'കൂടുതല്‍ ലാഭം നേടുക വഴി സ്വന്തം കാര്യം സുരക്ഷിതമാക്കാനായി തൊഴിലുടമകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഇത് കുറച്ച് കടന്ന് പോയെ'ന്നാണ് സമൂഹ മാധ്യമങ്ങളിലെ കുറിപ്പ്.
തൊഴിൽ ഇടങ്ങളിലെ സമ്മർദ്ദങ്ങളുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കുക അത്ര എളുപ്പമല്ല. നിരവധി പേരാണ് ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാനാവാതെ മാനസിക സംഘർഷം അനുഭവിക്കുന്നത്. ചൈനയിലെ ഒരു പ്രോജക്ട് മാനേജർ തന്‍റെ ജീവനക്കാർക്ക് നൽകിയ ഉപദേശം, സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയര്‍ത്തിയത്. കുടുംബത്തേക്കാൾ, ജോലിക്ക് മുൻഗണന നൽകാനും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപദേശിച്ച അദ്ദേഹം 'വീട്ടിൽ ആരെങ്കിലും മരിച്ചാൽ പോലും ജോലി തീർത്തിട്ടല്ലാതെ തിരിഞ്ഞ് പോലും നോക്കരുത്' എന്നാണ് അഭിപ്രായപ്പെട്ടത്. മരിച്ചവർ ചീഞ്ഞഴുകിയാലും ജോലിയിലായിരിക്കണം ശ്രദ്ധയെന്നും ഇതോടൊപ്പം അയാള്‍ കൂട്ടിചേര്‍ത്തു. ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രകോപനമാണ് ഈ അഭിപ്രായ പ്രകടനം സൃഷ്ടിച്ചിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ മിയാൻയാങ്ങിൽ നിന്നുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ മാനേജരായ പൂ എന്ന വ്യക്തിയാണ് ഇത്തരത്തിലൊരു വിവാദ പരാമർശം നടത്തിയത്. ജോലിക്ക് മാത്രം മുൻഗണന നൽകുകയെന്ന അർത്ഥത്തിൽ നടത്തിയ ഈ വിവാദ വെളിപ്പെടുത്തൽ ഒരു ഓൺലൈൻ ഗ്രൂപ്പ് ചാറ്റിനിടയിലായിരുന്നു. ഗ്രൂപ്പ് ചാറ്റിൽ, ജീവനക്കാർക്ക് ഓരോരുത്തർക്കും അവരുടെ ജോലിയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയതിന് ശേഷമാണ് ഇയാള്‍ വിവാദ പരാമർശങ്ങളിലേക്ക് കടന്നതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ജീവനക്കാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ പൂർണമായി അർപ്പണബോധമുള്ളവരായിരിക്കണമെന്ന് പൂ ഊന്നിപ്പറഞ്ഞു. 'ലഭിക്കുന്ന ഏതൊരു അവധിയും വ്യക്തിപരമായ ആവശ്യങ്ങളേക്കാൾ പ്രോജക്റ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണം. നിങ്ങൾ ജോലി ചെയ്യുന്നതിനിടയിൽ വീട്ടിൽ ആരെങ്കിലും മരിച്ചെന്ന് കേട്ടാൽ പോലും ജോലി നിർത്തരുത്. തൽക്കാലം മരിച്ചവർ അഴുകി പോകട്ടെയെന്ന് കരുതി ജോലി തുടരണം.' ഇങ്ങനെയൊക്കെയായിരുന്നു വിവാദ പരാമർശത്തിലെ പ്രധാന ഭാഗങ്ങൾ. സംഭവം വിവാദമായതോടെ മിയാൻയാങ് ഇന്‍റർനെറ്റ് ഇൻഫർമേഷൻ ഓഫീസ് സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മിയാൻയാങിന് പുറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലാണ് പ്രൊജക്റ്റ് ഹെഡായ പു ജോലി ചെയ്യുന്നതെന്ന് ന്യൂസ് ഔട്ട്‌ലെറ്റ് ഫുജിയാങ് ഒബ്സർവേഷൻ റിപ്പോർട്ട് ചെയ്തു. സംഭവം വിവാദമായതോടെ പൂ മാപ്പ് പറഞ്ഞെന്നും സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മകനെക്കാള്‍ പ്രായം കുറവ്, ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ ബ്രസീലിയന്‍ സ്ത്രീ