സ്കൂളിൽ പോകാതെയും രാത്രികാലങ്ങളിൽ വീട്ടിൽ വരാതെയും ഒക്കെ മകൻ ബൈക്ക് റേസിംഗിൽ പങ്കെടുത്ത് തുടങ്ങിയതോടെയാണ് ഇദ്ദേഹം കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയത്.
ബൈക്ക് റേസിംഗ് കമ്പക്കാരനായ മകൻ അപകടത്തിൽപ്പെടുമോയെന്ന് ഭയന്ന പിതാവ് മകന്‍റെ ബൈക്ക് കത്തിച്ചു. രാത്രി കാലങ്ങളിൽ ബൈക്ക് റേസിംഗ് പതിവാക്കിയ മകൻ അപകടത്തിൽപ്പെടുമോ എന്ന ഭയത്താലാണ് പിതാവിന്‍റെ ഈ പ്രവർത്തി. സെൻട്രൽ മലേഷ്യയിലെ ക്വാലാലംപൂരിന് സമീപത്തുള്ള ഷാ ആലം സ്വദേശിയായ വ്യക്തിയാണ് മകന്‍റെ ബൈക്ക് കത്തിച്ച്, മകന്‍റെ സുരക്ഷിതത്വം ഉറപ്പാക്കിയത്. താൻ ബൈക്ക് കത്തിക്കുന്നതിന്‍റെ വീഡിയോ ഇദ്ദേഹം തന്നെയാണ് ടിക് ടോക്കിലൂടെ പുറത്തുവിട്ടത്. നിരവധി ആളുകൾ കണ്ട ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്.
പേര് വെളിപ്പെടുത്താത്ത പിതാവ് തന്‍റെ മകന് വേണ്ടി മോട്ടോർ സൈക്കിൾ വാങ്ങിയത് സ്കൂളിലേക്കുള്ള അവന്‍റെ യാത്ര കൂടുതൽ സൗകര്യപ്രദം ആക്കാനാണ്. എന്നാൽ, മകൻ ബൈക്ക് റേസിംഗിന് അടിമയായതോടെ പിതാവ് ആശയിലായി. പ്രത്യേകിച്ചും രാത്രിയിലുള്ള മകന്‍റെ കറക്കം അദ്ദേഹത്തിന് വലിയ ആശങ്കയാണ് സമ്മാനിച്ചത്. സ്കൂളിൽ പോകാതെയും രാത്രികാലങ്ങളിൽ വീട്ടിൽ വരാതെയും ഒക്കെ മകൻ ബൈക്ക് റേസിംഗിൽ പങ്കെടുത്ത് തുടങ്ങിയതോടെയാണ് ഇദ്ദേഹം കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയത്. തുടർന്ന് പലതവണ മകനെ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്തുവെങ്കിലും മകൻ വഴങ്ങിയില്ല എന്നാണ് പിതാവ് പറയുന്നതെന്ന് പ്രാദേശിക മാധ്യമമായ സിൻ ച്യൂ ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.
Malaysia dad sets son’s motorbike on fire due to late-night safety concerns https://t.co/eYK4yOYeAz
— South China Morning Post (@SCMPNews)ഒടുവിൽ മകൻ അപകടത്തിൽ പെടുന്നതിലും നല്ലത് ബൈക്ക് കത്തിച്ചു കളയുന്നതാണെന്ന് താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. എന്‍റെ മകനെ എന്നെയ്ക്കുമായി നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഇദ്ദേഹം ബൈക്ക് കത്തിക്കുന്നത്. താനും മകനും തമ്മിലുള്ള സംഘർഷത്തിന്‍റെ പ്രധാന കാരണമായി മോട്ടോർ സൈക്കിൾ മാറിയെന്നും അതിനാൽ, അത് നശിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗമില്ലെന്നും പിതാവ് വീഡിയോയിൽ പറയുന്നു. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. പിതാവിന്‍റെ പ്രവർത്തിയെ ഒരു വിഭാഗം ന്യായീകരിച്ചപ്പോൾ ഇങ്ങനെയായിരുന്നില്ല മകനെ തിരുത്തേണ്ടിയിരുന്നതെന്ന് നിരവധി അഭിപ്രായപ്പെട്ടു. അച്ഛനും മകനും തമ്മിലുള്ള പ്രശ്നങ്ങൾ ഇനിയങ്ങോട്ട് വർദ്ധിക്കാനാണ് സാധ്യതയെന്നും നിരവധിപേർ കുറിച്ചു.