ചരിത്രവും കാലവും സമൂഹവും മാറ്റിനിർത്തിയവരായിരുന്നു എം.ടിയുടെ പല കഥാപാത്രങ്ങളും.
എങ്ങനെയായിരിക്കും ഒരാൾ എഴുതാൻ തുടങ്ങുന്നത്? ആദ്യം അയാൾ ഒരു വായനക്കാരനായിരുന്നിരിക്കണം. കിട്ടുന്നതെന്തും ആർത്തിയോടെ വായിച്ചിരിക്കണം. പിന്നെ, ചിന്തിച്ചുകൊണ്ടേയിരുന്നിരിക്കണം. തന്റെ ചുറ്റുമുള്ളതിനെയെല്ലാം നിരീക്ഷിച്ചുകൊണ്ടേയിരുന്നിരിക്കണം. വിശകലനം ചെയ്തിരുന്നിരിക്കണം. എല്ലാത്തിനുമപ്പുറം എഴുതാനുള്ള പ്രതിഭയുണ്ടായിരുന്നിരിക്കണം. ഇങ്ങനെയൊക്കെ ആയിരുന്നിരിക്കും എംടിയെന്ന എഴുത്തുകാരനും. പക്ഷേ, ഇതിനെല്ലാം അപ്പുറവുമായിരുന്നു എം.ടി.
'എഴുതാനായി ജനിച്ച ഒരാളെ'ന്നേ അദ്ദേഹത്തെ വിശേഷിപ്പിക്കാനാവൂ. ഇടമുറിയാതെ, നിർത്താതെ, ആവർത്തനങ്ങളില്ലാതെ അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. എഴുത്തിനെ എല്ലാത്തിനും മീതെയായിക്കണ്ടു. എഴുതിയില്ലെങ്കിൽ ശ്വാസം നിലച്ചു പോകുന്ന ഒരാളെപ്പോലെ. തന്റെ കർമ്മപഥത്തിൽ നിന്നും ഒരിക്കലും അദ്ദേഹം മാറി നിന്നില്ല. ഒരെഴുത്തുകാരൻ ഒരു നല്ല നിരീക്ഷകനും കൂടിയാണ്. സൂക്ഷ്മമായി എന്തിനെയും വിശകലനം ചെയ്യുന്നയാളും. എംടിയുടെ നിരീക്ഷണങ്ങളെല്ലാം വെറും പുറം കാഴ്ചകളിലേക്കുള്ള എത്തിനോട്ടങ്ങളായിരുന്നില്ല, ഹൃദയങ്ങളിലേക്കുള്ള, അതിന്റെ ഉള്ളറകളിലേക്കുള്ള ആഴത്തിലുള്ള യാത്രകളായിരുന്നു.
undefined
ഓരോ കഥാപാത്രവും വേറിട്ടതായി. പക്ഷേ, ഓരോരുത്തരും ഓരോതരം സംഘർഷങ്ങളും, ആത്മവേദനകളും അനുഭവിച്ചു. ചരിത്രവും കാലവും സമൂഹവും മാറ്റിനിർത്തിയവരായിരുന്നു എം.ടിയുടെ പല കഥാപാത്രങ്ങളും. വിചാരണ ചെയ്യപ്പെടുന്ന വിധവയായ ബ്രാഹ്മണസ്ത്രീയുടെ കഥ പറഞ്ഞ പരിണയം, ഒരിക്കലും ഒന്നാമതല്ലാതിരുന്ന ഭീമൻ പ്രധാന കഥാപാത്രമായ രണ്ടാമൂഴം, ചതിയൻ ചന്തുവെന്ന് സകലയിടങ്ങളിലും അപമാനിക്കപ്പെടുന്ന ചന്തുവിന് മറ്റൊരു മുഖം നൽകി, ആ വേദനകളെ പകർത്തിവച്ച ഒരു വടക്കൻ വീരഗാഥ...
എംടിയുടെ പല കഥകളും നോവലുകളും ഒട്ടും കനമില്ലാത്തവയായിരുന്നു. അവ നമ്മെവന്നു തൊട്ടുപോവുന്നതും അങ്ങനെ തന്നെയായിരുന്നു -അപ്പൂപ്പൻ താടി പോലെ... വലിയ വലിയ 'രാഷ്ട്രീയം' പറയാൻ അതിലും വലിയ വാക്കുകളോ, വായനക്കാരെ ക്ഷീണിപ്പിക്കുന്ന തരം ഗിമ്മിക്കുകളോ ഒന്നും തന്നെ അദ്ദേഹം പ്രയോഗിച്ചില്ല. ലളിതവും ശാന്തവും വച്ചുകെട്ടലുകളുമില്ലാത്ത പുഴ പോലെ ഒഴുകുന്ന എഴുത്തായിരുന്നു അത്. അതിനാൽ തന്നെ മുറിഞ്ഞുപോകാതെ അവയെല്ലാം വായിക്കപ്പെട്ടു.
എഴുത്തുകാരന്റെ നിയോഗം എഴുത്തുമാത്രമാണെന്ന മട്ടിൽ അദ്ദേഹം പലപ്പോഴും നിശബ്ദനായിരുന്നു. എന്തായിരുന്നു എം.ടി എന്ന് ചോദിച്ചാൽ, എന്തായിരുന്നില്ല എം.ടി എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. ഒടുവിൽ, ആ മഹാപ്രതിഭയും വിട പറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ട എം.ടി, മഹാപ്രതിഭകളെ ഓർക്കാതെ ഒരു കാലവും കടന്നു പോകാറില്ല, കാലം ആവർത്തനങ്ങളായി മാറുമ്പോൾ പ്രത്യേകിച്ചും. അതിനാൽ, അങ്ങ് യാത്ര പറയുന്നേയില്ലല്ലോ..?