കാലാവസ്ഥാ വ്യതിയാനം: പ്രകൃതിയൊരുക്കിയ മഹാത്ഭുതത്തിന് മരണമണി

By Gopika Suresh  |  First Published Mar 30, 2020, 6:42 PM IST

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റിന്‍ കൂട്ടങ്ങളായ ഗ്രേറ്റ് ബാരിയര്‍ റീഫ്  കൂട്ട വംശനാശത്തിനിരയാകുന്നു
 


ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുകളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫുകള്‍ വീണ്ടും വംശനാശഭീഷണിയില്‍. അഞ്ചു വര്‍ഷത്തിനിടെ മൂന്നാം തവണയും ഇവ കോറല്‍ ബ്ലീച്ചിങ് ഭീഷണി നേരിടുന്നതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോയാണ് വ്യക്തമാക്കുന്നത്. ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്ക് അതോറിറ്റ വെബ്സൈറ്റാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇതിനുമുന്‍പ് 2016 ലും 2017ലും ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റ് സമൂഹങ്ങള്‍ വ്യാപകമായ ബ്ലീച്ചിങ് നേരിട്ടിരുന്നു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് സമുദ്രതാപനില വര്‍ദ്ധിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് വഴിവെച്ചത്.

സമുദ്ര ജലത്തിന്റെ താപനില വര്‍ധിക്കുന്നത് ഉഷ്ണമേഖലാ പവിഴപ്പുറ്റുകളുടെ നാശത്തിലേക്ക് വഴി വെക്കും. കാരണം, ചെറിയ താപനില മാറ്റങ്ങള്‍ മാത്രമേ അവയ്ക്ക് അതിജീവിക്കാനാകു. ജലം ചൂടാകുമ്പോള്‍ കോറലുകള്‍ അവയില്‍ വസിക്കുന്ന 'സൂക്സാന്താല്ലേ' അല്‍ഗകളെ പുറംതള്ളുന്നു. അതുമൂലം പവിഴപ്പുറ്റുകളുടെ നിറം നഷ്ടപ്പെട്ടു അവ വെളുത്ത നിറത്തിലാകുന്നു. ഇതാണ് കോറല്‍ ബ്ലീച്ചിങ്. 'സൂക്സാന്താല്ലേ' അല്‍ഗകളാണ് അവയ്ക്ക് വിശേഷമായ നിറങ്ങള്‍ പ്രധാനം ചെയ്യുന്നത്. ചെറിയരീതിയിലോ മിതമായ രീതിയിലോ ഉള്ള ബ്ലീച്ചിങ് ആണെങ്കില്‍ പില്‍ക്കാലത്ത് ആല്‍ഗകളെ വീണ്ടെടുത്ത് കോറലുകള്‍ക്ക് രക്ഷപ്പെടാനാവും. പക്ഷെ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് കടുത്ത ബ്ലീച്ചിങ്ങിന് ഇരയായാല്‍ ക്രമേണ കോറലുകള്‍ പൂര്‍ണ്ണമായി നശിക്കും.

Latest Videos

undefined

2300ഓളം കിലോമീറ്ററുകളിലേറെ നീണ്ടുകിടക്കുന്നതാണ് ഓസ്ട്രേലിയയുടെ ക്യുന്‍സ് ലന്‍ഡ് തീരത്തിനോടടുത്ത് കടലില്‍ സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബാരിയര്‍ റീഫുകള്‍. 1981ല്‍ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി ഗ്രേറ്റ് ബാരിയര്‍ റീഫുകളെ പ്രഖ്യാപിച്ചിരുന്നു. പ്രകൃത്യാ ഉള്ള 7 ലോക മഹാത്ഭുതങ്ങളില്‍ ഒന്നായി ഇവയെ കണക്കാക്കുന്നു.

ഇവയുടെ പലഭാഗങ്ങളിലും ബ്ലീച്ചിങ്ങിന്റെ തീവ്രത വ്യത്യസ്തമാണ്. എങ്കിലും വര്‍ഷങ്ങള്‍ തോറും കൂടുതല്‍ ഭാഗങ്ങള്‍ നശിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ഇവിടെയുള്ള പവിഴപ്പുറ്റ് സമൂഹങ്ങളുടെ ഒരുപാട് ഭാഗങ്ങള്‍ സ്ഥിരമായി നശിച്ചു. പവിഴപ്പുറ്റുകളുടെ നാശം മാത്രമല്ല, സമുദ്രത്തിലെ ആവാസവ്യവസ്ഥയുടെ നാശത്തിനാണ് ഇതോടെ വഴിയൊരുങ്ങൂക. കാലാവസ്ഥ വ്യതിയാനവും മലിനീകരണവുമാണ് പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാവുന്നത്.

click me!