മാര്‍ ഇവാനിയോസ് കാമ്പസിലെ പി ടി തോമസ്. എം ജി രാധാകൃഷ്ണന്‍ എഴുതുന്നു
പിന്നീട് അയാള്‍ മഹാരാജാസിലേക്ക് പോയി കൂടുതല്‍ വലിയ നേതാവായി. ഒപ്പം പഠിച്ച അന്യമതക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പഴയ ആദര്‍ശ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുമ്പോഴും മാര്‍ ഇവാനിയോസിലെ പഴയ ഗ്രാമീണന്‍ അയാളില്‍ തുടര്‍ന്നു. ഞങ്ങളുടെ സൗഹൃദവും.
undefined
1973 -75. മാര്‍ ഇവാനിയോസ് കോളേജ്, സ്‌കൂള്‍ കാലത്ത് തന്നെ പ്രിയങ്കര സ്വപ്നം. രാഷ്ട്രീയമോ പെണ്‍കുട്ടികളോ ഇല്ലാത്ത സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നിന്ന് മാര്‍ ഇവാനിയോസില്‍ എത്തുമ്പോള്‍ അവയായിരുന്നു ഏറ്റവും വലിയ പുതുമകള്‍. ഇന്നത്തെ തരം പണക്കൊഴുപ്പ് കടന്നു വന്നിട്ടില്ലാത്ത കാല്‍പനിക കലാലയം.
അന്ന് കോളേജ് കാമ്പസുകളില്‍ കെ. എസ് യുവിന്റെ പ്രാഭവ കാലം. മാര്‍ ഇവാനിയോസില്‍ പ്രത്യേകിച്ചും എസ് എഫ് ഐ തീരെ ഇല്ല. കെ. എസ് യു കഴിഞ്ഞാല്‍ ശക്തം കെ. എസ് സി. ടി എം ജേക്കബും മറ്റും തുടങ്ങി വെച്ച പാരമ്പര്യം. മൂന്നാമത്തെ കക്ഷി ചില്ലറ തല്ലിനും പിടിക്കും ഒക്കെ മുമ്പിലായിരുന്ന പി എസ് യു-ആര്‍ എസ് പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനം (ഇന്ന് ഇതുണ്ടോ എന്തോ?).
കാംപസില്‍ അരാഷ്ടീയക്കാരും ധാരാളം. രാഷ്ടീയക്കാരിലെ വരേണ്യര്‍ കെ. എസ് യുക്കാര്‍. പെണ്‍ പിന്തുണയും അവര്‍ക്ക്. ഉജ്വലമായ ആംഗല പ്രഭാഷണം കൊണ്ട് സൂപ്പര്‍ താരമായ സൂജാ ജോണ്‍സ് (പുരുഷനാണ്) ആണ് കെ എസ് യു വിന്റെ അപ്രതിരോധ്യനായ സ്ഥിരം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. മധ്യ തിരുവിതാംകൂര്‍ ജില്ലക്കാരായ വലിയ വിഭാഗത്തിന്റെ പിന്തുണയുള്ള കെ. എസ് സിക്കാരും പ്രബലര്‍.
പാട്ടിനും കളികള്‍ക്കും പ്രസംഗത്തിനും ഒക്കെ കഴിവുള്ള ഇക്കൂട്ടരുടെ മുമ്പന്‍ ഒരു അലക്‌സാണ്ടര്‍ ആയിരുന്നു എന്നാണോര്‍മ്മ. സാറന്‍മാരെയും ടീച്ചര്‍മാരെയും മാത്രമല്ല എല്ലാവരുടെയും പേടി സ്വപ്നമായ പ്രിന്‍സിപ്പല്‍ പണിക്കരച്ചനെയും വരെ സരസമായ പാരഡിപ്പാട്ടുകളാല്‍ പരിഹസിക്കാന്‍ ചിലരെങ്കിലും ധൈര്യപ്പെട്ടിരുന്നു. ('റവറണ്ട് പണിക്കരച്ചോ, പൊന്നു പണിക്കരച്ചോ ഈ തെറി വചനങ്ങള്‍ നിറുത്തൂ, അറിവ് പകര്‍ന്നു തരൂ....' എന്ന് സ്വയംവര കന്യകേ മട്ടില്‍; കോശിവൈദ്യന്‍ സാര്‍ ഒരു കൊച്ചു നിക്കറുമിട്ട് റാക്കറ്റ് ഉയര്‍ത്തി പന്തടിച്ചു കൊണ്ടിരിക്കേ.. എന്ന് ഹം തും ഇക് കമ്രേ മേം... മട്ടില്‍).
