അമിതമായി മദ്യപിച്ച് വാഹനത്തിൽ ഇരുന്ന വാങ് സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. വാഹനത്തിൽ നിന്നും തെറിച്ചുവീണ വാങ്ങിനെ യുവതി ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും 24 മണിക്കൂറിന് ശേഷം മസ്തിഷ്കാഘാതത്തെ തുടർന്ന് വാങ് മരണത്തിന് കീഴടങ്ങി.
മദ്യപിച്ച് കാമുകിയോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ കാറിൽ നിന്നും വീണു മരിച്ച യുവാവിന്റെ ഭാര്യ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി രംഗത്ത്. ചൈനയിൽ നടന്ന സംഭവത്തിൽ മരണപ്പെട്ടയാളുടെ ഭാര്യ 70 ലക്ഷം രൂപയാണ് ഭർത്താവിൻറെ കാമുകിയോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം ഭർത്താവ് കാറിൽ നിന്നും വീണു മരിച്ചതിനുശേഷം മാത്രമാണ് ഇവർ തന്റെ ഭർത്താവിന്റെ ബന്ധത്തെ കുറിച്ച് അറിയുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2022 -ലാണ് വാങ് എന്നയാൾ യുവതിയുമായി സൗഹൃദത്തിൽ ആകുന്നത്. ഈ സമയം വാങ് വിവാഹിതനായിരുന്നു. എങ്കിലും അധികം വൈകാതെ ഇരുവരും തമ്മിൽ പ്രണയത്തിലുമായി.
എന്നാൽ, 2023 ജൂലൈയിൽ വാങ്ങും കാമുകിയും തമ്മിൽ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഒരു റെസ്റ്റോറന്റിൽ നിന്നും അത്താഴം കഴിച്ച് മദ്യലഹരിയിൽ കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് കാമുകിയായിരുന്നു.
അമിതമായി മദ്യപിച്ച് വാഹനത്തിൽ ഇരുന്ന വാങ് സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. വാഹനത്തിൽ നിന്നും തെറിച്ചുവീണ വാങ്ങിനെ യുവതി ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും 24 മണിക്കൂറിന് ശേഷം മസ്തിഷ്കാഘാതത്തെ തുടർന്ന് വാങ് മരണത്തിന് കീഴടങ്ങി.
പൊലീസ് അന്വേഷണത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതാണ് വാങിൻ്റെ അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി, യുവതിയെ തെറ്റുകാരിയായി കണക്കാക്കിയിട്ടില്ല. എന്നിരുന്നാലും, വാങിൻ്റെ ഭാര്യ യുവതിയിൽ നിന്നും നഷ്ടപരിഹാരമായി 6 ലക്ഷം യുവാൻ (ഏകദേശം 70.36 ലക്ഷം രൂപ) ആവശ്യപ്പെടുകയായിരുന്നു.
കേസ് കഴിഞ്ഞ മാസം കോടതിയുടെ പരിഗണനയിലെത്തിയപ്പോൾ 70 ലക്ഷം രൂപ വേണമെന്ന വാങ്ങിൻ്റെ ഭാര്യയുടെ ആവശ്യം കോടതി തള്ളിയെങ്കിലും വാങ്ങിന്റെ കാമുകിയായ യുവതിയോട് നഷ്ടപരിഹാരമായി എട്ടുലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു.