ധാരാവി എന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി എങ്ങനെയാണ് കൊവിഡിനെ പിടിച്ചു കെട്ടിയത്?

By Web Team  |  First Published Jun 16, 2020, 12:32 PM IST

100 പേർക്ക് ഒരു ടോയ്‌ലെറ്റ് മാത്രമുള്ള ധാരാവിയിൽ  പൊതു ഇടങ്ങളിലെ മലവിസർജ്ജനം ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. ചേരിയുടെ പല ഭാഗങ്ങളിലും അടുത്തുള്ള മാഹിം ക്രീക്കിലും ഒക്കെ പട്ടാപ്പകൽ ചെന്ന് വെളിക്കിരിക്കുന്നവരെ നമുക്ക് കാണാനാകും. 


ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി എന്നറിയപ്പെടുന്ന പ്രദേശമാണ് ധാരാവി. ആരോഗ്യ പരിപാലനം ഏറെ ദുഷ്കരമായ സാഹചര്യം നിലനിൽക്കുന്ന ഈ ചേരിപ്രദേശം പക്ഷേ, കൊവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കുന്ന കാര്യത്തിൽ ലോകത്തെ ഏറ്റവും വികസിതമായ നഗരങ്ങൾക്ക് പോലും ഒരു മാതൃകയായി മാറിയിരിക്കുകയാണ്. 

 

Latest Videos

 

 

ഏപ്രിൽ ഒന്നാം തീയതി ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട അന്നുതൊട്ട് ഇന്നുവരെ സംശയാസ്പദമായ 50,000 -ലധികം  വീടുകളിൽ ചെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധനകൾ നടത്തിയിട്ടുണ്ട്. ചേരിയിൽ താമസിക്കുന്ന ഏഴു ലക്ഷത്തോളം പേരെ അവർ ചേരിയുടെ പലഭാഗങ്ങളിലായി സെറ്റപ്പ് ചെയ്തിട്ടുള്ള ഫീവർ ക്ലിനിക്കുകളിലൂടെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയരാക്കി. ആ സ്‌ക്രീനിങ്ങിൽ ലക്ഷണങ്ങൾ പ്രകടടിപ്പിച്ചവരെ അപ്പപ്പോൾ അടുത്തുള്ള സ്‌കൂളുകളിലേക്കും സ്പോർട്സ് ക്ലബ്ബ്കളിലേക്കും സ്‌ക്രീനിങ്ങിനു പറഞ്ഞയച്ചു, ക്വാറന്റീനിൽ സൂക്ഷിച്ചു. ഈ നടപടികൾ എല്ലാം തന്നെ ഫലം കണ്ടു. മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ ആയപ്പോഴേക്കും പ്രതിദിന കേസുകളുടെ എണ്ണം മൂന്നിൽ ഒന്നായി ചുരുങ്ങിയിട്ടുണ്ട്.  അസുഖബാധ സ്ഥിരീകരിച്ചവരിൽ പാതിയിലേറെയും സുഖം പ്രാപിച്ചു വരികയാണ്. ഈ മാസം മരണസംഖ്യയും കുറഞ്ഞിട്ടുണ്ട്. എല്ലാം നിയന്ത്രണവിധേയമായിത്തുടങ്ങി എന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്.

 

 

മുംബൈ എന്ന മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അതിബൃഹത്തായ ഒരു ചേരിപ്രദേശമാണ് 'ധാരാവി' എന്നറിയപ്പെടുന്നത്. കഷ്ടി രണ്ടര ചതുരശ്ര കിലോമീറ്ററിൽ പരം വിസ്തീർണ്ണം. കുറേക്കൂടി മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ 520 ഏക്കറിൽ പരം ഭൂമി. അതിനുള്ളിൽ ഏകദേശം എട്ടര ലക്ഷം പേർ തിങ്ങിനിറഞ്ഞു കഴിഞ്ഞുകൂടുന്നു. ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ ഏകദേശം 277,136 പേർ. ഇത് എത്ര അധികമാണ് എന്ന് മനസ്സിലാകണമെങ്കിൽ അതിനെ കൊച്ചിയുടെ ജനസാന്ദ്രതയുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കണം. കൊച്ചി നഗരത്തിന്റെ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് വെറും 7,100 പേർ മാത്രമേ ഉള്ളൂ എന്ന് പറയുമ്പോൾ, എത്രമാത്രം ആളുകളാണ് ധാരാവിയിൽ അധിവസിക്കുന്നത് എന്നും മനസ്സിലാകൂ. ഇങ്ങനെ എല്ലാത്തരത്തിലും സൗകര്യങ്ങൾ കുറവുള്ള ഒരു പ്രദേശം എങ്ങനെയാണ് കൊവിഡ് പോലൊരു മാരകവ്യാധിയെ നിയന്ത്രണത്തിലാക്കിയത് എന്നത് പഠനവിധേയമാക്കേണ്ട ഒന്നുതന്നെയാണ്. 

 

 

ധാരാവിക്ക് മഹാമാരികൾ പുതുതല്ല. 1896 -ൽ മുംബൈ നഗരത്തെ പ്രവേശിച്ച പ്ളേഗ് ബാധ ഇവിടത്തെ പാതിയോളം ജനങ്ങളുടെയും ജീവൻ അപഹരിച്ച ശേഷമാണ് ശമിച്ചത്. അതിനു ശേഷവും നിരവധി തവണ പലതരത്തിലുള്ള പകർച്ചവ്യാധികൾ ഇവിടെ പടർന്നു പിടിച്ചിട്ടുണ്ട്. സാനിറ്റേഷൻ വ്യവസ്ഥകൾ വളരെ പരിതാപകരമാണിത്. ചേരിയിൽ ശൗചാലയങ്ങൾ കുറവായതിനാൽ മലവിസർജ്ജനം ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. ചേരിയുടെ പല ഭാഗങ്ങളിലും അടുത്തുള്ള മാഹിം ക്രീക്കിലും ഒക്കെ പട്ടാപ്പകൽ ചെന്ന് വെളിക്കിരിക്കുന്നവരെ നമുക്ക് കാണാനാകും. ചേരിയിലെ ജലം സർവത്ര മലീമസമാണ്. അന്തരീക്ഷ മലിനീകരണവും വളരെയധികമായ ഈ പ്രദേശത്ത് ക്ഷയം, ആസ്ത്മ, കാൻസർ, അതിസാരം, ന്യൂമോണിയ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ഇടയ്ക്കിടെ വന്നുപെടാറുള്ളതാണ്.  

 

 

ജൂൺ 12 വരെ ധാരാവിയിൽ നിന്ന് വന്നിട്ടുള്ള കൊവിഡ് സ്ഥിരീകരണങ്ങൾ 2013 ആണ്. മുംബൈയിലെ വർധനനിരക്ക് 3 % ആണെങ്കിൽ, അത് ധാരാവിയിൽ 1.57%മാത്രമായി ചുരുങ്ങുന്നു. മുംബൈ കോർപറേഷനിൽ വൃദ്ധിനിരക്ക് 5% ഉള്ള വാർഡുകൾ വരെ ഉണ്ട്. മെയ് 30 നും ജൂൺ 8 -നുമിടയിൽ ഒരു കൊവിഡ് മരണം പോലും ധാരാവിയിൽ ഉണ്ടായില്ല.  ഇവിടെ ആകെ മരിച്ചവർ 77 പേർ മാത്രമാണ്. മുംബൈയിൽ ഇന്ത്യയിലെ തന്നെ അഞ്ചിലൊന്ന് കേസുകൾ - അതായത് ഏതാണ്ട് 20 % കേസുകളും - റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഇത് വലിയ ഒരു നേട്ടം തന്നെയാണ്. ഇവിടത്തെ രോഗം ഇരട്ടിക്കൽ സമയം 44 ദിവസം വരെ എത്തിച്ചിട്ടുണ്ട്. അത് ദേശീയ ശരാശരിയായ 22 നേക്കാൾ എത്രയോ മെച്ചമാണ്. 

 

 

10 അടി നീളവും 12 അടി വീതിയുമുള്ള കുടുസ്സുമുറികളിൽ ധാരാവിയിൽ കഴിഞ്ഞു കൂടുന്നത് 8-10 പേരടങ്ങിയ കുടുംബങ്ങളാണ്. ഇതുകാരണം സത്യത്തിൽ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത വളരെ അധികമാണ്. അസുഖബാധയുള്ളവരെ കണ്ടെത്തി ടെസ്റ്റ് ചെയ്യാനും, സംശയം തോന്നുന്നവരെ അപ്പപ്പോൾ ക്വാറന്റീൻ ചെയ്യാനും ഒക്കെ നഗരസഭാ കാണിച്ച കാര്യക്ഷമതായാണ് ഇവിടെ സാമൂഹിക വ്യാപനം ഉണ്ടാവാതെ കാത്തത്. 

കിരൺ ദിഘാവ്‌കർ

" ധാരാവി പോലെ ഒരു ചേരിയിൽ സോഷ്യൽ ഡിസ്റ്റൻസിങ് കാത്തു സൂക്ഷിക്കുക അസാധ്യമായിരുന്നു. ഞങ്ങൾക്ക് വൈറസിനെ തുരത്തിയെ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു പ്രവർത്തനം തന്നെ മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ടായിരുന്നു. ഞങ്ങളുടെ ഉദ്യോഗസ്ഥർ അത് സ്തുത്യർഹമാം വിധം ചെയ്തതിന്റെ ഫലമാണ് ഈ റിസൾട്ട്..." ധാരാവി മുനിസിപ്പാലിറ്റി അസി. കമീഷണർ കിരൺ ദിഘാവ്‌കർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. "തുടക്കത്തിൽ പോസിറ്റീവ് കേസുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തി എങ്കിലും അവർ മനസ്സാന്നിധ്യം വെടിയാതെ സ്‌ക്രീനിങ്ങും മറ്റു പരിശോധനകളും തുടർന്നു പോയി. മരണ സംഖ്യ എത്രയും പെട്ടെന്ന് കുറച്ചു കൊണ്ടുവരിക എന്നതായിരുന്നു ലക്‌ഷ്യം, അതിനായി എത്ര നേരത്തെ രോഗബാധ കണ്ടെത്താമോ അത്രയും നേരത്തെ കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു. വളരെ നേരത്തെ തന്നെ ലക്ഷണമുള്ളവരെ ക്വാറന്റീൻ ചെയ്യാനായതാണ് ഞങ്ങളുടെ വിജയത്തിനുള്ള മുഖ്യ കാരണം." അദ്ദേഹം തുടർന്നു. 

ധാരാവിയിലെ കൊവിഡ് വിരുദ്ധ പോരാട്ടങ്ങളുടെ അമരക്കാരൻ ഈ ധീരനായ ബിഎംസി ഓഫീസർ

റംസാൻ ആയിരുന്നു ധാരാവിയിലെ ഏറ്റവും നിർണായകമായ മാസം. ആരോഗ്യ പ്രവർത്തകർക്കും മറ്റുള്ളവർക്കും എല്ലാം തന്നെ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൃത്യ സമയത്ത് നോമ്പെടുക്കാനും മുറിക്കാനും ഒക്കെയുള്ള സൗകര്യങ്ങൾ മുനിസിപ്പാലിറ്റി ഒരുക്കി. പീപ്പിൾസ് ഹെൽത്ത് മൂവ്മെന്റ് പോലുള്ള സംഘടനകളും സഹായങ്ങൾ നൽകി മുനിസിപ്പാലിറ്റിയുടെ കൂടെത്തന്നെ നിന്നു. അധികം താമസിയാതെ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. മരണങ്ങളും കുറഞ്ഞുവന്നു. 

 

 

" മുംബൈ നഗരത്തിൽ നിന്ന്, ഈ ഇന്ത്യാ രാജ്യത്തുനിന്ന്, ലോകത്തു നിന്നുതന്നെ കൊറോണാ വൈറസ് ഇല്ലാതാകും വരെ കൊവിഡ് ഭീതിയിൽ നിന്ന് മുക്തരായി എന്നാശ്വസിക്കാൻ നമുക്ക് സാധിക്കില്ല. അതുവരെ നിയന്ത്രണങ്ങളിൽ അയവു വരുത്താനോ ഇപ്പോൾ ഉള്ള ശ്രദ്ധ ഉപേക്ഷിക്കാനോ ഒന്നും ആവില്ല. എന്നാലും, ഞങ്ങൾ ധാരാവിക്കാർക്ക് ഇപ്പോൾ ചെറിയൊരു സുരക്ഷിതത്വം തോന്നിത്തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ ലോക്ക് ഡൌൺ അവസാനിക്കാറായപ്പോഴേക്കും ഞങ്ങൾക്ക് ഹെർഡ്‌ ഇമ്യൂണിറ്റി കിട്ടിക്കാണും. അല്ല, അങ്ങനെ കരുതാനാണ് ഞങ്ങൾക്ക് താത്പര്യം. " ദിഘാവ്‌കർ പറഞ്ഞു നിർത്തുന്നു. 

 

 

എട്ടര ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന ധാരാവി കൊവിഡിന്റെ പിടിയിൽ അമർന്നുപോയിരുന്നു എങ്കിൽ ഇന്ത്യയുടെ കൊവിഡ് സ്റ്റാറ്റിസ്റ്റിക്സ് ഇതിലും എത്രയോ ആപൽക്കരമായിരുന്നേനെ. ഏറെ ദുഷ്കരമായ പ്രയത്നമായിരുന്നിട്ടും, ധാരാവിയെ കോവിഡിന് വിട്ടുകൊടുക്കാതെ കാത്തത് കിരൺ ദിഘാവ്‌കറുടെയും സംഘത്തിന്റെയും നേട്ടമാണ് എന്നുതന്നെ വേണം പറയാൻ.


 

click me!