ലോകത്തിലെ ഏറ്റവും വലിയ സമുദ്രത്തിലൂടെയുള്ള 15 മാസത്തെ 9,782 മൈൽ യാത്ര, ഒരു തിരമാലയിൽ അകപ്പെട്ട് ബോട്ട് മറിഞ്ഞതോടെ ഇദ്ദേഹത്തിന് അവസാനപ്പിക്കേണ്ടി വന്നു. ബോട്ട് മറിയുമ്പോള്‍ ഇയാള്‍ നഗ്നനായിരുന്നു.
പസഫിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക് തുഴഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിൽ അപകടത്തിൽപ്പെട്ട 24 കാരനെ കണ്ടെത്തി. നഗ്നനായി മറിഞ്ഞ ബോട്ടിൽ തന്നെ പിടിച്ചിരിക്കുന്ന നിലയിലാണ് രക്ഷാപ്രവർത്തകർ ഇയാളെ കണ്ടെത്തിയത്. ഓസ്ട്രേലിയന്‍ സ്വദേശിയായ ടോം റോബിൻസൺ ആണ് ഈ യുവാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പീപ്പിൾ മാഗസിനിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ സമുദ്രത്തിലൂടെയുള്ള 15 മാസത്തെ 9,782 മൈൽ യാത്ര, ഒരു തിരമാലയിൽ അകപ്പെട്ട് ബോട്ട് മറിഞ്ഞതോടെ ഇദ്ദേഹത്തിന് അവസാനപ്പിക്കേണ്ടി വന്നു. തന്‍റെ സാറ്റലൈറ്റ് ഫോണിലൂടെ ദുരന്ത സിഗ്നൽ അയച്ചതിനെത്തുടർന്നാണ് റോബിൻസൺ അപകടത്തിൽപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒക്ടോബർ 6 ന് ഒരു ക്രൂയിസ് കപ്പൽ ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
ഒക്‌ടോബർ 05 ന് ഫ്രഞ്ച് നാവികസേനയുടെ ഒരു വിമാനം ആണ് റോബിൻസണെ ആദ്യം കണ്ടത്തിയത്. തുടർന്ന് ഇവർ വിവരം ഓസ്‌ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റിക്ക് കൈമാറി. ഉടൻ തന്നെ അവർ ഓക്‌ലൻഡിൽ നിന്ന് ഒമ്പത് ദിവസത്തെ റൗണ്ട് ട്രിപ്പ് യാത്രയ്‌ക്ക് പുറപ്പെട്ട പി ആൻഡ് ഒയുടെ പസഫിക് എക്‌സ്‌പ്ലോററുമായി ബന്ധപ്പെട്ടു. 2,000 യാത്രികർ ഉണ്ടായിരുന്ന ആ ക്രൂയിസ് കപ്പൽ ടോം റോബിൻസണെ രക്ഷിക്കാനായി 124 മൈൽ വഴിമാറി സഞ്ചരിച്ച് അയാൾക്കരികിൽ എത്തുകയായിരുന്നു. തുടർന്ന് ക്രൂയിസ് ലൈനറിന്‍റെ ഒരു വശത്ത് നിന്ന് കയർ ഗോവണി ഇട്ടു നൽകി റോബിൻസണെ സുരക്ഷിതനായി കപ്പലിൽ കയറ്റി. സൂര്യാഘാതമേറ്റ് നിർജ്ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നു അപ്പോൾ അയാൾ.
ന്യൂസിലാൻഡ് ഹെറാൾഡിനോട് സംസാരിക്കവേ, ടോം റോബിൻസൺ തന്‍റെ അനുഭവം പങ്കിട്ടു. “എവിടെ നിന്നോ ഒരു തെമ്മാടി തിരമാല വന്ന് ബോട്ട് തലകീഴായി മറിച്ചു. തിരമാല ബോട്ടിൽ അടിക്കുമ്പോൾ ഞാൻ വസ്ത്രങ്ങൾ ഒന്നും തന്നെ ഇട്ടിരുന്നില്ല, കാരണം സാധാരണയായി ഞാൻ നഗ്നനായിട്ടാണ് തുഴയാറ്. ബോട്ടിൽ നിന്നും പിടിവിട്ട് പോകാതിരിക്കാൻ ഞാൻ എന്നെ ബോട്ടിൽ കെട്ടിയിട്ടു, അത് ശരിക്കും സഹായിച്ചു. കാരണം, തിരമാലകൾ ബോട്ടിന് മുകളിലൂടെ നിരന്തരം അടിക്കുന്നുണ്ടായിരുന്നു.” തന്‍റെ അനുഭവത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാനും തന്‍റെ യാത്ര പൂർത്തിയാക്കാനും ആഗ്രഹമുള്ളതായി ടോം റോബിൻസൺ പറഞ്ഞു.