മുന്നില്‍ ആളിക്കത്തുന്ന കാര്‍, ചിന്നിച്ചിതറിയ മാര്‍ബിള്‍, ആണികള്‍, ക്ഷേത്രത്തിനടുത്തുള്ളവര്‍ പുലര്‍ച്ചെ കണ്ടത്

By Suhail Ahammed  |  First Published Oct 31, 2022, 4:09 PM IST

തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള ഉക്കടം സംഗമേശ്വര ക്ഷേത്രത്തിനടുത്തുണ്ടായ കാര്‍സ്‌ഫോടനം പുതിയ തലങ്ങളിലേക്ക് വളരുകയാണ്. സംഭവത്തിന്റെ തുടക്കം മുതല്‍ ആ വിഷയം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍ സുഹൈല്‍ അഹമ്മദിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട്. ദൃക്‌സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥരുമായി നേരിട്ടു സംസാരിച്ച അനുഭവങ്ങള്‍ കൂടി സുഹൈല്‍ ഇവിടെ പങ്കുവെയ്ക്കുന്നു
 


2022 ഒക്ടോബര്‍ 22. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള ഉക്കടം. 

പ്രശസ്തമായ  സംഗമേശ്വര ക്ഷേത്രത്തിനു സമീപത്തുള്ളവര്‍ അന്നും പതിവു പോലെത്തന്നെയാണ് കിടന്നുറങ്ങിയത്. എന്നാല്‍ രാവിലെ ക്ഷേത്രത്തിലെ  പതിവ്  കീര്‍ത്തനം കേട്ടല്ല അവര്‍ ഉണര്‍ന്നത്. പകരം കാതടപ്പിക്കുന്ന ശബ്ദമാണ് പലരേയും വിളിച്ചുണര്‍ത്തിയത്.  രണ്ട് പൊട്ടിത്തെറികളുടെ ഞെട്ടിക്കുന്ന ശബ്ദം! 

Latest Videos

undefined

പിന്നെ കേട്ട വാര്‍ത്തകള്‍ നാട്ടുകാര്‍ക്ക് അവിശ്വസനീയമായിരുന്നു. ഇരുട്ടുമാറി ദീപാവലിത്തലേന്നത്തെ സുര്യനുദിച്ചതോടെ, ചെവികളില്‍ നിന്ന് ചെവികളിലേക്ക് ആ വാര്‍ത്ത പരന്നു. ക്ഷേത്രത്തിന് മുമ്പില്‍ സ്‌ഫോടനം. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. അപകടമാണെന്ന് സംശയം. 


ആദ്യമെത്തിയവര്‍ പറയുന്നത് 

സംഗമേശ്വര ക്ഷേത്രത്തിനു സമീപം രണ്ട് പാല്‍ ഏജന്റുമാരുണ്ട്. സെന്തില്‍ കണ്ണനും സുന്ദരനാഥും.  പുലര്‍ച്ചെ നാലുമണിയോടെ പാലെത്തും. പിന്നെ ഓരോ തെരുവിലും പാല്‍ വിതരണം ചെയ്യും. അതാണ് അവരുടെ രീതി. അന്നവര്‍ ഉറക്കച്ചടവില്‍ നിന്ന് മുക്തമാകും മുമ്പ് കേട്ടത് സ്‌ഫോടനത്തിന്റെ ശബ്ദമാണ്. 

''ക്ഷേത്രത്തിന് തൊട്ടടുത്താണ് വീട്. പുറത്തിറങ്ങി നോക്കിയപ്പോള്‍, അമ്പലത്തിന് മുന്നിലൊരു കാറില്‍ നിന്ന് പുക വരുന്നു. അടുത്തേക്ക് പോകാന്‍ നോക്കുമ്പേഴേക്കും വീണ്ടും കാതടപ്പിക്കുന്ന ശബ്ദം. തീ പടര്‍ന്നു. ക്ഷേത്രത്തിന് സമീപത്തുള്ള ആലിലയിലേക്ക് പടരാന്‍ പാകത്തിന് തീ ആളിക്കത്തുന്നുണ്ടായിരുന്നു''- സെന്തില്‍ കണ്ണന്‍ ഓര്‍ക്കുന്നു.  

