'ഫ്രീ ജോസിയോൺ', കിമ്മിന്റെ ഏകാധിപത്യത്തെ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയ ഉത്തരകൊറിയയിലെ വിപ്ലവകാരികളുടെ അധോലോകം

By Web Team  |  First Published Apr 27, 2020, 1:00 PM IST

മലേഷ്യൻ എംബസിയുടെ ചുവരിൽ പ്രയോഗിക്കപ്പെട്ട നൂറുരൂപയുടെ സ്പ്രേ പെയിന്റ് കാനിന് സത്യത്തിൽ ലക്ഷക്കണക്കിന് ഡോളർ വിലയുള്ള മിസൈലുകളെക്കാൾ പ്രഹരശേഷിയുണ്ട്. 


ചരിത്രം കണ്ട ഏറ്റവും മികച്ച സമഗ്രാധിപത്യങ്ങളിൽ ഒന്നാണ് ഉത്തരകൊറിയ. സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റെ അനുവാദമില്ലാതെ അവിടെ ഒരില പോലും അനങ്ങില്ല. എന്തിനുമേതിനും ഗവണ്മെന്റിന്റെ അനുവാദം വേണം. അനുവാദമില്ലാതെ ഒരു ഐ‌എസ്‌ഡി കോൾ വിളിച്ചാൽ പൗരന്മാരെ വധശിക്ഷയ്ക്ക് വിധിക്കുന്ന, ഒരു ഹോളിവുഡ്‌ സിനിമ കണ്ടതിന്റെ പേരിൽ ജനങ്ങളെ ഫയറിംഗ് സ്‌ക്വാഡിന് മുന്നിലേക്ക് അയക്കുന്നതാണ് ഉത്തരകൊറിയയിലെ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്.

ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തുചെന്ന് കാതിൽ മന്ത്രിച്ചോളണം എന്നാണ് അവിടത്തെ അമ്മമാർ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നത്. കാരണം, വീടിന്റെ തട്ടിൻപുറത്തെ പെരുച്ചാഴികൾക്കും, പറമ്പിലെ കിളികൾക്കും വരെ കാതുണ്ടെന്നും, അവർ സുപ്രീം ലീഡർക്ക് നാട്ടിലെ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുമെന്നുമാണ് അവിടെ പരക്കെയുള്ള വിശ്വാസം. നാടുവിട്ടോടുന്നവരെ ബലം പ്രയോഗിച്ച് തിരിച്ചു കൊണ്ടുവരികയും, നിർബന്ധിത ഗർഭച്ഛിദ്രങ്ങൾ നടത്തുകയും ഒക്കെ ചെയ്യുക ഉത്തരകൊറിയയിൽ പതിവാണെന്നാണ്  പറയപ്പെടുന്നത്.   

Latest Videos

കിം കുടുംബത്തിന്റെ ഏകാധിപത്യ കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ ഇന്നുവരെ കാര്യമായ ഒരു വിമതസ്വരവും വടക്കൻ കൊറിയയുടെ മണ്ണിൽ നിന്ന് അതിന്റെ ഏഴു പതിറ്റാണ്ടു കാലത്തേ ചരിത്രത്തിൽ ഇന്നുവരെയും ഉണ്ടായിട്ടില്ല. ആ അവസ്ഥയ്ക്കൊരു മാറ്റമുണ്ടായത് 2017 -ലാണ്. അക്കൊല്ലം  ഫെബ്രുവരിയിലാണ് 'ഫ്രീ ജോസിയോൺ' എന്ന് പേരായ ഒരു 'നിഗൂഢ' സംഘടന(അന്നത്തെ പേര് 'ഷിയോലിമ സിവിൽ ഡിഫൻസ്' - Cheollima Civil Defense) പ്യോങ്യാങ്ങിന്റെ എഴുപതു വർഷത്തെ വിനീതവിധേയത്വഭാവത്തിനു ഭംഗം വരുത്തിയത്. സുപ്രീം ലീഡറുടെ സുപ്രീം ഡിഗ്നിറ്റിയെ ചവിട്ടി മെതിച്ചു കൊണ്ട് ഉത്തര കൊറിയൻ മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞത്. 

 

 

അവരുടെ ആദ്യ ആക്രമണം സ്‌പെയിനിലെ മാഡ്രിഡ് നഗരത്തിലായിരുന്നു. അവിടത്തെ ഉത്തരകൊറിയൻ എംബസ്സിയിൽ അതിക്രമിച്ചു കയറിയ ഈ ഒളിപ്പോരാളികൾ അവിടെ നിന്ന് സകല കമ്പ്യൂട്ടറും, ഹാർഡ് ഡ്രൈവുകളും, സിഡി, തംബ് ഡ്രൈവ്, മറ്റു രേഖകൾ എന്നിവയും അടിച്ചു മാറ്റി സ്ഥലം വിട്ടു. അവർ ഈ രേഖകളെല്ലാം തന്നെ പിന്നീട് എഫ്ബിഐക്ക് കൈമാറുകയും ചെയ്തു.

