'ഇനി ഒരിക്കലും ഈ ജോലി ചെയ്യരുതെന്ന് ഞാൻ തീരുമാനിച്ചിരുന്നു. കാരണം, ആ രേഖാചിത്രം ചെയ്യുന്നത് വൈകാരികമായി വളരെ ഭയാനകമായ ഒന്നായിരുന്നു. പക്ഷേ, കുറ്റവാളിയെ പിടികൂടി എന്ന് മനസ്സിലാക്കിയപ്പോൾ, അത് മാറി.'
ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായി പ്രവർത്തിക്കുന്ന ഫോറൻസിക് ആർട്ടിസ്റ്റാണ് ലോയിസ് ഗിബ്‍സൺ. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സാണ് ഈ 74 -കാരിയെ അങ്ങനെ വിശേഷിപ്പിച്ചത്. ഫോറൻസിക് ആർട്ടിസ്റ്റ് എന്ന നിലയിൽ ലോയിസ് വരച്ച രേഖാചിത്രങ്ങൾ 1,313 കുറ്റവാളികളെ തിരിച്ചറിയാൻ ഹൂസ്റ്റൺ പൊലീസിനെ സഹായിച്ചിട്ടുണ്ട്. എന്നാൽ, ഇതിനേക്കാളൊക്കെ അതിശയിപ്പിക്കുന്നത് എങ്ങനെയാണ് ലോയിസ് ഒരു ഫോറൻസിക് ആർട്ടിസ്റ്റായിത്തീർന്നത് എന്ന കഥയാണ്.
ഒരു മോഡലും ഡാൻസറുമായിരുന്നു ലോയിസ്. പിന്നീടാണ് അവൾ ഫൈൻ ആർട്സിൽ ബിരുദമെടുക്കുന്നതിന് സർവകലാശാലയിൽ ചേർന്നത്. പക്ഷേ, 21 -ാമത്തെ വയസ്സിലുണ്ടായ ഒരു അനുഭവം അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. 1971 -ൽ, അവളുടെ ലോസ് ഏഞ്ചൽസിലെ അപ്പാർട്ട്മെൻ്റിനുള്ളിൽ വച്ച് ഒരു അപരിചിതൻ അവളെ ആക്രമിക്കുകയായിരുന്നു. അവളെ കഴുത്തു ഞെരിച്ച് കൊല്ലാനും ലൈംഗികാതിക്രമത്തിനുമായിരുന്നു അയാളുടെ ശ്രമം.
undefined
ക്രൂരമായ ആക്രമണത്തിൽ നിന്ന് ലോയിസ് കഷ്ടിച്ച് രക്ഷപ്പെട്ടു. പക്ഷേ, ഈ സംഭവം പൊലീസിൽ അറിയിച്ചില്ല. പിന്നീട്, അവൾ ടെക്സാസിലെ ഹൂസ്റ്റണിലേക്ക് താമസം മാറി. അവിടെ ഒരു പോർട്രെയ്റ്റ് ആർട്ടിസ്റ്റായി പ്രവർത്തിക്കാൻ തുടങ്ങി. തന്റെ വരയിലുള്ള കഴിവുകൾ കുറ്റവാളികളെ പിടികൂടാൻ പൊലീസിനെ സഹായിക്കുമെന്ന് മനസിലാക്കിയ ലോയിസ് തന്നെ ഒരു ഫോറൻസിക് ആർട്ടിസ്റ്റായി നിയമിക്കണമെന്ന് പൊലീസിനോട് അപേക്ഷിച്ചു. തന്റെ കഴിവുകൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
1982 -ൽ ഹൂസ്റ്റൺ പൊലീസിനൊപ്പം ഫോറൻസിക് ആർട്ടിസ്റ്റായി പ്രവർത്തിക്കാൻ തുടങ്ങി ലോയിസ്. എന്നാൽ, ആദ്യമായി അവൾ ചെയ്ത വർക്ക് അവളെ വൈകാരികമായി ബാധിക്കുന്ന ഒന്നായിത്തീർന്നു. എന്നാൽ, കുറ്റവാളിയെ പിടികൂടാൻ അത് പൊലീസിനെ സഹായിച്ചു.
“ഇനി ഒരിക്കലും ഈ ജോലി ചെയ്യരുതെന്ന് ഞാൻ തീരുമാനിച്ചിരുന്നു. കാരണം, ആ രേഖാചിത്രം ചെയ്യുന്നത് വൈകാരികമായി വളരെ ഭയാനകമായ ഒന്നായിരുന്നു. പക്ഷേ, കുറ്റവാളിയെ പിടികൂടി എന്ന് മനസ്സിലാക്കിയപ്പോൾ, അത് മാറി. വെറും ഒരു മണിക്കൂർ കൊണ്ട് വരച്ച ചിത്രം കൊണ്ട് കുറ്റവാളിയെ പിടികൂടാനാവുമെന്ന അറിവ് എന്റെ അവസ്ഥ മാറ്റി“ എന്നും അവൾ പറയുന്നു.
ഈ വർഷം ഫെബ്രുവരി വരെയായി 1313 പ്രതികളെ ഇതുപോലെ പിടികൂടാൻ സാധിച്ചു എന്നും അവൾ പറയുന്നു. 2017 -ൽ ഏറ്റവുമധികം കുറ്റവാളികളെ പിടികൂടാൻ സഹായിച്ച ഫോറൻസിക് ആർട്ടിസ്റ്റ് എന്ന പേരിൽ ഗിന്നസ് വേൾ റെക്കോർഡും അവൾ സ്വന്തമാക്കിയിരുന്നു.