നൂറു മീറ്റര്‍ അപ്പുറത്ത് കോവില്‍ റോഡ് അവസാനിക്കുന്നിടത്ത് പൊലീസിന്റെ താല്‍ക്കാലിക പോസ്റ്റുണ്ട്. ദീപാവലി സുരക്ഷയുടെ ഭാഗമായി റോന്ത് ചുറ്റുന്നതിനിടെ ഉക്കടം സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ശെല്‍വരാജും കേട്ടു, പൊട്ടിത്തെറിയുടെ ശബ്ദം. അമ്പലത്തിന് സമീപത്തുള്ള  ട്രാന്‍സ്‌ഫോമറില്‍ അപകടമുണ്ടായതാകാം എന്നാണ് ആദ്യം കരുതിയത്. രണ്ടാമത്തെ സ്‌ഫോടനം ഉണ്ടാവുകയും അസ്വാഭാവികമായ നിലയില്‍ തീ പടര്‍ന്നതും കണ്ടതോടെ ശെല്‍വരാജ് പാഞ്ഞെത്തി. 

മുന്നില്‍ ആളിക്കത്തുന്ന കാര്‍,  ചിന്നിച്ചിതറിയ മാര്‍ബിള്‍, ആണികള്‍, ഗോലികള്‍. മുകളിലെ ആലിലയിലേക്ക് തീപടരുമോ എന്ന ഭീതി വേറെ. അതിവേഗം ഫയര്‍ ബ്രിഗേഡിലേക്ക് വിവരം കൈമാറി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മുന്നറിയിപ്പ് നല്‍കി. തൊട്ടപ്പുറത്ത് നില്‍ക്കുന്ന സെന്തിലിനേയും സുന്ദര്‍നാഥിനേയും കൂട്ടി റോഡിലെ പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് തീയണയ്ക്കാന്‍ ശ്രമിച്ചു. 

അത് ഫലവത്തല്ലെന്ന് കണ്ട് നിരാശപ്പെടും മുമ്പ് കോയമ്പത്തൂര്‍ സൗത്ത് സ്റ്റേഷനില്‍ നിന്ന്  ഫയര്‍ ബ്രിഗേഡ് കുതിച്ചെത്തി തീകെടുത്തി.  അപ്പോഴാണ്, കാറിന് സമീപം ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്ന്  പൊള്ളലേറ്റ മൃതദേഹം കണ്ടത്. രണ്ട് സിലിണ്ടറുകള്‍ ശ്രദ്ധിച്ചത്. ഒന്നു പൊട്ടിയതും മറ്റൊന്ന് പൂര്‍ണമായി ഗ്യാസുള്ളതും. 

അനുഭവ പരിചയം ഏറെയുള്ള ശെല്‍വരാജിന്റെ കണ്ണില്‍ മറ്റ് ചിലത് കൂടി ഉടക്കി. ചിന്നച്ചിതറിയ മാര്‍ബിള്‍ കഷ്ണങ്ങള്‍, ആണി, ഗോലി. ദീപാവലിത്തലേന്ന് ഒരമ്പലത്തിന് മുമ്പിലുണ്ടായ അപകടത്തിന്റെ ഗൗരവം ആദ്യം പതിഞ്ഞതും ശെല്‍വരാജിന്റെയുളളില്‍ തന്നെയാണ്. സ്‌ഫോടനത്തിന്റെ തീ അണഞ്ഞിട്ടും മനസ്സിലെ കനല്‍ എരിഞ്ഞില്ലെന്ന് സംഭവം വിശദീകരിക്കവെ, എസ് ഐ ശെല്‍വരാജ്  പറയുന്നുണ്ടായിരുന്നു. 

