14,000 വര്‍ഷം മുമ്പേ മലേഷ്യയില്‍ മനുഷ്യവാസമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍

By Web Team  |  First Published Jun 14, 2023, 10:29 AM IST

കാര്‍ബണ്‍ ഡേറ്റിംഗിലൂടെ 14,000 വര്‍ഷം മുമ്പ് തന്നെ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നെന്നും ഇത് ഇവിടെ നിന്നും കണ്ടെത്തിയ പെരക് മാനെക്കാള്‍ പ്രാചീനമാണെന്നും പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 



ന്ത്യയുടെ കിഴക്കന്‍ തീരത്ത് നിന്നും മലേഷ്യയിലേക്ക് കപ്പലോടിച്ച രാജാക്കന്മാരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പിന്നീട് അവിടെ രാജാവായവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍, മലേഷ്യയുടെ ചരിത്രം തുടങ്ങുന്നത് എവിടെ നിന്നാണ്? മലേഷ്യയില്‍ നിന്ന് ഇതുവരെ ലഭ്യമായവയില്‍ വച്ച് ഏറ്റവും പ്രാചീനമായ കണ്ടെത്തല്‍ 10,000 വര്‍ഷത്തെതായിരുന്നു. എന്നാല്‍ ഇതിനും കാലങ്ങള്‍ക്ക് മുമ്പ് തന്നെ മലേഷ്യയില്‍ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിന് ശക്തമായ തെളിവ് ലഭിച്ചിരിക്കുകയാണ്. 
 
14,000 വര്‍ഷം പഴക്കമുള്ള മനുഷ്യ സാന്നിധ്യമാണ് ഇപ്പോള്‍ മലേഷ്യയില്‍ നിന്നും കണ്ടെത്തിയത്. കെലന്തലെ നെംഗ്‌ഗിരി താഴ്‌വരയിലെ ഗുവാ കെലെഡുങ് കെസില്‍ പ്രദേശത്ത് നടത്തിയ ഖനനത്തിനിടെയാണ് ഇത്രയും പഴക്കമുള്ള പ്രാചീനകാലത്തെ മനുഷ്യ ജീവിതത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. നിരവധി വസ്തുക്കളോടൊപ്പം ഒരു മനുഷ്യന്‍റെ അസ്ഥികൂടവും പ്രദേശത്ത് നിന്ന് കണ്ടെത്തി.  കാര്‍ബണ്‍ ഡേറ്റിംഗിലൂടെ 14,000 വര്‍ഷം മുമ്പ് തന്നെ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നെന്നും ഇത് ഇവിടെ നിന്നും കണ്ടെത്തിയ പെരക് മാനെക്കാള്‍ പ്രാചീനമാണെന്നും പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 

1991 ലാണ് ഇതിന് മുമ്പ് ലെങ്ഗോങ് താഴ്വരയിലെ പെരാക്കിലെ ഹുലു പെരാക്ക് ജില്ലയിലാണ് ആദിമ അസ്ഥികൂടം കണ്ടെത്തിയത്. പെരാക്ക് ജില്ലയില്‍ നിന്നും ലഭിച്ചതിനാല്‍ ഈ അസ്ഥികൂടത്തിന് പെരക് മാൻ എന്ന് പേര് നല്‍കി. ഈ ആദിമ മനുഷ്യന്‍ 10,000 വര്‍ഷത്തിനും 11,000 വര്‍ഷത്തിനും ഇടയില്‍ ജീവിച്ചിരുന്നയാളാണെന്ന് കാര്‍ബണ്‍ഡേറ്റിംഗിലൂടെ കണ്ടെത്തിയിരുന്നു. മലേഷ്യയില്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന മനുഷ്യന്‍റെ സാന്നിധ്യമായിരുന്നു അത്. ഇതിനാല്‍ മലേഷ്യയുടെ ഭൂമിശാസ്ത്ര പരിസരത്ത് മനുഷ്യന്‍ 10,000 വര്‍ഷം മുമ്പ് എത്തിയെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, ഗുവാ കെലെഡുങ് കെസിൽ പ്രദേശത്തെ കണ്ടെത്തലോടെ മലേഷ്യയിലെ മനുഷ്യസാന്നിധ്യം 14,000 വര്‍ഷം പുറകിലേക്ക് പോയി. 

Latest Videos

നഷ്ടപ്പെട്ട പട്ടിക്കുട്ടിയെ തിരികെ കിട്ടിയപ്പോള്‍ കുട്ടിയുടെ ആനന്ദക്കണ്ണീര്‍; ഒപ്പം കരഞ്ഞ് നെറ്റിസണ്‍സ് !

പ്രൊഫ. സുലിസ്കന്ദർ രാംലിയുടെ നേതൃത്വത്തില്‍ കെബാങ്‌സാൻ മലേഷ്യ സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ നെംഗ്‌ഗിരി  ഹൈഡ്രോളിക് ഡാം പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടക്കുന്നുണ്ട്. പദ്ധതി 2027 ല്‍ കമ്മീഷന്‍ ചെയ്യാനാണ് ശ്രമം. ഇതിനിടെയാണ് പ്രദേശത്തെ നഷ്ടപ്പെട്ട സംസ്കാരം തേടി പുരാവസ്തു ശാസ്ത്ര ഖനനവും നടക്കുന്നത്. പ്രദേശത്ത് നിന്ന് ഇതിനകം 14 ഗുഹകളാണ് കണ്ടെത്തിയത്. 

മലേഷ്യന്‍ വൈദ്യുതി വകുപ്പായ തെനാഗ നാഷനൽ ബിഎച്ച്ഡിയുടെ സഹകരണത്തോടെയാണ് കെബാങ്‌സാൻ മലേഷ്യ സര്‍വ്വകലാശാല പ്രദേശത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. 30 അംഗങ്ങളുള്ള പുരാവസ്തു ഗവേഷകരാണ് ഖനനങ്ങള്‍ക്ക് നേത‍ൃത്വം നല്‍കുന്നത്. ഗവേഷകരോടൊപ്പം പ്രദേശവാസികളെയും ഖനന പ്രര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് വിവിധ കല്ലായുധങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൃഗത്തിന്‍റെ എല്ലുകളും ലഭിച്ചിട്ടുണ്ടെന്ന് പ്രൊഫ. സുലിസ്കന്ദർ രാംലി പറഞ്ഞു. 14,000 വര്‍ഷം മുമ്പ് പ്രി നിയോലിത്തിക് കാലത്ത് തന്നെ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആടിയും പാടിയും 50 വര്‍ഷത്തിന് ശേഷം ഒരു റീയൂണിയന്‍; ആശ്ചര്യപ്പെട്ട് പുതുതലമുറ !

click me!