ഇരപിടിക്കുന്ന സമയത്ത് തന്നെ ഉണ്ടായ ഒരു ഉരുൾപൊട്ടൽ ആ നിമിഷത്തെ ചരിത്രത്തിൽ എന്നെന്നേക്കുമായി രേഖപ്പെടുത്തുകയാണ് ഉണ്ടായത്.
ഭൂമിയിൽ കാലങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ജന്തുവർഗ്ഗമാണ് ദിനോസറുകൾ(Dinosaurs). അവയുടെ മുട്ടകൾ തൊട്ട്, ദിനോസറുകൾക്കൊപ്പം ജീവിച്ചിരുന്ന, പിന്നീട് വംശനാശം സംഭവിച്ചു പോയ മറ്റു പല ചരിത്രാതീത ജീവികളുടെയും അവശിഷ്ടങ്ങൾ(fossils) മണ്ണിനടിയിൽ ഫോസിലുകളുടെ(fossils) രൂപത്തിൽ ഇന്നുമുണ്ട്. നമ്മുടെ ഉല്പത്തിചരിത്രത്തിലെ സുപ്രധാന തെളിവുകളുടെ ആ അക്ഷയഖനിയുടെ നല്ലൊരു ഭാഗവും അടക്കം ചെയ്യപ്പെട്ടിട്ടുള്ളത് നമ്മൾ അധിവസിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മണ്ണിനടിയിൽ തന്നെയാണ്.
1984 -ൽ ഗുജറാത്തിലെ ധോലി ഡുൺഗ്രി ഗ്രാമത്തിൽ നിന്ന് ജെഫ്രി എ വിത്സൺ എന്ന പാലിയന്റോളജിസ്റ്റിന്റെ സഹപ്രവർത്തകർ ചേർന്ന് കുഴിച്ചെടുത്തത് ഒരു ദിനോസർ ശിശുവിന്റെ അവശിഷ്ടങ്ങളും, അതിന്റെ മുട്ടയും ഒന്നിച്ചായിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ദിനോസറിന്റെ ഫോസിലും മുട്ടയും ഒരുമിച്ച് കണ്ടെത്തുന്നത് എന്നായിരുന്നു മിഷിഗൺ സർവകലാശാലയിലെ ജിയോളജിക്കൽ സയൻസസ് പ്രൊഫസർ ആയ വിത്സന്റെ അഭിപ്രായം. എന്നാൽ, ഈ ഖനനത്തിനിടെ അദ്ദേഹത്തിന്റെ സവിശേഷ ശ്രദ്ധയാകർഷിച്ചത് മറ്റൊരു കാര്യമാണ്. പമ്പുകളിൽ മാത്രം കാണുന്ന തരത്തിലുള്ള ഒരു ഒരു ശരീരഘടന അദ്ദേഹത്തിന് ഈ ഫോസിലുകളിൽ കാണാനായി. അതോടെ ഈ ഫോസിൽ സാമ്പിളുകളിൽ ചരിത്രാതീത കാലത്തു ജീവിച്ചിരുന്ന വല്ല പാമ്പുകളുടെയും അവശിഷ്ടങ്ങളും ഉണ്ടോ എന്ന് അദ്ദേഹം സ്വാഭാവികമായും സംശയിച്ചു.
ഈ ഫോസിലുകൾ തുടർന്ന് കൂടുതൽ ആഴത്തിൽ പഠിക്കാനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വഴി നാലുവർഷം കൊണ്ട് ഈ സാമ്പിളുകൾ അമേരിക്കയിലേക്ക് എത്തിക്കുന്നു. അവിടെ എത്തിച്ച ശേഷം, ഏതാണ്ട് ഒരു വർഷം എടുത്ത് അദ്ദേഹം ഈ ഫോസിൽ സാമ്പിളുകൾക്ക് ചുറ്റും അടിഞ്ഞു കൂടി ഘനീഭവിച്ചു കഴിഞ്ഞിരുന്ന പാറകളുടെ അംശം കഴുകിക്കളഞ്ഞ് ഫോസിൽ മാത്രം വേർതിരിച്ചെടുക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ നിരവധി പാലിയന്റോളജിസ്റ്റുകൾ ആ ഫോസിലുകളെക്കുറിച്ച് വിശദമായി പഠിക്കുന്നു. തങ്ങളുടെ പഠനങ്ങളിൽ നിന്ന് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, ഒരു ദിനോസർ കുഞ്ഞിനെ വാപിളർത്തി ആഹരിക്കാൻ ശ്രമിക്കുന്ന, ചരിത്രാതീത കാലത്ത് ജീവിച്ചിരുന്ന ഒരു പാമ്പിന്റെ അവശിഷ്ടമാണ് അതെന്നാണ്. കൃത്യം ആ ഇരപിടിക്കുന്ന സമയത്ത് തന്നെ ഉണ്ടായ ഒരു ഉരുൾപൊട്ടൽ ആ നിമിഷത്തെ ചരിത്രത്തിൽ എന്നെന്നേക്കുമായി രേഖപ്പെടുത്തുകയാണ് ഉണ്ടായത്. അങ്ങനെ കണ്ടെത്തപ്പെട്ട ആ ചരിത്രാതീത സർപ്പത്തിന്റെ പാലിയന്റോളജിസ്റ്റുകൾ നൽകിയ പേര് Sanajeh indicus എന്നായിരുന്നു. ചരിത്രാതീത കാലത്തെ പാമ്പുകൾക്ക് അവയുടെ താടിയെല്ലുകൾ പിളർത്തി ഇരയെ വിഴുങ്ങാനുള്ള സിദ്ധി ഉണ്ടായിരുന്നില്ല എന്നും, അത് പരിണാമദശയിൽ അവ പിൽക്കാലത്ത് കൈവരിച്ചതാണ് എന്നും ഗവേഷകർ പറയുന്നു.
വർഷങ്ങളായി ഇന്ത്യയിലെ പല സുപ്രധാന സ്ഥലങ്ങളിലും ഫോസിൽ നിക്ഷേപങ്ങൾ ഉണ്ടെന്നുള്ള വെളിപ്പെടുത്തലുകൾ ശാസ്ത്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു എങ്കിലും വേണ്ടത്ര ഗവേഷണ പരിശ്രമങ്ങൾ ഈ ദിശയിൽ ഉണ്ടായിട്ടില്ല എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. കൂടുതൽ ഫലപ്രദമായ ഗവേഷണങ്ങൾ നടക്കണം എങ്കിൽ വിവിധ രാജ്യങ്ങളിലെ പാലിയന്റോളജി വകുപ്പുകളും അവയിലെ ഗവേഷകരും തമ്മിൽ കൃത്യമായ സഹകരണമുണ്ടാവണം എന്ന് അവർ കൂട്ടിച്ചേർത്തു.
--