ആളുകൾ വിവാഹം മുടക്കണമെന്നാവശ്യപ്പെട്ട് തന്റെ അടുത്തെത്തുമ്പോൾ താൻ എങ്ങനെ എങ്കിലും വിവാഹത്തിന് മുമ്പായി അത് മുടക്കുന്നു. അങ്ങനെ വിവാഹം മുടക്കുന്നതിലൂടെ വലിയ തുക തന്നെ താൻ സമ്പാദിക്കുന്നു എന്നും ഏണസ്റ്റോ പറയുന്നു.
വിവാഹം നടത്തുക, വലിയ ജോലിയാണല്ലേ? അതിപ്പോൾ സാധാരണ ബ്രോക്കർമാരാണെങ്കിലും ശരി വലിയ വലിയ വെഡ്ഡിംഗ് പ്ലാനേഴ്സാണെങ്കിലും ശരി. വലിയ തുകയാണ് ഇവരെല്ലാം വാങ്ങുന്നത്. എന്നാൽ, വിവാഹം മുടക്കുന്നതിന് വേണ്ടി പതിനായിരങ്ങൾ വാങ്ങുന്ന ആളെ അറിയാമോ? അങ്ങനെയൊരു യുവാവുണ്ട് അങ്ങ് സ്പെയിനിൽ. പേര് ഏണസ്റ്റോ.
തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ട് വഴി ഏണസ്റ്റോ തന്നെയാണ് തന്റെ ജോലി വിവാഹം മുടക്കലാണ് എന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. ഇങ്ങനെ, ഒരു വിവാഹം മുടക്കിയാൽ തനിക്ക് 500 യൂറോ വരെ കിട്ടും എന്നാണ് ഈ യുവാവ് പറയുന്നത്. അതായത് നമ്മുടെ 46,000 രൂപയ്ക്ക് മുകളിൽ വരും ഇത്. ചില വിവാഹങ്ങളിൽ വധുവിനോ വരനോ തീരെ താല്പര്യം കാണില്ല. എന്നാൽ, അവർക്കത് മുടക്കാനും സാധിക്കണം എന്നില്ല. അങ്ങനെയുള്ള അവസരങ്ങളിലാണ് ആളുകൾ തന്റെ സഹായം തേടിയെത്തുന്നത് എന്നാണ് ഏണസ്റ്റോ പറയുന്നത്.
അങ്ങനെ, ആളുകൾ വിവാഹം മുടക്കണമെന്നാവശ്യപ്പെട്ട് തന്റെ അടുത്തെത്തുമ്പോൾ താൻ എങ്ങനെ എങ്കിലും വിവാഹത്തിന് മുമ്പായി അത് മുടക്കുന്നു. അങ്ങനെ വിവാഹം മുടക്കുന്നതിലൂടെ വലിയ തുക തന്നെ താൻ സമ്പാദിക്കുന്നു എന്നും ഏണസ്റ്റോ പറയുന്നു. തന്നെത്തേടി വരനും വധുവും അടക്കം ഒരുപാട് പേരാണ് ഇങ്ങനെ വിവാഹം മുടക്കിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വരുന്നത് എന്നും ഏണസ്റ്റോ പറയുന്നുണ്ട്.
ഇങ്ങനെ വിവാഹം മുടക്കുന്നത് കൊണ്ട് നല്ലതേ സംഭവിക്കൂ എന്നാണ് ഏണസ്റ്റോയുടെ പക്ഷം. തീർന്നില്ല, വെറുതെ ചെന്ന് വിവാഹം മുടക്കാൻ 500 യൂറോ ആണെങ്കിൽ അവിടെ വച്ച് തല്ല് കിട്ടുക, ഇടി കിട്ടുക, പരിക്കേൽക്കുക ഇതെല്ലാം സംഭവിച്ചാൽ വേറെയും തുക അഡീഷണലായി കിട്ടും. ഓരോ അടിക്കും 50 യൂറോയാണ് താൻ വാങ്ങുന്നത് എന്നാണ് ഏണസ്റ്റോ പറയുന്നത്. അതായത്, ഏകദേശം 4664 രൂപ വരും ഇത്.
എന്തായാലും, തന്റെ ജോലിയിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിവാഹം മുടക്കാൻ തന്നെ വിളിച്ചുനോക്ക് എന്നാണ് യുവാവ് പറയുന്നത്.
(ചിത്രം പ്രതീകാത്മകം)