ഏകദേശം 10 വർഷമായി ഗുരുങ്ങും സുരേന്ദ്ര പാണ്ഡേയും ഒരുമിച്ചാണ് കഴിയുന്നത്. 2017 -ൽ ഒരു അമ്പലത്തിൽ വച്ച് ഇരുവരും വിവാഹച്ചടങ്ങുകൾ നടത്തിയിരുന്നു. എന്നാൽ, അതിന് ഔദ്യോഗികമായി അംഗീകാരം കിട്ടിയത് ഇപ്പോഴാണ്.
നേപ്പാളിൽ ആദ്യത്തെ സ്വവർഗവിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഇതോടെ സൗത്ത് ഏഷ്യയിലെ തന്നെ ഔദ്യോഗികമായി സ്വവർഗവിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ രാജ്യമായി നേപ്പാൾ മാറി. പടിഞ്ഞാറൻ ലുംജംഗ് ജില്ലയിലാണ് ബുധനാഴ്ച മായ ഗുരുങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവരുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വവർഗ ദമ്പതികൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിറങ്ങി അഞ്ച് മാസത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം എന്നതും ശ്രദ്ധേയമാണ്. സ്വവർഗ വിവാഹം നിയമവിധേയമാക്കിയിരിക്കുന്ന ഏഷ്യയിലെ മറ്റൊരു രാജ്യം തായ്‍വാൻ മാത്രമാണ്. തങ്ങൾക്ക് മാത്രമല്ല, തങ്ങളെപ്പോലെയുള്ള അനേകം മനുഷ്യർക്ക് ഈ ദിവസം വലിയ പ്രാധാന്യമുള്ളതാണ് എന്നാണ് തങ്ങളുടെ വിവാഹദിവസത്തെ കുറിച്ച് ഗുരുങ് പ്രതികരിച്ചത്.
അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ, ഞങ്ങളത് ചെയ്തു. ഭാവി തലമുറയ്ക്കെങ്കിലും അത് എളുപ്പമാകട്ടെ. ഈ ഔദ്യോഗികമായ വിവാഹ രജിസ്ട്രേഷൻ തങ്ങൾക്ക് മറ്റ് പല കാര്യങ്ങളിലേക്കും ഉള്ള വാതിൽ തുറന്ന് തന്നിരിക്കുകയാണ് എന്നും ഗുരുങ് പറയുന്നു.
ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങണം. വാങ്ങിയിരിക്കുന്ന സ്ഥലം രണ്ടുപേരുടെയും പേരിലാക്കണം എന്നതൊക്കെയാണ് ഇനി അവർ ചെയ്യാൻ പോകുന്നത്. എന്നാൽ, അവരുടെ ഏറ്റവും വലിയ സ്വപ്നം സാമ്പത്തികസ്ഥിതി അനുകൂലമാകുമ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നതാണ്.
ഏകദേശം 10 വർഷമായി ഗുരുങ്ങും സുരേന്ദ്ര പാണ്ഡേയും ഒരുമിച്ചാണ് കഴിയുന്നത്. 2017 -ൽ ഒരു അമ്പലത്തിൽ വച്ച് ഇരുവരും വിവാഹച്ചടങ്ങുകൾ നടത്തിയിരുന്നു. എന്നാൽ, അതിന് ഔദ്യോഗികമായി അംഗീകാരം കിട്ടിയത് ഇപ്പോഴാണ്. ഗുരുങ് ഒരു ട്രാൻസ്ജെൻഡർ വനിതയാണ്. എന്നാൽ, ഔദ്യോഗികരേഖകളിലൊന്നും തന്നെ അവർ തന്റെ ജെൻഡർ മാറ്റിയിട്ടില്ല.
വായിക്കാം: വരന് ഡെങ്കിപ്പനി, നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിൽ വിവാഹം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം