പെട്ടെന്ന് കൈവന്ന അതിസമ്പന്നത, എന്താണ് ചെയ്യേണ്ടത് എന്ന ഉത്തരമില്ലാത്ത ചോദ്യത്തിലാണ് തന്നെ കൊണ്ട് എത്തിരിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ വംശജന്‍.
നിന്ന നില്പിലാണ് സ്റ്റാര്‍ട്ടപ്പുകൾ ഇന്ന് ആളുകളെ അതിസമ്പന്നതയിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം തന്‍റെ സ്റ്റാർട്ടപ്പ് സ്ഥാപനം 975 മില്യണ്‍ ഡോളറിന് (ഏകദേശം 8,366 കോടി) വിറ്റ ഒരു ഇന്ത്യന്‍ വംശജന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഒരു ഐഡിയയും ഇല്ലെന്ന് തന്‍റെ സമൂഹ മാധ്യമത്തില്‍ കുറിച്ചപ്പോള്‍ ഞെട്ടിപ്പോയത് സമൂഹ മാധ്യമ ഉപയോക്താക്കളാണ്. അവര്‍ക്ക് വിനയ് ഹിരേമത്തിന്‍റെ വികാര വിചാരങ്ങള്‍ മനസിലായില്ല. പലരും എന്താണിതെന്ന് അന്താളിച്ചു. ലൂമിന്‍റെ സഹസ്ഥാപകനായ വിനയ് ഹിരേമത്ത് സ്റ്റാർട്ടപ്പ് വിറ്റ് കിട്ടിയ പണത്തിലൂടെ പെട്ടെന്ന് സമ്പന്നനായതിന് ശേഷം തന്‍റെ അരക്ഷിതാവസ്ഥയെക്കുറിച്ച് വിശദമായ വ്ളോഗ് തന്നെ എഴുതി. ഇന്ത്യൻ വംശജനായ ഈ സംരംഭകൻ തന്‍റെ സ്റ്റാർട്ടപ്പായ ലൂം 975 മില്യൺ ഡോളറിന് അറ്റ്ലാസിയന് വിറ്റത് 2023 - ലാണ്.
'ഞാൻ ധനികനാണ്, എന്‍റെ ജീവിതം എന്തുചെയ്യണമെന്ന് എനിക്കറിയില്ല' എന്ന തലക്കെട്ടിലുള്ള ഒരു നീണ്ട ബ്ലോഗില്‍, ഇനി ഒരിക്കലും പണത്തിന് വേണ്ടി ജോലി ചെയ്യേണ്ടതില്ലെന്ന് മനസിലാക്കിയ ശേഷം ജീവിതത്തിൽ ചെയ്യാൻ ശ്രമിച്ച ഒരോ കാര്യങ്ങളെ കുറിച്ചും വിനയ് വിശദമായി എഴുതി. ആദ്യമേ തന്നെ തന്‍റെ കുറിപ്പിന്‍റെ ഉദ്ദേശം വീമ്പിളക്കലോ സഹതാപം തേടലോ അല്ലെന്ന് അദ്ദേഹം എഴുതി. എനിക്ക് അനന്തമായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അറിയില്ല', വിനയ് എഴുതി.
പുതിയ എന്തെങ്കിലും ചെയ്യാനായി യാത്രകൾ നടത്തി. ഒറ്റയ്ക്കും കാമുകിക്കും ഒപ്പം. പക്ഷേ, രണ്ട് വർഷത്തെ പ്രണയം അവസാനിപ്പിച്ച് അവൾ പോയി. അതിന് സ്വയം കുറ്റപ്പെടുത്തുകയാണ് വിനയ്. തന്‍റെ മുന്‍ കാമുകി ഈ കുറിപ്പ് കാണുകയാണെങ്കില്‍ എല്ലാത്തിനും നന്ദി. നിങ്ങള്‍ ആവശ്യപ്പെടുന്ന ഒരാളാകാന്‍ തനിക്ക് കഴിയാത്തതില്‍ താന്‍ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം കുറിച്ചു. ലൂം ഏറ്റെടുത്ത കമ്പനിയുടെ സിടിഒയായി പ്രവര്‍ത്തിക്കാന്‍ 60 മില്യണ്‍ ഡോളറായിരുന്നു വിനയ്ക്ക് മുന്നിലുണ്ടായിരുന്ന ഓഫര്‍ പക്ഷേ, വിനയ് അത് നിരസിച്ചു. താന്‍ എലോണ്‍ മസ്കിനെ പോലെയാകാന്‍ ആഗ്രഹിക്കുന്നവെന്ന് അതിനിടെ താന്‍ തിരിച്ചറിഞ്ഞെന്നും വിനയ് എഴുതി. സ്റ്റാര്‍ട്ടപ്പ് വിറ്റ ശേഷം രണ്ട് ആഴ്ചയോളം റോബോട്ടിക്‌സ് വിദഗ്ധരുമായി കൂടിക്കാഴ്ചയിലായിരുന്നു. പക്ഷേ, അത് തന്നിലൊരു എലോണ്‍ മസ്ക് ഉണ്ടെന്ന തരിച്ചറിവിലെത്തിച്ചു. ആ തിരിച്ചറിവിന് പിന്നാലെ ആ പദ്ധതിയും ഉപേക്ഷിച്ചു.
പിന്നീട് അങ്ങോട്ട് ഹിമാലയന്‍ യാത്രകളായിരുന്നു. അതും ആദ്യമായിട്ട്. ഒടുവില്‍ രോഗാവസ്ഥയിലെത്തി. ഇന്ന് താന്‍ ഹവായിലാണ്. ഫിസിക് പഠിക്കുന്നു. എന്തിന് ? അത് ഞാന്‍ സ്വയം ചോദിച്ച ചോദ്യമാണ്. എന്‍റെ ആദ്യത്തെ തത്ത്വങ്ങളുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് ആ പഠനം. അങ്ങനെയെങ്കില്‍ എനിക്ക് യഥാർത്ഥ ലോകത്തിലെ കാര്യങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനി ആരംഭിക്കാൻ കഴിയുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് കൊണ്ട് വിനയ് തന്‍റെ വ്ളാഗ് അവസാനിപ്പിക്കുന്നു. വിനയ് ഹിരേമത്തിന്‍റെ വ്ളാഗ് ഒറ്റ ദിവസം കൊണ്ട് 20,000 ത്തിലേറെ പേരാണ് വായിച്ചത്. പിന്നാലെ ഇത് ഇന്ത്യയിലെ ഒരു പ്രധാന ട്രെന്‍ഡായി മാറി. വിനയ് ഹിരേമത്ത് ലൂം', 'ലൂം വിനയ് ഹിരേമത്ത്' , 'ലൂം കമ്പനി' എന്നിങ്ങനെയുള്ള തിരച്ചില്‍ വാക്കുകൾ ഗൂഗിളില്‍ ട്രെന്‍റിംഗായി.