യുവതിയുടെ വീടിന് മുന്നിലെത്തിയ ഇയാള്‍ യുവതിയെ വടിയുമായി ആക്രമിക്കാൻ ശ്രമിക്കുകയും 'അടുത്ത തവണ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നിനക്ക് ലഭിക്കുന്നത് എലി വിഷമുള്ള ഭക്ഷണമായിരിക്കും. മരിക്കാൻ തയ്യാറായി ഇരുന്നു കൊള്ളൂ' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവിധ ഫുഡ് ഡെലിവറി ആപ്പുകളിലൂടെ ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം വാങ്ങി കഴിക്കുന്നത് ഇന്ന് വളരെ സാധാരണമാണ്. പലപ്പോഴും ഇത്തരത്തിൽ ഭക്ഷണം നൽകാനായി എത്തുന്ന ഡെലിവറി ഏജന്‍റ്മാര്‍ തങ്ങളുടെ ആപ്പിൽ ഭക്ഷണ വിതരണത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്നും കൂടുതൽ സ്റ്റാർ നൽകണമെന്നും ഒക്കെ ആവശ്യപ്പെടുന്നതും സാധാരണമാണ്. എന്നാൽ മോശം അഭിപ്രായം രേഖപ്പെടുത്തിയതിന്‍റെ പേരിലോ ഒരു അഭിപ്രായവും രേഖപ്പെടുത്താതിരുന്നതിന്‍റെ പേരിലോ നിങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫുഡ് ഡെലിവറി ആപ്പിൽ ഡെലിവറിയെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയതിന് ഭക്ഷണം വാങ്ങിയ യുവതിയെ ഒരു ഫുഡ് ഡെലിവറി ജീവനക്കാരന്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കി.
തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ നിന്നുള്ള ലീ എന്ന കുടുംബ പേരിൽ അറിയപ്പെടുന്ന അജ്ഞാതയായ ഉപഭോക്താവിനാണ് ഇത്തരത്തിൽ ഒരു ദുരനുഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് യുവതിയുടെ ഒരു സുഹൃത്താണ് ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വിവരങ്ങള്‍ പങ്കുവെച്ചത്. ഡെലിവറി ജീവനക്കാരന്‍റെ ഭാഗത്ത് നിന്നും വെറുമൊരു ഭീഷണി മാത്രമായിരുന്നില്ല ഉണ്ടായത്. വലിയൊരു വടിയുമായി യുവതിയുടെ വീടിന് മുന്നിലെത്തിയ ഇയാള്‍ അവരെ ആക്രമിക്കാൻ ശ്രമിക്കുകയും 'അടുത്ത തവണ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നിനക്ക് ലഭിക്കുന്നത് എലി വിഷമുള്ള ഭക്ഷണമായിരിക്കും. മരിക്കാൻ തയ്യാറായി ഇരുന്നു കൊള്ളൂ' എന്ന് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
26 ലക്ഷം രൂപയുടെ സൗജന്യയാത്രയ്ക്ക് തയ്യാറാണോ? പക്ഷേ, ഒരു നിബന്ധനയുണ്ട് !
ഭക്ഷണം എത്തിക്കാൻ വൈകിയതും ഒടുവിൽ ഭക്ഷണമെത്തിയപ്പോള്‍ ആരോടും പറയാതെ ഭക്ഷണം വീട്ടുപടിക്കൽ ഉപേക്ഷിച്ച് ഡെലിവറി ബോയ് പോയതുമാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് യുവതി ഡെലിവറിയെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് ഭക്ഷണ വിതരണ കമ്പനിയിൽ പരാതി അറിയിച്ചതായും കമ്പനി മാനേജർ ക്ഷമാപണം നടത്തിയതായും യുവതിയുടെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. കൂടാതെ ഡെലിവറി ജീവനക്കാരൻ അടിച്ചു തകർത്ത യുവതിയുടെ വീടിന്‍റെ വാതിൽ പൂട്ട് മാറ്റി നൽകാമെന്ന് കമ്പനി ഉറപ്പു നൽകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.