രണ്ടേ രണ്ട് തുമ്പുകള്‍ മാത്രം 

നേരം വെളുത്ത് ആളേറെ എത്തും മുമ്പ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കോയമ്പത്തൂരിന്റെ മണ്ണില്‍ ഇഴചേര്‍ന്നു നില്‍ക്കുന്ന ഭീതിയെയും അതു വളമാക്കാന്‍ കാത്തുനില്‍ക്കുന്ന ചെടികളെ കുറിച്ചും ധാരണയുള്ള പൊലീസ് കരുതലോടെ തന്നെയാണ് നീങ്ങിയത്.

സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചെന്നാണ് പ്രാഥമികമായി അറിയിച്ചത്. റോഡ് അടച്ചു. പ്രദേശം പൊലീസ് വലയത്തിലാക്കി. നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കരുതല്‍ തുടര്‍ന്നു. ഒപ്പം, സൈന്യത്തെ ഇറക്കി സുരക്ഷ ഇരട്ടിയാക്കി. 

രണ്ടേ രണ്ട് തുമ്പ് മാത്രമേ പൊലീസിന് ഉണ്ടായിരുന്നുള്ളൂ. ഒന്ന്, സ്‌ഫോടനം നടന്ന സ്ഥലത്ത് പാതി പൊള്ളലേറ്റ് കിടന്ന മൃതദേഹം. മറ്റൊന്ന് മാരുതി കാറിന്റെ നമ്പര്‍. 

തമിഴ്‌നാട് ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെത്തിയതോടെ മരിച്ചയാളെ അതിവേഗം തിരിച്ചറിഞ്ഞു. പേര് ജമേഷ മുബീന്‍. 2019-ല്‍ എന്‍ഐഎ ചോദ്യംചെയ്ത് വിട്ടയച്ച വ്യക്തി. ഐഎസ് അനുഭാവം സംശയിച്ചതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.  എന്‍ ഐ എ നിര്‍ദേശ പ്രകാരം തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം ജമേഷ മുബീനെ കുറച്ചുകാലം  പിന്തുടര്‍ന്നിരുന്നു. സംശയാസ്പദമായ വിവരങ്ങളോ, ബന്ധങ്ങളോ ഇല്ലാത്തത് കൊണ്ട് നിരീക്ഷണം ഒഴിവാക്കി. ആ ജമേഷ മുബീനാണ് മരിച്ച് കിടക്കുന്നത്. 

അതോടെ അയാളുടെ മുന്‍ ഫയലുകളിലൂടെ പൊലീസ് കയറിയിറങ്ങാന്‍ തുടങ്ങി. 

മറ്റൊന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റാണ്. അതിനു പിന്നാലെയും അന്വേഷണം നീണ്ടു. പൊട്ടിത്തെറിച്ച കാര്‍ ആരുടേതാണെന്ന് കണ്ടെത്താായിരുന്നു ആദ്യ ശ്രമം. മാരുതി 800 ആണ് വാഹനം. മോട്ടോര്‍ വാഹന വകുപ്പുമായി നടത്തിയ പരിശോധനയില്‍ പത്ത് തവണ അത് കൈമാറ്റം ചെയ്യപ്പെട്ടതായി പ്രാഥമിക വിവരമെത്തി. വാഹനത്തിന്റെ ഒടുവിലത്തെ ഉടമയെ കണ്ടെത്തിയ പൊലീസ്,  ആക്രിവിലയ്ക്ക് കോയമ്പത്തൂരിലെ ഉക്കടം സ്വദേശിക്ക് ആ കാര്‍ വിറ്റതായി സ്ഥിരീകരിച്ചു.  

