രണ്ടാമത്തെ ചിത്രം ഭ്രമണപഥത്തിൽ നിന്ന് കാണുന്നത് പോലെയുള്ള ബഹാമസിൻ്റെ രാത്രിചിത്രമാണ്. മൂന്നാമത്തെ ചിത്രം രാത്രിയിലെ ബോസ്റ്റണിലെ നഗരവിളക്കുകളെ കാണിക്കുന്നു.
യുഎസ് ബഹിരാകാശ ഏജൻസിയായ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) ബഹിരാകാശത്ത് നിന്നുള്ള അതിമനോഹരമായ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് കാഴ്ചക്കാരെ ആകർഷിക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, അടുത്തിടെ നാസ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലെ വിവിധ സ്ഥലങ്ങൾ കാണിക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കായി ഒരു വെർച്വൽ ടൂർ തന്നെയാണ് നാസ ഒരുക്കിയിരിക്കുന്നത്.
“ഏകദേശം ഓരോ 90 മിനിറ്റിലും, അന്താരാഷ്‌ട്ര ബഹിരാകാശ നിലയം മണിക്കൂറിൽ 17,500 മൈൽ (36,000 കിലോമീറ്റർ) വേഗതയിൽ ഭൂമിയെ ചുറ്റുന്നു” എന്ന കുറിപ്പോടെയാണ് നാസ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ചൈനയിൽ നിന്ന് വേർതിരിക്കുന്ന വിശാലമായ പർവതനിരയായ ഹിമാലയത്തെയാണ് ആദ്യത്തെ ചിത്രത്തിൽ പകർത്തിയിരിക്കുന്നത്. ഈ പ്രദേശം നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ആസ്ഥാനമാണ്. ചൈനയുടെ ഭാഗത്ത് മാനസരോവർ തടാകങ്ങളും രാക്ഷസ്താലും കാണാം. ഭൂമിയിൽ നിന്ന് 261 മൈൽ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്നാണ് ചിത്രം പകർത്തിയത്.
രണ്ടാമത്തെ ചിത്രം ഭ്രമണപഥത്തിൽ നിന്ന് കാണുന്നത് പോലെയുള്ള ബഹാമസിൻ്റെ രാത്രിചിത്രമാണ്. മൂന്നാമത്തെ ചിത്രം രാത്രിയിലെ ബോസ്റ്റണിലെ നഗരവിളക്കുകളെ കാണിക്കുന്നു. നാലാമത്തെ ചിത്രം, അറേബ്യൻ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ റിയാദ് ആണ്. അഞ്ചാമത്തെ ചിത്രം മഞ്ഞിൽ പൊതിഞ്ഞ, മെറിംഗുവിനോട് സാമ്യമുള്ള കോസ്റ്റ് പർവതനിരകളെ കാണിക്കുന്നു. ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പർവതനിരയുടെ പരുക്കൻ കൊടുമുടികൾ മഞ്ഞുമൂടി കിടക്കുന്നത് സമ്മാനിക്കുന്നത് മനോഹരമായ കാഴ്ചയാണ്.
നാസയുടെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 500,000 -ലധികം ലൈക്കുകളും 15,000-ലധികം കമൻ്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം