'ആധുനിക ലാഹോറിന്‍റെ പിതാവ്' ഗംഗാ റാം നിര്‍മ്മിച്ച 'ഘോഡ ട്രെയിന്‍' നെ കുറിച്ച് അറിയാമോ ?

By Web Team  |  First Published Oct 13, 2023, 10:08 AM IST

ലാഹോറിലെ ഗ്രാമങ്ങളെ തമ്മില്‍ കൂട്ടിയിണക്കി ഗംഗാ റാം പണിത പുതിയ ട്രെയിന്‍ സര്‍വ്വീസ് പെട്ടെന്ന് തന്നെ നാട്ടില്‍ പാട്ടായി. മറ്റ് വിദൂര സ്ഥലങ്ങളില്‍ നിന്ന് അക്കാലത്ത് ഈ ട്രെയിനില്‍ കയറാനായി ആളുകള്‍ ദിവസങ്ങളോളം യാത്ര ചെയ്ത് എത്തിയിരുന്നെന്ന് അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.



18 -ാം നൂറ്റാണ്ടിലുണ്ടായിരുന്ന 'കുതിരവണ്ടി തീവണ്ടിപ്പാതകള്‍' മാറ്റി 19 -ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഗതാഗതത്തിനായി നീരാവിയില്‍ ഓടുന്ന ലോക്കോ മോട്ടീവുകൾ ഓടിച്ച് തുടങ്ങി. എന്നാല്‍, അക്കാലമായപ്പോഴേക്കും ഏതാണ്ട് മുഴുവനായും ബ്രിട്ടീഷ് കോളനിയായി മാറ്റപ്പെട്ടിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം അടക്കമുള്ള ഏഷ്യന്‍ പ്രദേശങ്ങളില്‍ ഗതാഗത സംവിധാനങ്ങള്‍ ഏറെ പരിമിതമായിരുന്നു. ഈ സമയത്താണ് ഇന്ന് പാകിസ്ഥാന്‍റെ പ്രദേശമായ ലാഹോറിന്‍റെ മുഖഛായ തന്നെ മാറ്റിക്കൊണ്ട് ഗംഗാ റാം എന്ന എഞ്ചിനീയര്‍ 'ഘോഡ ട്രെയിൻ' എന്ന പേരില്‍ ഫൈസലാബാദില്‍ 'കുതിരവണ്ടി ട്രാം സർവീസ്' ആരംഭിക്കുന്നത്. 1851-ൽ ഇന്നത്തെ പാകിസ്ഥാന്‍റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയിലാണ് ഗംഗാ റാം ജനിച്ചത്. ഒരു എഞ്ചിനീയറും വാസ്തുശില്പിയും മനുഷ്യസ്‌നേഹിയുമായിരുന്നു ഗംഗാ റാം. നഗരത്തിൽ നിരവധി പ്രശസ്തമായ കെട്ടിടങ്ങള്‍ അദ്ദേഹം നിർമ്മിക്കുകയും ലാഹോർ ഒരു പ്രധാന വാണിജ്യ നഗരമായി വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. 1903-ൽ സര്‍വ്വീസില്‍ നിന്നും വിരമിച്ച അദ്ദേഹം അതേ വർഷം തന്നെ 'റായ് ബഹാദൂർ' എന്ന പദവിയും നേടി.

അക്കാലത്തെ ബ്രീട്ടീഷ് ഭരണകൂടം ഗംഗാ റാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാരിതോഷികമായി  അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ 500 ഏക്കർ ഭൂമി സർക്കാർ സമ്മാനമായി നല്‍കി. അവിടം ഫലഭൂയിഷ്ഠമാക്കിയ അദ്ദേഹം കൃഷി ആരംഭിച്ചു. കൃഷിയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹം തന്‍റെ കാര്‍ഷികോത്പന്നങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോകാന്‍ വലിയ വാഹനങ്ങള്‍ വേണമെന്ന കാര്യം മനസിലാക്കി. തുടര്‍ന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ബുചിയാന റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഒരു കുതിരവണ്ടി ട്രെയിൻ അദ്ദേഹം നിർമ്മിച്ചു.  1903-ലാണ് ആരംഭിച്ച്, വന്‍ വിജയമായിത്തീര്‍ന്ന ഈ ഘോഡ ട്രെയിന്‍ 1980 വരെ പ്രവര്‍ത്തന സജ്ജമായിരുന്നു. പിന്നീട് വിസ്മൃതിയിലായ ഈ കുതിര വണ്ടി സര്‍വ്വീസ് 2010-ൽ പാക് സർക്കാർ പുനഃസ്ഥാപിച്ചു. എന്നാല്‍, സര്‍ക്കാര്‍ തലത്തിലെ അലംഭാവവും താത്പര്യ കുറവും ഈ ഗതാഗത സംവിധാനത്തെ നിശ്ചലമാക്കി. 

Latest Videos

 

'ഘോഡ ട്രെയിൻ' എന്നായിരുന്നു പേരെങ്കിലും കുതിരകള്‍ വലിച്ചിരുന്ന വണ്ടികളായിരുന്നു ഇവ. എന്നാല്‍ ഈ ട്രെയിനിന് സഞ്ചരിക്കാന്‍ പ്രത്യേക ഇരുമ്പ് പാളങ്ങളുണ്ട്. ലാഹോറിന് സമീപത്തെ ഫൈസലാബാദിലെ ജരൻവാലയിൽ (ഗംഗാ റാമിന്‍റെ ഗ്രാമം) പ്രചാരത്തിലുണ്ടായിരുന്നത്. ആദ്യം ഗംഗാ റാം അദ്ദേഹത്തിന്‍റെ കാര്‍ഷികോത്പന്നങ്ങള്‍ കൊണ്ടു പോകാനും ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഗതാഗത മാര്‍ഗ്ഗം എന്ന നിലയിലുമായിരുന്നു ഈ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്. ഗ്രാമത്തിന് പുറത്തേക്ക് റെയില്‍വേ ട്രാക്കുകള്‍ നിര്‍മ്മിച്ച അദ്ദേഹം ഈ ട്രാക്കിലൂടെ കുതിരകളെ കൊണ്ട് വലിപ്പിക്കാവുന്ന ട്രാമുകള്‍ ഓടിച്ചു. ബുചിയാന, ഗംഗാപൂർ എന്നീ രണ്ട് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ടായിരുന്നു ആദ്യ കാലത്ത് ഈ ഘോഡ ട്രെയിന്‍ ഓടിയത്. ഗ്രാമങ്ങളെ തമ്മില്‍ കൂട്ടിയിണക്കി ഗംഗാ റാം പണിത പുതിയ ട്രെയിന്‍ സര്‍വ്വീസ് പെട്ടെന്ന് തന്നെ നാട്ടില്‍ പാട്ടായി. മറ്റ് വിദൂര സ്ഥലങ്ങളില്‍ നിന്ന് അക്കാലത്ത് ഈ ട്രെയിനില്‍ കയറാനായി ആളുകള്‍ ദിവസങ്ങളോളം യാത്ര ചെയ്ത് എത്തിയിരുന്നെന്ന് അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിന്നീട് അദ്ദേഹം  'ആധുനിക ലാഹോറിന്‍റെ പിതാവ്' അറിയപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!