ജോലിക്കിടെ 'കിളിപോയ' യു എസ് സൈനികന്‍ ഒളിച്ചോടിയത് ഉത്തരകൊറിയയിലേക്ക്, ഇനിയെന്താവുമെന്ന് ആശങ്ക!

By Alaka Nanda  |  First Published Aug 1, 2023, 8:10 PM IST

1976 -ല്‍ അങ്ങനെയായിരുന്നില്ല അവസ്ഥ. മൂന്നു രാജ്യങ്ങലുടേയും സൈനികര്‍ തമ്മില്‍ മിണ്ടാനോ ഇടപഴകാനോ തടസമുണ്ടായിരുന്നില്ല. പക്ഷേ, സൗഹൃദം കുറവായിരുന്നു. ഇടക്കിടെ തമ്മില്‍ തല്ലും. ആറടി പൊക്കമുള്ള അമേരിക്കക്കാര്‍ക്കേ സംയുക്ത സുരക്ഷാ മേഖലയില്‍ നിയമനം കിട്ടുമായിരുന്നുള്ളു.


ഒരു പോപ്ലാര്‍ മരം വെട്ടിയതിന്റെ പേരില്‍ രണ്ട് സൈനികരെ അടിച്ചും വെട്ടിയും കൊന്ന സ്ഥലമാണ് കൊറിയകള്‍ക്കിടയിലെ സൈനിക മുക്ത മേഖല. അന്ന് അതിര്‍ത്തിയിലെ മരം വെട്ടിയത് തെക്കന്‍ കൊറിയന്‍- അമേരിക്കന്‍ സൈനികര്‍ ചേര്‍ന്നാണ്. അതിനു പകരമായി അമേരിക്കന്‍ സൈനികരെ കൊന്നത് ഉത്തര കൊറിയന്‍ സൈനികര്‍. അതോടെ അമേരിക്കക്ക് കലിയിളകി. അതിര്‍ത്തിയിലെ പോപ്ലാര്‍ മരം വെട്ടാന്‍ ബോംബര്‍ വിമാനങ്ങളെയും നൂറുകണക്കിന് സൈനികരെയും നിയോഗിച്ചു.

അത് കടന്ന് ഉത്തര കൊറിയയില്‍ കാലെടുത്തുകുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്. അതിര്‍ത്തി കടന്ന സാധാരണക്കാര്‍ ജീവനോടെയും ആരോഗ്യത്തോടെയും തിരിച്ചുവന്ന കഥകള്‍ കുറവാണ്. അപ്പോഴാണ് ഒരു യു എസ് സൈനികന്‍ ആര്‍ത്തുചിരിച്ചുകൊണ്ട് അതിര്‍ത്തി കടന്ന്  വടക്കന്‍ കൊറിയയിലേക്ക് പോയത്, ബൈഡന് പുതിയ തലവേദനയുമായി.

Latest Videos

undefined

വടക്ക്, തെക്കന്‍ കൊറിയകള്‍ക്കിടയിലെ സൈനിക മുക്തമേഖല 1953 -ലാണ് രൂപീകരിച്ചത്. അതിനുള്ളില്‍ ഒരു സംയുക്ത സൈനിക മേഖലയുമുണ്ട്. അതാണ് TRUCE VILLAGE എന്നറിയപ്പെടുന്നത്. ചര്‍ച്ചകളെല്ലാം നടക്കുന്നത് അവിടെയാണ്.

അവിടെയാണ് ട്രംപ് ഉത്തര കൊറിയന്‍ മണ്ണിലേക്ക് കാലെടുത്തുവച്ചത്. അവിടെ എത്തിയ ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്. സൈനിക വിമുക്ത മേഖല എന്നറിയപ്പെടുന്നെങ്കിലും ഇത്രയും സൈനിക നിരീക്ഷണമുള്ള മേഖല വേറെയില്ല.

പക്ഷേ 1976 -ല്‍ അങ്ങനെയായിരുന്നില്ല അവസ്ഥ. മൂന്നു രാജ്യങ്ങലുടേയും സൈനികര്‍ തമ്മില്‍ മിണ്ടാനോ ഇടപഴകാനോ തടസമുണ്ടായിരുന്നില്ല. പക്ഷേ, സൗഹൃദം കുറവായിരുന്നു. ഇടക്കിടെ തമ്മില്‍ തല്ലും. ആറടി പൊക്കമുള്ള അമേരിക്കക്കാര്‍ക്കേ സംയുക്ത സുരക്ഷാ മേഖലയില്‍ നിയമനം കിട്ടുമായിരുന്നുള്ളു.