ഈ സംഘടനയുടെ പ്രമുഖ നേതാക്കൾ അമേരിക്കയിൽ സ്ഥിരതാമസക്കാരായ ചില ഉത്തര കൊറിയൻ വംശജരാണ്. മാഡ്രിഡ് സംഭവത്തെത്തുടർന്ന് സ്‌പെയിനിന്റെ നിർദേശപ്രകാരം അമേരിക്ക അവരെ തേടിപ്പിടിക്കാൻ ശ്രമിച്ചിരുന്നു. അവരിൽ ഒരാളും ഫ്രീ ജോസിയോണിന്റെ സജീവാംഗവുമായ ക്രിസ്റ്റഫർ ആൻ 2019  ഏപ്രിലിൽ  ലോസ് ഏഞ്ചലസിൽ വെച്ച് എഫ്ബിഐ പിടിയിൽ പെട്ടിരുന്നു. അഡ്രിയാൻ ഹോങ് എന്ന മറ്റൊരു അമേരിക്കൻ പൗരനാണ് ഫ്രീ ജോസിയോണിന്റെ നേതാവ് എന്ന സംശയം ബലപ്പെട്ടതോടെ അദ്ദേഹത്തിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ് നടന്നു. എന്നാൽ, അതിനുശേഷം ഹോങ് ഇപ്പോഴും ഒളിവിൽ തന്നെ തുടരുകയാണ്. ഉത്തര കൊറിയൻ കമ്പ്യൂട്ടറുകളിൽ അമേരിക്കൻ രഹസ്യ ഏജൻസികൾക്ക് താത്പര്യമുള്ള ഒരുപാട് നിർണായക ഇന്റലിജൻസ് വിവരങ്ങൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഒരു കാരണവശാലും ഇവരെ ഉത്തര കൊറിയക്ക് വിട്ടുകൊടുക്കരുത് എന്നാണ് 2016 -ൽ ഉത്തരകൊറിയയിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട് ക്രൂര പീഡനങ്ങൾക്ക് വിധേയനായി അധികം താമസിയാതെ മരണപ്പെട്ട ഓട്ടോ വാംബിയർ എന്ന അമേരിക്കൻ പൗരന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ചു കൊണ്ട് അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നത്. 

 

 

എന്തായാലും ഫ്രീ ജോസിയോണിന്റെ ഉദ്ദേശ്യങ്ങൾ വളരെ വ്യക്തമാണ്. അതവർ 2017 -ൽ എന്ന പേരിൽ ഇറക്കിയ പ്രസ്താവനയിൽ അക്കമിട്ടു പറഞ്ഞിട്ടുമുണ്ടായിരുന്നു. അക്കൊല്ലം കിം ജോങ് ഉന്നിന്റെ അർദ്ധ സഹോദരനായ കിം ജോങ് നാം ദുരൂഹമായ സാഹചര്യങ്ങളിൽ മലേഷ്യയിലെ കോലാലംപൂർ എയർപോർട്ടിൽ വെച്ച് കൊലചെയ്യപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ ഉത്തരകൊറിയൻ കൊലപാതകികൾക്ക് വിട്ടുകൊടുക്കാതെ രക്ഷിച്ചെടുത്ത തങ്ങളാണ് എന്നവർ പറഞ്ഞിരുന്നു. അച്ഛന്റെ വധത്തിനുപിന്നാലെ സംഘടനയുടെ സഹായത്തോടെ ഉത്തര കൊറിയയിൽ നിന്ന് പലായനം ചെയ്തു വിദേശത്തേക്ക് രക്ഷപ്പെട്ടിട്ടുള്ള കിം ജോങ് നാമിന്റെ മകൻ കിം ഹാൻ സോൾ അടക്കമുള്ളവർ ഈ സംഘടനയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ഫ്രീ ജോസിയോണിന്റെ അവകാശവാദം. കിം ജോങ് ഉന്നിന്റെ ഭരണത്തെ 'മനുഷ്യരാശിക്കുമേലുള്ള തീരാക്കളങ്കം' എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത കൊറിയൻ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് സിയോൾ നഗരത്തിന്റെ ഹൃദയഭാഗത്തെവിടെയോ നിന്നുകൊണ്ട് ഒരു യുവതി, വ്യക്തമായ ഉത്തരകൊറിയൻ ഉച്ചാരണത്തോടെയാണ് ആ പ്രഖ്യാപനം അന്ന് വായിച്ചത്. 

 

2019 മാർച്ച് മധ്യത്തിൽ അവർ മലേഷ്യയിലെ ഉത്തരകൊറിയൻ എംബസിയുടെ ചുവരിന്മേൽ തങ്ങളുടെ സംഘടനയുടെ ചിഹ്നവും മറ്റും സ്പ്രേ പെയിന്റ് ചെയ്ത ശേഷം അതിനു ചുവടെയായി "ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും" എന്ന് എഴുതിവെച്ചതും മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. കിം ജോങ് നാമിന്റെ ഘാതകരിൽ ചിലരെ മലേഷ്യൻ കോടതി വെറുതെ വിട്ടതിനു രണ്ടു മണിക്കൂറിനുളിലായിരുന്നു ഈ പ്രതിഷേധം അരങ്ങേറിയത്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കിം ജോങ് ഉന്നിന്റെ അച്ഛൻ കിം ജോങ് എല്ലിന്റെയും, മുത്തച്ഛൻ കിം ഇൽ സങ്ങിന്റെയും ചിത്രങ്ങൾ തല്ലിത്തകർക്കുന്ന വീഡിയോയും വൈറലായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ ഉത്തരകൊറിയൻ ജനതയിൽ ഉണ്ടാക്കുന്ന നടുക്കം പറഞ്ഞറിയിക്കാവതല്ല. എഴുപതിറ്റാണ്ടുകളായി ഒരാളും ചിന്തിക്കാൻ പോലും ധൈര്യം കാണിക്കാതിരുന്ന കാര്യങ്ങളൊക്കെയാണ് ഇപ്പോൾ നടക്കുന്നത്. തങ്ങളുടെ ജീവൻ ത്യജിച്ചും സുപ്രീം ലീഡർമാരുടെ ചിത്രങ്ങളെ സംരക്ഷിക്കണം എന്ന് ഉത്തരകൊറിയയിലെ കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ അറിയാം. അങ്ങനെയുള്ള ചിത്രങ്ങൾ ഒരാൾ തച്ചു തകർക്കുക എന്നുവെച്ചാൽ അത് ചില്ലറക്കാര്യമല്ല. ഒരേ സമയം കടുത്ത ഭീതിയും, വല്ലാത്തൊരു ചാരിതാർഥ്യവും കൊറിയൻ ജനതയിൽ ഉണ്ടാക്കുന്നതായിരുന്നു ഈ വീഡിയോ.

 

 

ഉത്തരകൊറിയൻ സർക്കാരിന്റെ സമഗ്രാധിപത്യത്തെ മാഡ്രിഡിലെയും, മലേഷ്യയിലെയും പോലുള്ള ചെറിയ ചെറിയ പ്രതിഷേധങ്ങളിലൂടെ വിറളി പിടിപ്പിക്കുക എന്നതാണ് ഫ്രീ ജോസിയോണിന്റെ രീതിശാസ്ത്രം. മലേഷ്യൻ എംബസിയുടെ ചുവരിൽ പ്രയോഗിക്കപ്പെട്ട നൂറുരൂപയുടെ സ്പ്രേ പെയിന്റ് കാനിന് സത്യത്തിൽ ലക്ഷക്കണക്കിന് ഡോളർ വിലയുള്ള മിസൈലുകളെക്കാൾ പ്രഹരശേഷിയുണ്ട്. ഉത്തര കൊറിയൻ സർക്കാരിന് ഏറ്റവും വേദനിക്കുന്ന ഇടങ്ങളിൽ പ്രവചനാതീതമായ ഇടവേളകളിൽ നേരിയ പോറലുകൾ ഏൽപ്പിച്ച്,  ചോര പൊടിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഫ്രീ ജോസിയോണിന്റെ പടയാളികൾ.  
 

ചൈനീസ് ഏജന്റ് മകളുടെ ശരീരത്തിൽ നോട്ടമിട്ടപ്പോൾ, അത് തടയാൻ സ്വന്തം ശരീരം നൽകേണ്ടി വന്ന ഉത്തര കൊറിയയിലെ ഒരമ്മ

കിം ജോങ് ഉൻ : തലതെറിച്ച പയ്യനിൽ നിന്ന് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയിലേക്കുള്ള ദൂരം

കിം ജോംഗ്ഉന്നിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ ലോകം ഉറ്റുനോക്കുന്നത് കിം യോജോങിലേക്ക്

കിം ജോങ് ഉന്നിന്റെ തിരോധാനം, ഇനിയും ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങൾ

ഉത്തര കൊറിയയിലെ മൂന്നു കിമ്മുകൾ; ഏകാധിപത്യ കമ്യൂണിസ്റ്റ് പാരമ്പര്യവാഴ്ച ഒരു രാജ്യത്തോട് ചെയ്തത്

click me!