ഓസ്കര്‍ നേടിയ എലിഫന്‍റ് വിസ്‍പറേഴ്‍സ് ഡോക്യുമെന്‍റിയിലെ മലയാളി സാന്നിധ്യമാണ് ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍. ഡോക്യുമെന്‍റിറി അനുഭവങ്ങളോടൊപ്പം ആനയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ശ്രീധര്‍ വിജയകൃഷ്ണന്‍ സംസാരിക്കുന്നു.
ലോകമെങ്ങും ഓരോ വര്‍ഷവും നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അവാര്‍ഡുകളിലൊന്നായ ഓസ്കര്‍ ഇത്തവണ പ്രഖ്യാപിക്കപ്പെട്ടതില്‍ ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് രണ്ട് ചിത്രങ്ങളാണ്. ഇന്ത്യന്‍ വിനോദ വ്യവസായത്തിന്‍റെ നട്ടല്ലെന്ന് തന്നെ പറയാവുന്ന സംഗീത ശാഖയ്ക്കാണ് ഒരു ബഹുമതിയെങ്കില്‍ മറ്റേത് നീലഗിരി കാടുകളിലെ ഒരു ജനവിഭാഗം അവരുടെ ജീവിതം കൊണ്ട് ആനകളടെ പുരരുജ്ജീവനവുമായി ബന്ധപ്പെട്ട് ചെയ്യുന്ന കാര്യങ്ങളെ രേഖപ്പെടുത്തിയ ഡോക്യുമെന്‍ററിക്കാണ്, എലിഫന്‍റ് വിസ്‍പറേഴ്‍സ്. രഘു എന്ന അനാഥനായ ആനക്കുട്ടിയുടെ കഥ പറയുന്നതിലൂടെ നീലഗിരിയിലെ കാട്ടുനായ്ക്ക വിഭാഗത്തിലുള്ള ബൊമ്മന്‍റെയും ബെല്ലയുടെയും ജീവിതത്തെയും ആനകളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തെയുമാണ് 'എലിഫന്‍റ് വിസ്‍പറേഴ്‍സ്' എന്ന ഡോക്യുമെന്‍ററിയിലൂടെ കാര്‍ത്തികി ഗോണ്‍സാല്‍വെസ് വരച്ച് കാണിച്ചത്. ഈ ഡോക്യുമെന്‍ററിയ്ക്കായി ആനകളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട്, ആനകളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ചും ഡോക്യുമെന്‍ററിയെക്കുറിച്ചും ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.
എലിഫന്‍റ് വിസ്‍പറേഴ്‍സ് എന്ന ഡോക്യുമെന്‍ററി അഞ്ച് വര്‍ഷത്തെ പ്രോജക്ടായിരുന്നു. 2017 ല്‍ ഡോക്യുമെന്‍ററിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആനകളെ കുറിച്ച് ഒരു ഡോക്യുമെന്‍ററി ചെയ്യുന്നുണ്ടെന്നും ആനകളെ കുറിച്ചുള്ള ശാസ്ത്രീയമായ സാങ്കേതിക കാര്യങ്ങള്‍ക്ക് സഹായിക്കണമെന്നും ആവശ്യപ്പെട്ട് 2018 ലാണ് കാര്‍ത്തികി ഗോണ്‍സാല്‍വെസ് ബന്ധപ്പെട്ടുന്നത്. അങ്ങനെയാണ് പദ്ധതിയുമായി ഞാന്‍ സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
undefined
