എം.ടിയുടെ സ്ത്രീകഥാപാത്രങ്ങളോരോരുത്തരും വേറിട്ടു നിന്നു. സ്ത്രീകളുടെ ശക്തിയും ദൗർബല്യവും അദ്ദേഹം അവതരിപ്പിച്ചു.
എഴുത്തിന്റെ പെരുന്തച്ചൻ, അനേകം കഥകളും കഥാപാത്രങ്ങളും നമുക്ക് സമ്മാനിച്ച എം. ടി വാസുദേവൻ നായർ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. സാഹിത്യത്തിന് അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കൊപ്പം തന്നെ തിരക്കഥാകൃത്തായും, സംവിധായകനായും അദ്ദേഹം നമ്മെ അമ്പരപ്പിച്ചു. അവിസ്മരണീയമായ ഒട്ടേറെ സിനിമകൾ നമുക്ക് സമ്മാനിച്ചു.
മലയാള സിനിമയിൽ നമ്മെ ആഴത്തിൽ സ്പർശിച്ചിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളിൽ പലതും എംടിയുടെ തൂലികകളിൽ നിന്ന് പിറവിയെടുത്തവരാണ്. ഒരു നായികാവേഷത്തിന് വേണ്ടുന്നതെന്ന് നാം കരുതിപ്പോന്ന പരമ്പരാഗതമായ പാറ്റേണുകളിൽ നിന്നും മാറി, വ്യത്യസ്തവും കരുത്തുറ്റതുമായ സ്ത്രീകഥാപാത്രങ്ങൾ എം.ടിയുടെ പ്രത്യേകതയായി മാറി.
undefined
'ഒരു ചെറുപുഞ്ചിരി'യിലെ ബാലിശവും പക്വതയും ഒരുപോലെ സമന്വയിപ്പിച്ചിട്ടുള്ള ഭാവം പേറുന്ന കഥാപാത്രം -'അമ്മാളുക്കുട്ടി' മുതൽ, ചതിയുടെ ക്രൂരമുഖമായ ഉണ്ണിയാർച്ച (ഒരു വടക്കൻ വീരഗാഥ), ധൈര്യത്തിനും അതിജീവനത്തിനും പേര് കേട്ട ദയ (ദയ), യക്ഷിയായ കുഞ്ഞാത്തോൽ (എന്ന് സ്വന്തം ജാനകിക്കുട്ടി), സ്നേഹവതിയായ അമ്മുക്കുട്ടി (ആൾക്കൂട്ടത്തിൽ തനിയെ) എന്നിങ്ങനെ ആവർത്തനങ്ങളില്ലാതെ സ്ത്രീകളിലെ വിവിധ ഭാവങ്ങളാണ് നമുക്ക് മുന്നിലെത്തിയത്.
കൂടാതെ, ചൂഷണം ചെയ്യപ്പെട്ട, വഞ്ചിക്കപ്പെട്ട, വ്യവസ്ഥിതിയുടെ ഇരകളായി മാറിയ, വൈശാലി (വൈശാലി), കുഞ്ഞിമാളു (നീലത്താമര) തുടങ്ങിയവർ. ഏകാന്തതയുടെ ലൂപ്പിൽ അറിയാതെ തന്നെ അകപ്പെട്ടുപോകുന്ന ജാനകിക്കുട്ടി (എന്ന് സ്വന്തം ജാനകിക്കുട്ടി), അമ്മിണി (ആരണ്യകം) എന്നിവരും, സാമൂഹികമായ അനീതികളിൽ പെട്ട് നിസ്സഹായരായി മാറിയപ്പോൾ, ഉള്ളിലെ ശക്തി തിരിച്ചറിയുന്ന ഇന്ദിര (പഞ്ചാഗ്നി), ഉണ്ണിമായ (പരിണയം). നിഷ്കളങ്കയായ ഗൗരി (നഖക്ഷതങ്ങൾ), വിനോദിനി (തീർത്ഥാടനം). ഇങ്ങനെ എം.ടിയുടെ സ്ത്രീകഥാപാത്രങ്ങളോരോരുത്തരും വേറിട്ടു നിന്നു. സ്ത്രീകളുടെ ശക്തിയും ദൗർബല്യവും അദ്ദേഹം അവതരിപ്പിച്ചു.
പുരുഷാധിപത്യ പരിസരത്തെ ചുറ്റിപ്പറ്റിത്തന്നെ നിലനിന്നുവെങ്കിലും ആ നായികമാരുടെ 'ഐഡന്റിറ്റി' വെളിപ്പെടുത്താൻ എം.ടി മറന്നില്ല. പലരും പുരുഷ കഥാപാത്രങ്ങൾക്ക് മുകളിലായിരുന്നു. ചില കഥാപാത്രങ്ങൾ ചില യാഥാർത്ഥ്യങ്ങൾ നമ്മോട് വെളിപ്പെടുത്തി, ചില കഥാപാത്രങ്ങൾ നമ്മെ വശീകരിച്ചു, ചിലത് നമ്മിലെ വൈകാരികതയെ ഉണർത്തി.
ഈ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ച നടിമാർ ഭാഗ്യമുള്ളവരാണ്- പലരും ആ കഥാപാത്രങ്ങളോട് പൂർണമായും നീതി പുലർത്തി. ആ കഥാപാത്രങ്ങളെ കാണാനും, ഒരുനിമിഷമെങ്കിലും നമ്മുടെ സ്വന്തമായിക്കണ്ട് അനുഭവിക്കാനും കഴിഞ്ഞതിൽ ഞങ്ങളും ഭാഗ്യവാന്മാരാണ്. ഈ സ്ത്രീകഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച പ്രിയപ്പെട്ട എം. ടി നന്ദി, വേദനയോടെ വിട.
എഴുതാനായി ജനിച്ച ഒരാൾ, എം.ടി എന്ന മഹാപ്രതിഭ; എഴുത്തിന്റെ പെരുന്തച്ചാ, വിട...