കാഴ്ച മറക്കുന്നു എന്നു പറഞ്ഞാണ് ചെക് പോയിന്റിന് അടുത്തുള്ള പോപ്ലാര്‍ മരം വെട്ടാന്‍ ദക്ഷിണ കൊറിയന്‍-യു എസ് സൈനികര്‍ തീരുമാനിച്ചത്. ഉത്തര കൊറിയന്‍ സൈനികര്‍ ആദ്യം എതിര്‍ത്തു. അതോടെ ഒരു സംഘത്തെ തന്നെ അയച്ചു, അന്നത്തെ അമേരിക്കന്‍ ക്യാപ്റ്റന്‍. മരം വെട്ടിത്തുടങ്ങിയപ്പോള്‍ ഉത്തര കൊറിയന്‍ സൈനികര്‍ എത്തി. അവര്‍ മരം മുറിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

എതിരാളികള്‍ അത് വകവച്ചില്ല. താമസിച്ചില്ല, ഉത്തര കൊറിയന്‍ സൈനികര്‍ യു എസ് ക്യാപ്റ്റനെയും ഒരു സൈനികനേയും തല്ലിക്കൊന്നു. അടുത്ത നിമിഷം വാഷിംഗ്ടണിലറിഞ്ഞു കാര്യങ്ങള്‍. പ്രസിഡന്റ് ജെറാര്‍ഡ് ഫോര്‍ഡിനെ വിവരമറിയിച്ചു വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിഞ്ജര്‍ ആയിരുന്നു അന്ന്. അങ്ങനെ ആ മരം വെട്ടാന്‍ തീരുമാനമായി. വന്‍ പടയൊരുങ്ങി. ഉത്തര കൊറിയന്‍ സൈനികരെ സാക്ഷിനിര്‍ത്തി അവര്‍ മരം വെട്ടി. രണ്ടുപേരെ കൊന്നതിന് പകരമായി അത് കുറഞ്ഞുപോയി എന്നഭിപ്രായം ഉണ്ടായിരുന്നു ചില സൈനികര്‍ക്ക്. എന്തായാലും ക്യാമ്പ് തകര്‍ത്ത് അമേരിക്കന്‍ സൈനികര്‍ തിരികെപ്പോന്നു.  

അതോടെ സുരക്ഷാമേഖലയിലെ നിയമങ്ങളില്‍ മാറ്റംവന്നു. മതിലുകെട്ടി തിരിച്ചു, ഇടപഴകല്‍ അവസാനിച്ചു. രണ്ട് അമേരിക്കന്‍ സൈനിരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ പശ്ചാത്താപിച്ച് അന്നത്തെ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഇല്‍  ഒരു പ്രസ്താവന നടത്തി.

ഒക്കെ പഴങ്കഥയെന്ന് എഴുതിത്തള്ളാന്‍ പറ്റില്ല. ആ സൈനിക മുക്ത മേഖല ഇന്നും ലോകത്ത് ഏറ്റവുമധികം സൈനികര്‍ കാവല്‍ നില്‍ക്കുന്ന മേഖലയാണ്. അതേസമയം വിനോദസഞ്ചാരകേന്ദ്രവും. കാഴ്ചപ്പാടുകള്‍ പക്ഷേ വ്യത്യസ്തമാണ്.  വടക്ക് നിന്ന് കാണുന്നവര്‍ക്ക് യുദ്ധസാഹചര്യം, യുദ്ധസജ്ജം. തെക്കുനിന്ന് കാണുന്നവര്‍ക്ക് ചരിത്രത്തില്‍ നിന്ന് ഒരേട്. സൈനിക മുക്തമേഖലയിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ക്ക് കടുത്ത നിയന്ത്രണമാണ്. ഫോട്ടോകളെടുക്കാം, പക്ഷേ പറയുന്നിടത്ത് നില്‍ക്കണം, കൈവീശിക്കാണിക്കരുത്. വെടിനിര്‍ത്തല്‍ ധാരണ ഒപ്പിട്ടസ്ഥലത്ത് അതിര്‍ത്തിരേഖക്കപ്പുറത്ത് കാലെടുത്തുവയ്ക്കാം. കൊവിഡിനുമുമ്പ് തെക്കന്‍ വടക്കന്‍ സൈനികരുടെ കര്‍ശനമായ കാവലുമുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ സൈനികര്‍ കുറവാണ്.

