കരുതലോടെ ഉപേക്ഷിച്ച 'എക്സ്ക്ലൂസീവുകൾ', വിശ്വാസ്യത കൈവിടാത്ത മാധ്യമപ്രവർത്തനം: ബിആർപി ഭാസ്കർ

By Biju S  |  First Published Jan 25, 2024, 3:12 PM IST

മുത്തങ്ങയിലടക്കം വെടിവയ്ക്കാൻ പൊലീസ് മുൻകൂട്ടി തീരുമാനിച്ചതാണ്. ഇക്കാര്യം ഒരു ദിവസം രാവിലെ പൊലീസ് വൃത്തങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കിയതും താൻ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയോട് ബന്ധപ്പെട്ട് വിവരം നൽകിയതായും ബാബു സർ പറഞ്ഞു. 


“മൂഷികസ്ത്രീ പിന്നെയും മൂഷിക സ്ത്രീ, എന്ന് നമ്മൾ മലയാളികൾ പറയും” ചെന്നൈയിലെ ജീവിതം ബാബു ഭാസ്കറിന്റെ (ബിആർപി ഭാസ്‍കർ) രണ്ടാം ഘട്ടം പ്രവാസമായിരുന്നു. അതും കഴിഞ്ഞ് വീണ്ടുമിതാ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയതറിഞ്ഞ് കാണാൻ ചെന്നപ്പോഴാണ് ബാബു സാർ ഇപ്പറഞ്ഞത്. “തമിഴിൽ, പോയ മച്ചാൻ തിരുമ്പി വന്താൻ എന്ന് പറയും”. അതും പറഞ്ഞ് ബാബു സർ സ്ഥായിയായ ചിരിഭാവം പടർത്തി. 

ഇപ്പോൾ അദ്ദേഹം ഉള്ളത് ചെന്തിട്ടയിൽ താമസിക്കുന്ന സഹോദരി പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോക്ടർ മണി ബൈന്നിനൊപ്പം. 14 മക്കളിൽ മൂത്തയാളാണ് ബാബു ഭാസ്കർ. തങ്ങളിൽ നാലിലൊന്നുപേർ വിട്ടു പോയെന്ന് ബാബു സർ പറഞ്ഞു. സമകാലിക കേരളം പോലെ ചില സഹോദരങ്ങൾ അമേരിക്കയിൽ, ചിലർ മുംബൈയിൽ. തിരുവനന്തപുരത്തെ ഡോക്ടർ മണിയടക്കമുള്ളവർക്കും തന്നെ പോലെ വയസ്സായി. തനിക്കും കാഴ്ചക്ക് മങ്ങലുണ്ട്. അതിനാൽ സഹായ സംവിധാനങ്ങൾ (Assisted living) ഉള്ളിടത്തിലേക്ക് മാറുന്നതാകും അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു. 

Latest Videos

undefined

പക്ഷേ സദാ പ്രസന്നമായ പതിവ് ശൈലി. തിരുവനന്തപുരത്ത് ഇപ്പോൾ ‌പരിഗണിക്കുന്നത് വിളപ്പിൽശാലക്കടുത്തെ 'അലൈവ്'. എന്റെ ഭാര്യവീട് അവിടെയാണ്. ചവർ ഫാക്ടറി നിർത്തിയതോടെ ആ പ്രദേശം സ്വസ്ഥമായി താമസിക്കാൻ പറ്റിയ ഇടമാണെന്ന് ഞാൻ പറഞ്ഞപ്പോൾ, താനും അതിനായി (ചവർ ഫാക്ടറി അവസാനിപ്പിക്കാൻ) കുറേ ഇടപെട്ടിട്ടുണ്ടെന്ന് ബാബു സർ പറഞ്ഞു. അന്നൊക്കെ എന്തിലും ഇടപെടുന്ന കാലം. ബാബു സർ അത് പറഞ്ഞ് ചിരിച്ചു.   സ്ത്രീകളാണ് ആ സമരം നടത്തിയത്. ഓരോ ചവർവണ്ടിയും തടഞ്ഞ അവരുടെ സജീവ സാന്നിധ്യമാണ് സമരം വിജയിപ്പിച്ചത്. സമരത്തെ നേരിടാൻ കോടതി നിർദ്ദേശ പ്രകാരം കനത്ത പൊലീസ് വിന്യാസം ഉണ്ടാകുമെന്നും എന്നാൽ പൊലീസ് വെടിവയ്ക്കില്ലെന്നും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞതായി അന്ന് സമരക്കാർ പറ‌ഞ്ഞ ഒരു കാര്യം ഞാനും പറഞ്ഞു. കേരളത്തിലെ എല്ലാ പൊലീസ് വെടിവയ്പുകളും ആസൂത്രിതമാണെന്നും ഒന്നും പെട്ടെന്ന് സംഭവിക്കുന്നതല്ലെന്നുമായിരുന്നു ബാബു സാറിന്റെ മറുപടി.    

