തടവറയില്‍ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്ന ഒരു തടവുകാരനായിരുന്നില്ല അംറ. റെക്കോർഡുകളിൽ അത്രക്ക് ഗുരുതരമായ കേസുകളും ഇയാള്‍ക്കെതിരെ ഇല്ല. അതേസമയം ലെവൽ ത്രീ എസ്കോർട്ടാണ് അംറയ്ക്കായി നിയോഗിച്ചിരുന്നത്.
തടവുകാരനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ട് പോകുംവഴി വാഹനം ആക്രമിച്ച് തടവുകാരനെ സ്വതന്ത്രനാക്കി കൊണ്ടുപോവുക. കേള്‍ക്കുമ്പോള്‍ ഒരു ആക്ഷന്‍ സസ്പെന്‍സ് ത്രില്ലര്‍ സിനിമയുടെ കഥയാണോ എന്ന് തോന്നുക സ്വാഭാവികം. എന്നാല്‍ സിനിമയല്ല. കഴിഞ്ഞ 14 -ാം തിയതി ഫ്രാൻസിലെ നോർമൻഡിയിൽ നടന്ന സംഭവമാണ്. 30 വർഷത്തിനിടെ ആദ്യത്തെ സംഭവം. തടവുകാരനെ രക്ഷപ്പെടുത്തി കൊണ്ട് പോകുന്നതിനിടെ നടന്ന വെടിവെയ്പ്പില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 'ദി ഫ്ലൈ' (The Fly) എന്നറിയപ്പെടുന്ന തടവുകാരൻ മുഹമ്മദ് അംറയ്ക്ക് (Mohammed Amra) ഇത്തരം ക്രിമിനലുകളുമായി ബന്ധമുണ്ടായിരുന്നോ എന്ന് അമ്പരക്കുകയാണ് പൊലീസും അയാളുടെ അഭിഭാഷകനും. ഫ്രാന്‍സിന്‍റെ ഉള്ളറകളിലെ മയക്കുമരുന്ന് മാഫിയ ബന്ധത്തിലേക്കാണ് ഈ സംശയം നീളുന്നത്.
ജയില്‍ നിന്നും കോടതിയിലേക്ക് കൊണ്ടു പോകും വഴി, എ 154 ഫ്രീവേയിലെ ടോൾബൂത്ത് കടന്ന് വാഹനം മുന്നോട്ട് എടുത്തുന്നതിനിടെ ഒരു കാർ എതിർവശത്ത് നിന്ന് വാനിലേക്ക് വന്നിടിച്ചു. നിമിഷ നേരത്തിനുള്ളില്‍ ആയുധധാരികൾ പുറത്തിറങ്ങി. പിന്നാലെ പുറകിലൂടെ എത്തിയ മറ്റൊരു ഔഡി കാറിൽ നിന്നും വേറെയും കുറേ പേര്‍ ഇരച്ചിറങ്ങി. പിന്നെ തുരുതുരാ വെടിവെയ്പ്പായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് കുറ്റവാളിയെയും കൊണ്ട് വന്നവര്‍ പോയി. അതാണ് നടന്നത്. കുറ്റവാളിയെ തട്ടിക്കൊണ്ട് പോകാന്‍ ക്രിമിനലുകൾ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിന്നീട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അതും രണ്ടിടത്ത് നിന്ന്. തെളിവുകള്‍ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം.
ഇതുവരെ ഉണ്ടായിട്ടില്ലാത്തത് പോലെയാണ് പ്രതികൾക്കായി ഫ്രാന്‍സിലെമ്പാടും തെരച്ചിൽ നടക്കുന്നത്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച്. രണ്ട് ഉദ്യോഗസ്ഥർ മരിച്ചതോടെ ജയിൽ ജീവനക്കാരും പ്രതിഷേധത്തിലാണ്. കുറ്റവാളികളെ നേരിട്ട് കോടതി ഹാജരാക്കുന്നത് അവസാനിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. വീഡിയോ കോൺഫറൻസ് വഴി കുറ്റവാളികളെ കോടതിയില്‍ ഹജരാക്കുക, സുരക്ഷാ സംഘത്തിൽ കൂടുതൽ അംഗങ്ങൾ വേണം, അങ്ങനെ ഒരുപിടി ആവശ്യങ്ങളും അവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഒന്നാം നമ്പര്‍ പൊതുശത്രുവായി മുഹമ്മദ് അംറയെ പ്രഖ്യാപിച്ച് കഴിഞ്ഞു. പക്ഷേ ദിവസം പത്ത് കഴിഞ്ഞിട്ടും അംറയെ കണ്ടെത്താന്‍ ഫ്രഞ്ച് പോലീസിനോ മറ്റ് അന്വേഷണ സംഘങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല.
