ആഡംബരക്കപ്പലിൽ ലോകം ചുറ്റാൻ വീടടക്കം സകലതും വിറ്റു, കടലിൽ ജീവിതച്ചെലവ് കുറവെന്ന് ദമ്പതികൾ

By Web Team  |  First Published Dec 29, 2023, 2:12 PM IST

അതിമനോഹരമായ കടൽ ആസ്വദിക്കാം. ഒരുപാട് ദേശങ്ങൾ കാണാം. വളരെ മിനിമലായ ജീവിതരീതി ശീലിക്കാം തുടങ്ങി ഒരുപാട് കാര്യങ്ങൾ തങ്ങളെ ഈ തീരുമാനത്തിലേക്ക് അടുപ്പിച്ചു എന്നാണ് ദമ്പതികൾ പറയുന്നത്.


സ്വന്തമായി ഒരു വീട് വയ്ക്കുക, മക്കളും കൊച്ചുമക്കളുമൊക്കെയായി ശിഷ്ടകാലം അവിടെ ജീവിക്കുക. ഇങ്ങനെ ചിന്തിച്ചിരുന്ന ആളുകളിൽ നിന്നും, പ്രാരാബ്ധമൊക്കെ ഒതുങ്ങി ഇനിയല്പം യാത്രയൊക്കെ ആവാം എന്ന് ചിന്തിക്കുന്നവരിലേക്ക് ലോകം മാറിത്തുടങ്ങിയിട്ടുണ്ട്. എന്നാലും, ഈ ദമ്പതികൾ ചെയ്തത് പോലെ ഒരു കാര്യം ചെയ്യാൻ എത്രപേർ തയ്യാറാകും എന്ന് പറയാനാകില്ല. 

ഫ്ലോറിഡയിൽ നിന്നുള്ള ജോണും ഭാര്യ മെലഡി ഹെന്നസിയുമാണ് ധീരമായ ആ തീരുമാനം എടുത്തത്. വീടും ബിസിനസും അടക്കം തങ്ങളുടെ ഭൂരിഭാ​ഗം സ്വത്തുക്കളും അവർ വിറ്റു. എന്നാൽ, ആ പണം കൊണ്ട് എന്ത് ചെയ്യാനാണ് അവർ തീരുമാനിച്ചത് എന്ന് അറിഞ്ഞപ്പോഴാണ് പലരുടെയും നെറ്റി ചുളിഞ്ഞത്. ആ പണം കൊണ്ട് അവർ തീരുമാനിച്ചത് ഇനിയുള്ള കാലം ഒരു ആഡംബരക്കപ്പലിൽ ചുറ്റിക്കറങ്ങി ജീവിക്കാനാണ്. കരയിൽ ജീവിക്കുന്നതിനേക്കാൾ ചിലവ് കുറവാണ് കടലിൽ ജീവിക്കാനെന്നാണ് ജോണിന്റെയും മെലഡിയുടേയും പക്ഷം. 

Latest Videos

undefined

ഒപ്പം തന്നെ അതിമനോഹരമായ കടൽ ആസ്വദിക്കാം. ഒരുപാട് ദേശങ്ങൾ കാണാം. വളരെ മിനിമലായ ജീവിതരീതി ശീലിക്കാം തുടങ്ങി ഒരുപാട് കാര്യങ്ങൾ തങ്ങളെ ഈ തീരുമാനത്തിലേക്ക് അടുപ്പിച്ചു എന്നാണ് ദമ്പതികൾ പറയുന്നത്. ഫേസ്ബുക്കിൽ കണ്ട 9 മാസം നീണ്ടുനിൽക്കുന്ന റോയൽ കരീബിയൻ ക്രൂസിനായുള്ള പരസ്യമാണ് ദമ്പതികളെ ഈ തീരുമാനത്തിലേക്ക് കൂടുതൽ അടുപ്പിച്ചത്. ഒന്നും നോക്കണ്ട, ഇത് തന്നെയാണ് തങ്ങൾ ആ​ഗ്രഹിച്ച ജീവിതം എന്ന് ഇരുവരും ഉറപ്പിച്ചു. 

പെട്ടെന്ന് തന്നെ അവർ ആ യാത്രയ്ക്കായി തങ്ങളുടെ പേരും രജിസ്റ്റർ ചെയ്തു. യാത്രയിൽ പങ്കാളിയായി. ഇതുവരെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ പസഫിക്കിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളാണ് ഇവർ സഞ്ചരിച്ചത്. ഇപ്പോൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിന് ചുറ്റുമാണ് യാത്ര. ടെലഫോൺ ബില്ലോ, ഷിപ്പിം​ഗ് ബില്ലോ അടക്കണ്ട. വല്ല ദേശത്തുമെത്തുമ്പോൾ കരയിൽ ചെല്ലുമ്പോഴല്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കണ്ട അങ്ങനെ കരയിൽ ജീവിക്കുന്നതിനേക്കാൾ ചെലവ് വളരെ കുറവാണ് ഈ യാത്രയിൽ എന്നാണ് ദമ്പതികൾ പറയുന്നത്. 

ഡിസംബർ 2024 വരെ അവർ തങ്ങളുടെ യാത്ര ബുക്ക് ചെയ്ത് കഴിഞ്ഞു. അടുത്തതായി ഒരു റെസിഡൻഷ്യൽ ആഡംബരക്കപ്പലിലാണ് ഇവരുടെ യാത്ര. അടുത്ത വർഷം മെയ് മാസത്തിൽ സതാംപ്ടണിൽ നിന്നുമാണ് യാത്ര തുടങ്ങുക. വിരമിക്കുന്നതിന് മുമ്പുള്ള തങ്ങളുടെ ജീവിതച്ചെലവ് പ്രതിവർഷം £59000 (62,56,556 രൂപ) ആയിരുന്നു. എന്നാൽ, കടലിലെ ഈ ജീവിതത്തിൽ അത് വെറും £27,000 (28,63,221 രൂപ) ആയി കുറഞ്ഞെന്നും ദമ്പതികൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!