കാട്ടുതീ പോലെ വാര്‍ത്ത, ഉടനടി അന്വേഷണ സംഘങ്ങള്‍

ക്ഷേത്രത്തിന് മുമ്പിലെ സ്‌ഫോടനത്തെക്കുറിച്ച് വിവരങ്ങള്‍ പരക്കാന്‍ തുടങ്ങിയിരുന്നു. കിട്ടിയ വിവരങ്ങള്‍ വച്ച്, നടന്നത് ചാവേറാക്രമണം എന്ന മട്ടില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം തീര്‍പ്പുകള്‍ വന്നു തുടങ്ങിയിരുന്നു. വര്‍ഗീയ പോസ്റ്റുകളും അതിവേഗം പ്രചരിക്കപ്പെട്ടു. കോയമ്പത്തൂരിന്റെ  സാമൂഹികാവസ്ഥ പ്രകാരം എന്തും സംഭവിക്കാന്‍ പാകത്തിലായിരുന്നു വാര്‍ത്തകള്‍ പരന്നത്. 

പത്തരയോടെ തന്നെ ക്രമസമാധാന ചുതലയുള്ള എഡിജിപി താമരൈക്കണ്ണന്‍ കോയമ്പത്തൂരിലേക്ക് പാഞ്ഞെത്തി. അധികം വൈകാതെ ഡിജിപി ശൈലേന്ദ്രബാബുവും കോയമ്പത്തൂരിലെത്തി. സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ അതുവരെ കിട്ടിയ വിവരങ്ങള്‍ ഓരോന്നും അവര്‍ ഇഴകീറി പരിശോധിച്ചു. സര്‍വീസിലെ മികവുറ്റ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. 

കോയമ്പത്തൂരിന്റെ സാമൂഹിക സ്വഭാവം അറിയുന്ന, മുമ്പവിടെ ജോലി ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി യോഗങ്ങളില്‍ ഉള്‍പ്പെടുത്തി. എന്താണ് സംഭവിച്ചത്, എങ്ങനെയാകണം അന്വേഷണം എന്ന് ആലോചന തുടങ്ങി.  ആറു സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചു. ബോംബ് സ്‌ക്വാഡ്, ഫൊറന്‍സിക് വിഭാഗം വിദഗ്ധര്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയായിരുന്നു അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചത്.

പൊലീസ് ജമേഷ മുബീന്റെ വീട്ടില്‍

അതിനിടെ ഒരു സുപ്രധാന വിവരം കിട്ടി. സംഗമേശ്വര ക്ഷേത്രത്തില്‍ നിന്ന് കഷ്ടി അരക്കിലോമീറ്റര്‍ ദൂരമേ ജമേഷ മുബീന്റെ വിട്ടിലേക്കുള്ളു എന്നു പൊലീസ് സ്ഥിരീകരിച്ചു. എച്ച് എം പി ആര്‍ സ്ട്രീറ്റിലെ ഒരു ഫ്‌ലാറ്റില്‍ രണ്ടാംനിലയില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു ജമേഷ മുബീന്‍. 

അതീവ രഹസ്യമായി പൊലീസ് ജമേഷ മുബീന്റെ വീട്ടിലെത്തി. വീട്ടില്‍ നടന്ന പരിശോധനയില്‍ 76.5 കിലോഗ്രാം  സ്‌ഫോട വസ്തു ചേരുവ കണ്ടെത്തി. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ എന്നിവയാണ് കണ്ടെത്തിയത്. രണ്ടു മുറിവീട്ടില്‍, നിറയെ പലതരം സാധനങ്ങള്‍. ടോയിലറ്റില്‍ അടക്കം സംശയാസ്പദമായ പലതും കണ്ടുകിട്ടി.  