മുത്തങ്ങയിലടക്കം വെടി വയ്ക്കാൻ പൊലീസ് മുൻകൂട്ടി തീരുമാനിച്ചതാണ്. ഇക്കാര്യം ഒരു ദിവസം രാവിലെ പൊലീസ് വൃത്തങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കിയതും താൻ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയോട് ബന്ധപ്പെട്ട് വിവരം നൽകിയതായും ബാബു സർ പറഞ്ഞു. ഏതു വിധേയനെയും വെടിവയ്പ്പ് ഉണ്ടാകാതെ നോക്കണമെന്നായിരുന്നു  എ.കെ ആന്റണിക്ക് താൻ സന്ദേശം കൈമാറിയത്. എന്നാൽ, പ്രതീക്ഷിച്ചത് പോലെ തന്നെ ആ ദിവസം വെടിവയ്പ് ഉണ്ടായി. ( 2003 ഫെബ്രുവരി 19 -ന് ഭൂമിക്കായി സമരം ചെയ്ത ആദിവാസികൾക്ക് നേരെ മുത്തങ്ങയിൽ പൊലീസ് വെടി വയ്പുണ്ടായി. ഒരു ആദിവാസിയും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. 32 ആദിവാസികൾ പട്ടിണി കിടന്ന് മരിച്ചതിനെത്തുടർന്നുണ്ടായ ജനരോഷവുമായി ബന്ധപ്പെട്ട 2 വർഷമായി  അവിടെ പൊതുഭൂമിയിൽ കുടിൽ കെട്ടി നടന്നു വന്ന മുത്തങ്ങ സമരം അതോടെ നാമാവശേഷമായി). അന്ന് സമരം അക്രാമസക്തമായപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ, ഇത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് ബാബു ഭാസ്കർ ഉറച്ചു വിശ്വസിക്കുന്നു. കേരളത്തിലെ പൊലീസ് വെടിവയ്പുകളെല്ലാം ഇമ്മാതിരി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് അദ്ദേഹം തറപ്പിച്ചു  പറഞ്ഞു.    

വയസ്സ് 91 പിന്നിട്ടു. അകാലത്തിൽ ഏകമകൾ നഷ്പ്പെട്ടു. പിന്നാലെ ഭാര്യയും പോയി. എന്നിട്ടും ചെന്നൈയിൽ തുടർന്നു വന്ന ബാബു ഭാസ്കർ ബന്ധുക്കളുടെയും സുഹ‍ൃത്തുക്കളുടെയും സ്നേഹനിർബന്ധങ്ങൾക്കു വഴങ്ങിയാണ് ജന്മനാടായ തിരുവനന്തപുരത്തേക്ക് മടങ്ങി വന്നത്. പ്രായത്തിന്റെ സ്വാഭാവിക അവശതകളുണ്ടെങ്കിലും വ്യക്തവും, സപ്ഷടവുമായ ഓർമ്മ, ഉന്നതമായ നീതി ബോധം, നിലപാടിലെ സ്ഥൈര്യം, വ്യക്തമായ കാഴ്ചപ്പാട്, സമകാലിക സംഭവങ്ങളിലെ കൃത്യമായ ധാരണ, ലാളിത്യവും നർമ്മബോധവും, മഹനീയമായ പെരുമാറ്റം, സാധാരണക്കാരോടുള്ള കരുതൽ, കേരളത്തിന്റെയും രാജ്യത്തിന്റെയും കാര്യത്തിലുള്ള വ്യക്തമായ കാഴ്ചപ്പാട്, ഇതിലൊന്നും ഒരു ഭ്രംശവുമില്ല. ഓർമ്മക്ക് ഒരു മങ്ങലുമില്ല. ചിരിച്ചു കൊണ്ട് ബാബു സർ പറഞ്ഞു. എന്ത് വ്യക്തതയോടും കൃത്യതയോടുമാണ് അദ്ദേഹം പഴയ കാര്യങ്ങൾ ഓർത്തെടുക്കുന്നത്.  

“അസമയത്ത് വിവരം പുറത്തുവിടുന്നത് ശത്രുക്കളെയേ സഹായിക്കൂ.” പറഞ്ഞത് ഇന്ത്യൻ ബഹുരാഷ്ട്ര മേഖലയുടെ കുലപതി വിക്രം സാരാഭായി, കേട്ടിരുന്നത് മലയാളി മാധ്യമ പ്രവർത്തകരിൽ ഇന്ന് ജീവിച്ചിരിക്കുന്നതിലെ ഏറ്റവും ശ്രേഷ്ഠനായ ബാബു ഭാസ്കർ. സാരാഭായിയുടെ വാക്കുകൾ ഉൾകൊണ്ട് ബാബു ഭാസ്കർ തന്റെ കൈവശം ഉണ്ടായിരുന്ന ഇന്ത്യൻ ബഹിരാകാശ ഭാവി പദ്ധതിയുടെ എല്ലാ വിവരങ്ങളുമടങ്ങിയ സ്കൂപ്പ് പ്രസിദ്ധീകരിക്കണ്ടെന്ന് തീരൂമാനിച്ചു. ഒരു മാധ്യമ പ്രവർത്തകന് അടിസ്ഥാനപരമായി വേണ്ടത് വിശ്വാസ്യതയാണെന്ന കാര്യം വ്യക്തമാക്കാനായാണ് ബാബു സ‍ാർ എന്നോട് ഇക്കാര്യം പറഞ്ഞത്. അഹമ്മദാബാദിൽ അറുപതുകളിൽ യു.എൻ.ഐ ലേഖകനായി പ്രവർത്തിക്കുമ്പോൾ നെയ്തെടുത്ത ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ അപ്പോൾ അവിടം കേന്ദ്രീകരിച്ചു  പിച്ചവച്ചു തുടങ്ങിയ ഇന്ത്യയുടെ ബഹിരാകാശ ഭാവി പദ്ധതികൾ താൻ മനസ്സിലാക്കുന്നുവെന്ന് കൂർമ്മ ബുദ്ധിമാനായ വിക്രം സാരാഭായി അറിഞ്ഞിരിക്കാമെന്ന് ബാബു സർ ഓർത്തെടുക്കുന്നു. 

ഇന്ത്യൻ ആണവ ദൗത്യങ്ങളുടെ പിതാവായ ഹോമി ബാബയുടെ മരണത്തെ തുടർന്ന് വിക്രം സാരാഭായിയേയാണ്   പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു തുടർച്ചക്കാരനായി കണ്ടത്. സാരാഭായിയാണ് ബഹിരാകാശ ഗവേഷണം എന്ന് ആശയം നെഹ്രുവിനോട് പറയുന്നത്. അങ്ങനെയാണ് ഇൻകോസ്പാ‌ർ അഥവാ Indian National Commitee for space research സ്ഥാപിച്ചത്. ഇതാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ISRO -യുടെ പൂർവ രൂപം. ബാബു ഭാസ്കറിനെ ക്ഷണിച്ചു വരുത്തി ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ എല്ലാ  വിവരവും  പറഞ്ഞുകൊടുത്തിട്ടാണ് ഒന്നും എഴുതരുതെന്ന് സാരാഭായി അഭ്യർത്ഥിക്കുന്നത്. രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമാകുമെന്ന വലിയ ചിന്തക്കു മുന്നിൽ ആ സ്കൂപ്പ് ബാബു ഭാസ്കർ ഉപേക്ഷിക്കുന്നു. 

ഒരു പത്രപ്രവർത്തകന് വേണ്ട അവശ്യഗുണം വിശ്വാസ്യതയാണെന്ന് ബാബു സർ ഓ‍ർമിപ്പിക്കുന്നു. അന്ന് താൻ പുലർത്തിയ വിശ്വാസ്യത ഒരുപാട് ഗുണം ചെയ്തു. അഹമ്മദാബാദിൽ നിന്ന് സ്ഥലം മാറി ദില്ലിയിലെത്തിയിട്ടും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെക്കുറിച്ചുള്ള നി‍ർണായക വാർത്തകൾ തനിക്ക് ആദ്യം കൊടുക്കാനായത് ഈ വിശ്വാസ്യത കൊണ്ടാണ്. വിക്രം സാരാഭായി തന്നെ ഇതിൽ വ്യക്തത വരുത്തി തന്നിരുന്നു. 

