1982 -ല്‍ ദൂരദര്‍ശന്‍ ദേശീയ പ്രക്ഷേപണം തുടങ്ങി. ആ വര്‍ഷം സ്വാതന്ത്ര്യദിന പരേഡും ഏഷ്യാഡും ദൂരദര്‍ശന്‍ ലൈവായി കാണിക്കുകയും ചെയ്‍തു. കളറിലുള്ള ഈ ലൈവ്, നമുക്ക് അതുവരെയില്ലാതിരുന്ന അനുഭവമായിരുന്നു.
ആകാശവാണിയില്‍ വാര്‍ത്തയും പാട്ടും മറ്റുപരിപാടികളും കേട്ടുമാത്രം ശീലിച്ചവര്‍ക്കിടയിലേക്ക് 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാഴ്ചകളുമായി ദൂരദര്‍ശനെത്തുന്നത്. 1959 സപ്‍തംബര്‍ 15 -ന്. യുനെസ്കോയുടെ സഹായമായി ലഭിച്ച 20,000 ഡോളറും സൗജന്യമായി ലഭിച്ച 180 ഫിലിപ്‍സ് ടെലവിഷന്‍ സെറ്റുകളുമുപയോഗിച്ചായിരുന്നു ആദ്യ സിഗ്നലുകളെ രാജ്യത്തിന് നല്‍കിയത്. അതൊരു തുടക്കമായിരുന്നു, കാഴ്ചകളിലേക്കുള്ള മലയാളി യാത്രയുടെ തുടക്കം. പുതിയൊരു ദൃശ്യ സംസ്‍കാരത്തിന്‍റെ തുടക്കം. അന്ന്, ആകാശവാണി കെട്ടിടത്തില്‍ താല്‍ക്കാലികമായി തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോയും ഒരു ചെറിയ ട്രാന്‍സ്‍മിറ്ററും ഉപയോഗിച്ചായിരുന്നു പ്രക്ഷേപണം. വളരെ ചെറിയ ഒരു തുടക്കമായിരുന്നു അത്. അന്ന്, ദില്ലിയില്‍ വളരെ ചെറിയ പരിധിയില്‍ മാത്രമാണ് ദൂരദര്‍ശന്‍ ലഭിച്ചിരുന്നത്. ട്രാന്‍സ്‍മിറ്ററിന്‍റെ ശേഷി കുറവായിരുന്നല്ലോ...
1965 -ല്‍ മാത്രമാണ് ഓള്‍ ഇന്ത്യ റേഡിയോയുടെ ഭാഗമായി ദൂരദര്‍ശന്‍ ദില്ലിയില്‍ നിന്ന് ദൈനംദിന പ്രക്ഷേപണം ആരംഭിക്കുന്നത്. 1965 -ലാണ് പരീക്ഷണഘട്ടം കടന്നപ്പോള്‍ വിനോദവിജ്ഞാന പരിപാടികള്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങുന്നത്. എങ്കിലും, 75 വരെ ഇന്ത്യയിലെ ഏഴ് നഗരങ്ങളില്‍ മാത്രമാണ് ദൂരദര്‍ശന്‍ ലഭ്യമായിരുന്നത്. 76- ല്‍ ദൂരദര്‍ശന്‍ ആകാശവാണിയില്‍ നിന്നും വേര്‍പ്പെടുത്തുകയും രണ്ടും രണ്ടാവുകയും ചെയ്തു. സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷം കഴിഞ്ഞപ്പോള്‍ അതുവരെ ബ്ലാക്ക് ആന്‍ഡ് വൈറ്റായിരുന്ന ദൂരദര്‍ശന്‍ അങ്ങ് കളറായി...
1982 -ല്‍ ദൂരദര്‍ശന്‍ ദേശീയ പ്രക്ഷേപണം തുടങ്ങി. ആ വര്‍ഷം സ്വാതന്ത്ര്യദിന പരേഡും ഏഷ്യാഡും ദൂരദര്‍ശന്‍ ലൈവായി കാണിക്കുകയും ചെയ്‍തു. കളറിലുള്ള ഈ ലൈവ്, നമുക്ക് അതുവരെയില്ലാതിരുന്ന അനുഭവമായിരുന്നു. ആളുകള്‍ രോമാഞ്ചത്തോടെയാണ് അവ കണ്ടിരുന്നത്. അപ്പോഴേക്കും കളര്‍ ടി വികള്‍ ഇന്ത്യന്‍ വിപണിയിലെത്തിയിരുന്നു. എണ്‍പതുകളിലാണ് രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ് തുടങ്ങിയ പരമ്പരകള്‍ ഇന്ത്യയിലാകെ ജനങ്ങളെ കീഴടക്കുന്നത്. അന്ന്, വളരെ കുറച്ച് വീട്ടില്‍ മാത്രമാണ് ടിവിയുള്ളത്. ഒരുപക്ഷേ, ഒരു ഗ്രാമത്തില്‍ ഒന്നൊക്കെ. അന്ന്, ആ നാട്ടിലെ മനുഷ്യരെല്ലാം ആ ടി വി-ക്ക് മുന്നിലെത്തി. കണ്ണിമ ചിമ്മാതെ ഈ പരമ്പരകള്‍ വീക്ഷിച്ചു. അന്ന്, ഏറെ ആളുകള്‍ കണ്ടിരുന്ന പരമ്പര രാമായണമായിരുന്നു. രാമയണം അന്ന് ഒരു വികാരമായിരുന്നു ആളുകള്‍ക്ക്. അന്ന് ആളുകള്‍ ടിവിയെ പുഷ്‍പാര്‍ച്ചന നടത്താറുണ്ടായിരുന്നത്രെ. അന്ന് സീതയായി അഭിനയിച്ച നടി ദീപിക ചിഖാലിയ ഒരു സോപ്പിന്‍റെ പരസ്യത്തിലഭിനയിച്ചപ്പോള്‍ ജനങ്ങള്‍ക്കത് സഹിക്കാനായില്ല. അത്രയേറെ വൈകാരികമായിട്ടാണ് അവരന്ന് ദൂരദര്‍ശനെ സ്വീകരിച്ചിരുന്നത്. രംഗോളി, ചിത്രഹാര്‍ എന്നീ പരിപാടികളും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു 80 -കളില്‍.
ദൂരദര്‍ശന്‍ ആദ്യ മലയാളകേന്ദ്രം തുടങ്ങുന്നത് 1985 -ല്‍ തിരുവനന്തപുരത്താണ്. 85 ജനുവരി ഒന്നിന് ആദ്യത്തെ മലയാള വാര്‍ത്താബുള്ളറ്റിന്‍ തുടങ്ങി. ചിത്രഗീതമടക്കമുള്ള ജനകീയ പരിപാടികളും പ്രക്ഷേപണം ചെയ്തു തുടങ്ങി. ഇന്ത്യയിലാകെ മനുഷ്യരെ ദൃശ്യസംസ്‍കാരത്തിലേക്ക് കൊണ്ടുവന്ന എന്നതിനുമപ്പുറം ഒരു തലമുറയുടെ തന്നെ വൈകാരികമായ അനുഭവമായിരുന്നു ദൂരദര്‍ശന്‍. പുതിയ പുതിയ ദൃശ്യാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും അതുകൊണ്ടാണ് നൊസ്റ്റാള്‍ജിയ ആയിട്ടെങ്കിലും നാം ദൂരദര്‍ശനെ ചേര്‍ത്തുപിടിക്കുന്നത്.