തീവ്രവാദി നേതാക്കളെ വിട്ടയച്ചതോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചു. കേന്ദ്രത്തോട് മുട്ടിൽ നില്ക്കാൻ പറഞ്ഞാൽ അവർ ഇഴയും എന്ന് തീവ്രവാദികൾക്ക് മനസ്സിലായി.
കശ്മീർ എന്ന വാക്ക് കേൾക്കുമ്പോൾ അതിനോട് ചേർന്ന് ഓർമ്മയിലേക്ക് കടന്നുവരുന്ന ഒരു പദമാണ് ആസാദി എന്നത്. സ്വാതന്ത്ര്യം. ഇന്ത്യൻ ഭരണഘടന നമുക്ക് അനുവദിച്ചുതരുന്ന സ്വാതന്ത്ര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജീവിക്കാനുള്ള അവകാശം. വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യങ്ങളോടും കൂടി പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം. അത് നിഷേധിക്കപ്പെട്ട ഒരു കൂട്ടം ആളുകളുടെ, കശ്മീരി പണ്ഡിറ്റുകളുടെ കഥപറഞ്ഞ സിനിമയാണ് ഷികാര. ആ സിനിമ വരുന്നതിനൊക്കെ വർഷങ്ങൾക്കു മുമ്പ്, 2013 ജനുവരിയിൽ പുറത്തിറങ്ങിയ പുസ്തകമാണ് 'Our Moon has Blood Clots : The Exodus of the Kashmiri Pandits' - Penguin Random House India. മലയാളത്തിൽ ആ പേരിന്റെ ഏകദേശാർത്ഥം, 'ഞങ്ങളുടെ ചന്ദ്രനിൽ രക്തം കട്ടപിടിച്ചു കിടപ്പുണ്ട്' എന്നാണ്. അതെഴുതിയ ആൾ ഒരു കശ്മീരി പണ്ഡിറ്റാണ്. പേര് രാഹുൽ പണ്ഡിത. അദ്ദേഹം നിരവധി ഇന്ത്യൻ ഇംഗ്ലീഷ് പത്രങ്ങളുടെ റിപ്പോർട്ടർ ആയി സേവനമനുഷ്ഠിച്ച ശേഷം ഇപ്പോൾ ഫ്രീലാൻസ് ജേർണലിസ്റ്റും എഴുത്തുകാരനാണ്. ബസ്തറിലെ നക്സലൈറ്റുകളുടെ ഇടയിൽ ചെന്ന്, അവരോടൊപ്പം താമസിച്ച് അദ്ദേഹം എഴുതിയ 'ഹലോ ബസ്തർ' ( Hello Bastar: The Untold Story Of India’s Maoist Movement, published in 2011 by Westland / Tranquebar Press) എന്ന പുസ്തകം അവിടത്തെ മാവോയിസ്റ്റ് മുന്നേറ്റത്തെപ്പറ്റി രചിക്കപ്പെട്ടിട്ടുള്ള അപൂർവം പുസ്തകങ്ങളിൽ ഒന്നാണ്. കശ്മീരിൽ ജനിച്ച്. പതിനാലുവയസ്സുവരെ കശ്മീർ താഴ്‌വരയിൽ ജീവിച്ച, 1990 ജനുവരി 19 -ന് അവിടെനിന്ന് പലായനം ചെയ്യേണ്ടി വന്ന രാഹുൽ പണ്ഡിത, കശ്മീരി പണ്ഡിറ്റുകൾക്ക് അനുഭവിക്കേണ്ടി വന്ന യാതനകൾ നേരിട്ട് അനുഭവിച്ചിട്ടുള്ള ആളാണ്. ഈ പുസ്തകം ആ അനുഭവങ്ങളുടെ ഹൃദയത്തെ പിടിച്ചുലക്കുന്ന നേർസാക്ഷ്യമാണ്.
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെക്കുറിച്ച് പലർക്കും വേണ്ടത്ര അറിയില്ലെന്ന് രാഹുൽ പണ്ഡിത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. വിശേഷിച്ച്, കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെപ്പറ്റി പലരും കേട്ടിട്ടുപോലും ഇല്ല. അബദ്ധവശാൽ കേൾക്കുകയെങ്കിലും ചെയ്തിട്ടുള്ള അപൂർവം ചിലർക്കാകട്ടെ ആ ദുരന്തത്തിന്റെ ഭീകരതയെപ്പറ്റി വേണ്ടത്ര അവഗാഹമില്ല. മുപ്പതു വർഷം മുമ്പ് നടന്ന ഈ സംഭവം സാഹിത്യത്തിൻറെ ഭാഗമാകുമ്പോൾ അതിനെ പലരും പല രീതിയിലാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാൽ, രാഹുൽ പണ്ഡിതയ്ക്ക് ഇക്കാര്യത്തിൽ ഉള്ള ഒരു ഗുണം, അദ്ദേഹം ഈ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളാണ് എന്നതാണ്. അതിന്റെ വിഷമങ്ങൾ അനുഭവിച്ച ഒരാളാണ് എന്നതാണ്. ഇതേപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ അദ്ദേഹം ആദ്യം തന്നെ ഉദ്ധരിച്ചത് ഹിന്ദി കവി വിദ്യാരത്തൻ ആസി സാഹിബിന്റെ രണ്ടു വരികളാണ്. "ഞങ്ങൾ കടന്നുപോന്ന സാഹചര്യങ്ങളെപ്പറ്റി എന്തുപറയാൻ, നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ ചിലപ്പോൾ ആത്മാഹുതി ചെയ്തിരുന്നേനെ".
1990 ജനുവരിയിലാണ് ഈ കൂട്ടപ്പലായനം സംഭവിച്ചത് എങ്കിലും, അതിനുള്ള നിലമൊരുങ്ങുന്നത് എൺപതുകളുടെ പകുതിയിലാണ് എന്ന് പണ്ഡിത പറഞ്ഞു. 1986 -ൽ അദ്ദേഹത്തിന് പ്രായം പത്തുവയസ്സ്. അന്ന് ദക്ഷിണ കശ്മീരിലെ അനന്തനാഗ് ജില്ലയിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരെ വലിയൊരു ലഹള നടന്നു. അന്ന് അവരുടെ വീടുകൾക്ക് തീവെയ്ക്കപ്പെട്ടു, അമ്പലങ്ങൾ തകർക്കപ്പെട്ടു. അവരുടെ സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി. നന്നേ ചെറുപ്പത്തിൽ തന്നെ, കണ്ണും കാതും ഒക്കെ ഉറച്ചു തുടങ്ങുന്ന പ്രായത്തിൽ തന്നെ അവിടെ തന്റെ മനസ്സിലേക്ക് കടന്നുവന്നത് തങ്ങൾ ഇവിടെ ന്യൂനപക്ഷമാണ്, അന്യരാണ് എന്ന ബോധമാണ് എന്നദ്ദേഹം ഓർത്തെടുക്കുന്നു. സ്‌കൂളിൽ പറഞ്ഞയച്ചിരുന്നപ്പോഴും അമ്മയും അമ്മൂമ്മയും ഒക്കെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചിരുന്നത് ഒരേ കാര്യമാണ്. "സ്‌കൂളിൽ ആരുമായും തല്ലുണ്ടാക്കരുത്. ആരെങ്കിലും വഴക്കുണ്ടാക്കാൻ വന്നാൽ തന്നെ, അത് തുടങ്ങും മുമ്പേ കയ്യോ കാലോ പിടിച്ച് ഒഴിവാക്കിക്കൊള്ളുക. വിചാരിക്കുന്നേടത്ത് നിൽക്കില്ല കാര്യങ്ങൾ വഷളായാൽ. സൂക്ഷിക്കണം." അതുകൊണ്ട് സമൂഹത്തിൽ എന്നും പതുങ്ങിപ്പതുങ്ങി നടന്ന, പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞൊഴിഞ്ഞു ജീവിച്ച ബാല്യകൗമാരങ്ങളാണ് രാഹുലിന്റെ ഓർമയിലുള്ളത്.
undefined
എത്ര ഒഴിഞ്ഞു മാറി നടന്നാലും, എങ്ങനെയെങ്കിലും ആ സമാധാനത്തിന്റെ ആകാശം എന്നെങ്കിലുമൊരു ദിവസം ഇടിഞ്ഞു വീഴുക തന്നെ ചെയ്യുമായിരുന്നു എന്ന് അദ്ദേഹമോർക്കുന്നു. അങ്ങനെ സമാധാന ഭംഗം ഉണ്ടാകാനുള്ള കാരണം കാശ്മീരിന് അകത്തു നടക്കുന്ന കാര്യങ്ങൾ ആകണം എന്നില്ല. ഇന്ത്യയിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ നടക്കുന്ന ഏതൊരു സംഭവത്തിന്റെയും അനുരണനങ്ങൾ താഴ്‌വരയിൽ ഉണ്ടാകുമായിരുന്നു. ന്യൂനമർദ്ദമുണ്ടാകുന്നത് മറ്റെവിടെയെങ്കിലും ആയാലും, കൊടുങ്കാറ്റും പേമാരിയും ഉണ്ടായിരുന്നത് കശ്മീരിൽ ആയിരുന്നു. അതിനി ജറുസലേമിൽ ഇസ്രായേൽ പാകിസ്ഥാൻ പ്രശ്നമായാലും, ഇന്ത്യയിൽ ബാബരി മസ്ജിദ് തർക്കമായാലും, സൽമാൻ റുഷ്ദിയുടെ നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ പേരിലുള്ള ബഹളമായാലും എന്നുവേണ്ട ഇന്ത്യാ പാകിസ്ഥാൻ മത്സരത്തിൽ ഇന്ത്യ ജയിച്ചതായാലും അതിന്റെ ഒക്കെ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നവർ പണ്ഡിറ്റുകളായിരുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു. സ്വാതന്ത്ര്യദിനത്തിന്റെ അന്ന് രാത്രി, സ്വന്തം വീടിന്റെ മട്ടുപ്പാവിലെ ലൈറ്റിട്ടതിന്റെ പേരിൽ പോലും കശ്മീരി പണ്ഡിറ്റുകളുടെ വീടുകൾ അക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന് രാഹുൽ പറഞ്ഞു. 1986 -ന് ശേഷം സ്ഥിതിഗതികൾ വളരെ വേഗത്തിൽ വഷളാകാൻ തുടങ്ങി.
ഈ മാറ്റങ്ങളെപ്പറ്റി സൂചിപ്പിക്കാൻ രാഹുൽ ചിലതെല്ലാം ഓർത്തെടുത്തു. അന്ന് അദ്ദേഹം കുടുംബത്തോടൊപ്പം ശങ്കരാചാര്യ ഹിൽസിലെ അവധിദിവസം ചെലവിടാൻ വേണ്ടി പോയി. അപ്പോൾ അവിടെ അദ്ദേഹം കശ്മീരി മുസ്ലിങ്ങളിൽ നിന്ന് വിഭിന്നമായ രീതിയിൽ വസ്ത്രങ്ങൾ ധരിച്ച ചില യുവാക്കളെ കണ്ടു. വളരെ വിചിത്രമായ പല കഠിനവ്യായാമങ്ങളിലും ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു അവിടെയവർ. കോണിപ്പടികൾ വേഗത്തിൽ ഓടിയിറങ്ങുന്നു, കരാട്ടെ, കുങ്ഫു പോലുള്ള മുറകൾ അഭ്യസിക്കുന്നു, കസർത്തുകൾ കാണിക്കുന്നു അങ്ങനെയങ്ങനെ. അന്നാദ്യമായിട്ടാണ് അങ്ങനെയൊന്ന് താഴ്‌വരയിൽ കാണാൻ കഴിഞ്ഞത് എന്നദ്ദേഹം ഓർക്കുന്നു. അത് വരാനിരിക്കുന്ന അപകടത്തിന്റെ ആദ്യത്തെ സിഗ്നൽ ആയിരുന്നു. രണ്ടാമത്തേത്, വീട്ടിൽ വന്നിരുന്ന പാൽക്കാരന്റെ ഏറെ നിർദോഷമെന്നു തോന്നിക്കുന്ന ഒരു തമാശയുടെ രൂപത്തിലായിരുന്നു. അത്തരത്തിൽ ഒരു തമാശയും രാഹുൽ ഓർത്തെടുത്തു. കശ്മീരിലെ ഒരു മിഡിൽക്ളാസ്സ് സർക്കാർ ഉദ്യോഗസ്ഥ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കശ്മീരി പണ്ഡിറ്റുകൾക്ക് തങ്ങളുടെ ആജീവനാന്ത സമ്പാദ്യമെന്നത് താമസിച്ചിരുന്ന വീടായിരുന്നു. മെല്ലെമെല്ലെയാണ് വീടിന്റെ പണി പൂർത്തിയാക്കിയിരുന്നത്. എന്നും അവരുടെ വീടുകളിൽ ഒരു മുറിയുടെ കുറവുണ്ടാകും, അത് പണിഞ്ഞുകൊണ്ടേയിരിക്കും മിക്ക കുടുംബങ്ങളും എന്ന് രാഹുൽ നർമ്മഭാവത്തിൽ ഓർത്തെടുക്കുന്നു. അങ്ങനെ ഒരു മുറിയുടെ പണി നടക്കുന്നതിനിടെ വീട്ടിൽ വന്ന പാൽക്കാരനായ ഒരു കശ്മീരി മുസ്ലിം എന്താണ് പണി എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞു, "ഒരു മുറികൂടി എടുക്കുന്നു, സ്ഥലം തികയുന്നില്ല." അപ്പോൾ ആ പാൽക്കാരന്റെ കണ്ണുകളിൽ വല്ലാത്തൊരു ചിരി വന്നു നിറഞ്ഞു. രാഹുലിന്റെ അച്ഛനോട് അയാൾ പറഞ്ഞത്രേ, "എന്തിനാണ് ഇങ്ങനെ പണം പാഴാക്കുന്നത്, ഈ വീട് ഇന്നല്ലെങ്കിൽ നാളെ ഞങ്ങളുടേതാകാനുളളതല്ലേ?" രാഹുലിന്റെ അച്ഛന് അതുകേട്ടപ്പോൾ വല്ലായ്മ തോന്നി എങ്കിലും, അത് ആ പാൽക്കാരന്റെ ഉച്ചക്കിറുക്കായി അദ്ദേഹം തള്ളി. എന്നാൽ, പിന്നീട്, ഇതേ രീതിയിലുള്ള സംസാരം അലക്കുകാരന്റെയോ, ഷാൾ വില്പനക്കാരന്റെയോ, ഇസ്തിരിക്കാരന്റെയോ ഒക്കെ അടുത്തുനിന്ന് മറ്റു പല കശ്മീരി പണ്ഡിറ്റുകളും കേട്ടിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം സിഗ്നലുകൾ അക്രമത്തിലേക്ക് വഴുതിവീണത് ടീകാ ലാൽ ടപ്‌ലു എന്ന പൊതുപ്രവർത്തകന്റെ കൊലപാതകത്തോടെയാണ്. തുടർന്ന് കൊലപാതകങ്ങളുടെ ഒരു പരമ്പരതന്നെ നടക്കുന്നു. ഈ കൊലപാതകങ്ങൾ ഒക്കെയും ചെയ്തത് കശ്മീർ താഴ്‌വരയിൽ നിന്ന് പാക് അധീന കാശ്മീരിലേക്ക് പോയി അവിടെ നിന്ന് തീവ്രവാദപരിശീലനം നേടി തിരിച്ചുവന്ന അവിടത്തെ തന്നെ യുവാക്കളാണ്. കശ്മീരിൽ ഭീകരവാദത്തിന്റെ തുടക്കമായിരുന്നു അത്. എന്നാൽ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള കശ്മീരിൽ ഭീകരവാദത്തിന് തുടക്കമായി എന്ന സത്യത്തെ നിഷേധിക്കുന്ന തിരക്കിലായിരുന്നു. ആയിടെ താഴ്വരയിലെ മാർത്താണ്ഡ് സൂര്യക്ഷേത്രത്തിൽ വെച്ച് സുപ്രസിദ്ധ നർത്തകി സോണൽ മാൻസിംഗിന്റെ ഒരു നൃത്തപരിപാടിയിൽ പങ്കെടുത്ത്, അവരോടൊപ്പം നൃത്തം ചെയ്തു കഴിഞ്ഞ്, ഫാറൂഖ് അബ്ദുള്ളയോട് പത്രപ്രവർത്തകർ ചോദിച്ചു, " കാശ്‌മീരിയിൽ മിലിറ്റൻസി തുടങ്ങിയോ?" അദ്ദേഹം അന്ന് അങ്ങനെ ഒന്നും തന്നെയില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, അതിർത്തിയ്ക്കപ്പുറമിപ്പുറം നടക്കുന്ന നുഴഞ്ഞുകയറ്റത്തെക്കുറിച്ചും, ആടിനെ മേയ്ക്കാൻ പോകുന്ന ഇടയന്മാർ ആടുകളുടെ വയറ്റിൽ കെട്ടിവെച്ച് എകെ 47 തോക്കുകൾ താഴ്വരയിലേക്ക് കടത്തുന്നതിനെപ്പറ്റിയും ഒക്കെയുള്ള കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾ കേന്ദ്രത്തിന് കിട്ടിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. അതാത് സമയത്ത് ആ വിവരങ്ങൾ ഫാറൂഖ് അബ്ദുള്ളയ്ക്കും കിട്ടിയിരുന്നു എന്നുറപ്പാണ്. എന്നിട്ടും കശ്മീരി പണ്ഡിറ്റുകൾക്ക് വിശേഷിച്ച് ഒരു മുന്നറിയിപ്പും നല്കപ്പെട്ടില്ല എന്ന് രാഹുൽ പറയുന്നു.