ഫ്‌ലാറ്റിന് സമീപത്തെ സിസിടിവികളും പൊലീസ് പരിശോധിച്ചു. അപ്പോഴാണ്, ഫ്‌ലാറ്റിന്റെ താഴത്തെ നിലയില്‍ വച്ച് മുബീനും മറ്റുചിലരും ചേര്‍ന്ന് വെള്ളച്ചാക്കില്‍ ചില സാധനങ്ങള്‍  കൊണ്ടുപോകുന്നതായി കണ്ടെത്തിയത്. വിഡിയോയില്‍ ഉണ്ടായിരുന്നവരെ വൈകാതെ പൊലീസ് തിരിച്ചറിഞ്ഞു. ഉടന്‍തന്നെ അവരെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ത്വല്‍ഹ, മുഹമ്മദ് അസ്ഹറുദ്ദീന്‍,  മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മായില്‍, മുഹമ്മദ് നവാസ് ഇസ്മായില്‍. എല്ലാവരും ഉക്കടം ജിഎം നഗറിലും പരിസരത്തുമായി താമസിക്കുന്നവര്‍. അഞ്ചുപേരുടെ അറസ്റ്റ് ഒക്ടോബര്‍ 24ന് വൈകിട്ടോടെ പൊലീസ് രേഖപ്പെടുത്തി. പ്രതികളുടെ പശ്ചാത്തലവും പൊലീസ് അതിവേഗം തിരിച്ചറിഞ്ഞു.

1998 -ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ സൂത്രധാരന്‍ എസ്.എ. ബാഷയുടെ സഹോദരനായ നവാബ് ഖാന്റെ  മകനായിരുന്നു അറസ്റ്റിലായ മുഹമ്മദ് ത്വല്‍ഹ. ജമേഷ മുബീന് കാര്‍ കൈമാറിയതു ത്വല്‍ഹയാണെന്ന് പൊലീസ്  ചോദ്യം ചെയ്യലിനിടെ സ്ഥിരീകരിച്ചു. അറസ്റ്റിലായവരില്‍ ഫിറോസ് ഇസ്മായില്‍ വിദേശത്തു ജോലി ചെയ്യവെ ഐഎസ് ബന്ധം കണ്ടെത്തിയ ആളാണ്. 2019-ൽ ഇയാളെ ഇന്ത്യയിലേക്ക്  തിരിച്ചയക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ ജമേഷ മുബീന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരെയെല്ലാം പൊലീസ് നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെയാണ് ആറാമത്തെ അറസ്റ്റുണ്ടാകുന്നത്. അഫ്‌സര്‍ ഖാന്‍-ജമേഷ മുബീന്റെ ബന്ധു. 

സ്‌ഫോടക വസ്തുശേഖരം എവിടെ നിന്ന്? 

ഇത്രയുമേറെ സ്‌ഫോടക വസ്തു ചേരുവ കിട്ടിയത് എങ്ങനെയാണ്. പൊലീസിനെ അലട്ടിയ ചോദ്യമായിരുന്നു ഇത്. ഒരുമിച്ച് വാങ്ങിയതാകില്ല എന്നായിരുന്നു പൊലീസിന്റെ ആദ്യം മുതലേയുള്ള സംശയം. സിറ്റി പൊലീസ് കമ്മീഷണര്‍ അത് സ്ഥിരീകരിക്കുകയും ചെയ്തു. അഫ്‌സര്‍ ഖാന്റെ അറസ്റ്റോടെയാണ് അതില്‍ കൂടുതല്‍ വ്യക്തത വന്നത്. വിന്‍സന്റ് സ്ട്രീറ്റിലെ അഫ്‌സര്‍ ഖാന്റെ വീട് പരിശോധിച്ചപ്പോള്‍ പൊലീസ് ഒരു ലാപ്‌ടോപ്പ് പിടിച്ചെടുത്തിരുന്നു. ലാപ്‌ടോപ്പ് സൈബര്‍ അനാലിസിസിന് വിധേയമാക്കിയപ്പോള്‍ ജമേഷ മുബീന്റെ വീട്ടില്‍ കണ്ടെത്തിയ ചില വസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങിയവയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതില്‍ സ്‌ഫോടക വസ്തു ചേരുവകള്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും കോയമ്പത്തൂര്‍ പൊലീസ് കത്തെഴുതിയെന്നും വിശദമായ ഇടപാടു വിവരം ശേഖരിക്കുന്നതായും സിറ്റി പൊലീസ് കമ്മീഷണര്‍ വി. ബാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അപ്പോഴും പൊട്ടാസ്യം, അലൂമിനിയം പൗഡര്‍, സള്‍ഫര്‍ എന്നിവയെ കുറിച്ചുള്ള അവ്യക്ത നീങ്ങിയില്ല. ഇതോടെ, കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്ത് കോയമ്പത്തൂരില്‍ വിതരണം ചെയ്ത് മുന്‍ പറഞ്ഞ സാധനങ്ങളുടെ വിവരവും പൊലീസ് ആവശ്യപ്പെട്ടു. ഓര്‍ഡര്‍ ചെയ്തയാളുടെ വിലാസം, സാധനം ആവശ്യപ്പെട്ട അളവ്, പണം നല്‍കിയ രീതി, വിതരണം ചെയ്ത സ്ഥലം എന്നിവയാണ് പൊലീസ്  ഇ- കൊമേഴ്‌സ് സ്ഥാപനങ്ങളോട് തേടിയത്. 

