യുദ്ധാരംഭത്തിനിടെ ഉയര്‍ന്നുവന്ന അഗ്നിപര്‍വ്വതം തങ്ങളുടെ പരാചയത്തിന്‍റെ പ്രതീകമാണോയെന്ന് ജാപ്പനീസ് സര്‍ക്കാര്‍ ഭയന്നു
രാജ്യത്തെ ജനങ്ങളില്‍ നിന്നും ലോക രാജ്യങ്ങളില്‍ നിന്നും ഒരു അഗ്നിപര്‍വ്വതത്തെ എങ്ങനെ മറച്ച് വയ്ക്കും? കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും ജപ്പാന്‍ സര്‍ക്കാര്‍ ആറ് വര്‍ഷത്തോളം ഒരു അഗ്നിപര്‍വ്വതത്തെ സ്വന്തം സൈനികരില്‍ നിന്നും ലോകരാജ്യങ്ങളില്‍ നിന്നും മറച്ച് വച്ചു. ഹോക്കൈഡോയിലെ ഒരു അഗ്നിപർവ്വതത്തെയാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ ഭരണാധികാരികൾ മറ്റ് ലോക രാജ്യങ്ങളില്‍ നിന്നും മറച്ചുവെച്ചത്. ഉസു പർവതത്തിനടുത്തുള്ള ഷിക്കോത്സു - ടോയ നാഷണൽ പാർക്കിലാണ് ഈ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ഷോവ ഷിൻസാൻ എന്നാണ് ഈ അഗ്നിപർവ്വത്തതിന്റെ പേര്. ഇപ്പോഴും സജീവമായ ഈ കൊടുമുടിക്ക് ഇപ്പോൾ 398 മീറ്റർ (1,306 അടി) ഉയരമുണ്ട്.
'ഹിരോഹിതോ' എന്നറിയപ്പെട്ടിരുന്ന ഷോവ ചക്രവർത്തിയുടെ പേരിലാണ് ഈ പർവ്വതം അറിയപ്പെടുന്നത്. 1943 ഡിസംബർ മുതൽ 1945 സെപ്തംബർ വരെയുള്ള കാലഘട്ടത്തിലാണ് അഗ്നിപർവ്വതം ഉയർന്നുവന്നത്. 1944 -ന്‍റെ തുടക്കത്തിൽ ഉസു പർവതത്തിൽ ഉണ്ടായ ഭൂകമ്പ പരമ്പരയെത്തുടർന്നാണ് ഈ അഗ്നിപർവ്വതം പിറവികൊണ്ടത്. ആ സമയത്ത് ഹിരോഹിതോ എന്നറിയപ്പെട്ടിരുന്ന ഷോവ ചക്രവർത്തിയുടെ പേരിലായിരുന്നു ഈ പർവ്വതവും അറിയപ്പെട്ടിരുന്നത്.
ഷോവ ഷിൻസാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ, ആ സമയത്ത് രണ്ടാം ലോകമഹായുദ്ധം രൂക്ഷമായതിനാൽ ഇത് ഒരു മോശം ശകുനമായി കണക്കാക്കിയ ജാപ്പനീസ് അധികാരികൾ ആശങ്കാകുലരായിരുന്നു. ഇക്കാരണത്താൽ, സൈനിക ക്യാമ്പുകളിലെ പോസിറ്റിവിറ്റി നിലനിർത്താൻ, സ്വന്തം സൈനികരില്‍ നിന്ന് പോലും അഗ്നിപര്‍വ്വതത്തെ മറച്ച് വയ്ക്കാന്‍ ജാപ്പനീസ് ഭരണകൂടം തീരുമാനിച്ചു. അതേസമയം, ഒരു പ്രാദേശിക പോസ്റ്റ്മാസ്റ്ററായ മസാവോ മിമാത്സു പർവതത്തിന്‍റെ മാറിക്കൊണ്ടിരിക്കുന്ന അളവുകൾ രേഖപ്പെടുത്തികൊണ്ടിരുന്നു.
സൈനികരുടെ പുനരധിവാസം; പണം കണ്ടെത്താന്‍ പോണ്‍ നടിയുമൊത്ത് കലണ്ടര്‍ ഫോട്ടോഷൂട്ട്; വീഡിയോ വൈറല്‍
മസാവോ മിമാത്സുവിന്‍റെ രേഖകൾ പ്രകാരം, ഈ പർവതത്തിന്‍റെ അഗ്നിപർവ്വത പ്രവർത്തനത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. 1943-ൽ ഉസു പർവതത്തിൽ നിരവധി ഭൂകമ്പങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഒരു ദിവസം 200 ഭൂകമ്പങ്ങൾ വരെ ഇക്കാലത്ത് അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിന്‍റെ ഫലമായി വിശാലമായ ഗോതമ്പ് വയലായിരുന്ന സ്ഥലം ഒരു പർവതം പോലെ പതുക്കെ ഉയരാൻ തുടങ്ങി. ദിനംപ്രതി അതിന്‍റെ വലിപ്പം കൂടി. തൊട്ടടുത്ത അടുത്ത വർഷം ആദ്യത്തെ പൊട്ടിത്തെറി റിപ്പോർട്ട് ചെയ്തു. വർഷാവസാനത്തോടെ, മൊത്തം ഏഴ് ഗർത്തങ്ങളും 17 വലിയ സ്ഫോടനങ്ങളും എണ്ണമറ്റ ചെറിയ സ്ഫോടനങ്ങളും അഗ്നിപര്‍വ്വതത്തിലുണ്ടായി. ഭൂകമ്പം നിലച്ചതിന് ശേഷം, ഈ പർവതത്തിൽ നിന്നുള്ള അഗ്നിപർവ്വത സ്ഫോടനങ്ങൾ അവസാനിക്കുകയും 1945 സെപ്റ്റംബറോടെ പര്‍വ്വത രൂപം പ്രാപിക്കുകയായിരുന്നു.
മസാവോ മിമാത്സു തന്‍റെ സമ്പത്തെല്ലാം ചെലഴിച്ച് ഈ സ്ഥലം സ്വന്തമായി വാങ്ങിയ ശേഷമാണ് സ്വന്തം നിലയിലുള്ള ഗവേഷണം നടത്തിയത്. പിന്നീട് ജാപ്പനീസ് സർക്കാർ ഇത് പ്രകൃതിദത്ത സ്മാരകമായി പ്രഖ്യാപിക്കുകയും ആദരസൂചകമായി ഇവിടെ മിമാത്സുവിന്‍റെ പ്രതിമ നിർമ്മിക്കുകയും ചെയ്തു. അദ്ദേഹം തയ്യാറാക്കിയ പർവ്വതത്തിന്‍റെ വളര്‍ച്ചാ ചാർട്ട് മിമാറ്റ്സു ഡയഗ്രമുകൾ എന്നാണ് ഇന്ന് അറിയപ്പെടുന്നത്.