ജോലി സ്ഥലത്തെ സൌഹാര്‍ദ്ദപരമായ അന്തരീക്ഷം ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, പലപ്പോഴും അതിന് നേരെ വിപരീതമായ അന്തരീക്ഷമായിരിക്കും ഓഫീസുകളില്‍ നിലനില്‍ക്കുന്നത്.
കുട്ടികള്‍ക്കിടയിലെ അമിതമായ ഫോണ്‍. സമൂഹ മാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഇന്ന് പല രാജ്യങ്ങളും നിയമനിര്‍മ്മാണത്തിനുള്ള ശ്രമത്തിലാണ്. എന്നാല്‍, താന്‍ ജോലി ചെയ്യുന്ന ഓഫീസില്‍ സമാനമായ അവസ്ഥയാണെന്ന് ഒരാള്‍, സമൂഹ മാധ്യമത്തില്‍ എഴുതിയപ്പോള്‍ ഞെട്ടിയത് സമൂഹ മാധ്യമ ഉപയോക്താക്കളാണ്. ഓഫീസിലെ ഉൽപാദനക്ഷമത കൂട്ടാനായി ഫോണ്‍ ഉപയോഗമോ എന്തിന് പരസ്പരമുള്ള സംസാരം പോലും നിയന്ത്രിക്കപ്പെട്ടെന്നായിരുന്നു അദ്ദേഹം കുറിച്ചത്.
'വര്‍ക്ക്പ്ലേസ് ടോക്സിസിറ്റി' എന്ന ടാഗില്‍ റെഡ്ഡിറ്റിലാണ് അദ്ദേഹം തന്‍റെ കുറിപ്പെഴുതിയത്. 'ദയവായി എന്‍റെ നിലവിലെ ഓഫീസ് അന്തരീക്ഷത്തെക്കുറിച്ച് ഒരു റീൽ ഉണ്ടാക്കുക' എന്ന അഭ്യർത്ഥനയോടെയാണ് കുറിപ്പ് ആരംഭിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുറിപ്പില്‍ ജോലി സ്ഥലത്തെ അമിത നിയന്ത്രണത്തെ കുറിച്ച് സൂചിപ്പിക്കുന്നു. ഓഫീസ് സമയത്ത് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നും അല്പനേരം നോട്ടം മാറ്റിയാല്‍ പോലും വഴക്ക് കേള്‍ക്കേണ്ടിവരും. ഫോണ്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ മാത്രം വീട്ടില്‍ നിന്നുള്ള ഫോണ്‍ കോള്‍ എടുക്കാം.
സമയം നഷ്ടപ്പെടാതിരിക്കാന്‍ വിശ്രമമുറിയിലേക്കോ എന്തിന് ബാത്തറൂമിലേക്കോ ഉള്ള യാത്രകള്‍ പോലും നിരുത്സാഹപ്പെടുത്തുന്നു. സഹപ്രവര്‍ത്തകരുമായി നേരിട്ട് മുഖത്തോട് മുഖം നോക്കി സംസാരിക്കാന്‍ പറ്റില്ല. പകരം ആശയവിനിമയം എല്ലാം ഡിജിറ്റലിലൂടെ മാത്രം. ഏതാണ്ട് ജയിലിന് സമാനമായ ഓഫീസ് അന്തരീക്ഷം. 'നിശബ്ദ ഓഫീസ്. ഒരു നിമിഷം പോലും മിണ്ടില്ല. ജയിലാണ് നല്ലത്. കുറഞ്ഞപക്ഷം എനിക്ക് അവിടെ സംസാരിക്കാം, ചുറ്റും നോക്കാം, വേണമെങ്കിൽ എഴുന്നേറ്റു നിൽക്കാം.' യുവാവ് എഴുതി.
കുറിപ്പ് വളരെ വേഗം വൈറലാവുകയും നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കള്‍ കുറിപ്പിന് താഴെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനും എത്തി. മിക്കയാളുകളും ഓഫീസിന്‍റെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹം തന്‍റെ കുറിപ്പ് പിന്‍വലിച്ചു. 'ഇത് ജോലിയെക്കുറിച്ച് മാത്രമല്ല. നിയന്ത്രണത്തെക്കുറിച്ചാണ്, സുഖസൗകര്യങ്ങളുടെയും മാനവികതയുടെയും ചെറിയ വശങ്ങൾ പോലും കവർന്നെടുക്കുന്നതിനെക്കുറിച്ചാണ്.' ഒരു കാഴ്ചക്കാരന്‍ രൂക്ഷമായി പ്രതികരിച്ചു.
ഭാവി തൊഴിലന്വേഷകർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി കമ്പനിയെ "പേരെടുത്ത് നാണം കെടുത്താനും" ഗ്ലാസ്ഡോർ പോലുള്ള പ്ലാറ്റ്ഫോമുകളിൽ അവരുടെ അനുഭവം പങ്കിടാനും ജീവനക്കാരനോട് നിരവധി പേരാണ് ആവശ്യപ്പെട്ടത്. 'നിങ്ങളുടെ ആരോഗ്യം മാത്രമല്ല, നിങ്ങളുടെ ആത്മാവിനെയും വലിച്ചെടുക്കുന്ന ഈ കഴുതകളെ പേരെടുത്ത് നാണം കെടുത്തുക.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'പരിഹാരമുണ്ട്, രാജി വയ്ക്കുക.' മറ്റൊരു കാഴ്ചക്കാരന്‍ ഇത്തരം ജോലി സ്ഥലങ്ങള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.