ക്ഷമിക്കണം, നിങ്ങളുടെ നിലവിലെ റോളിനായി ഞങ്ങൾക്ക് ബജറ്റില്ല, നിങ്ങളുടെ എക്സ്പീരിയൻസ് അനുസരിച്ചുള്ള റോൾ ഇല്ല, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ കഴിയുമോ തുടങ്ങിയ മറുപടികളാണ് 5 മാസത്തിനുള്ളിൽ തനിക്ക് ലഭിച്ചത് എന്നും കമലേഷ് പറയുന്നു.
ചിലപ്പോൾ നമ്മൾ പഠിച്ച കോഴ്സുകൾ, ചെയ്യുന്ന ജോലികൾ ഒന്നും തന്നെ നമുക്ക് ജീവിക്കാനുള്ള പണം തരണം എന്നില്ല. മാത്രമല്ല, പലപ്പോഴും അഭ്യസ്തവിദ്യരായ ആളുകൾ പോലും സ്ഥിരതയുള്ള ഒരു ജോലി കണ്ടെത്താനാകാതെ നട്ടം തിരിയേണ്ടുന്ന അവസ്ഥയിൽ എത്താറുണ്ട്. അതുപോലെ, ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നിലവിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ്.
ലിങ്ക്ഡ്ഇന്നിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഗ്രാഫിക് ഡിസൈനറായിട്ടാണ് യുവാവ് വർഷങ്ങളോളം ജോലി ചെയ്തിരുന്നത്. എന്നാൽ, പിന്നീട് ആ മേഖലയിൽ നല്ലൊരു ജോലി കിട്ടാതെ പോയപ്പോഴാണ് യുവാവിന് ഓട്ടോ ഓടിക്കേണ്ടി വന്നത്.
മുമ്പ് അസിസ്റ്റൻ്റ് ക്രിയേറ്റീവ് മാനേജരായിരുന്നു കമലേഷ് കാംതേകർ എന്ന യുവാവ്. 14 വർഷം ജോലി ചെയ്തു. എന്നാൽ, ആ ജോലി പോയ ശേഷം പുതിയൊരു ജോലി കണ്ടെത്താനായില്ല. ഒരുപാട് റെസ്യൂമെകളയച്ചിട്ടും എത്ര തന്നെ അന്വേഷിച്ചിട്ടും ജോലി കിട്ടിയില്ല എന്നാണ് യുവാവ് പറയുന്നത്. പല സുഹൃത്തുക്കളെയും താൻ സമീപിച്ചു എന്നും എന്നിട്ടും ഒന്നും നടന്നില്ല എന്നും യുവാവ് പറയുന്നുണ്ട്.
ലിങ്ക്ഡ്ഇൻ വഴിയും പല പല പൊസിഷനുകളിലേക്ക് താൻ അപേക്ഷ അയച്ചിട്ടുണ്ട്. എന്നാൽ, അതും നിരസിക്കപ്പെടുകയാണുണ്ടായത് എന്നും യുവാവ് പറയുന്നു. ക്ഷമിക്കണം, നിങ്ങളുടെ നിലവിലെ റോളിനായി ഞങ്ങൾക്ക് ബജറ്റില്ല, നിങ്ങളുടെ എക്സ്പീരിയൻസ് അനുസരിച്ചുള്ള റോൾ ഇല്ല, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ കഴിയുമോ തുടങ്ങിയ മറുപടികളാണ് 5 മാസത്തിനുള്ളിൽ തനിക്ക് ലഭിച്ചത് എന്നും കമലേഷ് പറയുന്നു.
കുറഞ്ഞ ശമ്പളത്തിൽ എന്തിനാണ് ജോലി ചെയ്യുന്നത്. അതിന് പകരം സ്വന്തമായി ബിസിനസ് തുടങ്ങി ആ പണമുണ്ടാക്കിക്കൂടേ എന്ന് തോന്നിയതുകൊണ്ടാണ് ഓട്ടോ ഓടിക്കാൻ തീരുമാനിച്ചത് എന്നാണ് യുവാവ് പറയുന്നത്. തന്റെ പുതിയ ബിസിനസിനെ അനുഗ്രഹിക്കൂ എന്നും യുവാവ് പറയുന്നുണ്ട്. ഓട്ടോയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും യുവാവ് പങ്കുവച്ചിട്ടുണ്ട്.
ഇങ്ങനെ ചെയ്യാൻ ധൈര്യം കാണിച്ചതിന് യുവാവിനെ അഭിനന്ദിച്ചവരുണ്ട്. അതുപോലെ തന്നെ ജോലി കിട്ടാൻ ആശംസ അറിയിച്ചവരും ഒരുപാടുണ്ട്. അതേസമയം, ചിലരെല്ലാം ചൂണ്ടിക്കാട്ടിയത് തൊഴിലില്ലായ്മ എത്ര രൂക്ഷമാണ് എന്നതിനെ കുറിച്ചാണ്.