ഇത്രയൊക്കെ സംഭവങ്ങള്‍ നടക്കുന്ന സ്ഥലത്തേക്കാണ്, ഇപ്പോള്‍ ട്രവിസ് കിംഗ് എന്ന 23 -കാരനായ യു എസ് സൈനികന്‍ തെക്കുനിന്ന് വടക്കോട്ട് അതിര്‍ത്തി കടന്ന് പോയത്. അവിടെനിന്ന് ഇങ്ങോട്ടുകടക്കാന്‍ ശ്രമിച്ച സൈനികനെ വെടിവെച്ചുകൊന്ന ചരിത്രമാണ് ഉത്തര കൊറിയയ്ക്ക്.

Travis King

ട്രാവിസ് പ്രശ്‌നക്കാരനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ കൊറിയയില്‍ ഇടക്കിടെ നിയോഗിക്കപ്പെടുന്ന അമേരിക്കന്‍ സൈനികവിഭാഗത്തിലെ അംഗം. സിയോളില്‍ അടിപിടി പതിവായതോടെ തടങ്കലിലായി, കേസുകളുണ്ട്, പിഴയും കിട്ടിയിട്ടുണ്ട്. ജൂലൈ പത്തിനാണ് ജയിലില്‍ നിന്ന് വിട്ടത്. അമേരിക്കയിലേക്ക് പോകാന്‍വേണ്ടി സിയോള്‍ വിമാനത്താവളത്തിലെത്തിച്ചു, നാട്ടിലെത്തിയാല്‍ കാത്തിരിക്കുന്നത് ചട്ടലംഘനത്തിനുള്ള നടപടി.

ട്രാവിസ് വിമാനത്തില്‍ കയറിയില്ല, പാസ്‌പോര്‍ട്ട് കണ്ടില്ലെന്നുപറഞ്ഞ് പുറത്തിറങ്ങി. സൈനിക മുക്തമേഖല കാണാന്‍ പോകുന്ന വിനോദ സഞ്ചാര സംഘത്തിന്റെ ഒപ്പം കൂടി. അതിര്‍ത്തിയെത്തിയപ്പോള്‍ ഓടിക്കടന്നു. ആര്‍ത്തുചിരിച്ചുകൊണ്ട് ഓടി എന്നാണ് ദൃക്‌സാക്ഷിമൊഴി.

ഒപ്പമുണ്ടായിരുന്നവര്‍ അമ്പരന്നു, പിടികൂടൂ എന്നലറി. തെക്കന്‍ കൊറിയന്‍ സൈനികരുള്‍പ്പടെ പിന്നാലെ ഓടി. പക്ഷേ നിമിഷാര്‍ദ്ധത്തില്‍ ട്രാവിസ് അതിര്‍ത്തി കടന്നിരുന്നു. അവിടെനിന്ന് അത്രയേ ഉള്ളു ദൂരം.

ബാക്കിയുള്ളവരെ സൈന്യം പെട്ടെന്ന് ബസില്‍ കയറ്റി, തിരികെക്കൊണ്ടുപോന്നു. ട്രാവിസ്  നേരത്തെതന്നെ എല്ലാം ആസൂത്രണം ചെയ്തിരുന്നിരിക്കണം. അല്ലാതെ പെട്ടെന്നൊന്നും ടൂര്‍സംഘത്തില്‍ ചേരാന്‍ പറ്റില്ല. പക്ഷേ അതിര്‍ത്തിചാട്ടത്തിന്റെ ഒടുക്കം എന്താണെന്ന് മനസിലാക്കിയിട്ടുണ്ടാവില്ല.

അവിടെയിപ്പോള്‍ ഇയാള്‍ തടവിലാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇതുണ്ടാക്കുന്ന തലവേദന തീരെ ചെറുതല്ല. അല്ലെങ്കില്‍ തന്നെ കൊറിയന്‍ ഉപദ്വീപിലേക്കാണ് ബൈഡന്റെ ശ്രദ്ധ ഇപ്പോള്‍. ട്രാവിസ് ഓടിപ്പോയ ദിവസമാണ് തെക്കന്‍ കൊറിയന്‍ തുറമുഖത്തേക്ക് അമേരിക്കന്‍ ആണവ മുങ്ങിക്കപ്പല്‍ വന്നെത്തിയത്. തെക്കിന് അമേരിക്കയുടെ സംരക്ഷണകവചം. സ്വാഭാവികമായും വടക്കന്‍ കൊറിയയയെ അരിശം പിടിപ്പിച്ച സംഭവം. അപ്പോഴാണ് ട്രാവിസിന്റെ ചാടിപ്പോകല്‍.