തമിഴ്നാട്ടിലെ കാട്ടുനായിക്ക വിഭാഗത്തിന്‍റെ ആനകളെ പരിശീലിപ്പിക്കുന്ന ഒരു രീതി ഇതുവരെ എവിടെയും ചിത്രീകരിക്കപ്പെട്ടിട്ടില്ല. അത് പോലെ തന്നെ കുടുംബത്തില്‍ നിന്ന് വേര്‍പെട്ട് അമ്മ നഷ്ടപ്പെട്ട ഒരു ആനക്കുട്ടിയെ നോക്കി വളര്‍ത്തി വലുതാക്കുകയെന്ന് പറഞ്ഞാല്‍ അത് അത്രയ്ക്ക് ചെറിയ ഒരു ജോലിയല്ല. ഏറെ ക്ഷമ ആവശ്യമാണ്. ഈ രണ്ട് കാര്യങ്ങളെ ഡോക്യുമെന്‍ററി അഭിസംബോധ ചെയ്യുന്നുണ്ടെന്നത് എന്നെ പ്രോജക്റ്റുമായി ഏറെ ആകര്‍ഷിച്ചു. 2018 ലും 2019 ലും ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. പിന്നാലെ കൊവിഡ് വന്നതിനെ തുടര്‍ന്ന് ഷൂട്ട് നീണ്ടുപോയി. പിന്നീട് 2020 ലാണ് ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. ഷൂട്ടിങ്ങിനെടുത്ത അത്രതന്നെ സമയം അതിന്‍റെ എഡിറ്റിങ്ങിനും മറ്റ് ജോലികള്‍ക്കുമായി വേണ്ടിവന്നു. ഒടുവില്‍ 2022 ഡിസംബറിലാണ് ചിത്രം പുറത്തിറക്കിയത്. മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ ചെറിയ ആനക്കുട്ടികളെ ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ഇത്രയും ശ്രമകരമായ ഒരു ജോലി ചെയ്യുന്ന സമൂഹത്തെ കുറിച്ച് ഇതുവരെയായും എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴില്‍ ആനകളിലാണ് ഞാന്‍ പിഎച്ച്ഡി ചെയ്തത്. ഇപ്പോള്‍ ആനകളില്‍ സ്വതന്ത്രമായി ഗവേഷണം ചെയ്യുന്നു. ആനമല ഉള്‍പ്പെടുന്ന സഹ്യപര്‍വ്വതമാണ് എന്‍റെയും പഠന മേഖല, അത് കൂടാതെ പാലക്കാട് - കോയമ്പത്തൂര്‍ പ്രദേശത്തെ ആനയും മനുഷ്യനും തമ്മിലുള്ള സങ്കര്‍ഷമായിരുന്നു മറ്റൊരു പ്രധാന പഠന മേഖല. ഇത്തരത്തില്‍ അത് പോലെ ആനകളുമായും ആനകളുമായി ഇടകലർന്ന് വസിക്കുന്ന സമൂഹങ്ങളുമായും ഗവേഷണവുമായി ബന്ധപ്പെട്ട് വർഷങ്ങളുടെ ബന്ധമുണ്ട്. ഈയൊരു അവസരത്തിലായിരുന്നു പ്രജക്റ്റ് വരുന്നതും.
കൂടുതല്‍ വായനയ്ക്ക്: മനുഷ്യനും വന്യജീവികളുടെ തമ്മിലുള്ള സംഘര്‍ഷകാലത്തെ ലോക വന്യജീവി ദിനാഘോഷം
കൂട്ടത്തില്‍ നിന്ന് വേര്‍പ്പെട്ട് മനുഷ്യനുമായി സമ്പര്‍ക്കത്തിലായ ഒരു ആന കുട്ടിയെ പിന്നീട് ആന കൂട്ടം തിരികെ ചേര്‍ക്കുകയെന്നത് അസംഭവ്യമാണ്. ഇത്തരം ആനകള്‍ പിന്നീട് മനുഷ്യരുടെ ഇടയില്‍ തന്നെ ജീവിക്കാന്‍ നിര്‍ബന്ധിതരാകും. സ്വാഭാവികമായും കേരളത്തിലെ ഉള്‍ക്കാടുകളില്‍ പരമ്പരാഗതമായി ജീവിക്കുന്ന മനുഷ്യരുണ്ട്. ആനമല കാടുകളില്‍ ഒറ്റപ്പെടുന്ന ആനകളെ എടുത്ത് വളര്‍ത്തുന്നത് പ്രധാനമായും മലയരും കാടരുമാണ്. നേരത്തെ കാടര്‍ ഇത്തരത്തില്‍ നിരവധി ആനകളെ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് അതില്‍ വളരെയേറെ കുറവ് സംഭവിച്ചിട്ടുണ്ട്. നിലവില്‍ മലയരയ സമൂഹമാണ് ഏറ്റവും കൂടുതലായി ആനകളെ ഇത്തരത്തില്‍ വളര്‍ത്തുന്നത്. ഇവരെ കൂടാതെ നീലഗിരി കാടുകളിലുള്ള കാട്ടുനായ്ക്കരും കുറുമരും അനാഥരാകുന്ന ആനകുട്ടികളെ എടുത്ത് വളര്‍ത്താറുണ്ട്.
അമ്മയുടെ മരണ ശേഷം ലഭിക്കുന്ന ആന കുട്ടികളെ സംരക്ഷിച്ച് വളര്‍ത്തുമ്പോള്‍, നഷ്ടപ്പെട്ട അമ്മയുടെ സ്ഥനമാണ് അവ തങ്ങളെ വളര്‍ത്തുന്നവര്‍ക്ക് നല്‍കുന്നത്. ഇത് തന്നെയാണ് ഡോക്യുമെന്‍ററിയില്‍ രഘുവിന്‍റെയും ബൊമ്മന്‍റെയും കഥയിലൂടെ പറയുന്നത്. രഘു എന്ന കുട്ടിയാന ഏതാണ്ട് മരിച്ച് പോകുമെന്ന അവസ്ഥയിലാണ് മനുഷ്യന് ലഭിക്കുന്നത്. അമ്മ ഷോക്കേറ്റ് ചരിഞ്ഞു. ഈ ഒറ്റപ്പെട്ട അവസ്ഥയിലാണ് തെരുവു നായ്ക്കളുടെ ആക്രമണം. ശരീരമാസകലം മുറിവേറ്റ് ഏതാണ്ട് മരണാസന്നനായി നില്‍ക്കുമ്പോഴാണ് രഘുവിനെ കണ്ടെത്തുന്നത്. അവിടെ നിന്ന് അവനെ വളര്‍ത്തികൊണ്ട് വരുമ്പോള്‍ അവന് മാത്രമല്ല, വളര്‍ത്തുന്ന ആള്‍ക്ക് ആനയോടും ആനയ്ക്ക് തിരിച്ചും ഒരു ആത്മബന്ധം രൂപപ്പെടും. മനുഷ്യനും മൃഗവും തമ്മിലുള്ള ഈ ആത്മബന്ധം നഷ്ടമാകുമ്പോഴാണ് മനുഷ്യ - മൃഗ സംഘര്‍ഷമുണ്ടാകുന്നതെന്ന് ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.
ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതിന് അനുസരിച്ച് വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും. സമീപകാലത്തായി ഇത്തരം സംഘര്‍ഷത്തിന്‍റെ ബാക്കിയായി അനാഥമാകുന്ന ആന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സഹ്യപര്‍വ്വതത്തിലുണ്ടായിട്ടുള്ളത്. ഇത്തരത്തില്‍ ഒറ്റപ്പെടുന്ന ആനക്കുട്ടികളെ വീണ്ടും ആവരുടെ ജൈവികതയിലേക്ക് കൊണ്ടുവരാന്‍ പ്രാപ്തിയുള്ള ഒരു സമൂഹം നമ്മുക്ക് ആവശ്യമാണ്. അത്തരത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ ചെയ്തിരുന്ന ഒരു സമൂഹമാണ് നമ്മുടെ വനാന്തരങ്ങളില്‍ ജീവിച്ച് വരുന്ന കാടരും മലയരും കാട്ടുനായ്ക്കരും മറ്റുമടങ്ങുന്ന ആദിവാസി സമൂഹം. ഇത്തരം സമൂഹങ്ങള്‍ക്ക് അതിനുള്ള സാധ്യതകള്‍ ലഭ്യമാക്കുകയെന്നതാണ് നമ്മുക്ക് ചെയ്യാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കൂടുതല്‍ വായനയ്ക്ക്: അതിജീവനം ആരുടേത്; ഇരയുടെയോ വേട്ടക്കാരന്‍റെയോ?; വൈറലായി ഒരു വീഡിയോ
മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഒരു അപ്രഖ്യാപിത ബോണ്ട് നിലനിന്നാല്‍ മാത്രമേ ഈ സംഘര്‍ഷത്തിന് ഒരു പരിധി വരെയെങ്കിലും അറുതി വരുത്താന്‍ കഴിയൂ. അതിനാല്‍ ഇത്തരം സമൂഹങ്ങളുടെ കഴിവുകളെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. ആനയും മനുഷ്യരും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. നാട്ടാനകളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം നാട്ടാനകള്‍ക്ക് ചെറിയ കാലയളവിനുള്ളില്‍ പല പാപ്പന്മാരെ ആശ്രയിക്കേണ്ടിവരുന്നുവെന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആനയും പാപ്പാനും തമ്മില്‍ യാതൊരു ആത്മബന്ധവും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനും ഇത് ഇടവരുത്തുന്നു. ഇതിന് അറുതി വരുത്തി. ഒരു നാട്ടാനയ്ക്ക് ഒന്നോ രണ്ടോ സ്ഥിരം പാപ്പാന്‍ എന്ന നില കൊണ്ടുവന്നാല്‍ നാട്ടാനകള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷം ഒരു പരിധി വരെയെങ്കിലും കുറയ്ക്കാന്‍ കഴിയും. കാരണം വര്‍ഷങ്ങളുടെ ആത്മബന്ധത്തില്‍ നിന്ന് മാത്രമേ ആനകള്‍ക്ക് ഒരു മനുഷ്യനോട് അത്രയ്ക്കും വിശ്വാസ്യത നേടാന്‍ കഴിയൂ.
നാട്ടാകളെ പോലെ തന്നെയാണ് ആന ക്യാമ്പുകളിലെ ആനകളും. പക്ഷേ അവിടെ നാട്ടാകളുണ്ടാക്കുന്ന തരത്തില്‍ സംഘര്‍ഷം ഇല്ലാത്തതിന്‍റെ പ്രധാന കാരണം, ആനകള്‍ക്ക് ഒരു പാപ്പാന്‍ എന്ന രീതിയാണ്. വര്‍ഷങ്ങള്‍ കൊണ്ടുള്ള അടുപ്പം ഇരുവര്‍ക്കുമിടയില്‍ ഒരു ആത്മബന്ധം വളര്‍ത്താനുള്ള സമയവും സാഹചര്യവും സൃഷ്ടിക്കുന്നു. ഈ ബന്ധം തന്നെയാണ് മനുഷ്യന് മൃഗങ്ങളോട് വേണ്ടതും. ലോകത്തില്‍ തന്നെ ഏഷ്യന്‍ ആനകളുടെ ഏറ്റവും വലിയ ആവാസവ്യവസ്ഥയാണ് നീലഗിരി കുന്നുകളില്‍ ഉള്ളത്. 12,600 ചതുരശ്ര കിലോമീറ്റില്‍ വ്യാപിച്ച് കിടക്കുന്ന ആനകളുടെ ഒരു പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് അത്. അവിടെ നിന്ന് തന്നെ ഇങ്ങനെ ഒരു കഥ പറയാന്‍ കഴിഞ്ഞുവെന്നത് ഏഷ്യന്‍ ആനകളെ കുറിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അത് ലോകം മുഴുവനും അംഗീകരിക്കപ്പെട്ടുവെന്നതില്‍ സന്തോഷമുണ്ടെന്നും ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനയ്ക്ക്: വെടിയുണ്ട പോലെ പായുന്ന മൃഗങ്ങള്‍; സാതന്ത്ര്യം എന്താണെന്നറിയാന്‍ ഈ വീഡിയോ കാണൂ !