ബഹിരാകാശ ദൗത്യങ്ങളിലെ ഇന്ത്യൻ സാധ്യതകളുടെ മാതൃക ഐക്യരാഷ്ട്ര സഭയുടെ അമരക്കാർ അന്നേ മനസ്സിലാക്കിയിരുന്നു. ഒരുപാധിയോടെ അഹമ്മദാബാദിൽ ഒരു ബഹിരാകാശ ഗവേഷണ പരിശീലന കേന്ദ്രത്തിന്   അവർ സഹായം ചെയ്തു. മറ്റ് വികസിത രാജ്യങ്ങളിലുള്ളവർക്കും അവിടെ  പരിശീലനം നൽകണം. ഉപഗ്രഹ സാങ്കേതിക വിദ്യകളിലുള്ള പരിശീലനത്തിന് നാസ വിന്യസിക്കുന്ന എ.റ്റി.എസ് 2 (അതായത് Application Technology Satellite എന്ന് ബാബു സർ) ഉപഗ്രഹം ലഭ്യമാക്കാമെന്നായിരുന്നു ധാരണ. ഇതിനായി പരിശീലന കേന്ദ്രവും പരിശീലന ബാച്ചിനെയും നമ്മൾ ഒരുക്കി. നി‍ർഭാഗ്യവശാൽ സാങ്കേതിക തകരാറ് മൂലം എ.റ്റി.എസ് 2ന്, നിർദ്ദിഷ്ട ഭ്രമണ പഥത്തിൽ വേണ്ടവണ്ണം പ്രവർത്തിക്കാനായില്ല. എല്ലാം ഒരുക്കിയത് കൊണ്ട് ഒരു തരം ജുഗാഡ് സമ്പ്രദായത്തിൽ പരിശീലനം നടത്താൻ നമ്മൾ തീരുമാനിച്ചു. 

അഹമ്മദാബാദിലെ ഉയരം കൂടിയ പ്രദേശത്തെ സർവകാലാശാല ക്യാമ്പസിലെ ഉയരം കൂടിയ ടവറിൽ ഉപഗ്രഹത്തിന് പകരം ഭൂമിയിൽ നിന്ന് അയക്കുന്ന സിഗ്നലുകൾ സ്വീകരിച്ച് പ്രതികരിക്കുന്ന ട്രാൻസ്മിറ്റർ സ്ഥാപിച്ചതായുള്ള വിവരം ബാബു ഭാസ്കറിന് ലഭിക്കുന്നു. എന്നാൽ, കൂടുതൽ അന്വേഷണം നടത്തി വിവരം ശേഖരിച്ചുവെങ്കിലും രാജ്യത്തിന്റെ ഉത്തമ താത്പര്യം കണക്കിലെടുത്ത്  ആ വാർത്ത ഉപേക്ഷിക്കുകയായിരുന്നു ബാബു ഭാസ്കർ. വിക്രം സാരാഭായിക്ക് കേരളത്തോട് വലിയ താത്പര്യമായിരുന്നുവെന്നും തിരുവനന്തപുരത്തെ  തുമ്പ ഇന്ത്യൻ ബഹിരാകാശ തലസ്ഥാനമായത് അങ്ങനെയാണെന്നും ബാബു സർ പറഞ്ഞു. ( വിക്രം സാരാഭായിയുടെ ഭാര്യ മൃണാളിനി സാരാഭായി താഴ്വ‍ഴിയിൽ മലയാളിയാണ്. വിക്രം സാരാഭായി മരിച്ചത് കോവളത്ത് വച്ചാണ്). 

കാണുമ്പോഴൊന്നും ബാബു സാറുമായി വെറുതേ കൊച്ചുവർത്തമാനം പറയാനാകില്ല. സ്വകാര്യ സംഭാഷണമായി തുടങ്ങുന്നത് പെട്ടെന്നാണ് പ്രൊഫഷണൽ ടോക്കാവുക. സമകാലിക സംഭവങ്ങളും വാർത്തയും മാത്രമല്ല സമകാലിക സാങ്കേതിക വിദ്യയും ആധുനിക മാധ്യമരീതികളിലുമൊക്കെ അദ്ദേഹം നമ്മളെക്കാൾ ഈ പ്രായത്തിലും ഏറെ മുന്നിലാണെന്നത് ഒരു  അതിശയോക്തിപ്രയോഗമല്ല. തിരുവനന്തപുരത്തെ താമസത്തിൽ ഏറെ വായിക്കാനും എഴുതാനുമുണ്ടെന്നും അതിനുള്ള ചില സഹായങ്ങൾ വേണ്ടി വരുമെന്നും പറഞ്ഞാണ് സംഭാഷണത്തിന് താത്കാലിക വിരാമമിട്ടത്.              

(ഏഷ്യാനെറ്റ് ന്യൂസിലെ സ്ഥാപക എഡിറ്റോറിയൽ അഡ്വൈസറാണ് ബാബു ഭാസ്കർ. തുടക്ക ബാച്ചിലെ റിപ്പോർട്ടറാണ് എസ്.ബിജു). 

click me!