 

അമേരിക്കയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പറ്റിയ അവസരമായി ഇത് കിം ജോങ് ഉന്നിന്. ആവശ്യങ്ങള്‍ സാധിച്ചെടുക്കാന്‍ വിലപേശല്‍ ഉപകരണവുമായി അത്. മോചനം എളുപ്പം സാധ്യമാക്കിയില്ലെങ്കില്‍ ബൈഡന്റെ പ്രതിച്ഛായ ഇനിയും ഇടിയും. അന്താരാഷ്ട്രതലത്തിലെ സ്വാധീനം കുറയുന്നുവെന്ന പ്രചാരണത്തിന് ശക്തി കൂടും.

ഇതിനുമുമ്പും അമേരിക്കക്കാര്‍ വടക്കന്‍ കൊറിയയുടെ പിടിയിലായിട്ടുണ്ട്. വടക്കന്‍ കൊറിയയിലേക്കുള്ള വിനോദയാത്രകള്‍ 2017 മുതല്‍ നിരോധിച്ചിരിക്കയാണ് അമേരിക്ക. അത് ഒരു വിദ്യാര്‍ത്ഥി അറസ്റ്റിലായതോടെയാണ്. 17 മാസത്തിനുശേഷം മോചിതനായി നാട്ടിലെത്തിയ ഈ വിദ്യാര്‍ത്ഥി പഴയ ആളായിരുന്നില്ല. കാഴ്ചയും കേള്‍വിശക്തിയും  നഷ്ടപ്പെട്ട്,  കയ്യും കാലും വളഞ്ഞു തിരിഞ്ഞ്, കാലില്‍ മുറിവുമായി വന്ന പല്ലെല്ലാം അടിച്ചുകൊഴിച്ച രൂപം. സംസാരമില്ല, അവ്യക്തമായ സ്വരങ്ങള്‍ മാത്രം. വന്ന ഉടന്‍ കോമയിലായി, ആറുദിവസത്തിനുശേഷം മരിച്ചു.

അങ്ങോട്ടു കടന്നവരില്‍ ജീവനോടെ തിരിച്ചെത്തിയവരുണ്ട്, ഒക്കെയും നയതന്ത്രനീക്കുപോക്കുകള്‍ക്കുശേഷം. സന്ദര്‍ശനത്തിനും മോചനത്തിനും തമ്മില്‍ ബന്ധമില്ലെന്നൊക്കെ അമേരിക്ക പറഞ്ഞെങ്കിലും, ചൈനീസ് അതിര്‍ത്തി കടന്ന രണ്ട് മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചത് ബില്‍ ക്ലിന്റന്റെ രഹസ്യസന്ദര്‍ശനത്തിനുശേഷമാണ്.

എന്തായാലും ഇപ്പോഴത്തെ അതിര്‍ത്തിചാട്ടം ബൈഡന് തലവേദനയാണ്. പക്ഷേ അമേരിക്ക പണ്ടത്തെ അമേരിക്കതന്നെയാണെന്ന് തെളിയിക്കാന്‍ കുറച്ച് പ്രയാസമാണ്.

വായിക്കാം: 

നീലക്കിളിയെ വെട്ടിയ എക്‌സ്; എക്‌സിനെ വെട്ടാന്‍ ഇനിയാര്, ട്വിറ്റര്‍ സ്വയം വാര്‍ത്തയായ കഥ!

ആദ്യമൊരു മീറ്റു, പിന്നെ ഭരണകക്ഷിക്കെതിരെ തുരുതുരാ ലൈംഗികാരോപണങ്ങള്‍, മീറ്റൂ കത്തുന്ന തായ്‌വാന്‍!

ഗുസ്തിതാരങ്ങളുടെ വ്യാജചിത്രം ഒറ്റപ്പെട്ടതല്ല, യുഎസ് തെരഞ്ഞെടുപ്പില്‍ ഇത്തവണ വ്യാജന്റെ വിളയാട്ടങ്ങള്‍!

തോക്ക് നിയന്ത്രിക്കാനുള്ള പരിപാടികള്‍ അമേരിക്കയില്‍ തോല്‍ക്കുന്നത് ഇതു കൊണ്ടാണ്; ചരിത്രം, വര്‍ത്തമാനം.!

രണ്ട് ഹെലിപാഡുകള്‍, 3ഡി സിനിമാതിയേറ്റര്‍, വൈന്‍ സെല്ലാര്‍; എന്നിട്ടും ഈ സൂപ്പര്‍ യാട്ടുകള്‍ കട്ടപ്പുറത്ത്!

click me!