അവധിക്കാലം ആഘോഷിക്കാൻ പോയി, എത്തിപ്പെട്ടത് ലോകത്തിലെ ഏറ്റവും കഠിനമായ ജയിലിൽ

By Web Team  |  First Published Apr 12, 2024, 3:47 PM IST

ഈ ജയിൽ അനൗപചാരികമായി തടവ് പുള്ളികൾ തന്നെ പണമടച്ച് ചെലവ് നടത്തുന്ന സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. അതിൽ തടവുകാർ ഭക്ഷണം, ടോയ്‌ലറ്ററികൾ, അവരുടെ ജയിൽ സെൽ എന്നിവയ്ക്ക് പോലും പണം നൽകേണ്ടിവരും.


യുകെയിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ സ്വദേശിയെ ബൊളീവിയയിൽ മയക്കുമരുന്ന് കടത്ത് കുറ്റത്തിന് അറസ്റ്റ് ചെയ്തു. അവധിക്കാലം ആഘോഷിക്കാനായി ബൊളീവിയയിൽ എത്തിയ ജോൺ ഹെൻഷോ എന്നയാളെയാണ് മടക്കയാത്രയ്ക്കായി ഫെബ്രുവരി 9 -ന് ലാപാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ മയക്കുമരുന്ന് കടത്ത് കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. 

ജോണിൻ്റെ കുടുംബം പറയുന്നതനുസരിച്ച്, അറസ്റ്റിലാകുന്ന സമയത്ത് ജോണിൻ്റെ കൈവശം രണ്ട് ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും കഠിനമായ ജയിൽ എന്നറിയപ്പെടുന്ന സാൻ പെഡ്രോ ജയിലിൽ ഈ 39 -കാരൻ ഇപ്പോൾ തടവിലാണ്. ജോണിന്റെ കേസ് കോടതി പരി​ഗണിക്കാൻ 90 ദിവസം കഴിയണം. അതിനാൽ അതുവരെ അദ്ദേഹം ജയിലിൽ കഴിഞ്ഞേ മതിയാകൂ. ഇപ്പോൾ ജോണിന്റെ ജയിൽ മോചനത്തിനായി ഫണ്ട് ശേഖരിക്കുകയും പ്രചാരണം നടത്തുകയുമാണ് മകനും മുൻഭാര്യയും ഉൾപ്പെടുന്ന കുടുംബാം​ഗങ്ങൾ.

Latest Videos

undefined

സാൻ പെഡ്രോ ജയിൽ അനൗപചാരികമായി തടവ് പുള്ളികൾ തന്നെ പണമടച്ച് ചെലവ് നടത്തുന്ന സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. അതിൽ തടവുകാർ ഭക്ഷണം, ടോയ്‌ലറ്ററികൾ, അവരുടെ ജയിൽ സെൽ എന്നിവയ്ക്ക് പോലും പണം നൽകേണ്ടിവരും. തടവുപുള്ളികൾ തന്നെയാണ് ഇവയെല്ലാം നോക്കി നടത്തുന്നതും. തടവുകാരെ അകത്ത് നിർത്തുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന പൊലീസ് കാവലാണ് ഇവിടുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ജയിലിനുള്ളിലെ ഒരു നിയമവിരുദ്ധ ഫോൺ വഴി താൻ ജോണുമായി സംസാരിച്ചുവെന്നാണ് ജോണിൻ്റെ മുൻ പങ്കാളി മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിനോട് പറഞ്ഞത്. തനിക്ക് ശുദ്ധമായ വെള്ളവും ഭക്ഷണവും ലഭ്യമല്ലെന്നും തൽഫലമായി താൻ ക്ഷീണിതനാണന്ന് എന്ന് ജോൺ അവരോട് പറഞ്ഞതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികൾ ഇപ്പോൾ അദ്ദേഹത്തിൻ്റെ നിയമപരമായ ഫീസിനും ജയിൽ അലവൻസിനുമായി പണം ശേഖരിക്കാൻ ഒരു GoFundMe അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം 50 ദിവസം ജയിലിൽ കഴിഞ്ഞെങ്കിലും ഇതുവരെ ആദ്യ ഹിയറിംഗ് നടന്നിട്ടില്ല. ജോണിനെ സഹായിക്കാൻ ബൊളീവിയയിലെ ബ്രിട്ടീഷ് എംബസി മാധ്യമങ്ങളോട് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുണ്ട്.

സാൻ പെഡ്രോ ജയിലിൽ അകപ്പെടുന്ന ആദ്യത്തെ ബ്രിട്ടീഷുകാരനല്ല ജോൺ. 1996 -ൽ, ലാ പാസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ച് കൊക്കെയ്ൻ കണ്ടെത്തിയതിനെത്തുടർന്ന് തോമസ് മക്ഫാഡനെ ഇതേ ജയിലിൽ തടവിലാക്കിയിരുന്നു. മക്ഫാഡൻ അഞ്ച് വർഷം ജയിലിൽ കിടന്നു, പിന്നീട് വിവിധ ഡോക്യുമെൻ്ററികളിൽ ജയിലിൻ്റെ ക്രൂരമായ താമസരീതികളെക്കുറിച്ച് സംസാരിച്ചു. പിന്നീട് തന്റെ ജയിൽവാസത്തെക്കുറിച്ച്, 'മാർച്ചിംഗ് പൗഡർ' എന്ന പേരിൽ എഴുത്തുകാരനായ റസ്റ്റി യംഗിന്റെ സഹായത്തോടെ ഒരു പുസ്തം പുറത്തിറക്കി. അവിടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോൺ-ഫിക്ഷൻ കൃതി ആയി ഇത്. 

ജയിലിൽ‌ 600 തടവുകാർക്കുള്ള സൗകര്യം മാത്രമാണ് ഉള്ളതെങ്കിലും ഈ ജയിലിൽ നിലവിൽ 3000 ൽ അധികം തടവുകാർ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

click me!