1989 ഡിസംബർ 12 -നാണ് അടുത്ത പ്രധാനസംഭവവികാസമുണ്ടാകുന്നത്. അന്ന് വിപി സിംഗ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്നാ മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യാ സയീദിനെ JKLF തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. തങ്ങളുടെ 13 തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിച്ച ശേഷം മാത്രമേ അവർ റുബയ്യയെ വിട്ടുള്ളൂ. ഭീകരവാദികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് കേന്ദ്രം തീവ്രവാദി നേതാക്കളെ വിട്ടയച്ചതോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചു. കേന്ദ്രത്തോട് മുട്ടിൽ നില്ക്കാൻ പറഞ്ഞാൽ അവർ ഇഴയും എന്ന് തീവ്രവാദികൾക്ക് മനസ്സിലായി. അതിനു ശേഷം നിരവധി റാലികൾ നടന്നു. പതിനായിരക്കണക്കിന് കശ്മീരി മുസ്ലിങ്ങൾ അന്ന് തെരുവിലിറങ്ങി. അവർ വിളിച്ച ഒരു മുദ്രാവാക്യം അന്ന് ആ റാലികൾക്ക് സാക്ഷ്യം വഹിച്ച രാഹുൽ പണ്ഡിത ഓർത്തെടുക്കുന്നു," ദിൽ മേം രഖോ അള്ളാ കാ ഖൗഫ്, ഹാഥ് മേം രഖോ കലാഷ്നിക്കോഫ്" അതായത്,"മനസ്സിൽവേണ്ടത് ദൈവഭയം, കയ്യിൽവേണ്ടത് കലാഷ്നിക്കോവ്". ആ റാലികൾക്കു ശേഷം തുടർച്ചയായി കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടാൻ തുടങ്ങി.
അപ്പോഴേക്കും കശ്മീരി പണ്ഡിറ്റുകൾ കൃത്യമായി ഇരയുടെ സ്ഥാനത്തേക്ക് കൊണ്ട് നിർത്തപ്പെട്ടു കഴിഞ്ഞിരുന്നു. അവർക്ക്. 'ഇസ്ലാമിലേക്ക് മതം മാറുക, പലായനം ചെയ്യുക, അല്ലെങ്കിൽ വെടിയുണ്ടയ്ക്കിരയായി കൊല്ലപ്പെടുക' എന്നിങ്ങനെ മൂന്ന് വഴികൾ നിർദേശിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ താഴ്‌വരയിൽ എങ്ങും പ്രത്യക്ഷപ്പെട്ടുഅതിനു പിന്നാലെയായി, ഇനി ഇല്ലാതാക്കാൻ പോകുന്ന കശ്മീരി പണ്ഡിറ്റുകളുടെ ഒരു ലിസ്റ്റും തീവ്രവാദസംഘടനകൾ പുറത്തിറക്കുന്നു. അതോടെ താഴ്വരയിലെ കശ്മീരി പണ്ഡിറ്റ് ജനത ആകെ പരിഭ്രാന്തരാകുന്നു. ഏറ്റവും ഒടുവിലായി, ഒരു പ്രാദേശിക പത്രത്തിൽ ഒരു അന്ത്യശാസനം കൂടി അച്ചടിച്ചു വന്നതോടെ എല്ലാം പൂർണമാകുന്നു.
ആയിടെ കശ്മീരിലെ പ്രമുഖരായ പണ്ഡിറ്റ് കുടുംബങ്ങൾക്ക് വന്ന പല ഭീഷണി സന്ദേശങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു, "മുന്നറിയിപ്പുകൾ അവഗണിച്ച് ഇവിടെ തുടർന്നാൽ, ഞങ്ങൾ തുടങ്ങാൻ പോകുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ടായിരിക്കും". തുടക്കത്തിൽ വന്ന ഈ ഭീഷണികൾക്ക് പിന്നാലെ, ആദ്യ കൊലപാതകം നടക്കുന്നത് 1989 സെപ്റ്റംബർ 13 -നാണ്. ടീകാ ലാൽ ടപ്‌ലു എന്ന താഴ്വരയിലെ പ്രസിദ്ധനായ ബിജെപി നേതാവ് ഭീകരവാദികളുടെ വെടിയേറ്റ് മരിക്കുന്നു. JKLF നേതാവായ മഖ്ബൂൽ ഭട്ടിന് വധശിക്ഷ വിധിച്ച ജഡ്ജ്, നീൽ കാന്ത് ഗുൻജു, നവംബർ നാലാം തീയതി, ശ്രീനഗർ കോടതിക്ക് പുറത്തുവെച്ച് തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നു. ഡിസംബർ 27 സുപ്രസിദ്ധ ജേർണലിസ്റ്റും അഭിഭാഷകനുമായ പ്രേം നാഥ് ഭട്ട് വെടിയേറ്റ് കൊല്ലപ്പെടുന്നു. ആദ്യമൊക്കെ താഴ്‌വരയിൽ ഉള്ളവർക്ക് തോന്നിയത്, പ്രമുഖരായ കശ്മീരി പണ്ഡിറ്റുകൾ മാത്രമാണ് തീവ്രവാദികൾ ലക്ഷ്യമിടുന്നത് എന്നായിരുന്നു. എന്നാൽ, പിന്നീട് അക്രമങ്ങൾ പാവപ്പെട്ടവർക്ക് നേരെയും നീണ്ടു.
