രാഷ്ട്രങ്ങള്‍ ഒന്നിച്ചു ശ്രമിച്ചാല്‍ കാലാവസ്ഥാ  വ്യതിയാനം തടയാം; ഇതാ തെളിവ്!

By Gopika Suresh  |  First Published Mar 28, 2020, 4:15 PM IST

കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണോ? ആണെന്നുള്ളതിന് ഇതാ തെളിവുകള്‍.


കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണോ? ആണെന്നുള്ളതിന് ഇതാ തെളിവുകള്‍. നേച്ചര്‍ ജേണലാണ്,  
ഓസോണ്‍ പാളിയിലെ വിള്ളലുകള്‍ തടയാനുള്ള മോണ്‍റിയല്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയതോടെ കാലാവസ്ഥയ്ക്ക് സംഭവിച്ച നല്ല മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്നത്. ഓസോണ്‍ വിള്ളലുകള്‍ മൂലം ജെറ്റ്പ്രവാഹങ്ങള്‍ക്കു സംഭവിച്ച വ്യതിയാനങ്ങള്‍  മോണ്‍ട്രിയല്‍ കരാര്‍ നടപ്പാക്കിയ ശേഷം ഇല്ലാതായെന്നാണ് ഡോ. അന്റാരാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 

സൂര്യനില്‍ നിന്നുമുള്ള ദോഷകരമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്ന അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ പാളിക്ക് വിള്ളലുണ്ടായത് ശാസ്ത്രലോകത്തെ ഭീതിയിലാഴ്ത്തിയിരുന്നു. അതിനെ തുടര്‍ന്ന് ഭൂമിയിലെ ജെറ്റ് പ്രവാഹങ്ങള്‍ക്കും കാര്യമായ മാറ്റങ്ങള്‍ വന്നിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളിലും അന്തരീക്ഷാവസ്ഥയിലും വലിയ പങ്കു വഹിക്കുന്ന, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീളവും വീതിയുമുള്ള ദ്രുതഗതിയില്‍ സഞ്ചരിക്കുന്ന കാറ്റിന്റെ പ്രവാഹത്തെയാണ് ജെറ്റ് പ്രവാഹങ്ങള്‍ എന്ന് വിളിക്കുന്നത്. ഓസോണ്‍ വിള്ളലിനെ തുടര്‍ന്ന്, ജെറ്റ് പ്രവാഹങ്ങള്‍ അതിന്റെ സാധാരണ സ്ഥാനത്തു നിന്നും വ്യതിചലിക്കുകയും തെക്ക് അന്റാര്‍ട്ടിക്കന്‍ ദിശയിലേുള്ള പ്രവാഹത്തില്‍  ഓരോ ഡിഗ്രി അക്ഷാംശത്തില്‍ ഗതിമാറ്റം വരികയും ചെയ്തിരുന്നു. ഈ മാറ്റങ്ങള്‍, ആഗോള കാലാവസ്ഥയിലും മഴയുടെ അളവിലും സമുദ്രപ്രവാഹങ്ങളുടെ ഗതിയിലും സമുദ്രത്തിലെ ഉപ്പിന്റെ അംശത്തിലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കി. 

Latest Videos

undefined

മനുഷ്യന്റെ കൈകടത്തലുകള്‍ മൂലം പുറംതള്ളപ്പെടുന്ന ക്ലോറോഫ്‌ലൂറോകാര്‍ബണുകള്‍ പോലുള്ള വാതകങ്ങളായിരുന്നു ഓസോണ്‍ വിള്ളലിന് പ്രധാന കാരണം. ഇക്കാര്യം സജീവ ചര്‍ച്ച ആയതോടെ, ഓസോണ്‍ പാളിയെ  സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അതിലെ ഏറ്റവും പ്രധാന ചുവടുവെപ്പായിരുന്നു 1987ലെ മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍. ഓസോണ്‍ വിഘടന പദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരിക എന്നതായിരുന്നു വിവിധ രാജ്യങ്ങള്‍ ഒപ്പുവെച്ച കരാറിലെ പ്രധാന വ്യവസ്ഥ. 

കരാര്‍ നടപ്പാക്കിയതോടെ ഓസോണ്‍ വിള്ളലില്‍ കാര്യമായ മാറ്റങ്ങള്‍ വന്നു. ഒപ്പം ജെറ്റ് പ്രവാഹങ്ങളുടെ കാര്യത്തിലും പുരോഗതി ഉണ്ടായി. ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഈ ജെറ്റ് പ്രവാഹങ്ങള്‍ തെക്കോട്ട് നീങ്ങുന്നത് അവസാനിപ്പിച്ച് പഴയ സ്ഥാനത്തേക്ക് നീങ്ങുകയാണെന്ന് നേച്ചര്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. 

കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ അനന്ത സാധ്യതകളാണ് ഈ പഠനം തുറന്നു കാണിക്കുന്നത്. ലോകരാജ്യങ്ങള്‍ ആവശ്യമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ കാലാവസ്ഥ വ്യതിയാനത്തിന് തടയിടാന്‍ സാധിച്ചേക്കുമെന്ന പ്രത്യാശയാണ് പഠനം ബാക്കിയാക്കുന്നത്. 

click me!