂന്നാം പ്രതിയായും പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
പ്രസ്തുത കേസിന്റെ വിചാരണയ്‌ക്കൊടുവിലാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി (പോക്സോ) പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. മൂന്നാം പ്രതിയായ പ്രദീപിനെ സെപ്റ്റംബർ 30 -ന് ഇതേ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു. ഒന്നും, നാലും പ്രതികളായ രണ്ടു മധുക്കളും കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളാണ്. രണ്ടാം പ്രതി ഷിബു അച്ഛനമ്മമാരുടെ സഹപ്രവർത്തകനും വീട്ടിൽ സ്ഥിരമായി വന്നുപോയ്ക്കൊണ്ടിരുന്ന ഒരാളുമായിരുന്നു.
കേസിന്റെ കാര്യത്തിലുണ്ടായ വീഴ്ചകളുടെ പേരിൽ പാലക്കാട് ശിശുക്ഷേമസമിതിയും വിമര്‍ശനങ്ങളേറ്റുവാങ്ങുന്നുണ്ട്. ആദ്യ മരണമുണ്ടായപ്പോൾ പ്രശ്നത്തിൽ ഇടപെടാനോ വേണ്ടത് ചെയ്യാനോ ശിശുക്ഷേമസമിതി മുതിർന്നിരുന്നില്ല. പിന്നീട് പ്രതികൾക്കുവേണ്ടി, ശിശുക്ഷേമസമിതി ചെയർമാനായ അഡ്വ. എൻ രാജേഷ് ഹാജരായതിൽ പേരിലും ഏറെ വിമർശനങ്ങളുണ്ടായിരുന്നു. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളേണ്ട ശിശുക്ഷേമസമിതിയുടെ തലപ്പത്തുള്ളവർ തന്നെ പ്രതികളുടെ വക്കാലത്തേറ്റെടുത്തുകൊണ്ട് കോടതിയിൽ പോകുന്നതിലെ വൈരുദ്ധ്യം അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
തങ്ങളുടെ മക്കളെ പ്രതികൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന് തങ്ങൾ തന്നെ ഒരിക്കൽ സാക്ഷിയായിട്ടുണ്ട് എന്ന് ആദ്യത്തെ കുട്ടിയുടെ മരണം നടന്നപ്പോൾ തന്നെ പൊലീസിന് മൊഴികൊടുത്തിട്ടും അവർ വേണ്ടത്ര ഗൗരവത്തിലെടുക്കുകയുണ്ടായില്ല എന്ന് കുട്ടികളുടെ അച്ഛനമ്മമാർ പറഞ്ഞു. അന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചില രാഷ്ട്രീയക്കാർ ഇടപെട്ട് മണിക്കൂറുകൾക്കകം ജാമ്യത്തിലിറക്കുകയായിരുന്നു എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഈ കുട്ടികൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് വിചാരണയ്ക്കൊടുവിൽ കോടതിയ്ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അത് ചെയ്തത് കുറ്റം ആരോപിക്കപ്പെട്ട പ്രതികൾ തന്നെയാണെന്നു സംശയാതീതമായി തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചിട്ടില്ല എന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി പ്രതികളെ ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്. വാളയാർ പൊലീസ് തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ബോധപൂര്‍വമുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും, അവർ അന്വേഷിച്ചിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ലെന്നുമാണ് മാതാപിതാക്കളുടെ പക്ഷം. ഉള്ള സ്ഥലവും വീടുമൊക്കെ വിറ്റുപെറുക്കിയിട്ടാണെങ്കിലും കേസ് മേൽക്കോടതികളിൽ തുടർന്നും നടത്തുമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ വിധിച്ചു കിട്ടും വരെ തങ്ങളുടെ പോരാട്ടങ്ങൾ തുടരുമെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ പറയുന്നു.