വലിയ അളവില്‍ സ്‌ഫോടക ചേരുവകള്‍ കണ്ടെത്തിയതും മരിച്ച ജമേഷ മുബീന്റെ ശരീരത്തില്‍ കത്താന്‍ ഉപയോഗിക്കുന്ന രാസലായനിയുടെ അംശം കണ്ടെത്തുകയും ചെയ്തതോടെ, പൊലീസ് പ്രതികളെ ഒറ്റക്കും കൂട്ടമായും പലകുറി ചോദ്യം ചെയ്തു. 

ലക്ഷ്യമിട്ടത് കൂട്ടക്കുരുതി എന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ജമേഷ മുബീന്റെ വീട്ടില്‍ നിന്ന് സംശയാസ്പദമായി  കണ്ടെത്തിയ ക്ഷേത്രങ്ങളുടേയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും  വിവരങ്ങള്‍ പൊലീസീന്റെ സംശയങ്ങള്‍ ബലപ്പെടുത്തിയെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 

ചാവേര്‍ ആക്രമണമായിരുന്നോ ലക്ഷ്യമെന്നതും സ്‌ഫോടന വസ്തുക്കളുമായി വാഹനം മറ്റൊരിടത്തേക്ക് പോകുമ്പോഴുണ്ടായ അപകടമാണോ സംഗമേശ്വര ക്ഷേത്രത്തിനു മുന്നില്‍ ഉണ്ടായത് എന്നതും അന്വേഷണത്തിലൂടെ തെളിയിക്കപ്പെടണം.  മുബീന്റെ ഒടുവിലെത്ത വാട്‌സാപ്പ് സ്റ്റാറ്റസ് ഉള്ളടക്കം പങ്കുവച്ച് ഇതൊരു ചാവേറാക്രമണമായിരുന്നു എന്നാണ് പൊലീസ് എത്തിയ നിഗമനം. 'എന്റെ മരണവാര്‍ത്ത കേട്ടാല്‍, അപരാധനങ്ങള്‍ പൊറുത്തു തരണം, മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം' എന്നായിരുന്നു വാട്‌സാപ്പ് സ്റ്റാറ്റസ്. 


പ്രതികള്‍ക്ക് കേരള ബന്ധമോ?

ജമേഷ മുബീന്‍ പലതവണ കേരളത്തില്‍ വന്നെന്ന് ആദ്യം മുതലേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളത്തിലെ ജയിലുകളില്‍ തീവ്രവാദക്കേസില്‍ കഴിയുന്നവരെ കാണാനാണോ ഇത് എന്നതായിരുന്നു സംശയം. 

