2500 മുകളില്‍ പടികളുണ്ട് മലമുകളിലേക്ക് ഈ പടികളിലൂടെ മലകയറുമ്പോള്‍ തവളച്ചാട്ടവും ഇറങ്ങുമ്പോള്‍ മുതല നടത്തവുമാണ് അതും 70 മത്തെ വയസില്‍.
ആദ്യ കാഴ്ചയില്‍ ഇരുപതുകളില്‍ എന്നേ പറയൂ. പക്ഷേ പ്രായം ചോദിച്ചാല്‍ ചൈനയിലെ സൌ ഹെപ്പിംഗ് 70 എന്ന് പറയും. അത് കേട്ട് തമാശയെന്ന് കരുതരുത്. സൌ പറയുന്നത് സത്യമാണ്. അദ്ദേഹത്തിന് വയസ് 70 ആയി. പക്ഷേ കാഴ്ചയില്‍ ഇപ്പോഴും ഇരുപതുകാരന്‍റെ ചുറുചുറുക്കാണ്. ഈ പ്രായത്തിലും ഹിറ്റ്നസ് രഹസ്യം ചോദിച്ചാല്‍ തെക്ക് - പടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗ് നഗരത്തിലെ തന്‍റെ വീടിന് സമീപത്തെ 678 മീറ്റർ (2,224 അടി) ഉയരുമുള്ള ഗെലെ പർവതത്തെ കാട്ടിത്തരും. അതെ, ഗെലെ പര്‍വതമാണ് സൌ ഹെപ്പിംഗിന്‍റെ ഹിറ്റ്നസ് രഹസ്യം. അദ്ദേഹം രാവിലെ എഴുന്നേറ്റ് പര്‍വ്വതം നോക്കിയിരുന്ന് ചായ കുടിക്കുകയല്ല ചെയ്യുക. മറിച്ച് ഏതൊറു ചെറുപ്പക്കാരനെക്കാളും വേഗതയില്‍ ആ ചെറുതല്ലാത്ത പര്‍വ്വതം കയറി ഇറങ്ങും ചിലപ്പോള്‍ ഇരുകാലില്‍ മറ്റ് ചിലപ്പോള്‍ കൈകളിലും കാലുകളിലും ഇഴഞ്ഞ്. ദിവസവുമുള്ള ഈ വര്‍ക്കൌണ്ടാണ് അദ്ദേഹത്തിന്‍റെ ഹിറ്റ്നസ് രഹസ്യമെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെറുമൊരു പര്‍വ്വതമല്ല ഗെലെ പർവതം. എല്ലാ ദിവസും പ്രഭാതത്തില്‍ അവിടെ ഫിറ്റ്നസ് പ്രേമികള്‍ ഒത്ത് ചേരും. പിന്നെ നിരന്തരം വര്‍ക്കൌട്ടാണ്. അതിനായി പര്‍വ്വതത്തില്‍ ഫിറ്റ്നസ് ഉപകരണങ്ങളും പാര്‍ക്കുകളും ഹെക്കിംഗ് ട്രയലുകളും ഒരുക്കിയിട്ടുണ്ട്. വെയ്റ്റഡ് പുൾ-അപ്പുകൾ, റോപ്പ് അല്ലെങ്കിൽ പോൾ ക്ലൈംബിംഗ്, ഹാൻഡ്‌സ്‌റ്റാൻഡുകൾ, ഇതൊന്നും കൂടാതെ തന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഇനം പർവതത്തിന്‍റെ സ്കെയിലിംഗ് ആണെന്ന് സൌ പറയുന്നു. അതായത് 2,500 ലേറെ പടികളുണ്ട് പര്‍വ്വതത്തിന് മുകളിലേക്ക്. ഇത്രയും പടികള്‍ അദ്ദേഹം വെറും 50 മിനിറ്റില്‍ കയറുകയും ഇറങ്ങുകയും ചെയ്യും.
ഈ പടികള്‍ കയറി ഇറങ്ങാന്‍ സൌവിന് സ്വന്തമായി ചില ടെക്നിക്കുകളുണ്ട്. മലയിലേക്കുള്ള പടികളിലൂടെ തവള ചാടുന്നത് പോലെയാണ് സൌ കയറിപ്പോവുക. ഇനി മലയില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല നടക്കുന്നത് പോലെ നാല് കാലില്‍ ഇഴഞ്ഞ് നീങ്ങും. അതും 50 മിനിറ്റിനുള്ളില്‍. കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് കിതപ്പ് വരുന്നുണ്ടോ? എങ്കില്‍ സൌ ഹെപ്പിംഗിന്‍റെ വയസിനെ കുറിച്ച് ഒന്ന് ഓര്‍ത്താല്‍ മതി. "ഇഴയുന്നത് കാൽമുട്ടുകളെ ഉപദ്രവിക്കുന്നില്ല, അത് അവയവങ്ങളുടെ ഏകോപനത്തെ പരിശീലിപ്പിക്കുന്നു," അദ്ദേഹം വളരെ ശാന്തനായി പറയുന്നു. പല യുവാക്കളും തന്‍റെ ടെക്നിക്കുകള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും സൌ കൂട്ടിചേര്‍ക്കുന്നു.
1979 ല്‍ ഒരു പുസ്തകം വായിച്ചപ്പോഴാണ് തനിക്ക് ഓട്ടത്തിന്‍റെ പ്രാധാന്യം മനസിലായതെന്ന് അദ്ദേഹം പറയുന്നു. അന്ന് മുതലുള്ള പ്രാക്ടീസാണ്. ആദ്യമൊക്കെ മലയിലേക്ക് ഓടിക്കയറും. പിന്നീടാണ് മല കയറാനും ഇറങ്ങാനും പുതിയ രീതികള്‍ അദ്ദേഹം വികസിപ്പിച്ചത്. രാവിലെ 5:30 ന് സൌ ഉണരും. പിന്നെ വ്യായാമമാണ്. മഴയ്ക്കോ വെയിലിനോ മഞ്ഞിനോ സൌവിനെ തടയാന്‍ കഴിയില്ല. 70 വയസായിട്ടും അദ്ദേഹത്തിന്‍റെ മുടിയൊന്നും നരച്ചിട്ടില്ല. ഇന്നും ശക്തമായ സിക്സ് പാക്കുണ്ട്. തന്‍റെ ആരോഗ്യ രഹസ്യവും അത് തന്നെയാണെന്ന് സൌ പറയുന്നു. “ഓട്ടത്തിലാണ് ജീവിതം, ഏറ്റവും പ്രധാനപ്പെട്ട കാര്യം വ്യായാമം ചെയ്യുക, നിങ്ങളുടെ ശാരീരികക്ഷമത നിലനിർത്തുക, നല്ല ജീവിതശൈലി വികസിപ്പിക്കുക എന്നിവയാണ്.” അദ്ദേഹം പറയുന്നു.