റിയൽ എസ്റ്റേറ്റ് ഏജൻറ് ആയ ഗൗരവ് ഗുപ്ത ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇത് കൂടുതൽ ശ്രദ്ധ നേടിയത്.
നോയിഡയിലെ ഒരു ലക്ഷ്വറി ഹൗസിംഗ് പ്രോജക്റ്റ് തങ്ങളുടെ വില്ല വാങ്ങുന്നവർക്ക് ഒരു മോഹനവാഗ്ദാനവുമായി രംഗത്ത്. വില്ല വാങ്ങുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി ഒരു ലംബോർഗിനി കാർ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നോയിഡയിലെ ജെയ്‌പീ ഗ്രീൻസ് ലക്ഷ്വറി ഹൗസിംഗ് പ്രോജക്ട് ആണ് ആഡംബരകാർ പ്രേമികളെ വശീകരിക്കാൻ ഇത്തരത്തിൽ ഒരു മോഹന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
റിയൽ എസ്റ്റേറ്റ് ഏജൻറ് ആയ ഗൗരവ് ഗുപ്ത ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇത് കൂടുതൽ ശ്രദ്ധ നേടിയത്. ജെയ്‌പീ ഗ്രീൻസിൻ്റെ ഓരോ വില്ലയ്ക്കും 26 കോടി രൂപയിലധികം വില വരുമെന്നാണ് ഗുപ്തയുടെ ട്വീറ്റിൽ പറയുന്നത്.
undefined
അദ്ദേഹത്തിൻറെ പോസ്റ്റ് ഇങ്ങനെയായിരുന്നു, 'ഓരോ വില്ലയ്‌ക്കൊപ്പവും 1 ലംബോർഗിനി വാഗ്ദാനം ചെയ്യുന്ന 26 കോടി രൂപയുടെ ഒരു പുതിയ വില്ല പ്രോജക്‌റ്റ് നോയിഡയ്‌ക്ക് ലഭിച്ചിരിക്കുന്നു. വില്ല വാങ്ങുന്നവർക്കെല്ലാം വില്ലയ്‌ക്കൊപ്പം ഒരു ലംബോർഗിനി കൂടി സ്വന്തമാക്കാം.'
റിപ്പോർട്ടുകൾ പ്രകാരം 26 കോടി രൂപ വിലയുള്ള വില്ലയുടെ വിലയിൽ കാർ പാർക്കിംഗ് പോലുള്ള മറ്റ് ചാർജുകൾ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇതു വാങ്ങുന്നവർക്ക് മറ്റൊരു 30 ലക്ഷം രൂപ കൂടി ചെലവാകും.
സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഈ പോസ്റ്റ് ഉണ്ടാക്കിയത്. 'എല്ലാ അയൽക്കാർക്കും ഒരേ തരം വില്ലയും ഒരേ കാറും ആരും തമ്മിൽ ഈഗോ ക്ലാഷ് ഉണ്ടാകില്ല. മനോഹരമായ ആശയം തന്നെ' എന്നായിരുന്നു ഒരു ഉപഭോക്താവ് കുറിച്ചത്. എന്നാൽ, 'വിഡ്ഢികളായ കോടീശ്വരന്മാരെ ലക്ഷ്യമിട്ടുള്ള പുതിയ ബിസിനസ് തന്ത്രം' എന്നായിരുന്നു മറ്റൊരു ഉപഭോക്താവിന്റെ കമന്റ്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ജെയ്‌പീ ഗ്രീൻസിൻ്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.