1990 ജനുവരി 19 - കാര്യങ്ങൾ വല്ലാതെ വഷളായ ദിവസമായിരുന്നു അത്. ഫാറൂഖ് അബ്ദുള്ളയുടെ മന്ത്രിസഭ വീണ്ടും പിരിച്ചുവിടപ്പെട്ടു. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു. പ്രദേശത്തുള്ള നിരവധി ലൗഡ് സ്പീക്കറുകളിൽ നിന്ന് കശ്‍മീരി പണ്ഡിറ്റുകൾക്ക് നേരെ നിത്യം ഭീഷണികൾ മുഴങ്ങിത്തുടങ്ങി. വർഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങൾക്ക് തെരുവുകൾ സാക്ഷ്യം വഹിച്ചു. അന്ന് ലൗഡ്‌സ്പീക്കറിലൂടെ കേട്ട ഒരു കാര്യം രാഹുൽ പണ്ഡിത തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ആ മുദ്രാവാക്യമാണ് അദ്ദേഹത്തെയും കുടുംബത്തെയും കയ്യിൽ കിട്ടിയതെല്ലാം എടുത്ത് നാടുവിടാൻ പ്രേരിപ്പിച്ചത്. അത് ഇങ്ങനെയായിരുന്നു, "ഞങ്ങൾക്ക് ഞങ്ങളുടെ പാകിസ്ഥാൻ വേണം, കശ്മീരി പണ്ഡിറ്റ് പുരുഷന്മാർ എത്രയും പെട്ടെന്ന് സ്ഥലംവിടണം, നിങ്ങളുടെ സ്ത്രീകളെ കൊണ്ടുപോകണം എന്നില്ല" അതുകേട്ട ഉടനെ രാഹുലിന്റെ 'അമ്മ അടുക്കളയിലേക്ക് ചെന്ന് കറിക്കത്തി കയ്യിൽ എടുത്ത് തിരിച്ചുവന്ന് തന്റെ ഭർത്താവിനോടായി പറഞ്ഞു, "ഇനിയും ഇവിടെ നിൽക്കുന്നതൊക്കെ കൊള്ളാം. നാളെ ഈ വീട്ടിലേക്ക് ആ തെമ്മാടികൾ കടന്നുവന്നാൽ എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന് ഇപ്പോൾ മനസ്സിലായല്ലോ. അവർ വന്നാൽ, ഞാൻ ആദ്യം എന്റെ മകളെ കൊല്ലും, എന്നിട്ട് ഞാനും ചാവും. നിങ്ങൾ അവരെ കൊല്ലുകയോ, അവരോട് സന്ധിചെയ്യുകയോ എന്താണെന്നു വെച്ചാൽ ചെയ്തോ.." എന്തായാലും, ആ മുദ്രാവാക്യം വിളിയോടെ അവർക്ക് ഒരു കാര്യം മനസ്സിലായി. ഇനി അവിടെ നിന്നാൽ സ്ത്രീകൾ അടക്കം അക്രമിക്കപ്പെട്ടേക്കാം. അങ്ങനെ, നിൽക്കക്കള്ളിയില്ലാതെയായി എന്ന് ബോധ്യപ്പെട്ടതോടെ കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകാനുള്ള ശ്രമങ്ങൾ തുടങ്ങി. ജനുവരി 20 -ന്, കയ്യിൽ കിട്ടിയതെല്ലാം ഭാണ്ഡത്തിലാക്കി കശ്മീരി പണ്ഡിറ്റുകളുടെ ആദ്യസംഘം താഴ്‌വര വിട്ടു. അതിനുശേഷവും അവിടെ തുടർന്ന പണ്ഡിറ്റുകളിൽ പലരും പിന്നീടുള്ള ദിവസങ്ങളിൽ താഴ്‌വരയിൽ വധിക്കപ്പെട്ടു. ആ വധങ്ങൾ സൃഷ്‌ടിച്ച ഭീതി ആദ്യത്തേതിനേക്കാൾ വലിയതോതിലുള്ള മറ്റൊരു കൂട്ടപ്പലായനത്തിന് വഴിവെച്ചു. ആദ്യത്തേതിന്റെ ഇരട്ടി പണ്ഡിറ്റുകൾ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടന്ന ഈ പലായനത്തിൽ നാടുവിട്ടോടി.
1990 ജനുവരി 26 -ന് കശ്മീർ സ്വതന്ത്രമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കാനായിരുന്നു ജെകെഎൽഎഫിന്റെ പ്ലാൻ എന്ന് രാഹുൽ പണ്ഡിത പറയുന്നു. അതിന്റെ മുന്നോടിയായിട്ടാണ് ജനുവരിയുടെ ആദ്യ രണ്ടാഴ്ചകളിൽ താഴ്‌വരയിൽ പരക്കെ അക്രമങ്ങൾ അഴിച്ചുവിടപ്പെട്ടതും, കശ്മീരി പണ്ഡിറ്റുകൾ, പ്രാണനും കയ്യിൽ പിടിച്ചു കൊണ്ടുള്ള തങ്ങളുടെ പലായനം തുടങ്ങുന്നതും. ജനുവരി 21 -ന് നടന്ന വെടിവെപ്പിൽ എതിർപക്ഷത്തും വൻ ആൾനാശമുണ്ടായി. സിആർപിഎഫ് ഭടന്മാർ ഗവ്ക്കൽ പാലത്തിൽ വെച്ച് ചുരുങ്ങിയത് 50 കശ്മീരി മുസ്ലിം പ്രതിഷേധക്കാരെയെങ്കിലും വെടിവെച്ചു കൊന്നു. കശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഗവ്ക്കലിൽ നടന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും, ഗവ്ക്കൽ കൂട്ടക്കൊലയും ചേർന്ന് ഇരു സമുദായങ്ങളെയും ഇനി ഒന്നിച്ചു ചേരാൻ പറ്റാത്ത വിധം അകറ്റി. അത് തുടക്കമിട്ടത് കാശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങളുടെ ഒരു പരമ്പരയ്ക്കാണ്.
നിരവധി കാശ്മീരി ഹിന്ദു സ്ത്രീകൾ തട്ടിക്കൊണ്ടുപോകപ്പെട്ടു. നിരവധിപേർ ബലാത്സംഗത്തിന് ഇരയായി. സാമൂഹ്യ പ്രവർത്തകനായ സതീഷ് ടിക്കൂ തന്റെ വീടിനു പുറത്തുവെച്ച് വെടിയേറ്റുമരിച്ചു. ഫെബ്രുവരി 13 -ന് ശ്രീനഗർ ദൂരദർശൻ കേന്ദ്രം ഡയറക്ടറായിരുന്ന ലാസ്സ കൗൾ വെടിയേറ്റു മരിച്ചു. എം എൻ പോൾ എന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഭീകരർ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്തു കൊന്നു. ഭർത്താവിന്റെ ജോലി വഴി അവർക്ക് ഇന്ത്യൻ ഗവൺമെന്റുമായി ഉണ്ടായിരുന്ന വിദൂരബന്ധം മാത്രമായിരുന്നു കാരണം. സർവാനന്ദ് കൗൾ പ്രേമി എന്ന കാശ്മീരി കവിയെയും അവർ അന്ന് വെടിവെച്ചു കൊന്നു. ഭഗവദ് ഗീത കാശ്മീരി ഭാഷയിലേക്ക് മൊഴിമാറ്റിയ വിദ്വാനായ കവിയെ തന്റെ മകനോടൊപ്പം നടന്നു പോകവേ ആയിരുന്നു വെടിവെച്ചു കൊന്നുകളഞ്ഞത്. മകനെയും അവർ വെറുതെ വിട്ടില്ല. അതോടെ ആകെ ഭയന്നുപോയ കാശ്മീരി പണ്ഡിറ്റുകൾക്ക് തങ്ങളുടെ പുരയിടങ്ങളും, കൃഷിഭൂമികളും, ബംഗ്ലാവുകളും, വീടുകളും, അമ്പലങ്ങളും ഒക്കെ ഉപേക്ഷിച്ച് ജീവനും കൊണ്ടോടുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. കയ്യിൽ കിട്ടിയതൊക്കെ എടുത്ത്, കിട്ടിയ വാഹനങ്ങളിൽ കയറി അവർ രാത്രിക്കു രാത്രി ഓടി രക്ഷപ്പെടുകയായിരുന്നു താഴ്‌വരയിൽ നിന്ന്.
