12 മണിക്കൂർ കൊണ്ടാണ് അദ്ദേഹം തന്‍റെ വെല്ലുവിളി നിറഞ്ഞ യാത്ര പൂർത്തിയാക്കിയത്. മകൾ എലിസബത്തിന്‍റെ വിവാഹ വേദിയിലേക്ക്, താൻ താമസിക്കുന്നിടത്ത് നിന്നും ഡേവിഡ് ജോൺസന് കാറിൽ വെറും രണ്ട് മണിക്കൂർ യാത്ര മാത്രമാണ് ഉണ്ടായിരുന്നത്.
നിരുപാധികമായ സ്‌നേഹവും പിന്തുണയും മാർഗനിർദേശവും നൽകിക്കൊണ്ട് മക്കളുടെ വളർച്ചയിൽ എന്നും കൂടെയുള്ളവരാണ് മാതാപിതാക്കൾ. മക്കളുടെ സന്തോഷത്തിനായി എത്ര വലിയ ത്യാഗങ്ങൾക്കും മാതാപിതാക്കൾ തയ്യാറാകും. അതുല്യമായ ആ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന ഒരു സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഈ കഥയിലെ നായകൻ ഒരച്ഛനാണ്. തന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കടുത്ത കാലാവസ്ഥയെ അതിജീവിച്ച് 50 കിലോമീറ്റർ നടന്ന ഈ അച്ഛൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ 'റിയൽ ഹീറോ'യാണ്.
ഗുഡ് ന്യൂസ് മൂവ്‌മെന്‍റ് തങ്ങളുടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തിൽ ഡേവിഡ് ജോൺസൺ എന്ന പിതാവാണ് തന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കടുത്ത കൊടുങ്കാറ്റിനെ അവഗണിച്ച് 50 കിലോമീറ്റർ ദൂരം നടന്ന് ലക്ഷ്യസ്ഥാനത്ത് എത്തിയതെന്ന് പറയുന്നു. 12 മണിക്കൂർ കൊണ്ടാണ് അദ്ദേഹം തന്‍റെ വെല്ലുവിളി നിറഞ്ഞ യാത്ര പൂർത്തിയാക്കിയത്. മകൾ എലിസബത്തിന്‍റെ വിവാഹ വേദിയിലേക്ക്, താൻ താമസിക്കുന്നിടത്ത് നിന്നും ഡേവിഡ് ജോൺസന് കാറിൽ വെറും രണ്ട് മണിക്കൂർ യാത്ര മാത്രമാണ് ഉണ്ടായിരുന്നത്. അതിനായി അദ്ദേഹം തയ്യാറായി ഇറങ്ങുകയും ചെയ്തു.
പക്ഷേ, കാലാവസ്ഥ പ്രതികൂലമായി അതികഠിനമായ കൊടുങ്കാറ്റിലും മഴയിലും പെട്ട് കാറിൽ യാത്ര ചെയ്യുക സാധ്യമല്ലാതെ വന്നു. പക്ഷേ, ഡേവിഡ് പിന്മാറാൻ തയ്യാറല്ലായിരുന്നു. തന്‍റെ ബാഗിൽ അവശ്യസാധനങ്ങൾ മാത്രം എടുത്ത് അദ്ദേഹം കൊടും കാറ്റിനെ അവഗണിച്ച് ഇറങ്ങി നടന്നു. ഒന്നും രണ്ടുമല്ല 50 കിലോമീറ്റർ ദൂരം ആ യാത്ര അദ്ദേഹം തുടർന്നു. ഒടുവിൽ 12 മണിക്കൂറിന് ശേഷം ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ കഠിനാധ്വാനം ഫലം കണ്ടു. യാത്രയിൽ ഇടയ്ക്ക് ഒരു സൈനികൻ അദ്ദേഹത്തിന് സഹായവുമായി എത്തി. ഒടുവിൽ, ആഗ്രഹിച്ചത് പോലെ മകളുടെ വിവാഹ ചടങ്ങിലെത്തിയ അദ്ദേഹം അവളുടെ കൈയും പിടിച്ച് വിവാഹ വേദിയിലേക്ക് നടക്കുന്ന കാഴ്ച ആരെയും സന്തോഷിപ്പിക്കുന്നതായിരുന്നു എന്നാണ് ഗുഡ്ന്യൂസ് മൂവ്മെന്‍റ് തങ്ങളുടെ സമൂഹ മാധ്യമ പേജില്‍ കുറിച്ചത്.