എന്നാല്‍ മുബീന്റെ സന്ദര്‍ശനം മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണെന്ന് സ്ഥിരീകരിച്ചതായി കമ്മീഷണര്‍ തന്നെ പറയുകയുണ്ടായി. എന്നാല്‍, ചികിത്സാവശ്യം മറയാക്കി മറ്റുവല്ലതുമുണ്ടായോ എന്ന് അന്വേഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതികളില്‍ മറ്റു ചിലര്‍ കേരളം സന്ദര്‍ശിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍, റാഷിദ് അലി എന്നിവരെ ഫിറോസ് ഇസ്മായില്‍ സന്ദര്‍ശിച്ചു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പങ്കുവയ്ക്കുന്ന വിവരം. 


എന്‍ ഐ എ വരുന്നു

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന സ്‌ഫോടനത്തിലെ സുത്രധാരന്‍ സെഹ്‌റാന്‍ ഷാഹ്മിയുമായി ബന്ധമുണ്ടായിരുന്നവരുടെ കൂട്ടത്തിലാണ് ജമേഷ മുബീന്‍ എന്ന് പൊലീസ് കണ്ടെത്തി. ജമേഷ മുബീന്‍ സെഹ്‌റാന്റെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു എന്നും പൊലീസ് വ്യത്തങ്ങള്‍ പറയുന്നു. 
 
അറസ്റ്റിലായ ത്വല്‍ഹ, 1998 -ലെ  കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിനെ തുടര്‍ന്ന് കോയമ്പത്തൂര്‍  ജയിലില്‍ കഴിയുന്ന  നവാബ് ഖാന്റെ മകനാണ്. നവാബ് ഖാനാകട്ടെ, അല്‍ ഉമ്മ സ്ഥാപകനും കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ സൂത്രധാരനുമായ എസ്.എ.ബാഷയുടെ സഹോദരനും. 

സ്‌ഫോടനത്തിനു പിന്നാലെ, തമിഴ്നാട്ടിലെ പ്രതിപക്ഷമായഎ ഐ ഡി എം കെയും ബിജെപിയും സ്റ്റാലിന്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്റലിജന്‍സ് പരാജയം എന്നായിരുന്നു നേതാക്കളുടെ ആരോപണം. കേസ് എന്‍ഐക്ക്  വിടണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ട് കൊണ്ടേയിരുന്നു. 

ഒക്ടോബര്‍ 26-ന് ചെന്നൈയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ അടിയന്തര യോഗം വിളിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയുമൊക്കെ യോഗത്തിനെത്തി. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ ശുപാര്‍ശ നല്‍കി. 

ഇതിനോടകം തന്നെ എന്‍ ഐ എയുടെ യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടായിരുന്നു. ഡിഐജി കെ.ബി. വന്ദന, എസ്പി ശ്രീജിത്ത് എന്നിവരാണ് പ്രാഥമിക വിവരശേഖരണം തുടങ്ങിയത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലിരിക്കെ ഇവര്‍ ചോദ്യം ചെയ്യുകയുമുണ്ടായി.  

ഒക്ടോബര്‍ 27-നാണ് എന്‍ ഐ എ  കോയമ്പത്തൂര്‍ ഉക്കടം ക്ഷേത്രത്തിന് മുന്നിലെ സ്‌ഫോടനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അസ്വാഭാവിക മരണത്തിനും സ്‌ഫോടനത്തിനുമായിരുന്നു കേസ് എടുത്തത്. 

കോയമ്പത്തൂര്‍ നഗരത്തില്‍ ഇപ്പോഴും കനത്ത സുരക്ഷ തുടരുകയാണ്. 3000 പൊലീസുകാരെ വിന്യസിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. തമിഴ്‌നാട് സൈബര്‍ വിങ് പ്രതികളുടെ ഫോണുകളും സാമൂഹിക മാധ്യമങ്ങളും വിശദമായി പരിശോധിക്കുകയാണ്.  സ്‌ഫോടനം നടത്താന്‍ പ്ലാനിട്ട സ്ഥലങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍,  പ്രതികളുടെ ഫോണ്‍ അടക്കം പരിശോധിച്ച് അടുത്ത കാലത്ത് സഞ്ചരിച്ച സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് പുരോഗമിക്കുകയാണ്. 

click me!