അന്ന് പ്രസിഡന്റിന്റെ പ്രതിനിധിയായി ഗവർണർ ജഗ്‌മോഹൻ ആണ് സംസ്ഥാനം ഭരിച്ചിരുന്നത്. പുതുതായി സ്ഥാനമേറ്റ അദ്ദേഹം താഴ്‌വരയിൽ എത്തിയ ജനുവരി 19 മുതൽ പണ്ഡിറ്റുകളോട് താഴ്വര വിട്ടുപോകാൻ മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. അതോടെ അന്നുവരെ ഒരു കശ്മീരി പ്രശ്നം മാത്രമായിരുന്ന ആ പ്രതിസന്ധിക്ക് മതത്തിന്റെ ലേബൽ കൂടി ചാർത്തിക്കിട്ടി. "ഹിന്ദു പണ്ഡിറ്റുകൾ എല്ലാം സ്ഥലംവിട്ടുപോയിക്കഴിഞ്ഞാൽ പട്ടാളത്തിന് ബോംബിട്ട് എല്ലാ തീവ്രവാദികളെയും കൊല്ലാമല്ലോ " എന്നായിരുന്നു അന്ന് പണ്ഡിറ്റുകൾക്ക് ഭരണകർത്താക്കളിൽ നിന്ന് കിട്ടിയ ആജ്ഞ എന്ന് പലരും സാക്ഷ്യം പറയുന്നു.
കണക്കുകൾ പലതുണ്ട്. അതിൽ ഏതാണ് ശരി എന്നറിയുക ക്ലിഷ്ടമാകും എന്നുമാത്രം. പാനൂൻ കശ്മീർ എന്ന സംഘടനയുടെ കണക്കു പ്രകാരം 1990 -നും 2011 -നും ഇടക്ക് കശ്മീർ താഴ്‌വരയിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ട പണ്ഡിറ്റുകളുടെ എണ്ണം 1341 ആണ്. അവർ പറയുന്നത്, 1990 ജനുവരി മുതൽ 2000 വരെ പലപ്പോഴായി നാടുവിട്ടത് ഒന്നരലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകളാണ് എന്നാണ്. എന്നാൽ, അമേരിക്കൻ ചാരസംഘടനയായ സിഐഎ പറയുന്നത് ചുരുങ്ങിയത് പലായനം ചെയ്തവരുടെ എണ്ണം മൂന്നുലക്ഷമെങ്കിലും വരുമെന്നാണ്. ഇതിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത് 1989-1990 കാലത്താണ്. എന്തായാലും അന്നത്തെ ആ പലായനത്തെ തടഞ്ഞു നിർത്താൻ വേണ്ടി ഒരു ചെറുവിരൽ പോലും സർക്കാർ അനക്കിയില്ല. എന്നെങ്കിലും തിരിച്ചുവരാം എന്ന പ്രതീക്ഷയോടെ ഒന്നുമല്ല അന്ന് കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടോടിപ്പോയത്. എന്നാൽ ആ പലായനത്തിന് ശേഷം താഴ്വര കടുത്ത തീവ്രവാദപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചതോടെ ഇനി ഒരിക്കലും തങ്ങൾക്ക് തിരിച്ചുപോകാൻ സാധിച്ചേക്കില്ല എന്ന് എന്ന് അവർക്ക് ബോധ്യപ്പെട്ടു. കാശ്മീരിൽ നിന്ന് ഓടിപ്പോയവരിൽ പലരും ജമ്മുവിൽ യാതൊരു വിധത്തിലുള്ള സൗകര്യവുമില്ലാതെ, ടെന്റടിച്ച് കഴിഞ്ഞുകൂടി. അവിടെ നിന്ന് പലരും തങ്ങളുടെ ജീവിതങ്ങളെ ദില്ലി, പുണെ, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ അങ്ങനെ പലയിടത്തേക്കും പറിച്ചുനട്ടു.
തങ്ങൾ ജനിച്ച, കളിച്ചു വളർന്ന സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാൻ കശ്മീരി പണ്ഡിറ്റുകൾക്ക് ഉള്ളിൽ ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല. അത് ഇന്നത്തെക്കാലത്ത് ഒരു അതിമോഹമാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതാണ് സത്യം. മാറിമാറി വരുന്ന സർക്കാരുകൾ അവരെ വർഷങ്ങളായി ആ പേരിൽ സ്വപ്‌നങ്ങൾ മാത്രം കാണിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങൾ 1990 -ൽ പിന്നിൽ ഉപേക്ഷിച്ചിട്ടുപോന്ന കശ്മീർ താഴ്‌വരയല്ല ഇന്നവിടെ ഉള്ളതെന്ന് അവർക്കറിയാം. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെയും അവർ താഴ്വരയിൽ അനുഭവിച്ച ദുരിതങ്ങളെയും, ഭീഷണികളെത്തുടർന്ന് അവർ അവിടെനിന്ന് നടത്തിയ കൂട്ടപ്പലായനത്തെയും പറ്റി എഴുതപ്പെട്ടിട്ടുള്ള അപൂർവം രചനകളില്‍ ഒന്നാണ് ഇന്ത്യയിൽ പെൻഗ്വിൻ റാൻഡം ഹൗസ് പുറത്തിറക്കിയ രാഹുൽ പണ്ഡിതയുടെ 'Our Moon Has Blood Clots' എന്ന പുസ്തകം