'മെയിൻ സ്ട്രീറ്റ്സ് അക്രോസ് ദി വേൾഡ് 2023', എന്ന പേരിൽ കുഷ്മാൻ & വേക്ക്ഫീൽഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് ഖാൻ മാർക്കറ്റിന് ഒരു ചതുരശ്ര അടിക്ക് ശരാശരി 217 ഡോളർ അതായത് ഏകദേശം 18,000 രൂപ വാർഷിക വാടകയുണ്ട് എന്നാണ്.
ദില്ലിയിലെ അനുദിനം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന വിപണികളിൽ ഒന്നാണ് ഖാൻ മാർക്കറ്റ്. ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരിക്കുകയാണ് ഈ സ്ട്രീറ്റ് മാർക്കറ്റ് ഇപ്പോൾ. ലേകത്തിലെ തന്നെ ജീവിത ചെലവ് ഏറ്റവും കൂടുതലുള്ള 25 സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടിക എടുത്താൽ അതിൽ ഒന്ന് ഖാൻ മാർക്കറ്റ് ആണെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പറയുന്നത്. ആഗോള വാണിജ്യ റിയൽ എസ്റ്റേറ്റ് സേവന സ്ഥാപനമായ കുഷ്മാൻ & വേക്ക് ഫീൽഡിന്‍റെ സമീപകാല റിപ്പോർട്ടിലാണ് ഈ ദില്ലി മാർക്കറ്റ് ലോകത്തിലെ ഏറ്റവും ചെലവേറിയ പ്രധാനപ്പെട്ട സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടികയില്‍ 22-ാം സ്ഥാനം നേടിയത്.
കഴിഞ്ഞ വർഷം, ചെലവേറിയ സ്ട്രീറ്റ് മാർക്കറ്റുകളുടെ പട്ടികയിൽ 21-ാം സ്ഥാനത്തായിരുന്നു ഖാൻ മാർക്കറ്റ്. 'മെയിൻ സ്ട്രീറ്റ്സ് അക്രോസ് ദി വേൾഡ് 2023', എന്ന പേരിൽ കുഷ്മാൻ & വേക്ക്ഫീൽഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് ഖാൻ മാർക്കറ്റിന് ഒരു ചതുരശ്ര അടിക്ക് ശരാശരി 217 ഡോളർ അതായത് ഏകദേശം 18,000 രൂപ വാർഷിക വാടകയുണ്ട് എന്നാണ്. റിപ്പോർട്ടിൽ ഏഷ്യ-പസഫിക് (APAC) മേഖലയിലെ ഏറ്റവും ചെലവേറിയ 51 പ്രധാന സ്ട്രീറ്റ് മാർക്കറ്റുകളിൽ 16 പ്രധാന ഇന്ത്യൻ സ്ട്രീറ്റ് മാർക്കറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
'എൽ നിനോ' കളി തുടങ്ങി, വെന്തുരുകി ബ്രസീല്‍; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയില്‍
ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ അഞ്ച് പ്രധാന തെരുവുകൾ ഡൽഹിയിലെ ഖാൻ മാർക്കറ്റ്, കൊണാട്ട് പ്ലേസ്, ഗുരുഗ്രാമിലെ ഗലേരിയ മാർക്കറ്റ്, മുംബൈയിലെ ലിങ്കിംഗ് റോഡ്, കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് എന്നിവയാണ്. ഇന്ത്യയിലെ പ്രധാന സ്ട്രീറ്റ് മാർക്കറ്റുകൾക്ക് അമിത വാടകയുള്ളത് എന്തുകൊണ്ടാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രധാന തെരുവുകള്‍ക്ക് സ്ഥലത്തിന്‍റെ ദൗർലഭ്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്നു. അതേ സമയം പ്രധാന തെരുവുകളിലെ വാടകയ്ക്ക് 10 ശതമാനം വളർച്ചയുണ്ട്. മഹാമാരിക്ക് പിന്നാലെ റീട്ടെയിൽ സ്ഥലത്തിന്‍റെ ആവശ്യം ശക്തമായി. പക്ഷേ അതേ സമയം ഗ്രേഡ് എ നിലവാരമുള്ള മാളുകളുടെ വിതരണത്തില്‍ കാര്യമായ വേഗതയും ഇല്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ന്യൂയോർക്കിലെ ഐക്കണിക് ഫിഫ്ത്ത് അവന്യൂ സ്ട്രീറ്റ് ആണ് ഏറ്റവും ചെലവേറിയ റീട്ടെയിൽ ഡെസ്റ്റിനേഷൻ, തൊട്ടുപിന്നാലെ മിലാനിലെ വയാ മൊണ്ടെനാപോളിയോൺ, ഹോങ്കോങ്ങിലെ സിം ഷാ സൂയി. ലണ്ടനിലെ ന്യൂ ബോണ്ട് സ്ട്രീറ്റും പാരീസിലെ അവന്യൂസ് ഡെസ് ചാംപ്‌സ്-എലിസീസുമാണ് നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. ഇസ്താംബൂളിലെ ഇസ്തിക്‌ലാൽ സ്ട്രീറ്റ് പട്ടികയില്‍ ഏറെ മുന്നിലെത്തി. 31-ൽ നിന്ന് 20-ാം സ്ഥാനത്തേക്കാണ് ഇസ്തിക്‌ലാൽ സ്ട്രീറ്റ് ഉയര്‍ന്നത്. തുർക്കിയുടെ ഉയർന്ന പണപ്പെരുപ്പ നിരക്കും ഇതിന് കാരണമായതായി പറയുന്നു. ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ വാടക ഇരട്ടിയിലേറെയായെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.