എന്തിനാണ് ഇങ്ങനെയൊരു മുറി സൗജന്യമായി നൽകുന്നത് എന്നല്ലേ? അത് ഒരു ആർട്ട് ഇൻസ്റ്റലേഷന്റെ ഭാഗമാണ്. ആ മുറിയിൽ താമസിക്കുന്നവർ ആ ആർട്ട് ഇൻസ്റ്റലേഷന്റെ ഭാഗവുമാണ്.
എവിടെയെങ്കിലും യാത്ര പോകുമ്പോൾ കഴിയാൻ സൗജന്യമായി ഒരടിപൊളി ഹോട്ടൽ മുറി കിട്ടുക. അങ്ങനെ സംഭവിച്ചാൽ സന്തോഷമാകും അല്ലേ? അത് തന്നെയാണ് ഈ ദമ്പതികൾക്കും സംഭവിച്ചത്. അമേരിക്കൻ ടൂറിസ്റ്റുകളായ ദമ്പതികൾക്കാണ് സ്പെയിനിലെ ഐബിസയിൽ ഒരു രാത്രി സൗജന്യ താമസം ലഭിച്ചത്. സംഗതി സൗജന്യമാണ് മുറിയെങ്കിലും അതങ്ങനെ വെറുതെ കിട്ടിയതായിരുന്നില്ല.
'എ പ്രെറ്റി കൂൾ ഹോട്ടൽ ടൂർ' എന്ന TikTok പേജിന് പിന്നിലെ ട്രാവൽ ബ്ലോഗർമാരായ മാർഗരറ്റും കോറി ബിനെർട്ടുമാണ് ആ ദമ്പതികൾ. സ്പെയിനിലേക്ക് യാത്ര തിരിച്ചപ്പോൾ 'പാരഡിസോ ഐബിസ ആർട്ട് ഹോട്ടലി'ൽ ഒരു രാത്രി സൗജന്യ താമസം കിട്ടുമെന്ന് കണ്ടതോടെ ഇരുവരും വലിയ ആവേശത്തിലായിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ എന്താണ് ആ ഹോട്ടൽ മുറി എന്ന് അറിഞ്ഞതോടെ ആ ആവേശം അമ്പരപ്പായി മാറുകയായിരുന്നു. ആ ഹോട്ടൽമുറി ഗ്ലാസിന്റേതായിരുന്നു. ഹോട്ടലിലേക്ക് കയറിച്ചെന്ന ഉടനെ തന്നെയാണ് ഈ മുറി. അതായത്, ഹോട്ടലിൽ ആര് വന്നാലും അവർക്കെല്ലാം ചില്ലിന്റെ ഉള്ളിലൂടെ അതിനകത്ത് താമസിക്കുന്നവരെ കാണാൻ സാധിക്കും എന്നർത്ഥം.
എന്തിനാണ് ഇങ്ങനെയൊരു മുറി സൗജന്യമായി നൽകുന്നത് എന്നല്ലേ? അത് ഒരു ആർട്ട് ഇൻസ്റ്റലേഷന്റെ ഭാഗമാണ്. ആ മുറിയിൽ താമസിക്കുന്നവർ ആ ആർട്ട് ഇൻസ്റ്റലേഷന്റെ ഭാഗവുമാണ്. ആ മുറിയിലെന്തൊക്കെയുണ്ടോ അതെല്ലാം അവിടെ എത്തുന്ന അതിഥികൾക്ക് ഗ്ലാസിലൂടെ കാണാം. മാത്രമല്ല, രാത്രി ഇനി മര്യാദയ്ക്ക് ആരും കാണാതെ ഉറങ്ങാം എന്ന് കരുതിയാലോ? അതും സാധിക്കില്ല. രാത്രിയിൽ മുറിയിൽ ലൈറ്റണക്കില്ല. രാത്രിയിലും അതിഥികൾക്ക് മുറിയിലുള്ളവരെ കാണാമെന്ന് സാരം.
യാത്രയുടെ വീഡിയോ ഇവർ യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. അതിൽ ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യങ്ങളും കാണാം. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.