ആരാണ് മുഹമ്മദ് അംറ
മുഹമ്മദ് അംറ, മോഷണ കുറ്റത്തിനാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. പക്ഷേ. മരണത്തില്‍ അവസാനിച്ച ഒരു തട്ടിക്കൊണ്ട് പോകൽ കേസിലും ഇയാള്‍ പ്രതിയാണ്. തട്ടിക്കൊണ്ട് പോകുന്നതിന് ഒരാഴ്ച മുമ്പ് അംറ ജയിലഴികൾ മുറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ, അയാളുടെ അഭിഭാഷകന് അമ്പരപ്പാണ്. ഇത്തരത്തിലൊരു മോചനത്തെക്കുറിച്ച് അംറയ്ക്ക് അറിയാമായിരുന്നു എന്ന് വിശ്വസിക്കാൻ ഇഷ്ടമില്ലെന്നാണ് അഭിഭാഷകന്‍റെ പ്രതികരണം.
അംറ ഇതുവരെ 13 കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ കേസ് 15 വയസുള്ളപ്പോഴാണ്, 2009 ൽ. ഇപ്പോഴത്തെ 30 വയസുകാരന്‍ പക്ഷേ, സൂക്ഷ്മമായി നിരീക്ഷണത്തിലായിരുന്ന ഒരു തടവുകാരനായിരുന്നില്ല. റെക്കോർഡുകളിൽ അത്രക്ക് ഗുരുതരമായ കേസുകളും ഇയാള്‍ക്കെതിരെ ഇല്ല. എങ്കിലും ലെവൽ ത്രീ എസ്കോർട്ടാണ് അംറയ്ക്കായി നിയോഗിച്ചിരുന്നത്. കോടതിയിലേക്ക് കൊണ്ട് പോകും വഴി 5 ഉദ്യോഗസ്ഥരുണ്ടായിരുന്നു ഒപ്പം എന്നർത്ഥം. അതില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേരും പരിക്കേറ്റ് ചികിത്സയിലാണ്. കോടതി യാത്രയെക്കുറിച്ച് അറിയാമായിരുന്നു അംറയ്ക്ക്. അത് ആരോടൊക്കെയോ പറഞ്ഞിരുന്നു എന്നും വ്യക്തം.
'സഹകരണമോ, ഏറ്റുമുട്ടലോ വേണ്ടത് തെരഞ്ഞെടുക്കാം'; ലോകരാജ്യങ്ങളോട് വീണ്ടും അധികാരമേറ്റ് പുടിന്‍
മോചിപ്പിക്കാനെത്തിയവർ അത്ര കണ്ട് തയ്യാറെടുപ്പുകളോടെയാണ് എത്തിയത്. ലൈസൻസില്ലാതെ ഡ്രൈവിംഗ്, മോഷണം ഇതൊക്കെയാണ് സ്ഥിരം കേസുകളെങ്കിലും അംറ, മയക്കുമരുന്ന് ശൃംഖലയിലെ മധ്യനിരക്കാരൻ എന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അംറയ്ക്ക് മാർസേയിലെ ബ്ലാക്സ് ഗ്യാഗുമായി (Blacks Gang) ബന്ധമുണ്ടെന്നും. രക്ഷിക്കാനല്ല, ശിക്ഷിക്കാനാണ് അവര്‍ അംറയെ കൊണ്ട് പോയതെന്നും അയാളുടെ അഭിഭാഷകന്‍ സംശയം ഉന്നയിച്ചു. അംറയ്ക്ക് മാര്‍സേലിയിലെ മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധത്തിലേക്കാണ് പൊലീസും വിരൽ ചൂണ്ടുന്നത്. മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ രാജ്യം മുങ്ങിത്താഴുകയാണെന്ന് സെനറ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത് അടുത്തിടെയാണ്.
ഫ്രഞ്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞുവെന്ന് റിപ്പോർട്ട് പറയുന്നു. ഉൾനാട്ടിലും ചെറുപട്ടണങ്ങളിലും വ്യാപകമായ ശൃംഖല. വിദേശ സംഘങ്ങൾ മാത്രമല്ല ആഭ്യന്തര സംഘങ്ങളും രംഗത്ത് സജീവം. മാർസേലിയിലെ പ്രോസിക്യൂട്ടറിന്‍റെ വെളിപ്പെടുത്തല്‍ അനുസരിച്ച് മയക്കുമരുന്ന് സംഘങ്ങൾ മാര്‍സേലിയിലെ കോടതി സംവിധാനത്തെ വരെ സ്വാധീനിച്ചു കഴിഞ്ഞു. മാർസേലിയിൽ മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടലിൽ കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 50 പേരാണെന്ന് അറിയുന്നതോടെ ചിത്രം വ്യക്തമാകുന്നു.
ഫ്രാൻസിലെ മയക്കുമരുന്ന് വ്യവസായത്തിൽ നിന്നുള്ള വരുമാനം 3 ബില്യനാണ്. മാർസേലി പോലെയുള്ള നഗരങ്ങളാണ് മയക്കുമരുന്ന് സിരാകേന്ദ്രം. സ്വാഭാവികമായും കൌമാരക്കാരായ 17 - 18 വയസുള്ളവരാണ് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും. 1930 -കളിൽ മാര്‍സേലി ഫ്രഞ്ച് കണക്ഷന്‍ (Marseille French Connection) എന്ന ശൃംഖലയുടെ കേന്ദ്രമായിരുന്നു. കോർസിക്കൻ പശ്ചാത്തലമുള്ള മാഫിയ സംഘങ്ങളുടെ ശൃംഖല. 70 -കളിൽ സംഘടിത സംഘം ഇല്ലാതെയായി. പക്ഷേ, പകരം ആ ഒഴിവിലേക്ക് 'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന നിലയില്‍ ചില വ്യക്തികൾ കയറിവന്നു. പിന്നാലെ ചെറുസംഘങ്ങളായി തിരിഞ്ഞ ഇവര്‍, ഇന്ന് പരസ്പരം പോരിലാണ്.
മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകിയെത്തുന്ന റോൺ നദിയുടെ അഴിമുഖം ഉള്‍ക്കൊള്ളുന്ന 'ഗൾഫ് ഓഫ് ലയൺ' തീരത്ത് ഏതാണ്ട് 2,500 വര്‍ഷം മുമ്പ് ഉയര്‍ന്നുവന്ന നഗരമാണ് മാര്‍സേലി. നഗരത്തെ രണ്ടായി തിരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം എന്നാണ് വിമർശനം. പാവങ്ങളുടെ നഗരപ്രാന്തം, ക്വാർട്ടിയേ നോർദ്. (Quartier nord) ഏട്ടരലക്ഷത്തിലേറെ പേര്‍ ജീവിക്കുന്ന ഇവിടെ പകുതിയോളം പേര്‍ ദാരിദ്ര രേഖയ്ക്കും താഴെയാണ്. 25 ശതമാനം പേര്‍ തൊഴില്‍ രഹിതര്‍ എന്ന് ദി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമ്പന്നർക്ക് മാത്രമുള്ളതാണ് നഗരഹൃദയം. പണ്ട് പാരീസിലെ കലാപത്തിന് കാരണമായ അതേ കാരണങ്ങൾ തന്നെയാണ് മാർസേലിയയെ, മയക്കുമരുന്ന് ശൃംഖലയുടെ വലയിലേക്ക് തള്ളിവിട്ടത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും നഗരത്തെ വരിഞ്ഞ് മുറുക്കിയിരിക്കുന്നു. മാർസേലിയയ്ക്കായി പ്രസിഡന്‍റ് മക്രോൺ വമ്പൻ പദ്ധതികളും പണവും ചെലവഴിക്കുന്നു. പക്ഷേ, തൊഴിൽ ഇപ്പോഴും കിട്ടാക്കനിയാണ്. മയക്കുമരുന്ന് സംഘങ്ങളാകട്ടെ വളരെ കൂടുതലും. എങ്കിലും സർക്കാർ പരമാവധി ശ്രമിക്കുകയാണ്. സ്കൂളുകൾ, നഗരഹൃദയവുമായി ബന്ധിപ്പിക്കുന്ന പൊതുഗതാഗത സംവിധാനം, സ്ഥിരമായ പൊലീസ് സാന്നിധ്യം, റെയ്ഡുകൾ, ബോധവത്കരണത്തിന് സന്നദ്ധ സംഘടനകള്‍... പക്ഷേ, പൂർണ്ണഫലം ഇതുവരെ ദൃശ്യമായിട്ടില്ലെന്നതിന് തെളിവാണ് അംറയുടെ തട്ടിക്കൊണ്ട് പോകല്‍.
ഉയരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധവും യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രതിസന്ധിയും