നെറ്റിയില്‍ ഒരു കെട്ട് ഒക്കെയായി മുണ്ട് ആവശ്യത്തിലേറെ ഉയര്‍ത്തി മാടിക്കെട്ടി ഒരു അനുയായിസംഘത്തെ നയിച്ച് ഞങ്ങള്‍ പ്രീഡിഗ്രിക്കാരെ വിറപ്പിച്ച് ഒന്നാം നിലയിലെ വരാന്തയിലൂടെ നടന്നു പോകുന്ന ആ പി എസ് യു നേതാവിന്റെ പേര് മറന്നു.
മാര്‍ ഇവാനിയോസ് കോളേജ്
പക്ഷേ അന്ന് ഈ വക അലങ്കാരങ്ങളോ അലമ്പോ ഒന്നും ഇല്ലാതെ, ഇറക്കം ഇല്ലാത്ത ഖദര്‍ ഒറ്റമുണ്ടും ഇറുകിക്കിടക്കുന്ന, ഇസ്തിരി ഇല്ലാത്ത, വില കുറഞ്ഞ ഖദര്‍ ഷര്‍ട്ടും ധരിച്ച്, എപ്പോഴും അല്പം നാണം ദ്യോതിപ്പിക്കുന്ന പുഞ്ചിരിയോടെ, തിരക്കിട്ട ചുവടുകള്‍ വെച്ച് നീങ്ങുന്നതിനിടെ എല്ലാവരോടും മധുരമായി പെരുമാറുന്ന, മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു നേതാവ് കോളേജില്‍ ഉണ്ടായിരുന്നു. ഒന്നാം വര്‍ഷ ഡിസിക്കാരന്‍.
അന്നും അല്പം നാഗരിക ജാടയും മോടിയും പ്രധാനമായിരുന്ന ഇവാനിയോസ് കാമ്പസില്‍, പ്രമാണിമാര്‍ ഒക്കെ ധാരാളം ഉള്ളപ്പോഴും, കാമ്പസിലെ ഏറ്റവും ശക്തമായ സംഘടനയുടെ യൂനിറ്റ് പ്രസിഡന്റായി, അതിസാധാരണക്കാരനായ ഈ വിദൂരമലയോര ഗ്രാമീണന്‍ എങ്ങിനെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് അല്പം അമ്പരന്നിരുന്നു. പിഡിസിക്കാരായ ഞങ്ങളോട് എത്ര സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ആണ് അയാള്‍ പെരുമാറിയത് എന്നോര്‍ക്കുമ്പോള്‍ അന്നേ അയാളില്‍ കണ്ടത് ഒന്നാം തരം നേതൃഗുണം എന്ന് അറിയുന്നു.
പിന്നീട് അയാള്‍ മഹാരാജാസിലേക്ക് പോയി കൂടുതല്‍ വലിയ നേതാവായി. ഒപ്പം പഠിച്ച അന്യമതക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പഴയ ആദര്‍ശ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുമ്പോഴും മാര്‍ ഇവാനിയോസിലെ പഴയ ഗ്രാമീണന്‍ അയാളില്‍ തുടര്‍ന്നു. ഞങ്ങളുടെ സൗഹൃദവും.
ഞാന്‍ മാതൃഭുമി ഇടുക്കി ലേഖകന്‍ ആയ കാലത്ത് അയാളുടെ നാടിനെയും പ്രവര്‍ത്തനത്തെയും കൂടുതല്‍ അടുത്ത് അറിഞ്ഞു. പിന്നീട് പലപ്പോഴും കടുത്ത രാഷ്ട്രീയ താല്‍പര്യവും ഗ്രൂപ്പ് ആവേശവും അയാളെ വ്യക്തി വിദ്വേഷത്തിലേക്കും ഉത്തരവാദിത്തമില്ലാത്ത അപവാദ പ്രചാരണത്തിലേക്കും തള്ളിയെന്ന് തോന്നിയപ്പോഴും മത വിദ്വേഷം, പരിസ്ഥിതി , അമിതാധികാര പ്രയോഗം എന്നീ വിഷയങ്ങളില്‍ അയാള്‍ സുധീരം ശബ്ദം ഉയര്‍ത്തിയത് പഴയ മാര്‍ ഇവാനിയോസ് കാലത്തെ ഓര്‍മ്മിപ്പിച്ചിരുന്നു.
നഷ്ടമായത് നല്ല സുഹൃത്ത്. നല്ല നേതാവ്.
അമ്പത് ആണ്ടിനോട് അടുക്കുന്ന സൗഹൃദത്തിന്റെ നല്ല ഓര്‍മകളോടെ വിട.