അന്വേഷണത്തിൽ റെയിൽവേ പോർട്ടറോട് 9,000 രൂപ കുടുംബത്തിന് തിരികെ നൽകാൻ ഉത്തരവിടുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
റെയിൽവേ സ്റ്റേഷനിലെ സൗജന്യ വീൽചെയർ സേവനത്തിന് യാത്രക്കാരനിൽ നിന്നും പണം ഈടാക്കിയ പോർട്ടറുടെ ലൈസൻസ് റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തിയ ഒരു എൻആർഐ കുടുംബത്തിൽ നിന്നാണ് സൗജന്യ വീൽചെയർ സേവനത്തിന് ഇയാൾ പണം ഈടാക്കിയത്.
10000 രൂപയാണ് ഇയാൾ വീൽചെയർ സഹായത്തിനും ലഗേജ് കൈകാര്യം ചെയ്യുന്നതിനുമായി ഇവരുടെ കൈയിൽ നിന്നും അനധികൃതമായി കൈപ്പറ്റിയത്. എന്നാൽ, റെയിൽവേ സ്റ്റേഷനുകളിൽ ഈ സേവനം സൗജന്യമാണെന്ന് അറിഞ്ഞപ്പോൾ യാത്രക്കാരന്റെ മകൾ പായൽ നൽകിയ പരാതിയിലാണ് റെയിൽവേ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
അന്വേഷണത്തിൽ റെയിൽവേ പോർട്ടറോട് 9,000 രൂപ കുടുംബത്തിന് തിരികെ നൽകാൻ ഉത്തരവിടുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഗുജറാത്ത് സ്വദേശികളായ കുടുംബം ഡിസംബർ 28 -നാണ് ആഗ്രയിലേക്ക് പോകുന്നതിനായി ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തിയത്. അവിടെവച്ചാണ് ഇവർ വീൽചെയർ സേവനത്തിനും ലഗേജുകൾ കൊണ്ടുപോകുന്നതിനുമായി ഒരു ചുമട്ടുതൊഴിലാളിയെ സഹായത്തിനായി വിളിച്ചത്. ഈ അവസരം മുതലാക്കിയാണ് ഇയാൾ 10,000 രൂപ കുടുംബാംഗങ്ങളിൽ നിന്നും വാങ്ങിയത്.
ആഗ്രയിലെത്തിയപ്പോൾ, ഒരു ടാക്സി ഡ്രൈവറോട് ഇക്കാര്യം പങ്കുവച്ചപ്പോഴാണ് തങ്ങൾ ചൂഷണത്തിന് ഇരയായ കാര്യം ഇവർ അറിയുന്നത്. ചുമട്ടുതൊഴിലാളികൾക്ക് അവരുടെ സേവനങ്ങൾക്ക് ചെറിയ തുക മാത്രമേ ഈടാക്കാൻ കഴിയൂ എന്ന് മനസ്സിലാക്കിയ പായൽ ചുമട്ടു തൊഴിലാളിക്കെതിരെ റെയിൽവേയിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തോട് പ്രതികരിച്ച റെയിൽവേ ഇത്തരം രീതികൾ ഒരിക്കലും റെയിൽവേ പ്രോത്സാഹിപ്പിക്കല്ലെന്നും കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. റെയിൽവേയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ ഉള്ളവർക്ക് 139 എന്ന ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് പരാതികൾ അറിയിക്കാമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.