'ഭയ്യാ, ഈ പണം ഇന്നയച്ചില്ലെങ്കില്‍, എന്റെ ഭാര്യയുടെ ചികില്‍സ മുടങ്ങും!

By Deshantharam Series  |  First Published Oct 11, 2022, 5:03 PM IST

ഞാന്‍ അയാളെ തുറിച്ചു നോക്കി. ഏകദേശം ഒരു നാല്‍പത് വയസ്സ് പ്രായം തോന്നിക്കും. അഴുക്കുനിറഞ്ഞ ജീന്‍സ്, രണ്ടുപേര്‍ക്കും ഉള്ളിലൂടെ കടന്നുപോകാവുന്ന വിധത്തിലുള്ള മുഷിഞ്ഞ ഷര്‍ട്ട്. ഗുഡ്ക്ക തിന്ന് ദ്രവിച്ച പല്ലുകള്‍. ഒറ്റനോട്ടത്തില്‍ അറപ്പ് തോന്നുന്ന പ്രകൃതം.


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

Latest Videos

undefined


പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. സൗദിയിലെ ദമ്മാമിലാണ് അന്ന് ജോലി. കിട്ടുന്ന പണം നാട്ടിലേക്ക് അയക്കാനായി വെള്ളിയാഴ്ച്ചകളില്‍ ബാങ്കില്‍ ചെല്ലും. കിലോമീറ്ററോളം നീളുന്ന വരികളാവും എല്ലാ ബാങ്കുകളുടെയും മുന്‍പില്‍. ഒരു കുപ്പി വെള്ളവുമായി ആ വരിയുടെ പുറകില്‍ ഞാനും കയറും.

ഒരിയ്ക്കലെങ്കിലും വരിയുടെ മുന്‍പില്‍ നിന്ന് പുറകില്‍ നില്‍ക്കുന്നവരെ സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ?

ഇല്ലെങ്കില്‍ ഒന്നു ശ്രമിച്ചുനോക്കൂ. നിങ്ങള്‍ക്ക് നിരവധി തിളങ്ങുന്ന കണ്ണുകളില്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതിന് തൊട്ട് മുമ്പുള്ള തിളക്കങ്ങള്‍ കാണാം!

വരിയുടെ പുറകില്‍ കയറിയാല്‍ പിന്നെ അച്ഛനെ വിളിക്കും. കൈയിലുള്ള തുകയ്ക്ക് നാട്ടില്‍ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍മിപ്പിക്കും. അച്ഛന്‍ അതോടൊപ്പം നമ്മള്‍ പ്രതീക്ഷിക്കാത്ത ചില സാമ്പത്തിക ശാസ്ത്രങ്ങള്‍ കൂടെ ചേര്‍ക്കും.  കല്ല്യാണം, വിരുന്ന്, പിന്നെ അച്ഛന്റെ വട്ടച്ചിലവ് അങ്ങിനെയങ്ങിനെ. അച്ഛനോട് ആകെയുള്ള എന്റെ നിര്‍ദ്ദേശം മദ്യപാനം കുറയ്ക്കണം എന്നായിരുന്നു. അച്ഛനാണെങ്കില്‍ അതൊഴിച്ച് ബാക്കിയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. 

വരി പതുക്കെ ചലിക്കും. പണം നാട്ടിലെത്തി അച്ഛന് പകരം ഞാന്‍ ക്രയവിക്രയം ചെയ്യുന്നത് സ്വപ്നംകണ്ട് പെരുമ്പാമ്പിനേപോലെ വളഞ്ഞുപുളഞ്ഞ വരിയുടെ ഒഴുക്കിനനുസരിച്ച് ഞാന്‍ മുന്നോട്ട് നീങ്ങും.

കാത്തുനില്‍പ്പ് മണിക്കൂറുകള്‍ നീളും. വരി മുന്നോട്ട് നീങ്ങി പണം നല്‍കാനുള്ള കൗണ്ടറിന് മുമ്പിലെത്തുമ്പോള്‍ ചിലപ്പോള്‍ കൗണ്ടറില്‍ ഇരിക്കുന്നവര്‍ പ്രയര്‍ ടൈം എന്നോ ഡ്യൂട്ടി കഴിഞ്ഞു എന്നോ പറഞ്ഞ് ചിലപ്പോള്‍ എഴുന്നേറ്റ്‌പോകും. ആ നിമിഷം മുതല്‍ ഇര വിഴുങ്ങിയ പാമ്പിനെപോലെ വരികള്‍ നിശ്ചലമായി കിടക്കും. അവിടെനിന്നാകാം ജീവിതത്തില്‍ ഇത്രമാത്രം ക്ഷമ എനിയ്ക്ക് ലഭിച്ചത്. ചില ദിവസങ്ങളില്‍ സമയം കഴിഞ്ഞ് പണം അയക്കാനാവാതെ എന്റെ പുറകില്‍ നിന്നവന്‍ നിരാശയോടെ പിരിഞ്ഞുപോകുമ്പോള്‍ വല്ലാത്തൊരു വിഷമം തോന്നും.

ഒരിയ്ക്കല്‍ ഇതുപോലെയൊരു പിരിച്ചുവിടല്‍ നിമിഷത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടിട്ടുണ്ട്.
അന്ന് ഞാനായിരുന്നു ബാങ്കിന്റെ ഉള്ളിലുള്ള വരിയില്‍ കയറിയ അവസാനത്തെ ആള്‍. എന്റെ തൊട്ടു പുറകില്‍ നിന്നിരുന്ന ഉത്തരേന്ത്യന്‍ സ്വദേശി നാനൂറ് റിയാല്‍ എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു

'ഭായ് ഈ പണം ദയവായി ഒന്ന് നാട്ടിലേക്ക് അയച്ചു തരാമോ?'

ഞാന്‍ അയാളെ തുറിച്ചു നോക്കി. ഏകദേശം ഒരു നാല്‍പത് വയസ്സ് പ്രായം തോന്നിക്കും. അഴുക്കുനിറഞ്ഞ ജീന്‍സ്, രണ്ടുപേര്‍ക്കും ഉള്ളിലൂടെ കടന്നുപോകാവുന്ന വിധത്തിലുള്ള മുഷിഞ്ഞ ഷര്‍ട്ട്. ഗുഡ്ക്ക തിന്ന് ദ്രവിച്ച പല്ലുകള്‍. ഒറ്റനോട്ടത്തില്‍ അറപ്പ് തോന്നുന്ന പ്രകൃതം.

ഒറ്റവാക്കില്‍ അദ്ദേഹത്തോട് പറഞ്ഞു.

'ഇല്ല നടക്കില്ല ഞാന്‍ അയച്ചു തരില്ല.'-അദ്ദേഹം വീണ്ടും വീണ്ടും എന്നെ നിര്‍ബന്ധിപ്പിച്ചു.

മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് നമ്മുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് പണം അയച്ചാല്‍, ആ തുകയെങ്ങാന്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടല്‍ കനത്ത ശിക്ഷ നടപടികള്‍ ഉണ്ടാവുമെന്ന് എനിക്കറിയുന്നത് കൊണ്ട് ഞാന്‍ അതിനു തുനിഞ്ഞില്ല.

അദ്ദേഹം പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് അതില്‍ ഹോസ്പിറ്റലിലെ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ എന്നെ എടുത്ത് കാണിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ ട്രീറ്റ്‌മെന്റ് വേണ്ടിയാണ് ഈ തുക എന്ന് എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ വഴങ്ങിയില്ല, ഒടുവില്‍ കാലില്‍ വീഴുമെന്നും തോന്നിയ ഘട്ടം എത്തിയപ്പോള്‍ ഞാന്‍ തടഞ്ഞു. കാരണം ഞാനും മജ്ജയും മാംസവും ഉള്ള ഒരു മനുഷ്യനാണല്ലോ!

എന്റെയും അദ്ദേഹത്തിന്റെയും തുക അടച്ചതിനു ശേഷം പുറകുവശത്തെ കിളിവാതിലിലൂടെ ഞാന്‍ പുറത്തിറങ്ങി. അദ്ദേഹം നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയോടെ ഒരു കുപ്പി വെള്ളവുമായി എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. 

'ഭയ്യാ, എന്തായി തുക അയച്ചോ?'-അദ്ദേഹം എന്നോട് ചോദിച്ചു

ഞാന്‍ തുക അയച്ച തെളിവിനായി രസീത് അദ്ദേഹത്തിന് നേരെ നീട്ടി.

അല്‍ഹംദുലില്ലാഹ്!

രസീത്  തട്ടിമാറ്റി കൊണ്ട് അദ്ദേഹംപറഞ്ഞു, അതുവേണ്ട എനിക്ക് നിന്നെ വിശ്വാസമാണ്.

ഞാന്‍ വണ്ടിയുടെ അരികിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹവും കൂടെ വന്നു. എന്തിനായിരിക്കും ഇത്ര തിടുക്കത്തില്‍ പൈസ അയക്കാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചത്?

അറിയാനുള്ള ഒരു ജിജ്ഞാസ എന്റെ ഉള്ളില്‍ മുളപൊട്ടി.

'ഭായ് താങ്കള്‍ എന്തിനായിരുന്നു ഇത്ര തിടുക്കത്തില്‍ പൈസ അയച്ചത്?'- ഞാന്‍ ചോദിച്ചു 

'ഭയ്യാ, ഞാന്‍ ഇപ്പോള്‍ ദൈവത്തിന്റെ പ്രതിരൂപമായാണ്  നിങ്ങളെ കാണുന്നത്! താങ്കള്‍ ഈ പണം അയച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ബീവിയുടെ അവസാന ഘട്ടത്തിലെത്തിയ ട്രീറ്റ്‌മെന്റ് മുടങ്ങി പോയേനെ.'

'താങ്കള്‍ക്ക് മറുപടി പറയാന്‍ വിഷമമാകുന്നില്ലെങ്കില്‍ ഞാന്‍ ചോദിച്ചോട്ടെ, എന്താണ് ബീവിക്ക് അസുഖം?'

അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികള്‍ ഇല്ല!'

ഇന്നെനിക്ക് അത്യാവശ്യമായി ബാങ്കില്‍ വരേണ്ടതായി വന്നു. ടെക്‌നോളജി പുരോഗമിച്ചത് കൊണ്ട് ബാങ്കുകള്‍ക്ക് മുന്‍പിലെ പഴയതു പോലുള്ള വലിയ വരികള്‍ ഇന്ന് കാണാനില്ല. പ്രയര്‍ ടൈം ആയതിനാല്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്നോട് കുറച്ചുനേരം വെളിയില്‍ നില്‍ക്കാന്‍ പറഞ്ഞു. പതിയെ ഓര്‍മ്മകള്‍ നുരഞ്ഞു പൊന്തിവരുന്നുണ്ട്.

പ്രിയപ്പെട്ട ഭയ്യാ, നിങ്ങള്‍ ഈ ലോകത്ത് എവിടെയാണെന്ന് എനിക്കറിയില്ല, അന്നത്തെ സംഭവത്തിനുശേഷം നമ്മള്‍ ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടുമില്ല എന്നിരുന്നാലും നിങ്ങള്‍ കുഞ്ഞുങ്ങളോടും ബീവിയോടുമൊത്ത്  സുഖമായിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
 

click me!